Monday, October 12, 2020

എതിരാളി

ജ്ഞാനധ്യാനം
2020 ഒക്ടോബർ 13

എതിരാളി

"എന്നോടുകൂടെയല്ലാത്തവന്‍ എനിക്ക്‌ എതിരാണ്‌. എന്നോടുകൂടെ ശേഖരിക്കാത്തവന്‍ ചിതറിച്ചു കളയുന്നു."
ലൂക്കാ 11 : 23

ദൈവരാജ്യത്തിന്റെ ആഗമനം ഈശോ പ്രാഘോഷിച്ചപ്പോൾ അവ അവിടുന്ന് പ്രകടമാക്കിയത് അടയാളങ്ങളിലൂടെയാണ്... 
സുവിശേഷങ്ങളിൽ കാണുന്ന അടയാളങ്ങൾ പ്രധാനമായും അഞ്ചാണ്...

1. രോഗികളെ സൗഖ്യപ്പെടുത്തുക 
2. പ്രപഞ്ചശക്തികളുടെ മേൽ അധികാരം തെളിയിക്കുക 
3. മരിച്ചവരെ ഉയിർപ്പിക്കുക 
4. പിശാചുക്കളെ ബഹിഷ്കരിക്കുക 
5. പാപങ്ങൾ മോചിക്കുക

മനുഷ്യജീവിതത്തിന്റെ സമഗ്രതയ്ക്ക് കൂച്ചുവിലങ്ങിടുന്ന ദുഷ്ടശക്തികളെ തോൽപ്പിക്കുന്ന ഈശോ കൂടെയുള്ളപ്പോൾ ഭയമരുത്...
ഈശോ പിശാചുക്കളെ ബഹിഷ്‌ക്കരിക്കുന്നത് പിശാചുക്കളുടെ തലവനായ ബെൽസബൂലിനെ കൊണ്ടാണ് എന്ന യൂദന്മാരുടെ വിവരക്കേടിന് അവിടുന്ന് മറുപടി കൊടുക്കുന്നു...
കൂടെ നിൽക്കാത്തവൻ എതിരാളിയാണ് എന്ന അടിസ്ഥാന വിവേകത്തിന്റെ സാമാന്യ യുക്തിയിൽ അവിടുന്ന് തന്റെ  പ്രബോധനം മികവുള്ളതും ലളിതവുമാക്കുന്നു...
ഈശോയുടെ കൂടെ ആയിരിക്കാനും ഈശോയുടെ കൂടെ ശേഖരിക്കാനും ജീവിതം സമർപ്പിച്ചിട്ട് അവിടുത്തോട് കൂടെ ആയിരിക്കാൻ മടി കാണിക്കുന്നതും അവിടുത്തോട് കൂടെ ശേഖരിക്കാൻ പരാജയപ്പെടുന്നതും അപകടകരമായ സൂചനകളാണ്...
കൂടെ ആയിരിക്കാൻ സാധിക്കാത്തവൻ എതിരാളിയായി എണ്ണപ്പെടും...
ഈശോയുടെ എതിരാളി ദുഷ്ടശക്തിയായ പിശാചാണ്...
ഈശോയുടെ എതിരാളി എന്റെയും എതിരാളിയാകുന്നിടത്താണ് ഞാൻ ഈശോയുടെ കൂടെ ആകുന്നത്...
ഈശോയെ, ദുഷ്ടശക്തികളെ എതിർത്തു തോൽപ്പിക്കാൻ അങ്ങ് കൂടെ ഉണ്ടാവണമേ....

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Sunday, October 11, 2020

ഈശോയുടെ പാദാന്തികത്തിൽ

ജ്ഞാനധ്യാനം
2020 ഒക്ടോബർ 12


ഈശോയുടെ പാദാന്തികത്തിൽ

"കര്‍ത്താവ്‌ അവളോടു പറഞ്ഞു: മര്‍ത്താ, മര്‍ത്താ, നീ പലതിനെക്കുറിച്ചും ഉത്‌കണ്‌ഠാകുലയും അസ്വസ്‌ഥയുമായിരിക്കുന്നു.
ഒന്നുമാത്രമേ ആവശ്യമുള്ളൂ. മറിയം നല്ലഭാഗം തെരഞ്ഞെടുത്തിരിക്കുന്നു. അത്‌ അവളില്‍ നിന്ന്‌ എടുക്കപ്പെടുകയില്ല."
ലൂക്കാ 10 : 41-42

ജെറുസലേമിലേക്കുള്ള യാത്രയായിട്ടാണ് ഈശോയുടെ ജീവിതത്തെ ( മിശിഹാ രഹസ്യസത്തെ ) ലൂക്കാ സുവിശേഷകൻ അവതരിപ്പിക്കുന്നത്... 
ഈശോയുടെ രക്ഷണീയ കർമ്മത്തിലെ സവിശേഷമായ ജീവിതസംഭവങ്ങളായ പെസഹാരഹസ്യങ്ങൾ ( സഹന മരണ ഉത്ഥാനം ) അരങ്ങേറുന്നത് ജറുസലേമിൽ ആണ്... 
ജെറുസലേമിലേക്കുള്ള യാത്രയുടെ മധ്യത്തിൽ ആണ് ഈശോ മർത്തായുടെയും മറിയത്തിന്റെയും വീട്ടിൽ പ്രവേശിക്കുന്നത്... 
സഹോദരിമാരായ മർത്തായുടെയും മറിയത്തിന്റെയും സവിശേഷതകളാണ് നമ്മുടെ ധ്യാനവിഷയം... 
മർത്തായെക്കുറിച്ച് പറയാൻ വചനം ഉപയോഗിക്കുന്ന വിശേഷണങ്ങൾ ഒന്ന് പരിചയപ്പെടാം...

*മർത്തായേക്കുറിച്ച് സുവിശേഷകൻ* 

1. പല വിധ ശുശ്രൂഷകളിൽ മുഴുകി വ്യഗ്രചിത്തയായിരുന്നവൾ

2. ശുശ്രൂഷക്കായി തനിച്ചായിപ്പോയി എന്ന് പരാതി പറയുന്നവൾ

*മർത്തായെക്കുറിച്ച് ഈശോ* 

1. പലതിനെക്കുറിച്ചും ഉത്കണ്ഠപ്പെടുന്നവൾ

2. അസ്വസ്ഥതപ്പെടുന്നവൾ

*മറിയത്തെക്കുറിച്ച് സുവിശേഷകൻ* 

കർത്താവിന്റെ വചനം കേട്ട് പാദാന്തികത്തിൽ ഇരുന്നവൾ

 *മറിയത്തെക്കുറിച്ച് ഈശോ* 

ഒരിക്കലും എടുക്കപ്പെടാത്ത നല്ല ഭാഗം തെരെഞ്ഞെടുത്തവൾ

ഈ താരതമ്യം ഒരു ധ്യാനമാക്കി രൂപാന്തരപ്പെടുത്താം... 
മർത്താ സ്വയം തെരഞ്ഞെടുത്തതാണ് ശുശ്രൂഷയുടെ വഴി.
വ്യഗ്രചിത്തയാകും വിധം അവൾ അതിൽ വ്യാപൃതയും ആയിരുന്നു.
വ്യഗ്രതയുടെ അളവ് കൂടി കൂടി തനിച്ചായിപ്പോയി എന്ന മാനസികസംഘർഷത്തിലാണവൾ.
അത് തിരിച്ചറിയുന്ന ഈശോ അവളോട് പറയുന്നത് "നീ പലതിനെക്കുറിച്ചും ഉത്കണ്ഠാകുലയും അസ്വസ്ഥയുമാണ് " എന്നാണ്.
അപ്പോൾ ശുശ്രൂഷയല്ല പ്രശ്നം, പിന്നെയോ ശുശ്രൂഷയിൽ നിന്നുയിർക്കൊള്ളുന്ന ഉത്കണ്ഠയും അസ്വസ്ഥതയുമാണ്. ഈശോയുടെ ജീവിതത്തിന്റെ ഉന്നതമായ നിയോഗമായി സുവിശേഷം വെളിപ്പെടുത്തുന്നത് അനേകർക്ക് മോചനദ്രവ്യമായി സ്വയം നൽകുന്ന ശുശ്രൂഷ തന്നെയാണ്. "മനുഷ്യപുത്രന്‍ വന്നിരിക്കുന്നത്‌, ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും സ്വന്തം ജീവന്‍ അനേകര്‍ക്കു വേണ്ടി മോചനദ്രവ്യമായി നല്‍കാനുമത്ര."
മര്‍ക്കോസ്‌ 10 : 45
എന്നിട്ടും ശുശ്രൂഷകളിൽ വ്യാപൃതയായിരുന്ന മർത്താ തിരുത്തപ്പെടുന്നതിന്റെ കാരണം ധ്യാനിക്കുമ്പോൾ ഈശോയുടെ പാദാന്തികത്തിൽ ഇരിക്കാൻ മറന്നുള്ള ശുശ്രൂഷകളും ജോലികളും കൊണ്ടുവരുന്ന ഉത്കണ്ഠകളും അസ്വസ്ഥതകളും അപകടകരമാണ് എന്ന് സമ്മതിക്കേണ്ടി വരുന്നു. 
ഒരു ശുശ്രൂഷയും ഈശോയുടെ പാദാന്തികത്തിൽ ഇരുന്ന് വചനം ശ്രവിക്കുന്നതിന് പകരമാകില്ല എന്ന ആത്മീയ സത്യം വെളിപ്പെടുത്തുന്നതാണ് ഈ വചനഭാഗം... 
വ്യഗ്രചിത്തമായ മനസ്സുമായി ഓടി നടന്നു ജോലിചെയ്യുമ്പോളും ഈശോയുടെ പാദാന്തികത്തിൽ ഇരുന്ന് വചനം ശ്രവിക്കാൻ കൂടി നേരം കണ്ടെത്താതെയാകുമ്പോൾ ഞാനും മർത്തായെപ്പോലെ തനിച്ചാണ് എന്ന സംഘർഷത്തിലും ഉത്കണ്ഠയുടെയും അസ്വസ്ഥതയുടെയും ആത്മാനൊമ്പരത്തിലും തപ്പി തടയുന്നു... 
മറിയത്തെപ്പോലെ വീണ്ടും ഈശോയുടെ പാദാന്തികത്തിൽ ഇരുന്ന് അവിടുത്തെ വചനങ്ങൾ കേട്ട് തുടങ്ങുക എന്നത് മാത്രമാണ് ഉത്കണ്ഠയുടെയും അസ്വസ്ഥതയുടെയും വ്യഗ്രതയുടെയും മർത്താ സിൻഡ്രോമിൽ നിന്ന് രക്ഷപെടാനുള്ള വഴി...
എത്ര ഭംഗിയായിട്ടാണ് വിശുദ്ധ ചാവാറപ്പിതാവ് ഈ സത്യം കൂനൻമാവിലെ സന്യാസിനിമാർക്കുള്ള കത്തിൽ കുറിച്ചിട്ടത്, 
"ഈശോയുടെ സ്നേഹത്തിൽ പാർപ്പിൻ, 
അവിടുത്തെ കൺമുന്നിൽ ഇരിപ്പിൻ, അവിടുത്തെ അരികെ നടപ്പിൻ, 
എപ്പോഴും അവിടുത്തോട് സംസാരിപ്പിൻ."

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Friday, October 9, 2020

സ്വർഗ്ഗത്തിൽ പേരെഴുതപ്പെട്ടവർ

ജ്ഞാനധ്യാനം
2020 ഒക്ടോബർ 10

സ്വർഗ്ഗത്തിൽ പേരെഴുതപ്പെട്ടവർ

"എന്നാല്‍, പിശാചുക്കള്‍ നിങ്ങള്‍ക്കു കീഴടങ്ങുന്നു എന്നതില്‍ നിങ്ങള്‍ സന്തോഷിക്കേണ്ടാ; മറിച്ച്‌, നിങ്ങളുടെ പേരുകള്‍ സ്വര്‍ഗത്തില്‍ എഴുതപ്പെട്ടിരിക്കുന്നു എന്നതില്‍ സന്തോഷിക്കുവിന്‍."
ലൂക്കാ 10 : 20

സന്തോഷം കണ്ടെത്തുക എന്നതാണ് അനുദിന ചെയ്തികളുടെ മുഴുവൻ ആഭിമുഖ്യവും ലക്ഷ്യവും...
മനസ്സാഗ്രഹിക്കുന്നതും സന്തോഷവും സമാധാനവുമാണ്...
സന്തോഷിക്കാനുള്ള കാരണങ്ങൾ സുവിശേഷത്തിൽ നിന്നും കണ്ടെത്തുമ്പോൾ അത് വിശ്വാസ യോഗ്യവും സ്വീകാര്യവുമാകുന്നു...
സുവിശേഷ വേലയുടെ ആരംഭത്തിൽ സന്തോഷിക്കാനുള്ള കാരണങ്ങൾ എന്ന് സ്വയം വിചാരിച്ചവ - പിശാചുക്കൾ കീഴടങ്ങുന്നത് - എണ്ണിപ്പെറക്കി സന്തോഷം അറിയിക്കുമ്പോൾ ഈശോ കാര്യങ്ങൾ കൂടുതൽ വ്യക്തമാക്കുന്നു...
പിശാചുക്കൾ കീഴടങ്ങുന്നു എന്നതിനേക്കാൾ വലിയ സന്തോഷം ഉണ്ട് എന്ന് മനസ്സിനെ പഠിപ്പിക്കണം...
സ്വർഗ്ഗത്തിൽ പേരെഴുതപ്പെട്ടിരിക്കുന്നു എന്നതാണ് ആനന്ദിക്കാനുള്ള ഏറ്റവും ശ്രേഷ്ഠമായ കാരണം...
സ്വർഗ്ഗവുമായുള്ള ബന്ധത്തിൽ കണ്ടെത്തുന്ന ആനന്ദമാണ് യഥാർത്ഥ ആനന്ദം....

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Thursday, October 8, 2020

ക്ലേശങ്ങൾ

ജ്ഞാനധ്യാനം
2020 ഒക്ടോബർ 9

ക്ലേശങ്ങൾ

"എന്തെന്നാല്‍, നിങ്ങളുടെ എതിരാളികളിലാര്‍ക്കും ചെറുത്തു നില്‍ക്കാനോ എതിര്‍ക്കാനോ കഴിയാത്ത വാക്‌ചാതുരിയും ജ്‌ഞാനവും നിങ്ങള്‍ക്കു ഞാന്‍ നല്‍കും." 
ലൂക്കാ 21 : 15

വിശ്വാസത്തിന്റെ പേരിൽ നേരിടേണ്ടി വരുന്ന എതിർപ്പുകൾ, അവഗണനകൾ, തിക്താനുഭവങ്ങൾ, ക്ലേശങ്ങൾ ഒക്കെ അത്ര നിസ്സാരമായിരിക്കുകയില്ല എന്ന് ഈശോ മുന്നറിയിപ്പ് നൽകുന്നു...
ആത്മാർഥമായും സത്യസന്ധമായും ഈശോയുടെ സുവിശേഷമൂല്യങ്ങൾ ജീവിക്കാൻ ശ്രമിച്ച് തുടങ്ങുമ്പോൾ പ്രിയപ്പെട്ടവരുടെ പോലും എതിർപ്പുകളും അപ്രീതിയും അഭിമുഖീകരിക്കേണ്ടി വരും എന്ന് തീർച്ച...
എത്ര എതിർപ്പുകൾ ഉണ്ടായാലും അവിടുന്ന് അത്ഭുതകരമായ സംരക്ഷണം നൽകുന്നു എന്നതാണ് ജ്ഞാനധ്യാനത്തിലെ ഉൾക്കാഴ്ച്ച...
സുവിശേഷം ജീവിച്ചു തുടങ്ങുമ്പോൾ ഉണ്ടാകുന്ന പ്രതിസന്ധികൾക്ക് നടുവിൽ സ്വർഗ്ഗത്തിലേക്ക് കണ്ണുകൾ ഉയർത്തുമ്പോൾ ലഭിക്കുന്ന അനുഗ്രഹങ്ങൾ അമൂല്യമാണ്...
ആർക്കും ചെറുത്ത് തോൽപിക്കാനാവാത്ത വിധത്തിലുള്ള വാക്ചാതുരിയും ജ്ഞാനവും...
കൂടെ തലമുടിയിഴ പോലും നശിക്കില്ല എന്ന സംരക്ഷണത്തിന്റെ ഉറപ്പും...
"ഇതിനെക്കുറിച്ചു നാം എന്താണു പറയേണ്ടത്‌? ദൈവം നമ്മുടെ പക്‌ഷത്തെങ്കില്‍ ആരു നമുക്ക്‌ എതിരുനില്‍ക്കും?" 
റോമാ 8 : 31

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Wednesday, October 7, 2020

മഹത്ത്വം

ജ്ഞാനധ്യാനം
2020 ഒക്ടോബർ 8

മഹത്ത്വം

"പരസ്‌പരം മഹത്വം സ്വീകരിക്കുകയും ഏകദൈവത്തില്‍നിന്നു വരുന്ന മഹത്വം അന്വേഷിക്കാതിരിക്കുകയും ചെയ്യുന്ന നിങ്ങള്‍ക്ക്‌ എങ്ങനെ വിശ്വസിക്കാന്‍ കഴിയും? "
യോഹന്നാന്‍ 5 : 43

മനുഷ്യനായി അവതരിച്ച രക്ഷകനായ ഈശോമിശിഹായെ അംഗീകരിക്കുന്നതിൽ പരാജയപ്പെട്ടുപോയ യഹൂദന്മാരുടെ പരാജയകാരണം ഈശോ വ്യക്തമാക്കുന്നു...
പരസ്പരം മഹത്വം സ്വീകരിക്കുകയും ഏക ദൈവത്തിൽ നിന്ന് വരുന്ന മഹത്വം സ്വീകരിക്കാതിരിക്കുകയും ചെയ്ത യൂദന്മാർ...
Self - glorification, Self - justification ...
സ്വയം മഹത്വപ്പെടുത്തിയും ന്യായീകരണങ്ങൾ കണ്ടെത്തിയും സ്വയം നിർമ്മിത മതത്മക ചട്ടക്കൂടുകളിൽ അഭിരമിച്ചവർക്ക് ഏക ദൈവത്തിന്റെ പ്രിയപുത്രനെ അംഗീകരിക്കാൻ ഉള്ള വിനയം ഉണ്ടായിരുന്നില്ല...
മനുഷ്യപ്രീതിക്കു വേണ്ടി ഓടുകയും ഏക ദൈവത്തിന്റെ മഹത്വം അന്വേഷിക്കാതിരിക്കുകയും ചെയ്യുമ്പോൾ വിശ്വാസ ജീവിതത്തിന് ക്ഷതമേൽക്കുന്നു എന്നതാണ് ജ്ഞാനധ്യാനത്തിലെ തിരിച്ചറിവ്...
ഈശോയെ, സ്വയം ന്യായീകരണത്തിന്റെയും സ്വയം മഹത്വം കണ്ടെത്തുന്നതിന്റെയും  ചതിക്കുഴികളിൽ നിന്നും എന്നെ മോചിപ്പിക്കണമേ...
ദൈവം മഹത്വം നൽകുന്നത് വരെ കാത്തിരിക്കാനുള്ള ക്ഷമയും വിനയവും നൽകണമേ...

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Sunday, October 4, 2020

സത്യത്തിന്റെ സുവിശേഷം

ജ്ഞാനധ്യാനം
2020 ഒക്ടോബർ 5

സത്യത്തിന്റെ സുവിശേഷം

"യോഹന്നാന്‍ നീതിമാനും വിശുദ്‌ധ നുമാണെന്ന്‌ അറിഞ്ഞിരുന്നതുകൊണ്ട്‌, ഹേറോദേസ്‌ അവനെ ഭയപ്പെട്ടു സംരക്‌ഷണം നല്‍കിപ്പോന്നു. അവന്‍െറ വാക്കുകള്‍ അവനെ അസ്വസ്‌ഥനാക്കിയിരുന്നെങ്കിലും, അവന്‍ പറയുന്നതെല്ലാം സന്തോഷത്തോടെ കേള്‍ക്കുമായിരുന്നു."
മര്‍ക്കോസ്‌ 6 : 20

'സ്ത്രീകളിൽ നിന്ന് ജനിച്ചവരിൽ സ്നാപകയോഹണനെക്കാൾ വലിയവൻ ആരുമില്ല' എന്നും 'കത്തിജ്വലിക്കുന്ന ഒരു വിളക്കായിരുന്നു' അവൻ എന്നും ഈശോ സാക്ഷ്യപ്പെടുത്തിയ യോഹന്നാൻ ആണ് ജ്ഞാനധ്യാനത്തിനാധാരം...
രക്ഷകനായ ഈശോ മിശിഹായ്ക്ക് വഴിയിരുക്കിയ ഉദരത്തിൽ വച്ച് തന്നെ പരിശുദ്ധതമാവിനാൽ നിറഞ്ഞ, മരുഭൂമിയിലെ താപസജീവിതം ഇഷ്ടപ്പെട്ട സ്നാപകൻ...
ഭരണം നടത്തിയിരുന്ന രാജാവ് പോലും ഭയപ്പെടും വിധം സത്യം പ്രാഘോഷിച്ചിരുന്ന ഒരാൾ...
സുവിശേഷ സാക്ഷ്യത്തിൽ ഒരു തരി പോലും തിന്മയുടെ മാലിന്യം ഏൽക്കാതിരിക്കാൻ നിഷ്ഠ വച്ചവൻ...
അതുകൊണ്ട് തന്നെ രാജാവിന് അപ്രിയകരവും അഹിതവുമായ സത്യം വിളിച്ചു പറയുകയും  ശിരസ്സ് നഷ്ടപ്പെടുകയും ചെയ്തവൻ...
കേൾവിക്കാരുടെയും കൂടെ ജീവിക്കുന്നവരുടെയും ഇഷ്ടനിഷ്ടങ്ങളും അഭിരുചികളും സുവിശേഷ വ്യാഖ്യാനങ്ങളിൽ തൃപ്തിപ്പെടുത്തേണ്ടതില്ല എന്നതാണ് തിരിച്ചറിവ്...
ദൈവവചനത്തിലെ സത്യം മായം ചേർക്കാതെ പ്രഘോഷിച്ചത് കൊണ്ട് ആണ് സ്‌നാപകൻ വ്യത്യസ്തനാകുന്നത്...
  
✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Saturday, October 3, 2020

വിശ്വാസപൂർണ്ണിമ

ജ്ഞാനധ്യാനം
2020 ഒക്ടോബർ 4

വിശ്വാസപൂർണ്ണിമ

ഉള്ളലിവും അനുകമ്പയും മാത്രം ഹൃദയത്തിൽ സൂക്ഷിച്ച ഈശോ സിറോ ഫിനീഷ്യൻ വംശജയായ സ്ത്രീയോട് മാത്രം എന്തുകൊണ്ട് വ്യത്യസ്തമായ സമീപനം പുലർത്തുന്നു? 
ഈ ചോദ്യതിന്നുത്തരം കണ്ടെത്തുകയാണ് നമ്മുടെ ധ്യാനവിചാരങ്ങളുടെ ലക്ഷ്യം. 

ആത്മീയ ജീവിതത്തിലെ പ്രാർത്ഥനാജീവിതത്തിനും വിശ്വാസവളർച്ചയ്ക്കും പ്രധാനമായും മൂന്ന് തലങ്ങളുണ്ട് എന്നൊരു നിരീക്ഷണമുണ്ട്. 

*ഒന്നാമത്തേത്* , പ്രാർത്ഥനകൾക്ക് ഉടനടി ഉത്തരം ലഭിക്കുന്ന തലമാണ്. 
സൊദോം ഗൊമോറയ്ക്ക് വേണ്ടി മാധ്യസ്ഥ്യം യാചിക്കുന്ന അബ്രഹാം ഇതിനുദാഹരണമാണ്. 
അപേക്ഷകളും യാചനകളും ദൈവസന്നിധിയിൽ മക്കളുടെ സ്വാതന്ത്ര്യത്തോടെ അർപ്പിക്കുന്നത് പ്രാർത്ഥനാജീവിതത്തിലെ ഒരു തലം തന്നെയാണ്.
ഈശോ പറഞ്ഞ വാക്കുകൾ അതിനെ ഉറപ്പിക്കുന്നു. 
"നിങ്ങള്‍ എന്‍െറ നാമത്തില്‍ പിതാവിനോടു ചോദിക്കുന്നതെന്തും അവിടുന്നു നിങ്ങള്‍ക്കു നല്‍കും."
യോഹന്നാന്‍ 16 : 23
പ്രാർത്ഥനാവഴിയിലെ പ്രാരംഭ തലം മാത്രമാണ് അത് എന്ന തിരിച്ചറിവിൽ മറ്റു ചില ആഴമേറിയ വഴികൾ കൂടി നാം കണ്ടെത്തുകയാണ്. 

പ്രാർത്ഥനാജീവിതത്തിലെ,
*രണ്ടാമത്തെ തലം* നമ്മുടെ പ്രാർത്ഥനകളെ ദൈവം മൗനം കൊണ്ട് നേരിടുന്ന ഒരു തലമാണ്. 
ഒരു കുഞ്ഞിന് വേണ്ടി കാത്തിരുന്ന അബ്രാഹത്തിന്റെയും സാറായുടെയും ജീവിതത്തെ നീണ്ട എട്ട് പതിറ്റാണ്ടുകളിൽ മൗനം കൊണ്ട് നേരിട്ട ദൈവത്തെ പതിയെ സ്നേഹിച്ചു തുടങ്ങേണ്ടതുണ്ട്. 
പ്രാർത്ഥനകൾ കേൾക്കപ്പെടുന്ന നേരങ്ങളിൽ ഉള്ള ആനന്ദം ദൈവീകമൗനത്തിന് മുന്നിലും കാത്തുസൂക്ഷിക്കണം എന്നർത്ഥം. ദീർഘമായ മൗനത്തിനൊടുവിൽ അതിശ്രേഷ്ഠമായ നന്മകൾ അവിടുന്ന് കരുതി വയ്ക്കുന്നുണ്ട് എന്നത് തന്നെ കാരണം. 

*മൂന്നാമത്തേതും അവസാനത്തേതുമായ ഒരു തലം* നമ്മുടെ കുഞ്ഞുബുദ്ധിക്കതീതമാണ് എന്ന സത്യം അംഗീകരിച്ചു കൊണ്ടുതന്നെ ഒരു തിരിച്ചറിവ് ആയിട്ടെങ്കിലും അത് ഉള്ളിൽ സൂക്ഷിക്കാം. 
ദൈവം ശത്രുപക്ഷത്താണോ എന്ന് ചിന്തിച്ചു പോകാവുന്ന തരത്തിലുള്ള ദൈവീകപ്രതികരണങ്ങളെ അഭിമുഖീകരിക്കുക എന്നതാണ് പ്രാർത്ഥനാവഴികളിലെ മൂന്നാമത്തെ തലം. സഹനവഴികളിൽ നൊന്തുരുകിയ ജോബും മകന്റെ പാടുപീഡകൾ കണ്ട് ഉള്ളിൽ സങ്കടങ്ങളുടെ കടൽ ആർത്തിരമ്പിയപ്പോളും ദൈവത്തെ മുറുകെപിടിച്ച പരിശുദ്ധ മറിയവും കുരിശിൽ കിടന്ന് "ദൈവമേ, എന്തുകൊണ്ടാണ് അങ്ങെന്നെ ഉപേക്ഷിച്ചത്? " എന്ന് കരഞ്ഞു നിലവിളിക്കുന്ന ഈശോയും ഈ മൂന്നാമത്തെ തലത്തിലാണ്. 

കാനാൻകാരിയും ഈ മൂന്നാമത്തെ തലത്തിലാണ്. 
അപ്രതീക്ഷിതമായ ദൈവീകപ്രതികരണങ്ങൾ നേരിടേണ്ടി വരുമ്പോളും വീണ്ടും ദൈവത്തെ അള്ളിപ്പിടിച്ച് ആത്മീയജീവിതയാത്ര തുടരുന്ന ആഴമേറിയ വിശ്വാസജീവിതത്തിന്റെ തലം... 
സൂക്ഷിച്ചു നോക്കൂ... 
സഹനവഴികളിലും ദൈവത്തെ മുറുകെപ്പിടിച്ച ജോബിന്റെയും കുരിശിൻ താഴെ നിൽക്കുന്ന പരിശുദ്ധ മറിയത്തിന്റെയും കുരിശിൽ കിടന്ന് നിലവിളിച്ചു പ്രാർത്ഥിക്കുന്ന ഈശോയുടെയും ഒക്കെ മുഖഛായ ഉണ്ട് കേട്ടോ കാണാൻകാരിക്ക് !

ഈശോയെ, നിന്റെ മൗനത്തിന്റെ അർത്ഥം തിരിച്ചറിയാൻ മാത്രം പക്വത എനിക്കും തരുമോ? 

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.