2021 മാർച്ച് 1
കല്പന
"അവന്‍ ബുദ്‌ധിപൂര്‍വം മറുപടി പറഞ്ഞു എന്നു മനസ്‌സിലാക്കി യേശു പറഞ്ഞു: നീ ദൈവരാജ്യത്തില്‍നിന്ന് അകലെയല്ല."
മര്‍ക്കോസ് 12 : 34
ആത്മാർത്ഥമായും യാഥാർഥ്യബോധത്തോടെയും ആത്മീയമാന്വേഷണം നടത്തുന്നവരോട് ഈശോ സംവാദത്തിൽ ഏർപ്പെട്ടിരുന്നു...
വാക്കിൽ കുടുക്കാനും കുറ്റം കണ്ടുപിടിക്കാനും തന്നെ സമീപിച്ചിരുന്നവരുടെ ചോദ്യങ്ങൾക്ക് അവരെക്കൊണ്ട് തന്നെ ഉത്തരം കണ്ടെത്തിക്കുന്നതും അവരുടെ കപടതയെ തുറന്ന് കാണിക്കുന്നതുമായ മറുചോദ്യങ്ങൾ കൊണ്ടാണ് ഈശോ മറുപടി കൊടുത്തത്...
എന്നാൽ യഥാർത്ഥമായ ആത്മീയമാന്വേഷണം നടത്തുന്ന ഒരു നിയമജ്ഞനോട് അവിടുന്ന് സ്നേഹപൂർവ്വം സംവദിക്കുന്നു...
ഏറ്റവും സുപ്രധാനമായ കല്പ്പന കണ്ടെത്താനായിരുന്നു അയാളുടെ ശ്രമം...
ദൈവത്തെ ആരാധിക്കുന്നതും മനുഷ്യരെ സ്നേഹിക്കുന്നതും സുപ്രധാന കല്പനയുടെ ഭാഗമാണ് എന്നോർമ്മിപ്പിച്ച ഈശോ ദൈവസ്നേഹവും പരസ്നേഹവും തുല്യമായ അനുപാതത്തിൽ പ്രതിഷ്ഠിക്കുന്നു...
മറ്റു നിയമജ്ഞരിൽ നിന്നും വ്യത്യസ്തനായി ദൈവത്തെ സ്നേഹിക്കുന്നതിനു തുല്യമാണ് അയൽക്കാരനെ സ്നേഹിക്കുന്നതും എന്ന് തിരിച്ചറിഞ്ഞ നിയമജ്ഞനോട് ഈശോ പറയുന്നു, " താങ്കൾ ദൈവരാജ്യത്തിൽ നിന്നും അകലെയല്ല. "
ദൈവസ്നേഹത്തെ പരസ്നേഹമായി അടയാളപ്പെടുത്തുമ്പോൾ മാത്രമാണ് ഒരാൾ ദൈവരാജ്യത്തോടടുക്കുന്നത്...
✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.