Friday, November 6, 2020

അങ്ങ് പറഞ്ഞതനുസരിച്ച്

ജ്ഞാനധ്യാനം
2020 നവംബർ 7

അങ്ങ് പറഞ്ഞതനുസരിച്ച്

"ശിമയോന്‍ പറഞ്ഞു: ഗുരോ, രാത്രി മുഴുവന്‍ അദ്‌ധ്വാനിച്ചിട്ടും ഞങ്ങള്‍ക്ക്‌ ഒന്നും കിട്ടിയില്ല. എങ്കിലും നീ പറഞ്ഞതനുസരിച്ച്‌ ഞാന്‍ വലയിറക്കാം."
ലൂക്കാ 5 : 5

അവരവരുടെ ജോലി സ്ഥലങ്ങളിൽ എത്തി ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ ശിഷ്യരെ തെരെഞ്ഞെടുക്കുകയാണ് ഈശോ...
മീൻ പിടിക്കുന്നവരുടെ അടുത്തെത്തി അവരുടെ വള്ളങ്ങളിൽ കയറി ഇരുന്ന് ദൈവാരാജ്യത്തെക്കുറിച്ച് പഠിപ്പിക്കുന്ന അധ്യാപകനായും കൂട്ടുകാരനായും ഈശോ അവരുമായി ചങ്ങാത്തം സ്ഥാപിച്ചെടുക്കുന്നു...
ഒരു രാത്രിയുടെ അധ്വാനം വിഫലമായിപ്പോയതിന്റെ നിരാശയിലും വിഷമത്തിലും ഭാരപ്പെട്ടിരുന്നവർക്ക് ഈശോയുടെ വരവ് നൽകിയ ആനന്ദം ചെറുതല്ല...
അതങ്ങനെയാണ്...
സ്വന്തം തീരുമാനങ്ങളിൽ മാത്രം നടന്ന് നീങ്ങി ഫലശൂന്യമാകുന്ന ജീവിതവഴികളിൽ ആനന്ദം തിരികെ നേടാൻ ഒന്നുകിൽ അവിടുന്ന് വരണം, അല്ലെങ്കിൽ അവിടുത്തെ അടുത്തേയ്ക്ക് നടന്നടുക്കണം...
ഈശോ പറഞ്ഞതനുസരിച്ച് വലയിറക്കുമ്പോൾ വല നിറയെ മത്സ്യങ്ങൾ കിട്ടുന്നത് അവിടുത്തെ വാക്ക് അനുസരിക്കാൻ മാത്രം വിനയം ശിഷ്യർക്കുണ്ടായിരുന്നത് കൊണ്ടാണ്...
മീൻ പിടിച്ചിരുന്നവരുടെ വല അവിടുന്ന് നിറച്ചു കൊടുത്തത് മീൻകട നടത്തി അവരെ പുനരുദ്ധരിക്കാൻ ആണ് എന്ന് തെറ്റിദ്ധരിക്കരുത്...
വലയിൽ കുരുങ്ങിയ മത്സ്യങ്ങളുടെ പെരുപ്പം കണ്ട് മീൻ പിടിത്തം തുടർന്ന് മീൻ വിൽപ്പനക്കാരാകാൻ ശിഷ്യരും ആഗ്രഹിച്ചില്ല...
മനുഷ്യരെ പിടിക്കാൻ ക്ഷണം ലഭിച്ച മാത്രയിൽ എല്ലാം ഉപേക്ഷിച്ച് അവർ ഈശോയെ അനുഗമിച്ചു...
ഭൗതീകമായ അനുഗ്രഹങ്ങൾ ആത്മീയമായ ലക്ഷ്യങ്ങൾക്ക് വേണ്ടി ഉള്ളതാണ്... 

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

No comments:

Post a Comment