Monday, November 2, 2020

വിധവയുടെ കാണിക്ക

ജ്ഞാനധ്യാനം
2020 നവംബർ 3

വിധവയുടെ കാണിക്ക

അവന്‍ പറഞ്ഞു: ദരിദ്രയായ ഈ വിധവ മറ്റെല്ലാവരെയുംകാള്‍ കൂടുതല്‍ നിക്‌ഷേപിച്ചിരിക്കുന്നു എന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു.
ലൂക്കാ 21 : 3

പഴയ നിയമ വിശുദ്ധ ഗ്രന്ഥങ്ങൾ എഴുതി സൂക്ഷിക്കുകയും നിയമങ്ങൾക്ക് വ്യാഖ്യാനം കൊടുക്കുകയും ചെയ്തിരുന്ന നിയമപണ്ഡിതരെക്കുറിച്ച് പറഞ്ഞതിന് ശേഷമാണ്  ഈശോ വിധവയുടെ കാണിക്ക ദൈവസന്നിധിയിൽ സ്വീകാര്യമായതിന്റെ കാരണം വിശദീകരിക്കുന്നത് . ദൈവത്തിന്റെ പേരിൽ ചെയ്തു കൂട്ടിയതും എഴുതിക്കൂട്ടിയതും വ്യാഖ്യാനങ്ങൾ നൽകിയതും ദൈവപ്രീതിക്ക് കരണമായില്ല എന്നത് എത്രയോ ദുഖകരമാണ് !
സ്വന്തം സ്വാർത്ഥതയുടെ അതിർവരമ്പുകൾ കൂട്ടി മുട്ടിക്കാൻ ദൈവത്തെപ്പോലും വിലയ്ക്ക് വാങ്ങാൻ ശ്രമിച്ച നിയമപണ്ഡിതരുടെ അപഹാസ്യമായ നിലപാടുകൾ ഈശോ തിരുത്തി എഴുതുന്നു. ദൈവത്തിന്റെ അടിസ്ഥാന ഭാവമായ കരുണ ഇല്ലായ്മ ചെയ്തിട്ട് പുറം മോടികളിൽ അഭിരമിച്ച് ആചാരങ്ങൾക്കും നിയമപാലനത്തിനും വേണ്ടിയുള്ള ചട്ടക്കൂടാക്കി യഹൂദ മതാത്മകതയെ തരംതാഴ്ത്തിയ വികലതകൾക്കെതിരെയാണ് ഈശോ ശബ്‌ദിക്കുന്നത്. 
ഹൃദയങ്ങൾ പരിശോധിക്കുന്ന ദൈവത്തിന്റെ മുമ്പിൽ സ്വീകാര്യത നേടുക എന്നതാണ് പ്രധാനം. 
"മനുഷ്യന്‍ കാണുന്നതല്ല കര്‍ത്താവ്‌ കാണുന്നത്‌. മനുഷ്യന്‍ ബാഹ്യരൂപത്തില്‍ ശ്രദ്‌ധിക്കുന്നു; കര്‍ത്താവാകട്ടെ ഹൃദയഭാവത്തിലും."
1 സാമുവല്‍ 16 : 7
തൊട്ടടുത്ത വിവരണത്തിൽ ഹൃദയങ്ങൾ പരിശോധിക്കുന്ന ദൈവത്തെ കൂടുതൽ പ്രകടമായ രീതിയിൽ ഈശോ വെളിപ്പെടുത്തുന്നു. ധനത്തിന്റെ സമൃദ്ധിയിൽ നിന്നും നിക്ഷേപം നടത്തിയ ധനവാന്മാരെക്കാൾ രണ്ട് ചെമ്പ് തുട്ടുകളുടെ നിസ്സാരത കൊണ്ട് പോലും ഈശോയുടെ ഹൃദയം കവർന്ന ഒരു പാവം വിധവയെ ഈശോ വാക്കുകൾ കൊണ്ട് പുകഴ്ത്തുമ്പോൾ ആദ്യവിവരണത്തിൽ മനസിലാക്കിയത് വീണ്ടും അവർത്തിച്ചുറപ്പിക്കാനാകുന്നു. 
"ഈശോ അവരോടു പറഞ്ഞു: മനുഷ്യരുടെ മുമ്പില്‍ നിങ്ങള്‍ നിങ്ങളെത്തന്നെ നീതീകരിക്കുന്നു. എന്നാല്‍, ദൈവം നിങ്ങളുടെ ഹൃദയങ്ങളെ അറിയുന്നു. മനുഷ്യര്‍ക്ക്‌ ഉത്‌കൃഷ്‌ടമായത്‌ ദൈവദൃഷ്‌ടിയില്‍ നികൃഷ്‌ടമാണ്‌."
ലൂക്കാ 16 : 15

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

No comments:

Post a Comment