Monday, July 27, 2020

വിശുദ്ധിയുടെ മറക്കുട

🥭 *ജ്ഞാനധ്യാനം* 🥭

 *2️⃣0️⃣2️⃣0️⃣ജൂലൈ2️⃣8️⃣* 

*വിശുദ്ധിയുടെ മറക്കുട* 

"സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഗോതമ്പുമണി നിലത്തുവീണ്‌ അഴിയുന്നില്ലെങ്കില്‍ അത്‌ അതേപടിയിരിക്കും. അഴിയുന്നെങ്കിലോ അതു വളരെ ഫലം പുറപ്പെടുവിക്കും."
യോഹന്നാന്‍ 12 : 24


നമ്മുടെ നാട്ടിലെ ഒരു പാവം പുണ്യവതിയുടെ ഓർമ്മ പെരുന്നാൾ ആണ്.
ലോകം ശ്രേഷ്ഠം എന്ന് കരുതുന്ന ഒന്നും ഇല്ലാത്ത ഒരു പാവം അമ്മ... നമ്മുടെ അൽഫോൻസാമ്മ...
അഴിയുന്ന  വിത്തിലേ പുതുജീവൻ ഉണ്ടാകൂ എന്ന് നമ്മുടെ കാലത്തോട് സൗമ്യമായി മന്ത്രിക്കുന്ന സ്നേഹനാളം...
മുറിയുന്ന മുളംതണ്ടിൽ വിരിയുന്ന സംഗീതം പോലെ വിശുദ്ധിയുടെ മറക്കുട തീർത്ത പുണ്യതീർത്ഥം...
അൽഫോൻസാമ്മയെക്കുറിച്ചെഴുതിയ  ഒരു പുസ്തകം വായിക്കുകയായിരുന്നു ... 
ഭരണങ്ങാനത്തെ ഒരു കന്യകാലയത്തിൻറെ മതിൽക്കെട്ടിനുള്ളിൽ  മാത്രം ഒതുങ്ങിയ  ഒരായുസ്സിൻറെ മുഴുവൻ  വ്യഥകളും ഉൾപ്പോരുകളും  നിഴലിക്കുന്ന വാക്കുകളുടെ അക്ഷരമാലയാണ്  ആ പുസ്തകം ..ബലിയായി തീരുന്ന ഒരു  കൊച്ചു മാലാഖയുടെ ജീവിത കഥയുടെ നിർമ്മല വ്യാഖ്യാനം ... 

അവരുടെ നടുവിനെ  നീറ്റിയ വേദനകളും സഹനത്തിൻറെ വിയർപ്പുകളും ചുംബിച്ച കുരിശുകളും  നിശബ്ദ രാത്രികളിലെ  കണ്ണീരും ചേർന്നു പുസ്തകത്താളുകളെ ബലിയുടെ ഗന്ധമുള്ളതാക്കുന്നു  ....
റോമുളൂസച്ചൻറെ ഓർമ്മക്കുറിപ്പിൻറെ    പേര് ''സ്നേഹ ബലി  അഥവാ അൽഫോൻസാ ''...
ഇത്ര കണ്ടു സൗമ്യമായി വ്യസനങ്ങളെയും തേങ്ങലുകളെയും  നേരിട്ട ഒരായുസ്സിന്  സ്നേഹബലി എന്നല്ലാതെ  മറ്റെന്തുപേര്  നൽകും ?
കുറ്റപ്പെടുത്തലുകളും പരിഹാസ വാക്കുകളും തെറ്റിദ്ധാരണകളും വല്ലാതെ ഉലച്ചു കളഞ്ഞ ഒരു ജീവിതം... 
സ്വന്തം സന്യാസ കൂട്ടായ്മ പോലും വേണ്ട രീതിയിൽ മനസിലാക്കാതെ പോയതിന്റെ നൊമ്പരം ആത്മാവിൽ ഏറ്റുവാങ്ങേണ്ടി വന്ന ഒരു പാവം പെൺകുട്ടി....

ആകപ്പാടെ അവളുടെ ആത്മാവിനെ ആശ്വസിപ്പിച്ചത് നമ്മുടെ വലിയ പ്രീയോരച്ചൻ ഇടയ്ക്കു ഒന്ന് രണ്ടു തവണ വന്നു കണ്ടതാണ്... സ്വപ്നത്തിൽ ചാവറ അച്ചനെ അയച്ചു ഈശോ അവളെ സാന്ത്വനപ്പെടുത്തി....
ആത്മാവിൽ ഏറ്റു വാങ്ങിയ മുറിവുകളുടെ ആഴം കണ്ടാൽ മതി, അമ്മയുടെ  സന്യാസത്തിന്റെ വിശുദ്ധി അറിയാൻ... 
അൽഫോൻസാമ്മയുടെ ശരീരത്തിലും മനസിലും നിറയെ പരിക്കുകളാണ്... ആത്മാവിനെ ശുദ്ധി ചെയ്യാൻ , ഈശോയ്ക്ക് വേണ്ടി അമ്മ ഏറ്റു വാങ്ങിയ കുരിശുകൾ...
അമ്മയുടെ മുറിവനുഭവങ്ങൾ അറിയുന്ന ആർക്കും ഒന്നേ പറയാനാകൂ.... 
കുരിശു ചുമന്ന ഈശോയോട് അമ്മയുടെ ആത്മാവ് ചേർന്നിരുന്നു.... 

അതെ.....കുരിശിലെ ഈശോയോട് ചേർന്ന് നിൽക്കുന്നതാണ്‌ ശരിക്കും സന്യാസം...
അത് മാത്രം ആണ് അമ്മ നമ്മെ പഠിപ്പിക്കുന്നത്... 
ഇടുങ്ങിയ വാതിലിൽ കൂടി കടക്കാനും.... നിലത്ത് വീണഴിയുന്ന ഗോതമ്പ് മണി ആകാനും....
നിലത്ത് വീണഴിയാത്ത എന്റെ സന്യാസം.... 
ഭൂമിക്കു കൊടുക്കാതെ പോകുന്ന ഹരിത ശോഭ.... അമ്മേ... പ്രാർത്ഥിക്കണെ..
കുറെ നാളുകൾ ആയി.... മനസ് നിറയെ അൽഫോൻസാമ്മയുടെ ഓർമ്മകൾ ആണ്...
കുരിശുമായി നടന്നു നീങ്ങുന്ന ഈശോ... 
പിന്നാലെ അടിമുടി ശരീരത്തിലും മനസിലും പരിക്കേറ്റു നമ്മുടെ അൽഫോൻസാമ്മ... 
വിശുദ്ധിയുടെ നിറക്കൂട്ട് തീർത്തു നമ്മുടെ അന്നക്കുട്ടി...
ഇത്രയും പരിക്കേറ്റ അമ്മയുടെ ആത്മാവിൽ നിറയെ ഈശോയുടെ സുഗന്ധം ആണ്....

 *She smells Christ...* 

ഗുരുനാഥയായ കന്യാസ്ത്രി അമ്മ എഴുതി തന്നു അമ്മ പറഞ്ഞു പഠിപ്പിച്ച ഒരു കുഞ്ഞു പ്രസംഗം ഉണ്ട്... അല്ഫോന്സാമ്മയെ കുറിച്ച്... " കുടമാളൂരിൽ മുട്ടത്തുപാടത്തു കുടുംബത്തിൽ യൗസേപ്പിന്റെയും മറിയാമ്മയുടെയും മകൾ ആയി 1910 ആഗസ്റ് 19 ന് നമ്മുടെ അന്നക്കുട്ടി ഭൂജാതയായി...."
ഓർമ്മകളിൽ ഏറ്റവും പ്രീയമുള്ള ജൂലൈ 28 അതാണ്....
മനുഷ്യരുടെ മുന്നിൽ നിൽകുമ്പോൾ ഉള്ള ഭീതി മാറിയ ദിനം... 
ഇന്നും മനുഷ്യരുടെ മുന്നിൽ നിൽക്കുമ്പോൾ കാണാമറയത്തു , വിശുദ്ധിയുടെ മറക്കുട തീർത്തു എന്റെ അമ്മ.... അൽഫോൻസാമ്മ... 
പ്രാർത്ഥിച്ചും വാക്കുകൾക്ക് ദൃഢത നൽകിയും കൂടെ നിൽക്കുന്ന നിലാവെളിച്ചം...

അമ്മയെ പോലെ സന്യാസത്തിന്റെ വഴികളിൽ നീങ്ങുമ്പോൾ മുറിവുകൾ ഏറ്റു വാങ്ങാൻ മടിക്കുന്ന എന്റെ ഒളിച്ചുകളി ഞാൻ അറിയുന്നു... 
സുഖത്തിനും സ്വസ്ഥതക്കും ഇട്ട വിളിപ്പേര് ഒന്നും അല്ലല്ലോ സന്യാസം...
അടിമുടി പരിക്കേറ്റ അൽഫോൺസാമ്മ ഒരു തിരുത്തൽ ശക്തി ആണ്... 
നമ്മുടെ രോഗാതുരമായ സന്യാസ സങ്കൽപ്പങ്ങൾക്ക്...

അൽഫോൻസാ എന്ന വിശുദ്ധിയുടെ മറക്കുട എന്റെ ആത്മാവിനെ അസ്വസ്ഥമാക്കുന്നു... 
കുരിശിൽ കിടക്കുന്നവനും എനിക്കും ഇടയിൽ ഒരു സമാനതയും ഇല്ലല്ലോ എന്നോർത്തിട്ട് കണ്ണ് നനയുന്നു....
അടിമുടി പരിക്കേറ്റവന്റെ പിന്നാലെ പോയിട്ടും മുറിപ്പെടാതെയും മുറിവേൽക്കാതെയും അതിനു തയ്യാറാകാതെയും ഞാൻ  ഇങ്ങനെ... രക്തസാക്ഷികൾ രക്തം കൊടുത്തു വാങ്ങിയ സഭയിൽ ഒരു തുള്ളി രക്തം പോലും ചിന്താതെ ഞാൻ....

ഈശോയേ.... എന്റെ അപൂർണ്ണതകളും പരിമിതികളും പോരായ്മകളും നിന്റെ സ്വപ്നങ്ങൾക്ക് മുന്നിൽ ഒരിക്കലും ഒരു തടസ്സമാകാതെ ഇരിക്കട്ടെ.... 
അമ്മയുടെ കൂട്ട് എന്നെങ്കിലും ഒരിക്കൽ  ക്രൂശിതനോട് ചേരാൻ  ആത്മാവിനെ ബലപ്പെടുത്തും.... 
അമ്മേ... അല്ഫോൻസാമ്മേ.... അമ്മക്കിഷ്ടമുള്ള ആ പ്രാർത്ഥന ഒരിക്കൽക്കൂടി ഞങ്ങൾക്ക് വേണ്ടി ആവർത്തിക്കുമോ? 

"ഈശോയേ... 
അവിടുത്തെ തിരുഹൃദയത്തിലെ തിരുമുറിവിനുള്ളിൽ ഞങ്ങേലെ മറക്കണമേ..."

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Tuesday, July 21, 2020

നല്ല ഇടയന്റെ ആടുകൾ

 *ജ്ഞാനധ്യാനം* 🥭

 *2️⃣0️⃣2️⃣0️⃣ജൂലൈ2️⃣2️⃣* 

 *നല്ല ഇടയന്റെ ആടുകൾ* 

"എന്‍െറ ആടുകള്‍എന്‍െറ സ്വരം ശ്രവിക്കുന്നു. എനിക്ക്‌ അവയെ അറിയാം. അവ എന്നെ അനുഗമിക്കുന്നു."
യോഹന്നാന്‍ 10 : 27

ചോദ്യശരങ്ങളുമായി മിക്കവാറും യഹൂദർ ഈശോയുടെ പിന്നാലെ കൂടിയിരുന്നു. 
യഥാർത്ഥത്തിൽ അവിടുന്ന് മിശിഹാ ആണോ എന്നതാണ് അവരുടെ സംശയം. വാക്കുകളും പ്രവർത്തികളും വഴി അവിടുന്ന് അത് വെളിപ്പെടുത്തിയിട്ടും വിശ്വസിക്കാൻ അവർ കൂട്ടാക്കിയുമില്ല. ഇടയന്റെ സ്വരം ശ്രവിച്ച് ഇടയനോട് പറ്റി ചേർന്ന് നിൽക്കുന്ന വിനയമുള്ള ആടുകളെപ്പോലെ ഈശോയുടെ വാക്കുകൾ വിശ്വാസത്തോടെ കേൾക്കുന്ന ആടുകൾ ആകാൻ യഹൂദർക്ക് തടസമായിരുന്നത് അവരുടെ കപടതയും അഹന്തയുമായിരുന്നു. ഈശോ എന്ന നല്ല ഇടയന്റെ തൊഴുത്തിലെ ആടുകളാണ് നാം. 
തൊഴിൽ കൊണ്ട് മരപ്പണിക്കാരനായിരുന്നിട്ടും ശിഷ്യർ മുക്കുവർ ആയിരുന്നിട്ടും അവിടുന്ന് സ്വയം വിശേഷിപ്പിക്കാൻ ഇഷ്ടപ്പെട്ടത് ഒരു ഇടയൻ ആയിട്ടാണ്. 
കൊറോണ വൈറസ് ബാധ ഒരുപാട് ആത്മസംഘർഷങ്ങളുടെയും വൈഷമ്യങ്ങളുടെയും പരിസരം രൂപപ്പെടുത്തുമ്പോൾ ഈശോ എന്ന ഒരു നല്ല ഇടയൻ നമുക്കുണ്ട് എന്നതാണ് ഒരേ ഒരു ആശ്വാസം. 

ഒന്നിനും കുറവുണ്ടാകാത്തവിധം സമൃദ്ധമായ പുൽത്തകിടിയിലേക്കും പ്രശാന്തമായ ജലാശയത്തിലേക്കും നയിക്കുന്ന ഒരിടയൻ... 
മരണത്തിന്റെ നിഴൽ വീണ താഴ്‌വരയിൽ കൂടി യാത്ര ചെയ്യേണ്ടി വരുമ്പോളും കൂടെ നടന്ന് ബലപ്പെടുത്തുന്ന എന്റെ നല്ല ഇടയൻ... 
എന്റെ ഈശോ... 
അവിടുന്നിലുള്ള വിശ്വാസത്തിന്റെ ഊന്നുവടിയും ദണ്ഡും ആണ് ഒരേ ഒരു ഉറപ്പ്... 
അതിസങ്കീർണ്ണമായ ഈ ജീവിതസാഹചര്യത്തിൽ ഈ വിശ്വാസത്തെ തേച്ചുമിനുക്കിയേ തീരൂ... 
പരിപാലിച്ചു സംരക്ഷിക്കുന്ന ഒരു നല്ല ഇടയന്റെ തണലിൽ എല്ലാ പ്രതിസന്ധികളെയും നാം തോൽപ്പിക്കും... 
ഹെബ്രായ ലേഖനത്തിലെ ഒരു വാക്യം സ്വയം ആശംസിച്ച് ആത്മവിശ്വാസം ബലപ്പെടുത്താം. 
"ആടുകളുടെ വലിയ ഇടയനെ, നമ്മുടെ കര്‍ത്താവായ യേശുവിനെ, മരിച്ചവരില്‍ നിന്നുയിര്‍പ്പിച്ച സമാധാനത്തിന്‍െറ ദൈവം നിത്യമായ ഉടമ്പടിയുടെ രക്‌തത്താല്‍
എല്ലാ നന്‍മകളും കൊണ്ടു നിങ്ങളെ ധന്യരാക്കട്ടെ! "
ഹെബ്രായര്‍ 13 : 20

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Friday, July 17, 2020

അനുഗമിക്കുന്നവർ

🥭 *ജ്ഞാനധ്യാനം* 🥭

 *2️⃣0️⃣2️⃣0️⃣ജൂലൈ1️⃣8️⃣* 

 *അനുഗമിക്കുന്നവർ* 

"എന്നെ ശുശ്രൂഷിക്കാന്‍ ആഗ്രഹിക്കുന്നവന്‍ എന്നെ അനുഗമിക്കട്ടെ. അപ്പോള്‍, ഞാന്‍ ആയിരിക്കുന്നിടത്ത്‌ എന്‍െറ ശുശ്രൂഷകനും ആയിരിക്കും; എന്നെ ശുശ്രൂഷിക്കുന്നവനെ പിതാവു ബഹുമാനിക്കും."
യോഹന്നാന്‍ 12 : 26

ഈശോയെ അനുഗമിക്കുന്നു എന്ന് അഭിമാനിക്കുന്ന നമുക്ക് ഈശോ ആഗ്രഹിക്കുന്നത് പോലെ അവിടുത്തെ അനുഗമിക്കാൻ സാധിക്കുന്നുണ്ടോ എന്ന് സ്വയം കണ്ടെത്താൻ സഹായകരമാകുന്ന സുവിശേഷഭാഗമാണിത്. 
ഗ്രീക്കുകാർ ഈശോയെ കാണാൻ എത്തുന്നതാണ് പശ്ചാത്തലം. 
ഗ്രീക്കുകാരുടെ അന്വേഷണം വിജ്ഞാനം തേടിയുള്ളതാണ് എന്നത് യവനസംസ്കാരം വെളിപ്പെടുത്തുന്ന സത്യമാണ്. 
ഈശോയെ കാണാൻ ആഗ്രഹം ഉള്ളിൽ കൊണ്ടുനടന്ന ഗ്രീക്കുകാർ അവിടുത്തെ വിജ്ഞാനവൈഭവത്തെക്കുറിച്ച് കേട്ടിട്ട് തന്നെയാകും എത്തിയിട്ടുള്ളത്. 
എതിരാളികൾ പോലും വിസ്മയിക്കത്തക്കവിധത്തിൽ ജ്ഞാനം ഈശോയുടെ അധരങ്ങളിൽ നിന്ന് പുറപ്പെട്ടിരുന്നു എന്ന് സുവിശേഷം സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. 
വിജ്ഞാനം തേടിവന്നവർക്ക് ഈശോ നല്കുന്നതോ നിത്യജീവനെക്കുറിച്ചും ശിഷ്യത്വത്തെക്കുറിച്ചുമുള്ള ദൈവീകജ്ഞാനവും. 
ഈശോയെ അന്വേഷിക്കുകയും അവിടുത്തെ അനുഗമിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നവരുടെ മുമ്പിൽ അവിടുന്ന് വയ്ക്കുന്ന ചില മാനദണ്ഡങ്ങൾ സുവിശേഷം വ്യക്തമാക്കുന്നു. 

1. ഗോതമ്പ് മണി പോലെ നിലത്തുവീണഴിഞ്ഞാലേ ഈശോ ആഗ്രഹിക്കുന്ന ഫലങ്ങൾ ജീവിതം പുറപ്പെടുവിക്കൂ. 
അഴിയൽ നിഷേധാത്മകമോ സർഗ്ഗവാസനകളെ കുഴിച്ചു മൂടുന്നതോ അല്ല. 
പ്രാർത്ഥനയിലും തപസ്സിലും ഉപവാസത്തിലും വചനധ്യാനത്തിലും ആത്മീയ അന്വേഷണങ്ങളിലും ആതുര ശുശ്രൂഷയിലും അധ്യാപനത്തിലും സാമൂഹ്യസേവനത്തിലും എല്ലാം ഏർപ്പെടുന്നവർ സ്വന്തം സമയവും കഴിവുകളും ആരോഗ്യവും ഒരു തരത്തിലുള്ള അഴിയലിന് വിട്ടുകൊടുക്കുകയാണ്. 
നശിപ്പിക്കുന്ന അഴിയൽ അല്ലല്ലോ അത്. 
അനേകർക്ക് സന്തോഷവും സമാശ്വസവും നൽകാൻ നാം ഏറ്റെടുക്കുന്ന ആ അഴിയൽ നിത്യജീവിതത്തിലേക്കുള്ള വാതിലാണ്. 

2. അതിരുകടന്നതും അനുപാതമില്ലാത്തതുമായ സ്വയം സ്നേഹം അപകടമാണ്. ആത്മരതി എന്ന വാക്ക് അതിന്റെ അപകടം നന്നായി സൂചിപ്പിക്കുന്നു. സ്വന്തം സ്വാർത്ഥതയുടെ വിടവുകൾ പൂരിപ്പിക്കാനുള്ള യുദ്ധമായി ജീവിതം മാറാവുന്നതിന്റെ ദുഖകരമായ സാധ്യതയാണ് ഈശോ മുൻകൂട്ടി ഓർമ്മിപ്പിക്കുന്നത്. മറ്റുള്ളവർക്ക് കൂടി ഉപകാരപ്രദമാകുന്ന ചെയ്തികളിലേയ്ക്ക് ബോധപൂർവം പ്രവേശിക്കാനുള്ള ക്ഷണമാണത്. 

3. "എന്നെ ശുശ്രൂഷിക്കാനാഗ്രഹിക്കുന്നവൻ എന്നെ അനുഗമിക്കട്ടെ. "
ശുശ്രൂഷിക്കാൻ മനസ്സുള്ളവർ എന്നെ അനുഗമിച്ചാൽ മതി എന്നൊരു അർത്ഥവും ഈ വാക്യത്തിനുണ്ട്. വേദനിക്കുന്നവരോടും മുറിവേറ്റവരോടും സ്വയം സാധർമ്മ്യപ്പെടുത്തിയ ഈശോ "എന്നെ ശുശ്രൂഷിക്കാനാഗ്രഹിക്കുന്നവൻ " എന്ന് പറയുമ്പോൾ മുറിവേറ്റവർക്ക് നൽകുന്ന സ്നേഹശുശ്രൂഷയാണ് ഈശോ അർത്ഥമാക്കുന്നത് എന്ന് തീർച്ച. 

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Thursday, July 16, 2020

പ്രതിഫലം

🥭 *ജ്ഞാനധ്യാനം* 🥭

 *2️⃣0️⃣2️⃣0️⃣ജൂലൈ1️⃣7️⃣* 

 *പ്രതിഫലം* 

"പ്രവാചകനെ പ്രവാചകനായി സ്വീകരിക്കുന്നവന്‌ പ്രവാചകന്‍െറ പ്രതിഫലവും നീതിമാനെ നീതിമാനായി സ്വീകരിക്കുന്നവന്‌ നീതിമാന്‍െറ പ്രതിഫലവും ലഭിക്കുന്നു."
മത്തായി 10 : 41

കണക്കുകൂട്ടലുകൾ തെറ്റിക്കുകയാണ് ഈശോ. നമ്മുടെ ബുദ്ധിയിൽ ചിട്ടപ്പെടുത്തുകയും നിശ്ചയിക്കപ്പെടുകയും ചെയ്യുന്ന കണക്കുകൾ സുവിശേഷങ്ങളിൽ പലയിടങ്ങളിൽ മാറ്റിയെഴുതപ്പെടുന്നുണ്ട്. 
99 നെ വിട്ടിട്ട് ഒന്നിനെ അന്വേഷിച്ചിറങ്ങുക... 
ആദ്യം വന്നവനും അവസാനം വന്നവനും ഒരേ കൂലി കൊടുക്കുക... 
കുരിശിൽ കിടന്ന് അവസാനനിമിഷം അനുതപിച്ച നല്ല കള്ളന് പറുദീസാ വാഗ്ദാനം ചെയ്യുക... 
നമ്മുടെ ബുദ്ധിയിൽ ചിട്ടപ്പെടുത്തിയ ഒരു ഏകകം കൊണ്ടും ഇതിന്റെ യുക്തി മനസിലാക്കാനാവില്ല... 
ഫ്രാൻസിസ് മാർപാപ്പ ഇടക്കൊക്കെ ഉപയോഗിക്കാറുള്ള ഒരു പദപ്രയോഗം കൊണ്ട് അത് കുറച്ചൊക്കെ മനസിലാകും... 
അജപാലനത്തിൽ പുലർത്തേണ്ട കരുണയെക്കുറിച്ച് പറയുമ്പോളാണ് അദ്ദേഹം അത് പരാമർശിക്കുന്നത്... 
The Logic of Mercy !
കാരുണ്യത്തിന്റെ യുക്തി... 
ഈശോയുടെ മനസ്സാണത്... 

സമാനമായ അന്തരാർത്ഥം ഉൾകൊള്ളുന്ന വചനവിചാരമാണ് ഇന്ന്.
"പ്രവാചകനെ പ്രവാചകനായി സ്വീകരിക്കുന്നവന്‌ പ്രവാചകന്‍െറ പ്രതിഫലവും നീതിമാനെ നീതിമാനായി സ്വീകരിക്കുന്നവന്‌ നീതിമാന്‍െറ പ്രതിഫലവും ലഭിക്കുന്നു."
പ്രവാചകനും പ്രവാചകനെ ഹൃദയപൂർവ്വം സ്വീകരിക്കുന്നവനും നീതിമാനും നീതിമാനെ സ്നേഹപൂർവ്വം സ്വീകരിക്കുന്നവനും ഒരേ പ്രതിഫലം ലഭിക്കും എന്നാണ് സുവിശേഷഭാഷ്യം.
ബൈബിൾ വിജ്ഞാനീയത്തിന്റെ ഭാഷയിൽ ആരാണ് പ്രവാചകൻ? 
ആരാണ് നീതിമാൻ? 
ദൈവഹിതം മുഖം നോട്ടമില്ലാതെ ദൈവജനത്തിനു മുമ്പിൽ വെളിപ്പെടുത്തുന്നവനാണ് പ്രവാചകൻ. 
ദൈവമനുഷ്യബന്ധങ്ങൾ വിള്ളലില്ലാതെ പരിപാലിക്കുന്നവനാണ് നീതിമാൻ. 
പ്രവാചകനെ പ്രവാചകനായി സ്വീകരിക്കുക എന്നതിനർത്ഥം പ്രവാചകൻ വെളിപ്പെടുത്തി നൽകുന്ന ദൈവഹിതം സ്വീകരിക്കുക എന്നാണ്. 
നീതിമാനെ നീതിമാനായി സ്വീകരിക്കുക എന്നതിനർത്ഥം നീതിമാന്റെ നീതിബോധം സ്വന്തമാക്കുക എന്നാണ്. 
അങ്ങനെ സ്വീകരിക്കുന്നവർക്ക് ലഭിക്കുന്ന പ്രതിഫലം പ്രവാചകനും നീതിമാനും വേണ്ടി ദൈവം കരുതി വച്ചിരിക്കുന്ന പ്രതിഫലം തന്നെയാണ്.

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Wednesday, July 15, 2020

ശുശ്രൂഷ

🥭 *ജ്ഞാനധ്യാനം* 🥭

 *2️⃣0️⃣2️⃣0️⃣ജൂലൈ1️⃣6️⃣* 

 *ശുശ്രൂഷ* 

"ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും അനേകരുടെ മോചനദ്രവ്യമായി സ്വജീവന്‍ കൊടുക്കാനും മനുഷ്യപുത്രന്‍ വന്നിരിക്കുന്നതുപോലെ തന്നെ."
മത്തായി 20 : 28

സബദീപുത്രന്മാരായ യാക്കോബും യോഹന്നാനും ഈശോയുടെ രാജ്യത്തിൽ അവിടുത്തെ ഇടത്തും വലത്തും ഇരിക്കാനുള്ള വരം അമ്മയെക്കൊണ്ട് ഈശോയോട് ചോദിപ്പിക്കുന്നു. റോമാക്കാരുടെ ആധിപത്യത്തിൽ നിന്നും യഹൂദരെ മോചിപ്പിക്കുന്ന രാഷ്ട്രീയ വിമോചകനായി (Political Liberator ) വരാനിരുന്ന മിശിഹായെ കണ്ടിരുന്ന യഹൂദരുടെ പൊതുവായ കാഴ്ചപ്പാടിന്റെ സ്വാധീനത്തിൽ പെട്ടാണ് യാക്കോബും യോഹന്നാനും ഈ ചോദ്യം അമ്മയെക്കൊണ്ട് ഉന്നയിക്കുന്നത് എന്ന് തീർച്ചയാണ്. 
ഈശോ പറയുന്ന മറുപടിയിലെ ഒരു വാക്യമാണ് നമ്മുടെ ജ്ഞാനധ്യാനത്തിനാധാരം. 
"ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും അനേകരുടെ മോചനദ്രവ്യമായി സ്വജീവന്‍ കൊടുക്കാനുമാണ് മനുഷ്യപുത്രന്‍ വന്നിരിക്കുന്നത്" എന്ന വാക്യം അവിടുത്തെ ജീവിതനിയോഗം വ്യക്തമാക്കുന്നതാണ്. പൗരോഹിത്യ പരിശീലനത്തിൽ പഠനവിഷയമായിരുന്ന 'പൗരോഹിത്യത്തിന്റെ ദൈവശാസ്ത്രം' എന്ന പാഠ്യഭാഗത്തിന്റെ കേന്ദ്രബിന്ദുവായിരുന്ന വചനം ഈ വചനമായിരുന്നു. ഈശോയെ അനുഗമിക്കുന്ന എല്ലാവരുടെയും വിശിഷ്യാ ഈശോയുടെ ശുശ്രൂഷാപൗരോഹിത്യത്തിൽ പങ്കുചേരുന്ന പുരോഹിതരുടെയും സമർപ്പിതജീവിതം തെരെഞ്ഞെടുത്തിരിക്കുന്നവരുടെയും ജീവിത നിയോഗം വെളിവാക്കുന്ന വചനമാണത്. 
ശുശ്രൂഷയാണ് നമ്മുടെ ദൗത്യം. 

കർമ്മല മാതാവിന്റെ പെരുന്നാൾ കൂടി പ്രാർത്ഥനയോടെ നാം ആഘോഷിക്കുന്നു. 
നിത്യപുരോഹിതനായ ഈശോയുടെ അമ്മയും ആദ്യത്തെ ശിഷ്യയുമായ അമ്മയോളം ശുശ്രൂഷാജീവിതത്തിന്റെ ആഴം പറഞ്ഞു തരുന്ന ആരുമുണ്ടാവില്ല. എത്ര ഭംഗിയായിട്ടാണ് അമ്മയുടെ ശുശ്രൂഷാജീവിതത്തെ ലൂക്കാ സുവിശേഷകൻ വിവരിക്കുന്നത്. "ആദിവസങ്ങളില്‍, മറിയംയൂദയായിലെ മലമ്പ്രദേശത്തുള്ള ഒരു പട്ടണത്തിലേക്കു തിടുക്കത്തില്‍ യാത്രപുറപ്പെട്ടു."
(ലൂക്കാ 1 : 39)
ഈശോ ഉള്ളിലുള്ളവർക്ക് വേദനിക്കുന്നവരിലേക്ക് എത്തി ശുശ്രൂഷയുടെ കരങ്ങൾ നീട്ടാതിരിക്കാനാവില്ല എന്ന് അമ്മ പഠിപ്പിക്കുന്നു. 

ഏലിയാ പ്രവാചകന്റെ കാലം മുതൽ കാർമ്മൽ മലയിൽ തപസ്സിലും പ്രാർത്ഥനയിലും കഴിഞ്ഞിരുന്ന താപസ്സരുടെ മാതൃകയിൽ 12 -ാം നൂറ്റാണ്ടിലാണ് നൈയാമികമായ ഘടനയോട് കൂടിയ ഒരു കർമ്മലീത്ത സന്യാസ സഭ ആരംഭിക്കുന്നത്. പരിശുദ്ധ അമ്മയോടുള്ള പ്രത്യേകഭക്തിയും ധ്യാനാത്മകജീവിതവുമായിരുന്നു അവരുടെ സവിശേഷതകൾ. പ്രതിസന്ധികളുടെ നടുവിൽ കർമ്മലീത്താസഭയുടെ ആറാം പ്രിയോർ ജനറൽ ആയിരുന്ന വിശുദ്ധ സൈമൺ സ്റ്റോക്ക് കരഞ്ഞ് പ്രാർത്ഥിച്ചപ്പോൾ മാതൃവാത്സല്യമായി കർമ്മലീത്തരുടെ കൂടെ എന്നും താൻ കൂടെയുണ്ടാവും എന്ന ഉറപ്പും സംരക്ഷകവചമായി ഉത്തരീയവും 1251 ജൂലൈ 16 ന് കൊടുത്തു എന്നാണ് ചരിത്രം. അമ്മ നൽകിയ വാഗ്ദാനം ഇതാണ്, 
"ഇത് നിനക്കും കര്‍മ്മലീത്താക്കാര്‍ക്കും നല്‍കപ്പെടുന്ന വിശേഷ അനുഗ്രഹമാണ്. ഇത് ധരിച്ചുകൊണ്ട് മരിക്കുന്ന ഒരുവനും നിത്യമായ അഗ്നിയില്‍ സഹനമനുഭവിക്കേണ്ടതായി വരികയില്ല.”
ഉത്തരീയത്തിന്റെ സംരക്ഷണം നമ്മുടെ അവകാശമാണെന്ന് തിരിച്ചറിയാനും ഈശോയ്ക്ക് ജീവിതത്തെ പുനരർപ്പിക്കുവാനും നരകശിക്ഷയിൽ രക്ഷ നേടുവാനും ശുശ്രൂഷാജീവിതം വഴി ഈശോയെ മഹത്വപ്പെടുത്താനും കർമ്മല മാതാവ് നമ്മുക്ക് വേണ്ടി പ്രാർത്ഥിക്കട്ടെ. 

കർമ്മല മാതാവിന്റെ തിരുന്നാൾ മംഗളങ്ങൾ !

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Sunday, July 12, 2020

യോനായുടെ അടയാളം

🥭 *ജ്ഞാനധ്യാനം* 🥭

 *2️⃣0️⃣2️⃣0️⃣ജൂലൈ1️⃣3️⃣* 

 *യോനായുടെ അടയാളം* 

"നിനെവേനിവാസികള്‍ വിധിദിവസം ഈ തലമുറയോടൊത്ത്‌ എഴുന്നേറ്റ്‌ ഇതിനെ കുറ്റം വിധിക്കും. എന്തെന്നാല്‍, യോനായുടെ പ്രസംഗം കേട്ട്‌ അവര്‍ അനുതപിച്ചു. ഇതാ, ഇവിടെ യോനായെക്കാള്‍ വലിയവന്‍!"
മത്തായി 12 : 41

നിയമജ്ഞരും ഫരിസേയരും പതിവ് സ്വഭാവം തുടരുകയാണ്. അവർക്ക് ഈശോയെ വാക്കിൽ കുടുക്കുകയോ അവിടുന്നിൽ കുറ്റം കണ്ടെത്തുകയോ വേണം. അതിനായി അടയാളം കാണണം എന്ന ആഗ്രഹം ഉന്നയിച്ചു കൊണ്ട് അവർ ഈശോയുടെ പിന്നാലെ കൂടി. 
"ദുഷിച്ചതും അവിശ്വസ്‌തവുമായ തലമുറ അടയാളം അന്വേഷിക്കുന്നു എന്നാണ് ഈശോയുടെ പ്രതികരണത്തിന്റെ ആദ്യ ഭാഗം. 
സ്വന്തം സ്വാർത്ഥത നിറഞ്ഞ താല്പര്യങ്ങൾ പൂരിപ്പിക്കാൻ ദൈവത്തെ സ്വന്തം ഇഷ്ടങ്ങളുടെ ചട്ടക്കൂടിൽ ഒതുക്കാമെന്ന വ്യാമോഹം ഉള്ളിൽ കൊണ്ടുനടന്നവരെ "ദുഷിച്ചതും അവിശ്വസ്തവും" എന്നല്ലാതെ മറ്റെന്തു വിളിക്കാൻ? 
അടയാളം കാണാൻ ആഗ്രഹം തോന്നിയാൽ ഉടനെ ആ ആഗ്രഹം പൂർത്തീകരിച്ചു കൊടുക്കുന്ന ഒരു കൺകെട്ടുകാരനായി ഈശോ മിശിഹായെ കാണാൻ മാത്രം ദുഷിച്ചു പോയിരുന്നു അവർ. സ്വന്തം ആഗ്രഹങ്ങളുടെയും കൗതുകങ്ങളുടെയും പൂർത്തിക്കായി ഈശോയുടെ നാമത്തിൽ അടയാളങ്ങളാവശ്യപ്പെടുന്നവർ ഇന്നും കേൾക്കേണ്ട മറുപടി ഇത് തന്നെ ആയിരിക്കും. 
സാമാന്യം കാർക്കശ്യം നിറഞ്ഞ ഭാഷയിൽ തിരുത്തൽ കൊടുക്കുക മാത്രമല്ല അവിടുന്ന് ചെയ്തത്. 
എല്ലാ കാലങ്ങൾക്കും വേണ്ടി നൽകപ്പെട്ട അടയാളം ഒരിക്കൽ കൂടി അവിടുന്ന് വ്യക്തമാക്കി. 

യോനാ പ്രവാചകന്റെ അടയാളമാണ് ഒരേയൊരടയാളം എന്ന് ഈശോ ആവർത്തിക്കുന്നു. അനുതപിക്കുക്കയും പശ്ചാത്തപിക്കുകയും ചെയ്യുന്ന വ്യക്തികളോടും കുടുംബത്തോടും ദേശത്തോടും വിശ്വാസസമൂഹത്തോടും ദൈവം കരുണ കാണിക്കും എന്നതിന്റെ നിലനിൽക്കുന്ന അടയാളമാണ് യോനാ പ്രവാചകൻ. 
മനസാന്തരത്തിന്റെയും അനുതാപത്തിന്റെയും ദൈവകരുണയുടെയും അടയാളമാണ് യോനാ. "സമയം പൂര്‍ത്തിയായി, ദൈവരാജ്യം സമീപിച്ചിരിക്കുന്നു. അനുത പിച്ച്‌ സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍."
എന്ന് പറഞ്ഞാണ് അവിടുന്ന് ദൈവരാജ്യ പ്രഘോഷണം ആരംഭിച്ചത്. സുവിശേഷസന്ദേശത്തിന്റെ അന്തസത്തയായ മനസാന്തരവും ദൈവകരുണയും തന്നെയാണ് യോനായുടെ അടയാളം. 
മാനസാന്തരം എന്നതിന് ബൈബിൾ ഉപയോഗിക്കുന്ന പദങ്ങൾ ഗ്രീക്കിൽ മെറ്റെനോയിയ ( Metanoia - change of mind/ heart ) എന്നും ഹീബ്രുവിൽ ഷൂബ് ( Shub - turning to God) എന്നുമാണ്. 
മനസിന്റെ നവീകരണം വഴി രൂപാന്തരപ്പെട്ട് ദൈവത്തിലേക്ക് അനുദിനം തിരിയാൻ യോനായുടെ അടയാളം സഹായിക്കട്ടെ.

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Saturday, July 11, 2020

ഇടുങ്ങിയ വാതിൽ

🥭 *ജ്ഞാനധ്യാനം* 🥭

*2️⃣0️⃣2️⃣0️⃣ജൂലൈ1️⃣2️⃣* 

 *ഇടുങ്ങിയ വാതിൽ* 

"ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവാന്‍ പരിശ്രമിക്കുവിന്‍. ഞാന്‍ നിങ്ങളോടു പറയുന്നു, അനേകംപേര്‍ പ്രവേശിക്കാന്‍ ശ്രമിക്കും. എന്നാല്‍ അവര്‍ക്കു സാധിക്കുകയില്ല."
ലൂക്കാ 13 : 24

ദൈവരാജ്യത്തിന്റെ സുവിശേഷം പ്രഘോഷിച്ച് പ്രബോധനം നൽകി പട്ടണങ്ങളിലും ഗ്രാമങ്ങളിലും പഠിപ്പിച്ചു കൊണ്ട് ഈശോ ജെറുസലേമിലേക്ക് നടന്നു നീങ്ങുന്നു. യാത്രക്കിടയിൽ ഒരാളുടെ സംശയത്തിന് ഈശോ ഉത്തരം കൊടുക്കുന്നു. 
സംശയം ഇതാണ് : "കര്‍ത്താവേ, രക്‌ഷപ്രാപിക്കുന്നവര്‍ ചുരുക്കമാണോ?" 
ചോദ്യത്തിനുള്ള ഉത്തരം നേരിട്ട് പറയാതെ രക്ഷ പ്രാപിക്കാനുള്ള വഴിയാണ് ഈശോ പറഞ്ഞ് കൊടുക്കുന്നത്. 
"ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവാന്‍ പരിശ്രമിക്കുവിന്‍. ഞാന്‍ നിങ്ങളോടു പറയുന്നു, അനേകംപേര്‍ പ്രവേശിക്കാന്‍ ശ്രമിക്കും. എന്നാല്‍ അവര്‍ക്കു സാധിക്കുകയില്ല."
ഇടുങ്ങിയ വാതിലാണ് രക്ഷയിലേക്കുള്ള വഴി. 
ഇടുങ്ങിയ വാതിലിനെക്കുറിച്ച് മത്തായി സുവിശേഷകന്റെ വാക്കുകളിൽ ഈശോ വ്യക്തമാക്കുന്നത് കൂടി ചേർത്ത് വായിക്കാം. 
"ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവിന്‍; വിനാശത്തിലേക്കു നയിക്കുന്ന വാതില്‍ വിസ്‌തൃതവും വഴി വിശാലവുമാണ്‌; അതിലേ കടന്നുപോകുന്നവര്‍ വളരെയാണുതാനും.
എന്നാല്‍, ജീവനിലേക്കു നയിക്കുന്ന വാതില്‍ ഇടുങ്ങിയതും വഴി വീതികുറഞ്ഞതുമാണ്‌. അതു കണ്ടെത്തുന്നവരോ ചുരുക്കം."
(മത്തായി 7 : 13-14)

എന്താണ് ഇടുങ്ങിയ വാതിൽ? 
ഇന്ദ്രിയ നിഗ്രഹം, ആത്മനിയന്ത്രണം, പ്രാർത്ഥനാ ജീവിതം, ഉപവാസം, തപസ്സ്... എല്ലാം ഇടുങ്ങിയ വാതിലാണ്. 
ഈ പ്രത്യേക സാഹചര്യത്തിൽ പ്രകൃതി സംരക്ഷണവും വ്യക്തി ശുചിത്വവും, പരിസര ശുചീകരണവും, കായികാധ്വാനവും എല്ലാം തപസ്സിന്റെ ഭാഗമാണ് എന്നതിൽ സംശയമില്ല. 
ഇടുങ്ങിയ വാതിൽ സ്വയം കണ്ടെത്തുകയും അതിലൂടെ പ്രവേശിച്ച് രക്ഷ നേടുന്നു എന്ന് ഉറപ്പ് വരുത്തുകയും ചെയ്യുകയാണ് നമ്മുടെ ധർമ്മം. 
കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥത്തിൽ 2015 - ാം ഖണ്ഡിക ശ്രദ്ധിക്കാം. 
"പരിപൂർണ്ണതയുടെ വഴി കുരിശിന്റെ വഴിയാണ്. പരിത്യാഗവും ആത്മീയസമരവുമില്ലാതെ വിശുദ്ധീകരണമില്ല."

തന്നിഷ്ടങ്ങളുടേയും താൻപോരിമയുടെയും വിശാലവും വിസ്തൃതവുമായ വാതിലും വഴിയും ജീവിതം കൊണ്ട് സ്വയം തെരഞ്ഞെടുത്തിട്ട് മരണ ശേഷം ഇടുങ്ങിയ വാതിലിൽ കൂടി പ്രവേശിക്കാമെന്നു വിചാരിക്കുന്നത് വ്യർത്ഥമാണ് എന്ന് വേണം മനസ്സിലാക്കാൻ. 
മനസാന്തരപ്പെടാനും തിരികെ വരാനും ഇടുങ്ങിയ വാതിൽ തെരെഞ്ഞെടുക്കാനുമുള്ള അവസരം ജീവൻ ഉള്ള കാലം മാത്രമേ ഉള്ളൂ എന്നതാണ് യാഥാർഥ്യം. 
വിശാലവും വിസ്തൃതവുമായ മാർഗ്ഗങ്ങളും വാതിലുകളും തേടി നടന്നവർ കേൾക്കേണ്ടി വരുന്ന മറുപടി വേദനാജനകമാണ്. 
"വീട്ടുടമസ്‌ഥന്‍ എഴുന്നേറ്റ്‌, വാതില്‍ അടച്ചു കഴിഞ്ഞാല്‍ പിന്നെ, നിങ്ങള്‍ പുറത്തുനിന്ന്‌, കര്‍ത്താവേ, ഞങ്ങള്‍ക്കു തുറന്നുതരണമേ എന്നു പറഞ്ഞ്‌ വാതില്‍ക്കല്‍ മുട്ടാന്‍ തുടങ്ങും. അപ്പോള്‍ അവന്‍ നിങ്ങളോടു പറയും: നിങ്ങള്‍ എവിടെ നിന്നാണെന്നു ഞാന്‍ അറിയുന്നില്ല."
(ലൂക്കാ 13 : 25)
വിശാലമായ വാതിലുകളിൽ കൂടി കടന്ന് വിസ്തൃതമായ വഴികളിൽ യാത്ര ചെയ്‌തെങ്കിലും ഈശോയുടെ നാമത്തിൽ വിരുന്നുകൾ നടത്തി ഭക്ഷിക്കാനും അവന്റെ പ്രബോധനങ്ങൾ കേട്ടിരിക്കാനും സമയം കണ്ടെത്തിയതിന്റെ അവകാശവാദം പറയുമ്പോളും അവന്റെ ഉത്തരത്തിന് മാറ്റമില്ല. 
"നിങ്ങള്‍ എവിടെനിന്നാണെന്നു ഞാന്‍ അ റിയുന്നില്ല. അനീതി പ്രവര്‍ത്തിക്കുന്ന നിങ്ങള്‍ എന്നില്‍നിന്ന്‌ അകന്നു പോകുവിന്‍.
(ലൂക്കാ 13 : 27)
ഈശോയ്ക്ക് എന്നെ തിരിച്ചറിയാൻ എനിക്ക് അവിടുത്തോടുള്ള സമാനതകൾ കണ്ടെത്തേണ്ടതുണ്ട്. 
അവിടുത്തെ അടിസ്ഥാന സ്വഭാവസവിശേഷതകളായ കാരുണ്യവും കരുതലും സ്നേഹവും ജീവിതത്തിൽ സ്വാംശീകരിച്ചും പ്രാർത്ഥനയുടെയും തപസ്സിന്റെയും ആത്മനിയന്ത്രണത്തിന്റെയും ഇടുങ്ങിയ വഴിയിൽ യാത്ര ചെയ്തും അവിടുത്തെ മുൻപിൽ എത്തുമ്പോൾ അവിടുന്നെന്നെ തിരിച്ചറിയും.

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.