Monday, November 16, 2020

സുവിശേഷവേല

ജ്ഞാനധ്യാനം
2020 നവംബർ 17

സുവിശേഷവേല

"അതിനുശേഷം ഈശോ പട്ടണങ്ങളിലും ഗ്രാമങ്ങളിലുംചുറ്റിസഞ്ചരിച്ച്‌ പ്രസംഗിക്കുകയും ദൈവരാജ്യത്തിന്റെ സുവിശേഷം അറിയിക്കുകയും ചെയ്‌തു. പന്ത്രണ്ടുപേരും അവനോടുകൂടെ ഉണ്ടായിരുന്നു."
ലൂക്കാ 8 : 1

ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിച്ചുകൊണ്ട് ഈശോ പട്ടണങ്ങളിലും ഗ്രാമങ്ങളിലും ചുറ്റിസഞ്ചരിക്കുന്നു...
ദൈവത്തിന്റെ കരുണയും സ്നേഹവും അറിയിക്കാൻ സുവിശേഷവേല ജീവിതവ്രതമായി സ്വീകരിച്ചവർക്ക് അനുകരിക്കാവുന്ന മാതൃക ഈശോ കൈമാറുന്നു...
ചുറ്റിസഞ്ചരിക്കുന്നവൻ എന്നത് ഏൽപ്പിക്കപ്പെട്ട ദൈവീക നിയോഗത്തോട് അങ്ങേയറ്റം വിശ്വസ്തത പുലർത്തുന്നതിന്റെ അടയാളമാണ്...
സഞ്ചരിക്കുന്ന വഴികളിൽ ഏറ്റെടുക്കേണ്ടി വരുന്ന വെല്ലുവിളികൾ, കാത്തിരിക്കുന്ന പരിഹാസശരങ്ങൾ, അനുഭവിക്കേണ്ടി വരുന്ന ആന്തരികസംഘർഷങ്ങൾ, ഉള്ളിൽ കൊണ്ട് നടക്കുന്ന പ്രലോഭനങ്ങളുടെ ചൂണ്ടക്കൊളുത്തുകൾ...
നിയോഗം സുവിശേഷം അറിയിക്കുക എന്നതാണെങ്കിൽ പ്രതിസന്ധികളെ അതിജീവിച്ചു ചുറ്റി സഞ്ചരിക്കാൻ ഈശോ തന്നെ കരം പിടിക്കും...
പട്ടണങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ എത്തി എന്നതായിരുന്നു അവിടുത്തെ സുവിശേഷവേലയുടെ സവിശേഷത...
എല്ലാവർക്കും രക്ഷ പകരുന്ന ഈശോയുടെ സുവിശേഷവേലയിൽ പങ്കാളിയാകുമ്പോൾ എല്ലാവരെയും ഉൾക്കൊള്ളണം എന്ന് കൂടി ജ്ഞാനധ്യാനം ഓർമ്മിപ്പിക്കുന്നു....

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

No comments:

Post a Comment