Sunday, November 29, 2020

മനുഷ്യരെ പിടിക്കുന്നവർ

ജ്ഞാനധ്യാനം
2020 നവംബർ 30

മനുഷ്യരെ പിടിക്കുന്നവർ

"ഈശോ അവരോടു പറഞ്ഞു: എന്നെ അനുഗമിക്കുക; ഞാന്‍ നിങ്ങളെ മനുഷ്യരെപ്പിടിക്കുന്നവരാക്കും."
മത്തായി 4 : 19

മീൻ പിടിച്ചു കൊണ്ടിരിക്കുന്ന പത്രോസിന്റെയും അന്ത്രയോസിന്റെയും അടുത്ത് ഈശോ എത്തി...
കൂടെ കൂട്ടാൻ മാത്രം നൈർമല്യവും വിശ്വസ്ഥതയും വിനയവും മുക്കുവർക്കുണ്ട് എന്ന് തിരിച്ചറിഞ്ഞത് കൊണ്ടാവാം അവിടുന്ന് കടൽക്കരയിൽ മുക്കുവരെ തപ്പി ഇറങ്ങിയത്...
ദൈവത്തിന്റെ തെരെഞ്ഞെടുപ്പുകളുടെ മാനദണ്ഡം എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല...
കുറവുകളും ബലഹീനതകളും ഉള്ളവരെ തന്നെ തെരഞ്ഞു പിടിച്ച് ദൈവാരാജ്യവേലയുടെ അമരക്കാരാക്കുന്ന അത്ഭുതമാണ് തെരെഞ്ഞെടുപ്പുകൾ...
മീൻ പിടിക്കുന്നവരുടെ മുന്നിൽ വയ്ക്കുന്ന നിയോഗം എത്ര കുലീനമാണ്...
മനുഷ്യരെ പിടിക്കുക...
ആത്മക്കളുടെ രക്ഷ സാധിതമാക്കുക എന്ന് തന്നെയാനർത്ഥം...
വിളി കിട്ടിയ ഉടനെ എല്ലാം ഉപേക്ഷിച്ച് അവർ അവിടുത്തെ അനുഗമിച്ചു...
ഇപ്പോൾ ഉടനടി അനുഗമിക്കുന്നവർ വീണ്ടും ഇടറി പോകുമെന്നും ബലഹീനതകളുടെ പഴയ വഴികളിൽ  എത്തിച്ചേരുമെന്നും എല്ലാം ഈശോയ്ക്ക് നന്നായി അറിയാം...
എന്നിട്ടും അവിടുത്തേയ്ക്ക് അവരെ മതി...
മനസ് കൊണ്ടും ആത്മാവ് കൊണ്ടും അവിടുത്തെ അനുഗമിക്കുകയും ഒപ്പം  ബലഹീനതകളുടെ അപൂർണ്ണതകളിലേയ്ക്ക് വഴുതിപ്പോവുകയും ചെയ്യുമ്പോൾ നെഞ്ചത്ത് കൈ വച്ച് "കർത്താവേ, അങ്ങ് എല്ലാം അറിയുന്നുവല്ലോ" എന്ന് ഏറ്റ് പറഞ്ഞ് കരയുന്ന പത്രോസിനെപ്പോലെയുള്ള പച്ച മനുഷ്യരെത്തന്നെയാണ് ഈശോയ്ക്ക് വേണ്ടത്....

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

No comments:

Post a Comment