Monday, December 21, 2020
ദൈവമക്കൾ
Sunday, December 20, 2020
വചനമായ ദൈവം
Tuesday, December 15, 2020
ഒന്നുകിൽ ദൈവം അല്ലെങ്കിൽ ധനം
ജ്ഞാനധ്യാനം
2020 ഡിസംബർ 16
ഒന്നുകിൽ ദൈവം അല്ലെങ്കിൽ ധനം
"ദൈവത്തെയും ധനത്തെയും ഒന്നിച്ചു സേവിക്കുവാന്‍ നിങ്ങള്‍ക്കു കഴിയുകയില്ല."
ലൂക്കാ 16 : 13
സുവിശേഷവായനയിൽ പണക്കൊതിയരായ ഫരിസയർ ഈശോയെ പുച്ഛിച്ചു എന്നൊരു വാക്യമുണ്ട്...
ഫരിസേയരുടെ പല കാപട്യങ്ങളും തുറന്ന് കാണിക്കുന്ന ഈശോ അവരുടെ പണക്കൊതിയെ ചോദ്യം ചെയ്തതിന്റെ പ്രതികരണമാണ് അവരുടെ പുച്ഛം നിറഞ്ഞ പരിഹാസം എന്ന് വ്യക്തം...
'ഉള്ള കാര്യം പറഞ്ഞാൽ കള്ളന് തുള്ളൽ ' എന്ന മലയാളം പഴംചൊല്ല് ഫരിസേയരുടെ പ്രതികരണത്തിന് നന്നായി വഴങ്ങുന്നുണ്ട്...
വിരുദ്ധദ്രുവങ്ങളിലുള്ള വ്യതിരിക്തമായ രണ്ട് യഥാർഥ്യങ്ങളെ സേവിക്കുന്നതിൽ അപകടമുണ്ട് എന്നാണ് ഈശോയുടെ പ്രബോധനം...
പണം തിന്മയാണ് എന്നൊന്നുമല്ല ഈശോ പറഞ്ഞത്...
ഈ സുവിശേഷഭാഗം പണത്തിനെതിരാണ് എന്ന വ്യാഖ്യാനം ശരിയാണ് എന്ന് വിശ്വസിക്കാൻ ഇത്തിരി പ്രയാസമുണ്ട്...
പണത്തിന്റെ വിനിമയത്തിൽ സംഭവിക്കുന്ന അപകടത്തെയാണ് ഈശോ ചോദ്യം ചെയ്യുന്നത്...
ധനികനായ യുവാവിനോട് ഈശോ പറഞ്ഞത് ഒന്ന് ശ്രദ്ധിക്കണം...
"ഈശോ സ്‌നേഹപൂര്‍വം അവനെ കടാക്‌ഷിച്ചുകൊണ്ടു പറഞ്ഞു: നിനക്ക് ഒരു കുറവുണ്ട്. പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്കു കൊടുക്കുക. അപ്പോള്‍ സ്വര്‍ഗത്തില്‍ നിനക്കു നിക്‌ഷേപമുണ്ടാകും. പിന്നെ വന്ന് എന്നെ അനുഗമിക്കുക."
മര്‍ക്കോസ് 10 : 21
അവന്റെ സമ്പത്ത് അനുഗ്രഹം തന്നെയാണ്... പങ്ക് വയ്ക്കപ്പെടാത്ത ധനവും സമ്പത്തുമാണ് ആത്മനാശത്തിന് കാരണമാകുന്നത് എന്നർത്ഥം...
സമ്പത്തും കഴിവുകളും ധനവും എല്ലാം ദൈവദാനമായി കാണുന്നവന് ദൈവാന്വേഷണം എളുപ്പമുള്ളതാകും...
ഉള്ളതൊക്കെയും പങ്ക് വയ്ക്കാൻ മനസാകുന്നവന് ദൈവത്തെ സേവിക്കാനും സാധിക്കും...
✍️അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.