Monday, November 30, 2020

സഖറിയ

ജ്ഞാനധ്യാനം
2020 ഡിസംബർ 1

സഖറിയ

"യഥാകാലം പൂര്‍ത്തിയാകേണ്ട എന്റെ വചനം അവിശ്വസിച്ചതു കൊണ്ട്‌ നീ മൂകനായിത്തീരും. ഇവ സംഭവിക്കുന്നതുവരെ സംസാരിക്കാന്‍ നിനക്കു സാധിക്കുകയില്ല."
ലൂക്കാ 1 : 20

മനോജ്ഞമായ രണ്ട് ജനന അറിയിപ്പുകളോടെയാണ് വിശുദ്ധ ലൂക്കായുടെ സുവിശേഷം ആരംഭിക്കുന്നത്...
രക്ഷകനായ ഈശോ മിശിഹായുടെയും അവിടുത്തേയ്ക്ക് വഴിയൊരുക്കിയ സ്‌നേപകയോഹനാന്റെയും ജനന അറിയിപ്പുകൾ...
പുരോഹിതനായ സഖറിയ ബലിപീഠത്തിൽ ധൂപം അർപ്പിക്കുമ്പോഴാണ് ദൂതൻ പ്രത്യക്ഷപ്പെടുന്നത്...
പൗരോഹിത്യത്തിന്റെ ഉന്നത നിയോഗം പേറുന്നവന് ബലിപീഠത്തിൽ പുരോഹിത ശുശ്രൂഷ ചെയ്യുമ്പോൾ ലഭിക്കുന്ന ദൈവീക അരുളപ്പാടുകൾ തിരിച്ചറിയാൻ സാധിക്കാതെ പോകുമ്പോൾ പിന്നെ ദൈവം അയാളെ മൗനിയാക്കും...
അതൊരു ശിക്ഷയായി ദുർവാഖ്യാനം ചെയ്യരുതേ...
യഥാർത്ഥത്തിൽ, അതൊരു ശിക്ഷണമാണ്...
ഇനിയുള്ള അയാളുടെ മൗനം ദൈവത്തെ മാത്രം കാണാനും അവിടുത്തെ സ്വരം മാത്രം കേൾക്കാനും സഹായിക്കും...
രക്ഷകന് വഴിയൊരുക്കുന്നവന്റെ പിതാവാകുമ്പോൾ അയാൾ ദൈവത്തോടൊത്ത് മാത്രം നേരം പങ്കിടേണ്ടതുണ്ട്...
ദൈവീക പദ്ധതിയുടെ നിയോഗങ്ങൾ ഏറ്റെടുക്കുന്നവർക്കെല്ലാം ഇങ്ങനെ ഒരു മൗനകാലം അനിവാര്യമാണ്...
ബലിപീഠത്തിൽ പ്രത്യക്ഷപ്പെടുന്ന ദൈവത്തിന്റെ സ്വരം തിരിച്ചറിയാൻ മൗനം സഹായിക്കും....

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Sunday, November 29, 2020

മനുഷ്യരെ പിടിക്കുന്നവർ

ജ്ഞാനധ്യാനം
2020 നവംബർ 30

മനുഷ്യരെ പിടിക്കുന്നവർ

"ഈശോ അവരോടു പറഞ്ഞു: എന്നെ അനുഗമിക്കുക; ഞാന്‍ നിങ്ങളെ മനുഷ്യരെപ്പിടിക്കുന്നവരാക്കും."
മത്തായി 4 : 19

മീൻ പിടിച്ചു കൊണ്ടിരിക്കുന്ന പത്രോസിന്റെയും അന്ത്രയോസിന്റെയും അടുത്ത് ഈശോ എത്തി...
കൂടെ കൂട്ടാൻ മാത്രം നൈർമല്യവും വിശ്വസ്ഥതയും വിനയവും മുക്കുവർക്കുണ്ട് എന്ന് തിരിച്ചറിഞ്ഞത് കൊണ്ടാവാം അവിടുന്ന് കടൽക്കരയിൽ മുക്കുവരെ തപ്പി ഇറങ്ങിയത്...
ദൈവത്തിന്റെ തെരെഞ്ഞെടുപ്പുകളുടെ മാനദണ്ഡം എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല...
കുറവുകളും ബലഹീനതകളും ഉള്ളവരെ തന്നെ തെരഞ്ഞു പിടിച്ച് ദൈവാരാജ്യവേലയുടെ അമരക്കാരാക്കുന്ന അത്ഭുതമാണ് തെരെഞ്ഞെടുപ്പുകൾ...
മീൻ പിടിക്കുന്നവരുടെ മുന്നിൽ വയ്ക്കുന്ന നിയോഗം എത്ര കുലീനമാണ്...
മനുഷ്യരെ പിടിക്കുക...
ആത്മക്കളുടെ രക്ഷ സാധിതമാക്കുക എന്ന് തന്നെയാനർത്ഥം...
വിളി കിട്ടിയ ഉടനെ എല്ലാം ഉപേക്ഷിച്ച് അവർ അവിടുത്തെ അനുഗമിച്ചു...
ഇപ്പോൾ ഉടനടി അനുഗമിക്കുന്നവർ വീണ്ടും ഇടറി പോകുമെന്നും ബലഹീനതകളുടെ പഴയ വഴികളിൽ  എത്തിച്ചേരുമെന്നും എല്ലാം ഈശോയ്ക്ക് നന്നായി അറിയാം...
എന്നിട്ടും അവിടുത്തേയ്ക്ക് അവരെ മതി...
മനസ് കൊണ്ടും ആത്മാവ് കൊണ്ടും അവിടുത്തെ അനുഗമിക്കുകയും ഒപ്പം  ബലഹീനതകളുടെ അപൂർണ്ണതകളിലേയ്ക്ക് വഴുതിപ്പോവുകയും ചെയ്യുമ്പോൾ നെഞ്ചത്ത് കൈ വച്ച് "കർത്താവേ, അങ്ങ് എല്ലാം അറിയുന്നുവല്ലോ" എന്ന് ഏറ്റ് പറഞ്ഞ് കരയുന്ന പത്രോസിനെപ്പോലെയുള്ള പച്ച മനുഷ്യരെത്തന്നെയാണ് ഈശോയ്ക്ക് വേണ്ടത്....

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Saturday, November 28, 2020

ദൈവത്തിന്റെ സമയം

ജ്ഞാനധ്യാനം
2020 നവംബർ 29

ദൈവത്തിന്റെ സമയം

"അവര്‍ ദൈവത്തിന്റെ മുമ്പില്‍ നീതിനിഷ്‌ഠരും കര്‍ത്താവിന്റെ കല്‍പനകളും പ്രമാണങ്ങളും കുറ്റമറ്റവിധം അനുസരിക്കുന്നവരുമായിരുന്നു.
അവര്‍ക്കു മക്കളുണ്ടായിരുന്നില്ല; എലിസബത്ത്‌ വന്‌ധ്യയായിരുന്നു. ഇരുവരും പ്രായം കവിഞ്ഞവരുമായിരുന്നു."
ലൂക്കാ 1 : 6 - 7

ദൈവത്തിന്റെ മുമ്പിൽ നീതിനിഷ്ഠരും പ്രമാണങ്ങളും കല്പനകളും കുറ്റമറ്റവിധം അനുസരിക്കുന്നവരുമായ രണ്ട് ദമ്പതികൾ...
സക്കറിയായും  എലിസബത്തും...
നീതിനിഷ്ഠരായിരുന്നിട്ടും അവർക്ക് ഒരു കുറവുണ്ടായിരുന്നു...
എലിസബത്ത്‌ വന്ധ്യ ആയിരുന്നത് കൊണ്ട് മക്കൾ ഇല്ലാത്തതിന്റെ വേദനയിലായിരുന്നു അവർ...
പ്രായം കവിഞ്ഞതിനാൽ ഗർഭധാരണത്തിനുള്ള സാധ്യതയും ഇല്ലാത്ത സാഹചര്യം...
വന്ധ്യത ദൈവശിക്ഷയായി വ്യാഖ്യാനിച്ച പഴയനിയമ പശ്ചാത്തലവും കൂടി ഓർമ്മിക്കണം...
നീതിനിഷ്ഠരായി ജീവിക്കുന്നവരുടെ വഴികളിൽ പോലും ദൈവം ചില കുറവുകൾ അവശേഷിപ്പിക്കുന്നു...
കുഞ്ഞില്ലാത്തതിന്റെ കുറവ് കാരണം പതിറ്റാണ്ടുകൾ സങ്കടത്തിലായിരുന്ന ഈ ദമ്പതികളെക്കുറിച്ച് ദൈവത്തിന്റെ പദ്ധതി മറ്റൊന്നായിരുന്നു...
കണ്ട് നിന്നിരുന്നവരും കൂടെ വസിക്കുന്നവരും ആ കുറവിനെ ദൈവശിക്ഷയായി വ്യാഖ്യാനിച്ചപ്പോൾ ദൈവം ആ കുറവിനെ രക്ഷകരവഴികളിലെ അത്ഭുതകരമായ അടയാളമാക്കി മാറ്റി...
തക്ക സമയത്ത് ദൈവം ഇടപെടും എന്നതിന്റെ സുവിശേഷ സാക്ഷ്യമാണ് സഖറിയയുടെയും എലിസബത്തിന്റെയും ജീവിതം...
"ദൈവത്തിന്റെ ശക്‌തമായ കരത്തിന്‍കീഴില്‍, നിങ്ങള്‍ താഴ്‌മയോടെ നില്‍ക്കുവിന്‍. അവിടുന്നു തക്കസമയത്തു നിങ്ങളെ ഉയര്‍ത്തിക്കൊള്ളും. നിങ്ങളുടെ ഉത്‌കണ്‌ഠകളെല്ലാം അവിടുത്തെ ഏല്‍പിക്കുവിന്‍. അവിടുന്നു നിങ്ങളുടെ കാര്യത്തില്‍ ശ്രദ്‌ധാലുവാണ്‌."
1 പത്രോസ് 5 : 6

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Thursday, November 26, 2020

ദേവാലയം

ജ്ഞാനധ്യാനം
2020 നവംബർ 27

ദേവാലയം

"ഈശോ അവരോടു പറഞ്ഞു: എന്റെ ആലയം പ്രാര്‍ഥനാലയം എന്ന്‌ എഴുതപ്പെട്ടിരിക്കുന്നു. നിങ്ങളോ അതിനെ കവര്‍ച്ചക്കാരുടെ ഗുഹയായി മാറ്റിയിരിക്കുന്നു."
ലൂക്കാ 19 : 46

പൊതുവെ വളരെ സൗമ്യനായും അനുകമ്പയുള്ളവനുമായി പ്രത്യക്ഷപ്പെടുന്ന ഈശോയുടെ വ്യത്യസ്തമായ ഒരു മുഖമാണിന്ന് കാണുന്നത്...
ഏതൊന്നിനും അതാതിന്റെ ലക്ഷ്യവും ഉദ്ദേശശുദ്ധിയും ഉണ്ട്...
ഉദ്ദേശശുദ്ധിയിൽ വ്യതിയാനം വരുമ്പോൾ ദൈവം ഇടപെടുന്ന രീതിയാണ് നമ്മുടെ ധ്യാനവിഷയം...
കുടുംബത്തിനും വ്യക്തികൾക്കും ദേവാലയത്തിനും കലാലയത്തിനും സമർപ്പിതവിതത്തിനും പൗരോഹിത്യത്തിനും കുടുംബജീവിതങ്ങൾക്കും എല്ലാം ഒരു ഉദ്ദേശ്യവും നിയോഗവുമുണ്ട്...
അതിൽ വീഴ്ചകൾ വരുമ്പോൾ ഈശോ ചാട്ടയെടുക്കാൻ സാധ്യതകൾ ഏറെയാണ്...
ദേവാലയത്തിന്റെ പരിശുദ്ധി കളഞ്ഞുകുളിച്ചവർക്കെതിരെയാണ് ഈശോ ചാട്ടയെടുത്തത്...
ജീവിതത്തിന്റെ പരിശുദ്ധി നഷ്ടപ്പെടുമ്പോൾ അത് വീണ്ടെടുക്കാൻ ദൈവം അനുവദിക്കുന്ന വഴികൾ വേദന നിറഞ്ഞതാണെങ്കിലും വിനയപൂർവം അത് സ്വീകരിച്ചേ മതിയാകൂ...
കാരണം, കളഞ്ഞ് പോയ പരിശുദ്ധി വീണ്ടെടുക്കാതെ ജീവിത നിയോഗം പൂർത്തിയാക്കാൻ സാധ്യമല്ല...

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Wednesday, November 25, 2020

വിശുദ്ധീകരണം

ജ്ഞാനധ്യാനം
2020 നവംബർ 26

വിശുദ്ധീകരണം

"അവരും സത്യത്താല്‍ വിശുദ്‌ധീകരിക്കപ്പെടേണ്ടതിന്‌ അവര്‍ക്കുവേണ്ടി ഞാന്‍ എന്നെത്തന്നെ വിശുദ്ധീകരിക്കുന്നു."
യോഹന്നാന്‍ 17 : 19

ഭൂമിയിൽ പൂർത്തിയാക്കാൻ ഏൽപ്പിക്കപ്പെട്ട മാനവരക്ഷാകർമ്മം എന്ന അതിശ്രേഷ്ഠമായ ദൗത്യം പൂർത്തിയാക്കി പിതാവിന്റെ പക്കലേയ്ക്ക് മടങ്ങിപ്പോകും മുമ്പ് ഈശോ പ്രാർത്ഥിക്കുന്നു...
ശിഷ്യർക്ക് വേണ്ടിയും ശിഷ്യർ മൂലം അവിടുന്നിൽ വിശ്വസിക്കുന്നവർക്ക് വേണ്ടിയും ഉള്ള ഈശോയുടെ പ്രാർത്ഥനയുടെ നിയോഗങ്ങൾ ലളിതമായി ഇങ്ങനെ സംഗ്രഹിക്കാം...

1. അവരെല്ലാവരും ഒന്നാകണം
2. അവർക്ക് സന്തോഷം ഉണ്ടാകണം
3. ദുഷ്ടനിൽ നിന്ന് അവർ സംരക്ഷിക്കപ്പെടണം
4. അവർ വിശുദ്ധീകരിക്കപ്പെടണം

അവരും വിശുദ്ധീകരിക്കപ്പെടണം എന്ന് പ്രാർത്ഥിക്കുന്ന ഈശോ കൂട്ടിച്ചേർക്കുന്നതാണ് ജ്ഞാനധ്യാന വിചാരം...
"അവർ വിശുദ്ധീകരിക്കപ്പെടാൻ ഞാൻ എന്നെതന്നെ വിശുദ്ധീകരിക്കുന്നു."
ഏൽപ്പിക്കപ്പെട്ട ദൈവജനത്തിന്റെ വിശുദ്ധീകരണത്തിന്റെ അടിസ്ഥാനം അജപാലകരുടെ വിശുദ്ധീകരണമാണ് എന്നതാണ് തിരിച്ചറിവ്...
സ്വയം വിശുദ്ധീകരിക്കപ്പെട്ടിട്ടേ വിശുദ്ധീകരണകർമ്മങ്ങളിൽ
ഏർപ്പെടാവൂ എന്നർത്ഥം....

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Tuesday, November 24, 2020

തെറ്റുകൾക്ക് കാരണം

ജ്ഞാനധ്യാനം
2020 നവംബർ 25

തെറ്റുകൾക്ക് കാരണം

"ഈശോ  അവരോടു പറഞ്ഞു: വിശുദ്‌ധ ലിഖിതങ്ങളോ ദൈവത്തിന്റെ ശക്‌തിയോ അറിയാത്തതുകൊണ്ടല്ലേ, നിങ്ങള്‍ക്കു തെറ്റുപറ്റുന്നത്‌?"
മര്‍ക്കോസ്‌ 12 : 24

ഈശോയെ വാക്കിൽ കുടുക്കാനും അവിടുന്നിൽ കുറ്റം കണ്ടെത്താനും തക്കം പാർത്തിരുന്ന സദുക്കായർ ഭാവനയിൽ വിരിയിച്ചെടുത്തു രൂപീകരിച്ച ചോദ്യങ്ങളുമായി അവിടുത്തെ സമീപിക്കുന്നു...
യഥാർഥ്യബോധമില്ലാത്ത ചോദ്യമായിട്ടും ഈശോ അവർക്ക് കൃത്യമായ മറുപടികൾ നൽകുന്നു...
അവരുടെ തെറ്റ് മാത്രമല്ല, തെറ്റിന്റെ കാരണം കൂടി ഈശോ വ്യക്തമാക്കുന്നു...
വിശുദ്ധലിഖിതത്തിലുള്ള അറിവില്ലായ്മയും ദൈവത്തിന്റെ ശക്തിയിലുള്ള വിശ്വാസമില്ലായ്മയുമാണ് അവർക്ക് തെറ്റ് പറ്റാൻ കാരണം...
നമ്മുടെ കാര്യത്തിലും ശരിയാണത്...
ജീവിതത്തിലെ സകല തെറ്റുകൾക്കും കാരണം വിശുദ്ധ ലിഖിതത്തിലുള്ള അജ്ഞതയും ദൈവശക്തിയിലുള്ള വിശ്വാസക്കുറവുമാണ്...
"The ignorance of the Scripture is ignorance of Christ " എന്ന് വിശുദ്ധ ജെറോം പറഞ്ഞത് എത്രയോ ശരിയാണ്...
ദൈവശക്തിയിലുള്ള വിശ്വാസം ആഴപ്പെടുത്താനും വിശുദ്ധലിഖിതത്തിലുള്ള ജ്ഞാനം വർധിപ്പിക്കാനുമുള്ള കൃപയാണെന്റെ പ്രാർത്ഥന....

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Monday, November 23, 2020

ഈശോയെ തൊട്ടവൾ

ജ്ഞാനധ്യാനം
2020 നവംബർ 24

ഈശോയെ തൊട്ടവൾ

"പല വൈദ്യന്‍മാരുടെ അടുത്തു പോയി വളരെ കഷ്‌ടപ്പെടുകയും കൈവശമുള്ളതെല്ലാം ചെലവഴിക്കുകയും ചെയ്‌തിട്ടും അവളുടെ സ്‌ഥിതി മെച്ചപ്പെടുകയല്ല, കൂടുതല്‍ മോശമാവുകയാണു ചെയ്‌തത്‌."
മര്‍ക്കോസ്‌ 5 : 26

സങ്കടങ്ങൾക്ക് ഒരു അറുതിയില്ലാത്തവിധം കഠിനമായ രോഗം അലട്ടിയ ഒരു പാവം സ്ത്രീ...
ഉത്തരം കിട്ടും എന്ന് വിചാരിച്ച ഇടങ്ങൾ വൈദ്യൻമാരുടെ ആലയങ്ങളായിരുന്നു...
എല്ലാവർക്കും വൈദ്യന്മാർ സൗഖ്യം കൊടുക്കുകയും ചെയ്തിരുന്നു...
പക്ഷെ, രക്തസ്രാവക്കാരിയുടെ കാര്യത്തിൽ ലോകത്തിലെ വൈദ്യൻമാരും അവരുടെ  മരുന്നുകളും പരാജയപ്പെട്ടു...
അവൾ ഈശോയെക്കുറിച്ച് കേട്ടിരുന്നു...
മനുഷ്യന്റെ പ്രയത്നങ്ങളും കണ്ടെത്തലുകളും പരാജയപ്പെടുമ്പോളും ഉത്തരങ്ങൾ നൽകുന്ന ഈശോ...
ജനക്കൂട്ടം തിക്കിഞെരുക്കുമ്പോൾ അവർക്കിടയിലൂടെ നടന്ന് ഈശോയേ തൊടാൻ മാത്രം വിശ്വാസത്തിന്റെ ആഴം ഉണ്ടായിരുന്ന ഒരു സ്ത്രീ...
എത്ര പരാജയപ്പെട്ടാലും അവസാനമെങ്കിലും ഈശോയെ കണ്ടെത്തെനായതാണ് അവളുടെ വിജയം...
ഈശോയെ തൊട്ട മാത്രയിൽ അവളുടെ രക്തസ്രാവം നിലച്ചു എന്നാണ് സുവിശേഷകന്റെ സാക്ഷ്യം...
പരിഹാരം കണ്ടെത്താനാവാത്ത സങ്കടങ്ങൾ ഉള്ളിൽ കൊണ്ട് നടക്കുന്നവർക്ക് മനസ്സ് പതറാതെ കാത്തിരിക്കാൻ രക്തസ്രാവക്കാരി ഒരു പ്രേരകമാണ്...
അവിടുത്തെ തൊടാൻ മാത്രം വിശ്വാസവും ധൈര്യവും ഉള്ളിൽ നിറയുമ്പോൾ അവിടുന്നെന്നെയും തൊടും...

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Sunday, November 22, 2020

നിക്ഷേപം

ജ്ഞാനധ്യാനം
2020 നവംബർ 23

നിക്ഷേപം

"സ്വര്‍ഗത്തില്‍ നിങ്ങള്‍ക്കായി നിക്‌ഷേപങ്ങള്‍ കരുതിവയ്‌ക്കുക. അവിടെ തുരുമ്പും കീടങ്ങളും അവനശിപ്പിക്കുകയില്ല; കള്ളന്‍മാര്‍ മോഷ്‌ടിക്കുകയില്ല."
മത്തായി 6 : 20

സ്വർഗ്ഗത്തെ ലക്ഷ്യമാക്കിയുള്ളതാണ് ജീവിതം എന്ന് സ്വയം ഓർമ്മിപ്പിക്കാൻ സഹായകരമാകുന്ന സുവിശേഷമാണിത്...
നിക്ഷേപങ്ങൾ ശേഖരിക്കുന്നവരാണ് നാം...
ശേഖരിക്കുന്നവയ്ക്ക് അമർത്യതയുടെ സവിശേഷതകൾ ഉള്ളവയാണ് എന്ന് ഉറപ്പ് വരുത്തണം എന്നതാണ് ജ്ഞാനധ്യാനം നൽകുന്ന വെല്ലുവിളി...
തിരുസഭയുടെ പ്രബോധനങ്ങളിൽ "വിശുദ്ധരുടെ പുണ്യപ്രവർത്തികളാകുന്ന കൃപയുടെ ഭണ്ഠാരം" എന്നൊരു പഠനം ഉണ്ട്...
കൃപയുടെ ഭണ്ഠാരത്തിൽ നിക്ഷേപം കരുതി വയ്ക്കുന്നതാണ് യഥാർത്ഥ നിക്ഷേപം എന്നതാണ് മനസ്സിൽ ഉറപ്പിക്കേണ്ട പാഠം...
ആർക്കും മോഷ്ടിക്കാനോ നശിപ്പിക്കാനോ കഴിയാത്ത ആത്മീയ നിക്ഷേപങ്ങൾ കൊണ്ടാണ് ജീവിതം സ്വർഗ്ഗരാജ്യയോഗ്യമാകുന്നത്...
വിശുദ്ധ കുരിയാക്കോസ് ഏലിയാസ് പിതാവിന്റെ ധ്യാനസല്ലാപങ്ങളിലെ കുറിപ്പ് ഇതിനോട് ചേർത്ത് ധ്യാനിക്കാം...
"ഓ, ദൈവശുശ്രൂഷിയായ ആത്മാവേ, നീ എന്ത് ചെയ്യുന്നു? എവിടേയ്ക്ക് പോകുന്നു? നീ ഇപ്പോൾ നടക്കുന്ന വഴി മോക്ഷത്തിൽ നിന്നെ എത്തിക്കുന്നതാണോ?" 

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Saturday, November 21, 2020

വലതുഭാഗം

ജ്ഞാനധ്യാനം
2020 നവംബർ 22

വലതുഭാഗം


"കര്‍ത്താവ്‌ എന്റെ കര്‍ത്താവിനോടരുളിച്ചെയ്‌തു: ഞാന്‍ നിന്റെ ശത്രുക്കളെ നിന്റെ പാദങ്ങള്‍ക്കു കീഴിലാക്കുവോളം നീ എന്റെ വലത്തുഭാഗത്ത്‌ ഉപവിഷ്‌ടനാവുക."
മത്തായി 22 : 44

രാജാധിരാജനായ ഈശോയെ സുവിശേഷം പരിചയപ്പെടുത്തുന്നു...
ദാവീദിന്റെ പുത്രൻ എന്ന് വിളിക്കപ്പെടുമ്പോളും ദാവീദ് പോലും കർത്താവ് എന്ന് വിളിക്കുന്നു എന്ന സാക്ഷ്യം  ഈശോയുടെ രാജത്വത്തിന്റെ പ്രകടമായ അവതരണമാണ്...
സങ്കീർത്തനത്തിൽ നിന്നും കടമെടുത്ത് മത്തായി സുവിശേഷകൻ അവതരിപ്പിക്കുന്ന ഒരു വചനത്തിലേയ്ക്ക് ജ്ഞാനധ്യാനം കേന്ദ്രീകരിക്കാം...
"ഞാന്‍ നിന്റെ ശത്രുക്കളെ നിന്റെ പാദങ്ങള്‍ക്കു കീഴിലാക്കുവോളം നീ എന്റെ വലത്തുഭാഗത്ത്‌ ഉപവിഷ്‌ടനാവുക."
ശത്രുക്കളുടെ ആക്രമണം ഭയപ്പെടുന്നവർ എന്ത് ചെയ്യണം എന്നുള്ളതിന്റെ ഉത്തരമാണ് ഈ വചനം...
ദൈവത്തിന്റെ വലതുഭാഗത്ത് ഇരിക്കുക എന്നതാണ് ശത്രുവിനെ നേരിടാൻ ഉള്ള ഏക വഴി...
മർത്തയുടെയും മറിയത്തിന്റെയും വീട്ടിൽ വച്ച് ഈശോ "നല്ല ഭാഗം" എന്ന് വിശേഷിപ്പിച്ചതും മറിയം തെരെഞ്ഞെടുത്തതുമായ വഴി അതാണ്...
തിന്മയുടെ ശത്രു, പാപമോഹങ്ങളായി എന്റെ ഉള്ളിൽ കിടന്ന് ആത്മരക്ഷയ്ക്ക് ഭീഷണിയാകുന്ന ശത്രു, ദൈവീകവഴികളിൽ നിന്നും എന്നെ അകറ്റുന്ന പിശാചാകുന്ന ശത്രു...
എല്ലാ ശത്രുക്കളെയും തോൽപ്പിക്കാൻ നമുക്ക് ദൈവത്തിന്റെ വലതുവശത്ത് ഇരിക്കാം...

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Friday, November 20, 2020

ആശീർവാദം

ജ്ഞാനധ്യാനം
2020 നവംബർ 21

ആശീർവാദം

"എല്ലാവരും ഭക്‌ഷിച്ചു തൃപ്‌തരായി. ബാക്കിവന്ന കഷണങ്ങള്‍ പന്ത്രണ്ടു കുട്ടനിറയെ അവര്‍ ശേഖരിച്ചു."
ലൂക്കാ 9 : 17

കേട്ടിരിക്കുന്നവരോട് ഈശോയ്ക്കുള്ള കരുണയും ആർദ്രതയും മുഴുവൻ അടയാളപ്പെടുത്തുന്ന സുവിശേഷഭാഗമാണിത്...
ദൈവരാജ്യത്തിന്റെ രഹസ്യങ്ങൾ പഠിപ്പിച്ചും രോഗശാന്തി ആവശ്യമായിരുന്നവർക്ക് സൗഖ്യം നൽകിയും ഒരു പകൽക്കാലം മുഴുവൻ ഈശോ ജനത്തോടൊപ്പം ചിലവഴിച്ചു...
സായാഹ്നമായപ്പോൾ അവർക്ക് ഭക്ഷണം വാങ്ങാൻ ശിഷ്യർ പോകാൻ അനുവാദം ചോദിക്കുമ്പോൾ ആണ് ഈശോയുടെ ചോദ്യം?
" നിങ്ങളുടെ പക്കൽ എന്തുണ്ട്? "
ജീവിതത്തിൽ നേരിടുന്ന ഏത് പ്രതിസന്ധിയും ദൈവം നേരിടുന്നത് നമ്മുടെ കൈവശമുള്ളതിനെ മാനിച്ചുകൊണ്ടാണ് എന്നത് തിരിച്ചറിവാണ്...
"Great things happen when man mixes with God" എന്ന വാക്യം സുവിശേഷത്തിന്റെ അന്തരാർത്ഥം വെളിപ്പെടുത്തുന്നു...
ഉള്ളത് ദൈവത്തിന്റെ കരങ്ങളിൽ സമർപ്പിക്കുന്നവന് സമൃദ്ധി ലഭിക്കും എന്നതാണ് ജ്ഞാനധ്യാനം നൽകുന്ന ഉറപ്പ്...
സമയം, ആരോഗ്യം, കഴിവുകൾ...
ഒക്കെ.... എത്ര നിസ്സാരമായിക്കൊള്ളട്ടെ....
ദൈവത്തിന് കൊടുക്കാം...
അനേകായിരങ്ങളുടെ വിശപ്പകറ്റുന്ന ഈശോയുടെ സുവിശേഷവേലയിൽ എന്റെ നിസ്സാരതയ്ക്കും വിലയുണ്ട്....

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Monday, November 16, 2020

സുവിശേഷവേല

ജ്ഞാനധ്യാനം
2020 നവംബർ 17

സുവിശേഷവേല

"അതിനുശേഷം ഈശോ പട്ടണങ്ങളിലും ഗ്രാമങ്ങളിലുംചുറ്റിസഞ്ചരിച്ച്‌ പ്രസംഗിക്കുകയും ദൈവരാജ്യത്തിന്റെ സുവിശേഷം അറിയിക്കുകയും ചെയ്‌തു. പന്ത്രണ്ടുപേരും അവനോടുകൂടെ ഉണ്ടായിരുന്നു."
ലൂക്കാ 8 : 1

ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിച്ചുകൊണ്ട് ഈശോ പട്ടണങ്ങളിലും ഗ്രാമങ്ങളിലും ചുറ്റിസഞ്ചരിക്കുന്നു...
ദൈവത്തിന്റെ കരുണയും സ്നേഹവും അറിയിക്കാൻ സുവിശേഷവേല ജീവിതവ്രതമായി സ്വീകരിച്ചവർക്ക് അനുകരിക്കാവുന്ന മാതൃക ഈശോ കൈമാറുന്നു...
ചുറ്റിസഞ്ചരിക്കുന്നവൻ എന്നത് ഏൽപ്പിക്കപ്പെട്ട ദൈവീക നിയോഗത്തോട് അങ്ങേയറ്റം വിശ്വസ്തത പുലർത്തുന്നതിന്റെ അടയാളമാണ്...
സഞ്ചരിക്കുന്ന വഴികളിൽ ഏറ്റെടുക്കേണ്ടി വരുന്ന വെല്ലുവിളികൾ, കാത്തിരിക്കുന്ന പരിഹാസശരങ്ങൾ, അനുഭവിക്കേണ്ടി വരുന്ന ആന്തരികസംഘർഷങ്ങൾ, ഉള്ളിൽ കൊണ്ട് നടക്കുന്ന പ്രലോഭനങ്ങളുടെ ചൂണ്ടക്കൊളുത്തുകൾ...
നിയോഗം സുവിശേഷം അറിയിക്കുക എന്നതാണെങ്കിൽ പ്രതിസന്ധികളെ അതിജീവിച്ചു ചുറ്റി സഞ്ചരിക്കാൻ ഈശോ തന്നെ കരം പിടിക്കും...
പട്ടണങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ എത്തി എന്നതായിരുന്നു അവിടുത്തെ സുവിശേഷവേലയുടെ സവിശേഷത...
എല്ലാവർക്കും രക്ഷ പകരുന്ന ഈശോയുടെ സുവിശേഷവേലയിൽ പങ്കാളിയാകുമ്പോൾ എല്ലാവരെയും ഉൾക്കൊള്ളണം എന്ന് കൂടി ജ്ഞാനധ്യാനം ഓർമ്മിപ്പിക്കുന്നു....

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Thursday, November 12, 2020

ചോദിക്കുവിൻ, ലഭിക്കും!

ജ്ഞാനധ്യാനം
2020 നവംബർ 13

ചോദിക്കുവിൻ, ലഭിക്കും!

കൃത്യത നിറഞ്ഞ ചോദ്യമുന്നയിക്കുന്ന തോമസ്. 
ഈ ലോകം വിട്ട് പിതാവിന്റെ പക്കലേക്ക് മടങ്ങിപ്പോകാൻ നേരമായി എന്ന് ഈശോ അറിയിക്കുമ്പോൾ "നീ എവിടേക്ക് പോകുന്നു എന്നറിഞ്ഞു കൂടാ, പിന്നെ വഴി എങ്ങനെ അറിയും? " എന്ന ചോദ്യം കൊണ്ട് "വഴിയും സത്യവും ജീവനും ഞാനാണ് " എന്ന ഈശോയുടെ ഉത്തരം വാങ്ങിയെടുത്ത തോമസ്. 
The right question from St. Thomas paved the way direct christological response from the Lord. 
ആഴമേറിയ ചില അന്വേഷണങ്ങൾക്ക് ആത്മീയതയിൽ വലിയ സ്ഥാനമുണ്ട് എന്നർത്ഥം. 
ദർശനവീട്, പുണ്യസങ്കേതം, തപസുഭവനം എന്നൊക്കയാണ് വലിയ പ്രിയോരച്ചൻ നമ്മുടെ ആശ്രമങ്ങൾക്ക് പേര് നൽകിയത്...
ആശ്രമത്തിൽ ചേരുന്നവർ  ദൈവത്തെ അന്വേഷിക്കുന്നവരുടെ കൂട്ടമാകണം എന്ന് അതിയായി ആഗ്രഹിച്ച ഒരാളുടെ സ്വപ്നമാണത്....
"എന്നാല്‍, അവിടെവച്ച്‌ നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ പൂര്‍ണഹൃദയത്തോടും പൂര്‍ണാത്‌മാവോടും കൂടെ അന്വേഷിച്ചാല്‍ നിങ്ങള്‍ അവിടുത്തെ കണ്ടെണ്ടത്തും."
നിയമാവര്‍ത്തനം 4 : 29
ആത്മീയമായ അന്വേഷണങ്ങളെ ഊർജ്ജിതപ്പെടുത്താൻ തോമാശ്ലീഹാ നമുക്ക് പ്രചോദനമാണ്...

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Wednesday, November 11, 2020

സുവിശേഷവേല

ജ്ഞാനധ്യാനം
2020 നവംബർ 12

സുവിശേഷവേല

"അവിടെയുള്ള രോഗികളെ സുഖപ്പെടുത്തുവിന്‍. ദൈവരാജ്യം നിങ്ങളെ സമീപിച്ചിരിക്കുന്നുവെന്ന്‌ അവരോടു പറയുകയും ചെയ്യുവിന്‍."
ലൂക്കാ 10 : 9

സുവിശേഷം പ്രാഘോഷിക്കാൻ നിയോഗിക്കപ്പെട്ടവർക്ക് ഈശോ പ്രായോഗിക നിർദേശങ്ങൾ നൽകുന്നു...
ദൈവരാജ്യത്തിന്റെ ആഗമനം അറിയിക്കുകയും പ്രാഘോഷിക്കുകയും ചെയ്യുകയാണ് ശിഷ്യത്വത്തിന്റെ കാതൽ എന്ന് മനസ്സിൽ ഉറപ്പിക്കേണ്ടതുണ്ട്...
സാനിധ്യം കൊണ്ടും പ്രാർത്ഥന കൊണ്ടും അനേകർക്ക് സൗഖ്യം നൽകുകയും ദൈവരാജ്യത്തിന്റെ ആഗമനം സധൈര്യം പ്രാഘോഷിക്കുകയും ചെയ്യുന്ന ശിഷ്യരിലൂടെയാണ് സുവിശേഷം യഥാർത്ഥത്തിൽ കൈമാറ്റം ചെയ്യപ്പെടുന്നത്...
ഒരുപാട് ജീവിതവ്യാപാരങ്ങളിലും തിരക്കുക്കൾ നിറഞ്ഞ ഉത്തരവാദിത്വങ്ങളിലും ഏർപ്പെടുമ്പോൾ ഈശോയുടെ സുവിശേഷം  തന്നെയാണ് ലക്ഷ്യം എന്ന് സ്വയം ഓർമ്മിപ്പിക്കാം...
ഈശോയ്ക്ക് വേണ്ടി ജീവിതം സമർപ്പിച്ചിട്ട് അവിടുത്തെ സുവിശേഷത്തിന്റെ വാഹകനാകാൻ ദൗത്യം ഏറ്റെടുത്തിട്ട് മാറ്റാർക്കോ വേണ്ടി ഓടി, മറ്റെന്തൊക്കെയോ ലക്ഷ്യങ്ങളിലേയ്ക്ക് ചുരുങ്ങി പോയാൽ അതിൽ പരം ദുരന്തം വേറെന്തുണ്ട്?

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Tuesday, November 10, 2020

പ്രതിഫലം

ജ്ഞാനധ്യാനം
2020 നവംബർ 11

പ്രതിഫലം

"ഈശോ പ്രതിവചിച്ചു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്നെപ്രതിയും സുവിശേഷത്തെപ്രതിയും ഭവനത്തെയോ സഹോദരന്‍മാരെയോ സഹോദരിമാരെയോ മാതാവിനെയോ പിതാവിനെയോ മക്കളെയോ വയലുകളെയോ ത്യജിക്കുന്നവരിലാര്‍ക്കും
ഇവിടെ വച്ചുതന്നെ നൂറിരട്ടി ലഭിക്കാതിരിക്കയില്ല - ഭവനങ്ങളും സഹോദരന്‍മാരും സഹോദരിമാരും മാതാക്കളും മക്കളും വയലുകളും അവയോടൊപ്പം പീഡനങ്ങളും; വരാനിരിക്കുന്ന കാലത്തു നിത്യജീവനും."
മര്‍ക്കോസ്‌ 10 : 29-30

എല്ലാം ഉപേക്ഷിച്ച് ഈശോയുടെ സുവിശേഷത്തിന്റെ വഴികളിൽ യാത്ര ചെയ്യുന്നവർക്ക് ലഭിക്കുന്ന പ്രതിഫലം ആണ് നമ്മുടെ ധ്യാനവിചാരം...
ഉപേക്ഷിച്ചതിനൊക്കെ നൂറ് മടങ്ങ് പ്രതിഫലം ലഭിക്കും എന്നാണ് ഈശോ ഉറപ്പ് നൽകുന്നത്...
ത്യജിക്കുന്നതിനാനുപാതികമായി കൃപകൾ നേടാൻ സാധിക്കുന്ന സുവിശേഷജീവിതമാണ് ശിഷ്യത്വം...
ത്യാഗങ്ങൾ ഏറ്റെടുക്കുമ്പോൾ കൃപകൾ കാത്തിരിപ്പുണ്ടാവും എന്നതാണ് സുവിശേഷ പാഠം...
എഴുതപ്പെട്ട തിരുവചനം അടയാളപ്പെടുത്തുന്ന കൃപാവരങ്ങളുടെ വഴി അങ്ങനെയാണ്...
ത്യാഗങ്ങൾ ഭൗതികജീവിതത്തിന്റെ പോലും നിലനിൽപ്പിന് അനിവാര്യമാകുമ്പോൾ ആത്മീയനിലനിൽപ്പിന് ത്യാഗത്തിന്റെ പ്രാധാന്യം പറഞ്ഞറിയിക്കേണ്ടതില്ലല്ലോ..

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Monday, November 9, 2020

ജീവന്റെ അപ്പം

ജ്ഞാനധ്യാനം
2020 നവംബർ 10

ജീവന്റെ അപ്പം

"സ്വര്‍ഗത്തില്‍നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്‌. ആരെങ്കിലും ഈ അപ്പത്തില്‍നിന്നു ഭക്‌ഷിച്ചാല്‍ അവന്‍ എന്നേക്കും ജീവിക്കും. ലോകത്തിന്റെ ജീവനുവേണ്ടി ഞാന്‍ നല്‍കുന്ന അപ്പം എന്റെ ശരീരമാണ്‌."
യോഹന്നാന്‍ 6 : 51

മനുഷ്യന്റെ കൂടെയായിരിക്കാൻ കുർബാനയായി മാറാൻ ഉള്ള ആഗ്രഹം ഈശോ കേൾവിക്കാരെ മുൻകൂട്ടി അറിയിക്കുകയാണ്...
ജീവൻ നൽകുന്ന അപ്പമായി ലോകാവസാനത്തോളം അവിടുന്ന് കൂടെയുണ്ടാകും എന്ന ഉറപ്പാണ് നമ്മുടെ ബലം...
ജീവൻ നേടാനും നിലനിർത്താനും ഈ അപ്പം ഭക്ഷിക്കേണ്ടത് അത്യാവശ്യമാണ്...
സ്വർഗ്ഗത്തിലെ മുഴുവൻ കൃപകളുടെയും അടയാളമായി വിശുദ്ധ കുർബാനകളിൽ വാഴ്ത്തപ്പെടുന്ന അപ്പം മാറുന്നതിനെക്കുറിച്ച് കൂടി ആണ് ഈശോ സംസാരിക്കുന്നത്...
ഈശോയുടെ ശരീരമാകുന്ന അപ്പം സ്വർഗത്തിൽ നിന്ന് വന്നതാണ്...
അത് ഭക്ഷിക്കുന്നവർക്ക് ജീവൻ നൽകുന്നതാണ്...
മരണസംസ്കാരത്തിനുള്ള മറുമരുന്ന് ഈ അപ്പമാണ്...
അസൂയയും അഹങ്കാരവും സ്വാർത്ഥതയും ജഡമോഹങ്ങളും വരുത്തിവയ്ക്കുന്ന മരണത്തിൽ നിന്നും മോചിതരായി ജീവനുള്ളവരായി വ്യാപാരിക്കാൻ വിശുദ്ധ കുർബാനയാകുന്ന ജീവന്റെ അപ്പം യോഗതയോടെ ഭക്ഷിക്കാം...

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Friday, November 6, 2020

അങ്ങ് പറഞ്ഞതനുസരിച്ച്

ജ്ഞാനധ്യാനം
2020 നവംബർ 7

അങ്ങ് പറഞ്ഞതനുസരിച്ച്

"ശിമയോന്‍ പറഞ്ഞു: ഗുരോ, രാത്രി മുഴുവന്‍ അദ്‌ധ്വാനിച്ചിട്ടും ഞങ്ങള്‍ക്ക്‌ ഒന്നും കിട്ടിയില്ല. എങ്കിലും നീ പറഞ്ഞതനുസരിച്ച്‌ ഞാന്‍ വലയിറക്കാം."
ലൂക്കാ 5 : 5

അവരവരുടെ ജോലി സ്ഥലങ്ങളിൽ എത്തി ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ ശിഷ്യരെ തെരെഞ്ഞെടുക്കുകയാണ് ഈശോ...
മീൻ പിടിക്കുന്നവരുടെ അടുത്തെത്തി അവരുടെ വള്ളങ്ങളിൽ കയറി ഇരുന്ന് ദൈവാരാജ്യത്തെക്കുറിച്ച് പഠിപ്പിക്കുന്ന അധ്യാപകനായും കൂട്ടുകാരനായും ഈശോ അവരുമായി ചങ്ങാത്തം സ്ഥാപിച്ചെടുക്കുന്നു...
ഒരു രാത്രിയുടെ അധ്വാനം വിഫലമായിപ്പോയതിന്റെ നിരാശയിലും വിഷമത്തിലും ഭാരപ്പെട്ടിരുന്നവർക്ക് ഈശോയുടെ വരവ് നൽകിയ ആനന്ദം ചെറുതല്ല...
അതങ്ങനെയാണ്...
സ്വന്തം തീരുമാനങ്ങളിൽ മാത്രം നടന്ന് നീങ്ങി ഫലശൂന്യമാകുന്ന ജീവിതവഴികളിൽ ആനന്ദം തിരികെ നേടാൻ ഒന്നുകിൽ അവിടുന്ന് വരണം, അല്ലെങ്കിൽ അവിടുത്തെ അടുത്തേയ്ക്ക് നടന്നടുക്കണം...
ഈശോ പറഞ്ഞതനുസരിച്ച് വലയിറക്കുമ്പോൾ വല നിറയെ മത്സ്യങ്ങൾ കിട്ടുന്നത് അവിടുത്തെ വാക്ക് അനുസരിക്കാൻ മാത്രം വിനയം ശിഷ്യർക്കുണ്ടായിരുന്നത് കൊണ്ടാണ്...
മീൻ പിടിച്ചിരുന്നവരുടെ വല അവിടുന്ന് നിറച്ചു കൊടുത്തത് മീൻകട നടത്തി അവരെ പുനരുദ്ധരിക്കാൻ ആണ് എന്ന് തെറ്റിദ്ധരിക്കരുത്...
വലയിൽ കുരുങ്ങിയ മത്സ്യങ്ങളുടെ പെരുപ്പം കണ്ട് മീൻ പിടിത്തം തുടർന്ന് മീൻ വിൽപ്പനക്കാരാകാൻ ശിഷ്യരും ആഗ്രഹിച്ചില്ല...
മനുഷ്യരെ പിടിക്കാൻ ക്ഷണം ലഭിച്ച മാത്രയിൽ എല്ലാം ഉപേക്ഷിച്ച് അവർ ഈശോയെ അനുഗമിച്ചു...
ഭൗതീകമായ അനുഗ്രഹങ്ങൾ ആത്മീയമായ ലക്ഷ്യങ്ങൾക്ക് വേണ്ടി ഉള്ളതാണ്... 

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Thursday, November 5, 2020

മാനസാന്തരം

ജ്ഞാനധ്യാനം
2020 നവംബർ 6

മാനസാന്തരം

"സക്കേവൂസ്‌ എഴുന്നേറ്റു പറഞ്ഞു: കര്‍ത്താവേ, ഇതാ, എന്റെ സ്വത്തില്‍ പകുതി ഞാന്‍ ദരിദ്രര്‍ക്കു കൊടുക്കുന്നു. ആരുടെയെങ്കിലും വക വഞ്ചിച്ചെടുത്തിട്ടുണ്ടെങ്കില്‍, നാലിരട്ടിയായി തിരിച്ചു കൊടുക്കുന്നു."
ലൂക്കാ 19 : 8

ഒരു ചുവട് നാം ഈശോയിലേക്കടുക്കുമ്പോൾ പത്തു ചുവട് അവിടുന്ന് നമ്മിലേക്ക്‌ അടുക്കുന്നു എന്നതിന്റെ സുവിശേഷസാക്ഷ്യമാണിത്...
ഈശോയെ കാണാൻ മരത്തിനു മുകളിൽ കയറിയിരുന്ന സക്കെവൂവൂസിനെ വിളിച്ചിറക്കി അവിടുന്ന് അവന്റെ വീട്ടിൽ പോയി ഒരു രാത്രി അവിടെ ചെലവഴിക്കുന്നു...
ഈശോയെ വീട്ടിൽ സ്വീകരിക്കുമ്പോൾ ഒരാൾ നേടിയെടുക്കുന്ന തിരിച്ചറിവുകളുടെ ബൈബിൾ ഭാഷ്യമാണ്  സക്കേവൂസ്...
ചുങ്കം പിരിച്ചും പണപിരിവ് നടത്തി മനുഷ്യരെ വഞ്ചിച്ചും ജീവിച്ചത് കൊണ്ട് അത്ര ശുഭകരമല്ലാത്ത ഒരു ഭൂതകാലത്തിനുടമ കൂടിയാണ് ഇദ്ദേഹം...
കർത്താവും ദൈവവുമായ ഈശോ ജീവിതത്തിൽ എത്തിയപ്പോൾ ഇത്രയും നാൾ ജീവിച്ചതിന് എതിർദിശയിൽ നടക്കാനുള്ള ആത്മബലവും നിശ്ചയദാർഢ്യവും അവൻ നേടി...
കൂടെ ജീവിക്കുന്ന സഹോദരങ്ങളുടെ സങ്കടം പരിഹരിക്കാൻ ക്രിയാത്മകമായ ഇടപെടൽ നടത്തുന്നതാണ് യഥാർത്ഥ മാനസാന്തരത്തിന്റെ പ്രായോഗിക വശം....

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Wednesday, November 4, 2020

വിളഭൂമിയിലെ വേലക്കാർ

ജ്ഞാനധ്യാനം
2020 നവംബർ 5

വിളഭൂമിയിലെ വേലക്കാർ

"അവന്‍ ശിഷ്യന്‍മാരോടു പറഞ്ഞു: വിളവധികം; വേലക്കാരോ ചുരുക്കം.
അതിനാല്‍, തന്റെ വിളഭൂമിയിലേക്കു വേലക്കാരെ അയയ്‌ക്കാന്‍ വിളവിന്റെ നാഥനോടു പ്രാര്‍ഥിക്കുവിന്‍."
മത്തായി 9 : 37-38

ഈശോയുടെ ദൈവരാജ്യ വേലയുടെ സമ്പൂർണ്ണമായ അവതരണം സുവിശേഷകൻ ചുരുങ്ങിയ വാക്കുകളിൽ ഈ ഒറ്റ വാക്യത്തിൽ സംഗ്രഹിക്കുന്നു...
യേശു അവരുടെ സിനഗോഗുകളില്‍ പഠിപ്പിച്ചും രാജ്യത്തിന്റെ സുവിശേഷം പ്രസംഗിച്ചും എല്ലാ രോഗങ്ങളും വ്യാധികളും സുഖപ്പെടുത്തിയും എല്ലാ നഗരങ്ങളിലും ഗ്രാമങ്ങളിലും ചുറ്റി സഞ്ചരിച്ചു...
ജനക്കൂട്ടങ്ങളെ കണ്ടപ്പോള്‍, ഈശോയ്ക്ക്  അവരുടെമേല്‍ അനുകമ്പതോന്നി. അവര്‍ ഇടയനില്ലാത്ത ആടുകളെപ്പോലെ പരിഭ്രാന്തരും നിസ്‌സഹായരുമായിരുന്നു...
അവിടുത്തെ ദൈവരാജ്യ വേല തുടരാൻ കൂട്ടുവേലക്കാരായി ഈശോ ആളുകളെ തിരയുന്നു...
സമഗ്രവിമോചനത്തിന്റെ സത്യസുവിശേഷത്തിന്റെ അഭിഷേകം അനേകരിലെത്തപ്പെടേണ്ടത് ഒരു  അനിവാര്യതയാണ്...
അതിനായി കൂട്ടുവേലക്കാരെ ലഭിക്കാൻ പ്രാർത്ഥന വേണം എന്ന് ഈശോ കേൾവിക്കാരെ ഓർമ്മിപ്പിക്കുന്നു...
അനേകരുടെ നിലവിളിക്ക് ദൈവം കൊടുക്കുന്ന ഉത്തരമാണ് ദൈവവിളി എന്ന പരിചിതമായ പാഠത്തിന്റെ യുക്തി ഇപ്പോൾ മനസിലായിതുടങ്ങുന്നു....

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Tuesday, November 3, 2020

അശുദ്ധാത്മാവിനെ ഇഷ്ടപ്പെടുന്നവർ

ജ്ഞാനധ്യാനം
2020 നവംബർ 4

അശുദ്ധാത്മാവിനെ ഇഷ്ടപ്പെടുന്നവർ

"തങ്ങളെ വിട്ടുപോകണമെന്ന്‌ ഗരസേനരുടെ സമീപപ്രദേശങ്ങളിലെ ജനങ്ങളെല്ലാവരും അവനോട്‌ അപേക്‌ഷിച്ചു. കാരണം, അവര്‍ വളരെയേറെ ഭയന്നിരുന്നു. അവന്‍ വഞ്ചിയില്‍ കയറി മടങ്ങിപ്പോന്നു."
ലൂക്കാ 8 : 37

അശുദ്ധത്മാവ് ബാധിച്ച് സമനില തെറ്റിപ്പോയ ഒരാളെ വീണ്ടെടുക്കാനാണ് ഈശോ ഗദരായരുടെ ടെ നാട്ടിൽ എത്തിയത്... 
ശവകുടിരങ്ങളിൽ അന്തിയുറങ്ങിയിരുന്ന, ചങ്ങലകളാൽ ബന്ധിക്കപ്പെട്ടിരുന്ന, സ്വയം മുറിവേൽപ്പിച്ചുകൊണ്ടിരുന്ന ഒരു മനുഷ്യൻ !
ചങ്ങലകൾക്ക് പോലും പൂട്ടിയിടാനാവാത്തവിധം ഏതോ അന്ധകാരശക്തിയുടെ കൂച്ചുവിലങ്ങിലായിരുന്നു അയാൾ... 
ദുഷ്ടാരൂപിയുടെ കൂച്ചുവിലങ്ങുകൾ പൊട്ടിച്ചെറിഞ്ഞു ഈശോ അയാളെ വീണ്ടെടുത്തു... 
അശുദ്ധത്മാവിന്റെ ആവേശത്താൽ സമനില നഷ്ടപ്പെട്ടവന് ഈശോ സുബോധം തിരികെനൽകുമ്പോൾ ജനക്കൂട്ടത്തിന്റെ പ്രതികരണം ദുഖകരമാണ്... 
എല്ലാ അന്ധകാരശക്തികളെയും ആട്ടിയോടിച്ച് രക്ഷ നൽകുന്ന ഈശോയോട് അവർ പറയുന്നു, " തങ്ങളുടെ പ്രദേശം വിട്ട് പോകണമെന്ന്. "
ഒരുവൻ സുബോധം വീണ്ടെടുത്തപ്പോൾ ഒരു നാടിന് മുഴുവൻ സുബോധം നഷ്ടപ്പെട്ടു !
ദൈവം രക്ഷകനായി ജീവിതത്തിൽ അവതരിക്കുമ്പോൾ എന്താണ് എന്റെ പ്രതികരണം? 
എമ്മാവൂസിലേക്ക് പോയ ശിഷ്യരാണ് മാതൃക... 
നാഥാ, കൂടെ വസിക്കണമേ എന്ന് പ്രാർത്ഥിച്ചവർ... 
ഗരസേനരുടെ അവിവേകത്തിൽ നിന്ന് എമ്മാവൂസിലെ ശിഷ്യരുടെ വിവേകത്തിലേക്ക് എത്താൻ ഇനി എത്ര ദൂരം ബാക്കിയുണ്ട്? 

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Monday, November 2, 2020

വിധവയുടെ കാണിക്ക

ജ്ഞാനധ്യാനം
2020 നവംബർ 3

വിധവയുടെ കാണിക്ക

അവന്‍ പറഞ്ഞു: ദരിദ്രയായ ഈ വിധവ മറ്റെല്ലാവരെയുംകാള്‍ കൂടുതല്‍ നിക്‌ഷേപിച്ചിരിക്കുന്നു എന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു.
ലൂക്കാ 21 : 3

പഴയ നിയമ വിശുദ്ധ ഗ്രന്ഥങ്ങൾ എഴുതി സൂക്ഷിക്കുകയും നിയമങ്ങൾക്ക് വ്യാഖ്യാനം കൊടുക്കുകയും ചെയ്തിരുന്ന നിയമപണ്ഡിതരെക്കുറിച്ച് പറഞ്ഞതിന് ശേഷമാണ്  ഈശോ വിധവയുടെ കാണിക്ക ദൈവസന്നിധിയിൽ സ്വീകാര്യമായതിന്റെ കാരണം വിശദീകരിക്കുന്നത് . ദൈവത്തിന്റെ പേരിൽ ചെയ്തു കൂട്ടിയതും എഴുതിക്കൂട്ടിയതും വ്യാഖ്യാനങ്ങൾ നൽകിയതും ദൈവപ്രീതിക്ക് കരണമായില്ല എന്നത് എത്രയോ ദുഖകരമാണ് !
സ്വന്തം സ്വാർത്ഥതയുടെ അതിർവരമ്പുകൾ കൂട്ടി മുട്ടിക്കാൻ ദൈവത്തെപ്പോലും വിലയ്ക്ക് വാങ്ങാൻ ശ്രമിച്ച നിയമപണ്ഡിതരുടെ അപഹാസ്യമായ നിലപാടുകൾ ഈശോ തിരുത്തി എഴുതുന്നു. ദൈവത്തിന്റെ അടിസ്ഥാന ഭാവമായ കരുണ ഇല്ലായ്മ ചെയ്തിട്ട് പുറം മോടികളിൽ അഭിരമിച്ച് ആചാരങ്ങൾക്കും നിയമപാലനത്തിനും വേണ്ടിയുള്ള ചട്ടക്കൂടാക്കി യഹൂദ മതാത്മകതയെ തരംതാഴ്ത്തിയ വികലതകൾക്കെതിരെയാണ് ഈശോ ശബ്‌ദിക്കുന്നത്. 
ഹൃദയങ്ങൾ പരിശോധിക്കുന്ന ദൈവത്തിന്റെ മുമ്പിൽ സ്വീകാര്യത നേടുക എന്നതാണ് പ്രധാനം. 
"മനുഷ്യന്‍ കാണുന്നതല്ല കര്‍ത്താവ്‌ കാണുന്നത്‌. മനുഷ്യന്‍ ബാഹ്യരൂപത്തില്‍ ശ്രദ്‌ധിക്കുന്നു; കര്‍ത്താവാകട്ടെ ഹൃദയഭാവത്തിലും."
1 സാമുവല്‍ 16 : 7
തൊട്ടടുത്ത വിവരണത്തിൽ ഹൃദയങ്ങൾ പരിശോധിക്കുന്ന ദൈവത്തെ കൂടുതൽ പ്രകടമായ രീതിയിൽ ഈശോ വെളിപ്പെടുത്തുന്നു. ധനത്തിന്റെ സമൃദ്ധിയിൽ നിന്നും നിക്ഷേപം നടത്തിയ ധനവാന്മാരെക്കാൾ രണ്ട് ചെമ്പ് തുട്ടുകളുടെ നിസ്സാരത കൊണ്ട് പോലും ഈശോയുടെ ഹൃദയം കവർന്ന ഒരു പാവം വിധവയെ ഈശോ വാക്കുകൾ കൊണ്ട് പുകഴ്ത്തുമ്പോൾ ആദ്യവിവരണത്തിൽ മനസിലാക്കിയത് വീണ്ടും അവർത്തിച്ചുറപ്പിക്കാനാകുന്നു. 
"ഈശോ അവരോടു പറഞ്ഞു: മനുഷ്യരുടെ മുമ്പില്‍ നിങ്ങള്‍ നിങ്ങളെത്തന്നെ നീതീകരിക്കുന്നു. എന്നാല്‍, ദൈവം നിങ്ങളുടെ ഹൃദയങ്ങളെ അറിയുന്നു. മനുഷ്യര്‍ക്ക്‌ ഉത്‌കൃഷ്‌ടമായത്‌ ദൈവദൃഷ്‌ടിയില്‍ നികൃഷ്‌ടമാണ്‌."
ലൂക്കാ 16 : 15

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.