Monday, March 15, 2021

നല്ല അയൽക്കാരൻ

ജ്ഞാനധ്യാനം
2021 മാർച്ച്‌ 16

നല്ല അയൽക്കാരൻ

"അവനോടു കരുണ കാണിച്ചവന്‍ എന്ന്‌ ആ നിയമജ്‌ഞന്‍ പറഞ്ഞു. ഈശോ പറഞ്ഞു: നീയും പോയി അതുപോലെ ചെയ്യുക."
ലൂക്കാ 10 : 37 

പുരോഹിതനും ദേവാലയശുശ്രൂഷകനും പരാജയപ്പെട്ടുപോകുമ്പോൾ ഒരു സമരിയാക്കാരൻ വിജയിക്കുന്നു...
യഹൂദർ പല വിധകാരണങ്ങളാൽ അകറ്റി നിർത്തി ശത്രുപക്ഷത്ത് പ്രതിഷ്ഠിച്ചിരുന്നവരാണ് സമരിയാക്കാർ...
സമരിയാക്കാരുമായി ഒരു സമ്പർക്കവും ഉണ്ടാകാതെ അവർ ശ്രദ്ധിച്ചിരുന്നു...
കുറവുകൾ കണ്ടെത്തി യഹൂദർ അകറ്റി നിർത്തിയിരുന്ന സമരിയാക്കാരിൽ ഒരുവന്റെ നന്മ യഹൂദരും അനുകരിക്കേണ്ട മാതൃകയാണ് എന്ന് ഈശോ പ്രഖ്യാപിക്കുന്നു...
യഹൂദമതത്തിന്റെ നിയമങ്ങൾ കൃത്യമായി പാലിച്ചു പോന്ന നിയമജ്ഞനും പുരോഹിതനും ദേവാലയശുശ്രൂഷകനും മുറിവേറ്റവനെ കാണാൻ സാധിച്ചില്ല...
പലവിധ കാരണങ്ങളാൽ ചുറ്റും വീണ് കിടക്കുന്ന മനുഷ്യരുടെ മുറിവുകൾ കാണാൻ സഹായിക്കാത്ത മതാത്മകത തിരുത്തപ്പെടേണ്ടത് തന്നെയാണ്...
ആരെയും നന്മയില്ലാത്തവൻ എന്നെഴുതി തള്ളരുത് എന്ന് കൂടി ഈശോയുടെ നിലപാടുകൾ നമ്മെ ഓർമ്മിപ്പിക്കുന്നു...
നമ്മുടെ കണ്ണിൽ നന്മയില്ലാത്തവൻ ദൈവത്തിന്റെ കണ്ണിൽ കരുണയുടെ അവതാരമാകാനുള്ള സാധ്യത തള്ളിക്കളയരുത്...
മുറിവേറ്റവരെ കാണാനും പരിചരിക്കാനും സംരക്ഷിക്കാനും മനുഷ്യരെ പ്രേരിപ്പിക്കുന്ന മതാത്മകതയും ആത്മീയതയും ദൈവാരാധനയുമാണ് ഈശോയുടെ നിലപാടുകളോട് ചേർന്ന് പോകുന്നത്...
The purpose of Liturgy is to make us compassionate human beings who can heal the wounds of our fellowmen...
Any liturgy that does not elicit compassion in the heart will remain a mere ritual...

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Sunday, March 14, 2021

പങ്കുവയ്ക്കപ്പെടാത്ത ധനം

ജ്ഞാനധ്യാനം
2021 മാർച്ച്‌ 15

പങ്കുവയ്ക്കപ്പെടാത്ത ധനം

"അതുകേട്ട്‌ ഈശോ പറഞ്ഞു: ഇനിയും നിനക്ക്‌ ഒരു കുറവുണ്ട്‌. നിനക്കുള്ളതെല്ലാം വിറ്റു ദരിദ്രര്‍ക്കു കൊടുക്കുക, അപ്പോള്‍ സ്വര്‍ഗത്തില്‍ നിനക്കു നിക്‌ഷേപം ഉണ്ടാകും. അനന്തരം വന്ന്‌ എന്നെ അനുഗമിക്കുക."
ലൂക്കാ 18 : 22 

നിത്യജീവൻ ആഗ്രഹിക്കുന്ന ഒരു യുവാവ് ഈശോയുടെ അടുത്തെത്തി നിത്യജീവനിലേയ്ക്കുള്ള വഴി അന്വേഷിക്കുന്നു...
ദൈവം നൽകിയ പ്രമാണങ്ങളുടെ പാലനം നിത്യജീവൻ നേടാൻ അനിവാര്യമാണ്...
നിയമപാലനത്തിൽ വീഴ്ച വരുത്തുന്നില്ല എന്നാണ് യുവാവിന്റെ ഏറ്റുപറച്ചിൽ...
നിയമപാലനം മാത്രം നിത്യജീവൻ നൽകുന്നില്ല എന്നാണ് ഈശോയുടെ ഉത്തരം വെളിവാക്കുന്നത്...
എല്ലാ നിയമങ്ങളും പാലിക്കുമ്പോളും അയാളിൽ ഒരു കുറവ് അവശേഷിച്ചിരുന്നു...
പങ്ക് വയ്ക്കപ്പെടാത്ത ധനമായിരുന്നു അയാളുടെ കുറവ്...
പങ്ക് വയ്ക്കാൻ മനസ്സില്ലാത്തവർക്ക് നിത്യജീവൻ ലഭിക്കും എന്ന് കരുതാൻ വയ്യ...
ദൈവം ഓരോരുത്തർക്കും എത്രയോ വിധത്തിൽ ആണ് അവിടുത്തെ സമ്പത്ത് നൽകിയിരിക്കുന്നത്...
ധനം, കഴിവുകൾ, സമയം...
ഇങ്ങനെ പല വിധത്തിലുള്ള സമ്പത്തിന്റെ ഉടമകളാണ് നാം...
എന്തായാലും പങ്കുവയ്ക്കപ്പെടുന്നുണ്ടോ എന്നതാണ് ജ്ഞാനധ്യാനത്തിൽ ഉത്തരം കണ്ടെത്തേണ്ട ചോദ്യം...
പങ്ക് വയ്ക്കപ്പെടാത്ത സമ്പത്ത് അനുഗ്രഹത്തേക്കാളുപരി അപകടവും കെണിയുമാണ്...

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Tuesday, March 9, 2021

കര്‍ത്താവേ, ഞങ്ങള്‍ ആരുടെ അടുത്തേക്കു പോകും?

ജ്ഞാനധ്യാനം
2021 മാർച്ച് 10

കര്‍ത്താവേ, ഞങ്ങള്‍ ആരുടെ അടുത്തേക്കു പോകും?

"ശിമയോന്‍ പത്രോസ്‌ മറുപടി പറഞ്ഞു: കര്‍ത്താവേ, ഞങ്ങള്‍ ആരുടെ അടുത്തേക്കു പോകും? നിത്യജീവന്റെ വചനങ്ങള്‍ നിന്റെ പക്കലുണ്ട്‌."
യോഹന്നാന്‍ 6 : 68 

ഈശോയുടെ പ്രബോധനങ്ങളും വചനങ്ങളും കേട്ട ചിലരുടെ പ്രതികരണം അവിടുത്തെ വചനം കഠിനമാണ് എന്നായിരുന്നു...
വചനം ഗ്രഹിക്കാൻ പ്രയാസമായപ്പോൾ അവിടുത്തോടൊത്തുള്ള വാസം അവസാനിപ്പിക്കുവാൻ അവർ തീരുമാനം  എടുത്തത് എന്തൊരു ബാലിശമാണ്...
വചനം ഗ്രഹിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടപ്പോൾ അത് വ്യാഖ്യാനിച്ചുനൽകാനും അതനുസരിച്ചു ജീവിതം ക്രമപ്പെടുത്താനും സഹായിക്കുന്ന സത്യവചനത്തിന്റെ മനുഷ്യരൂപത്തെ കാണാനും തിരിച്ചറിയാനും കഴിയാതെ പോയതായിരുന്നു അവരുടെ പരാജയം...
വചനം കഠിനമാണ് എന്ന് പറഞ്ഞ് പലരും അവിടുത്തെ വിട്ട് പോകുമ്പോൾ കൂടെ നിൽക്കുന്നവരോട് ഈശോ ചോദിക്കുന്നു, "നിങ്ങളും പോകാൻ ആഗ്രഹിക്കുന്നുവോ?"
എത്ര ഹൃദയസ്പർശിയാണ് പത്രോസിന്റെ മറുപടി, "കര്‍ത്താവേ, ഞങ്ങള്‍ ആരുടെ അടുത്തേക്കു പോകും? നിത്യജീവന്റെ വചനങ്ങള്‍ നിന്റെ പക്കലുണ്ട്‌."
വേറെ ആരുടെയും പക്കൽ അഭയം ഇല്ലാത്തവൻ വേറെ എവിടെ പോകാൻ...
ഞങ്ങൾക്ക് മാറ്റാരുടെയും അടുത്തേയ്ക്ക് പോകണ്ട എന്ന പ്രസ്താവന അഭയമായി ഈശോ മാത്രമുള്ളവന്റെ വിശ്വാസപ്രഖ്യാപനമാണത്...
നിത്യജീവന്റെ വചനങ്ങൾ സമ്മാനിക്കുന്ന ഈശോയെ ഉപേക്ഷിക്കുന്നതാണ് ജീവിതത്തിലെ പരാജയങ്ങൾക്ക് കാരണം എന്ന തിരിച്ചറിവിലേയ്ക്കുള്ള ക്ഷണമാണ് ജ്ഞാനധ്യാനം...

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Monday, March 8, 2021

പിതാവിന്റെ ഇഷ്ടം

ജ്ഞാനധ്യാനം
2021 മാർച്ച്‌ 9

പിതാവിന്റെ ഇഷ്ടം

"ഈശോ പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. പിതാവു ചെയ്‌തുകാണുന്നതല്ലാതെ പുത്രന്‌ സ്വന്തം ഇഷ്‌ടമനുസരിച്ച്‌ ഒന്നും പ്രവര്‍ത്തിക്കുവാന്‍ സാധിക്കുകയില്ല. എന്നാല്‍, പിതാവു ചെയ്യുന്നതെല്ലാം അപ്രകാരംതന്നെ പുത്രനും ചെയ്യുന്നു."
യോഹന്നാന്‍ 5 : 19 

പിതാവിന്റെ ഇഷ്ടം നിറവേറ്റാൻ വേണ്ടി മാത്രം സമർപ്പിക്കപ്പെട്ട ജീവിതമായിരുന്നു ഈശോയുടേത്...
നസ്രത്തിലെ കൊച്ചു വീട്ടിൽ വിശുദ്ധ യൗസേപ്പ് പിതാവും പരിശുദ്ധ മറിയവും ഈശോയെ പഠിപ്പിച്ചതും ദൈവഹിതത്തിന് വിധേയപ്പെടുന്ന ജീവിതശൈലിയായിരുന്നു....
ദൈവത്തിന്റെ ഇഷ്ടം അറിയിച്ച ദൈവദൂതന്മാരുടെ വാക്കനുസരിച്ചു ജീവിതം ക്രമപ്പെടുത്തിയ മാതാപിതാക്കളിൽ നിന്ന് തന്നെ ഈശോ ദൈവാഹിതാനുസരണത്തിന്റെ ആദ്യ പാഠങ്ങൾ പഠിച്ചു...
അവിടുത്തെ ജീവിതത്തിന്റെ ഊർജ്ജം പോലും പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നതിലായിരുന്നു...
"എന്നെ അയച്ചവന്റെ ഇഷ്‌ടം പ്രവര്‍ത്തിക്കുകയും അവന്റെ ജോലി പൂര്‍ത്തിയാക്കുകയുമാണ്‌ എന്റെ ഭക്‌ഷണം."
യോഹന്നാന്‍ 4 : 34
ഗത്സമേനിലെ സങ്കടനേരത്തു പോലും അവിടുത്തെ അധരങ്ങളിലെ സുകൃതജപം "പിതാവേ, അങ്ങയുടെ ഇഷ്ടം എന്നിൽ നിറവേറട്ടെ" എന്നായിരുന്നു...
അതിരാവിലെ ഉണർന്ന് വിജനതയിൽ ആയിരുന്നും രാത്രിയുടെ യാമങ്ങളിൽ മലമുകളിൽ തനിച്ചായിരുന്നും ഒക്കെ അവിടുന്ന് കണ്ടെത്താൻ ശ്രമിച്ചത് പിതാവിന്റെ ഇഷ്ടമായിരുന്നു...
ദൈവഹിതം തിരിച്ചറിഞ്ഞ് അത് പൂർത്തിയാക്കാൻ സമർപ്പിക്കപ്പെടുന്ന ജീവിതങ്ങളിലാണ് ദൈവം പ്രസാദിക്കുന്നത്...

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Sunday, March 7, 2021

ആരുമില്ലാത്തവർ

ജ്ഞാനധ്യാനം
2021 മാർച്ച് 8

ആരുമില്ലാത്തവർ

"അവന്‍ പറഞ്ഞു: കര്‍ത്താവേ, വെള്ളമിളകുമ്പോള്‍ എന്നെ കുളത്തിലേക്കിറക്കാന്‍ ആരുമില്ല. ഞാന്‍ എത്തുമ്പോഴേക്കും മറ്റൊരുവന്‍ വെള്ളത്തില്‍ ഇറങ്ങിക്കഴിഞ്ഞിരിക്കും.
യേശു അവനോടു പറഞ്ഞു: എഴുന്നേറ്റു കിടക്കയെടുത്തു നടക്കുക.
അവന്‍ തത്‌ക്‌ഷണം സുഖം പ്രാപിച്ച്‌ കിടക്കയെടുത്തു നടന്നു. അന്ന്‌ സാബത്ത്‌ ആയിരുന്നു."
യോഹന്നാന്‍ 5 : 7-9 

മുപ്പത്തിയെട്ട് വർഷങ്ങളായി തളർന്നു കിടന്ന ഒരാളെ തേടി ഈശോ എത്തുന്നു...
ഈശോ ജനിക്കുന്നതിനു മുമ്പേ അയാൾ തളർന്നു പോയതാണ്...
രോഗം ബാധിച്ചവർക്ക് സൗഖ്യം പകരുന്ന അത്ഭുതയുറവയുണ്ടായിരുന്ന ബെത്സയ്ദ കുളക്കരയിൽ രോഗമുക്തി ആഗ്രഹിച്ചു അയാൾ കിടക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി...
കുളത്തിലെ വെള്ളമിളകുന്ന നേരം നോക്കിയാണ് കുളത്തിൽ ഇറങ്ങേണ്ടത്...
ഏതോ ഒരു മാലാഖ വന്ന് വെള്ളം ഇളക്കുന്നതാണ് എന്നായിരുന്നു അവരുടെ വിശ്വാസം...
മാലാഖ വെള്ളം ഇളക്കുമ്പോൾ വെള്ളത്തിലേയ്ക്കിറങ്ങാൻ ഒന്ന് സഹായിക്കാൻ ആരുമില്ല എന്നതായിരുന്നു തളർവാത രോഗിയുടെ സങ്കടം...
ആരുമില്ലാത്തവർക്ക് ഈശോയുണ്ട് എന്ന് വെറുതെ പറയുന്നതല്ല എന്ന ഉറപ്പാണ് ഇന്നത്തെ ജ്ഞാനധ്യാനം നൽകുന്നത്...
കുളത്തിലെ വെള്ളമിളകുമ്പോൾ അതിലിറങ്ങുന്നത് മാത്രമാണ് സൗഖ്യം നൽകുന്നത് എന്ന് ചിന്തിക്കാനേ ആ പാവം തളർവാതരോഗിക്കായുള്ളൂ...
അയാൾ ചിന്തിക്കുന്നതിനപ്പുറമുള്ള വഴികൾ തുറന്ന് ഈശോ അയാളെ സൗഖ്യപ്പെടുത്തി...
വർഷങ്ങളായി വെള്ളമിളകുമ്പോൾ കുളത്തിലിറങ്ങാൻ ആഗ്രഹിച്ച് കിടന്നവൻ ഈശോയുടെ ഒറ്റവാക്കിൽ സൗഖ്യം നേടി...
ചില സങ്കടങ്ങളിൽ ആരുമില്ല എന്ന തോന്നലിൽ മനസ്സ് ഭാരപ്പെടുമ്പോൾ ഈശോയുടെ വരവിന് വേണ്ടി പ്രാർത്ഥിച്ച് കാത്തിരിക്കണം...
ആരും സഹായത്തിനില്ലാത്ത നേരങ്ങളിൽ അവിടുന്ന് നിശ്ചയമായും സഹായത്തിനെത്തും...

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Friday, March 5, 2021

പശ്ചാത്തപിച്ചവർ

ജ്ഞാനധ്യാനം
2021 മാർച്ച് 6

പശ്ചാത്തപിച്ചവർ

"എന്തെന്നാല്‍, യോഹന്നാന്‍ നീതിയുടെ മാര്‍ഗത്തിലൂടെ നിങ്ങളെ സമീപിച്ചു; നിങ്ങള്‍ അവനില്‍ വിശ്വസിച്ചില്ല. എന്നാല്‍ ചുങ്കക്കാരും വേശ്യകളും അവനില്‍ വിശ്വസിച്ചു. നിങ്ങള്‍ അതു കണ്ടിട്ടും അവനില്‍ വിശ്വസിക്കത്തക്കവിധം അനുതപിച്ചില്ല."
മത്തായി 21 : 32 

നിയമപാലനം കൊണ്ടും ആചാരാനുഷ്ഠാനങ്ങൾ കൊണ്ടും ദൈവത്തോട് ചേർന്ന് നിന്നവർ എന്ന് സ്വയം കരുതിയിരുന്നവരായിരുന്നു യഹൂദർ...
എന്നാൽ ദൈവഹിതം അറിയിക്കാൻ വന്ന പ്രവാചകന്മാരെയും പിതാവിന്റെ മുഖം വെളിപ്പെടുത്തിയ പുത്രനായ ഈശോയെയും അംഗീകരിക്കുന്നതിൽ അവർ പരാജയപ്പെട്ടു...
ഈശോയിൽ വെളിപ്പെടുത്തപ്പെട്ട ദൈവീക സത്യങ്ങളോട് അവർ കാണിച്ച നിരാസം അവർക്ക് കെണിയായി മാറി...
ബലഹീനത കൊണ്ടോ അജ്ഞത കൊണ്ടോ ഒക്കെ തെറ്റുകളിൽ വീണുപോയ ചുങ്കക്കാരും വേശ്യകളും ദൈവത്തിന്റെ മുമ്പിൽ നിയമപാലകരായ യഹൂദരെക്കാൾ സ്വീകാര്യത കൈവരിക്കും എന്നാണ് ഈശോയുടെ പ്രബോധനം...
പശ്ചാത്തപിച്ച് ഈശോയിൽ വിശ്വസിക്കുന്നവർ ദൈവത്തിന്റെ മുമ്പിൽ സ്വീകാര്യത കണ്ടെത്തും എന്നാണ് ജ്ഞാനധ്യാനത്തിലെ തിരിച്ചറിവ്...
ആദ്യം മറുതലിച്ചെങ്കിലും തെറ്റ് മനസിലാക്കി അനുതപിച്ച് പിതാവിന്റെ ഇഷ്ടം നിറവേറ്റുന്ന ഉപമയിലെ രണ്ടാമത്തെ മകന്റെ മനസ്സ് ഈശോയ്ക്ക് പ്രീതികരമായി...
വിശ്വാസത്തിൽ ആഴപെടാനുള്ള വഴിയും നിരന്തരമായ അനുതാപം തന്നെ...

✍️അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Thursday, March 4, 2021

ജീവിക്കുന്നവരുടെ ദൈവം

ജ്ഞാനധ്യാനം
2020 മാർച്ച് 5

ജീവിക്കുന്നവരുടെ ദൈവം

"അവിടുന്നു മരിച്ചവരുടെയല്ല, ജീവിക്കുന്നവരുടെ ദൈവമാണ്‌. നിങ്ങള്‍ക്കു വലിയ തെറ്റു പറ്റിയിരിക്കുന്നു."
മര്‍ക്കോസ്‌ 12 : 27 

പുനരുത്ഥാനം ഇല്ല എന്ന് വിശ്വസിച്ചിരുന്ന യഹൂദഗണമായിരുന്നു സദുക്കായർ...
ആശയപരമായ വ്യത്യാസങ്ങൾ സദുക്കായരുടെയും ഫരിസേയരുടെയും പ്രബോധനങ്ങളിൽ ഉണ്ടായിരുന്നു...
പക്ഷേ, ഈശോയെ ചോദ്യം ചെയ്ത് വാക്കിൽ കുടുക്കാൻ ശ്രമിക്കുന്നതിൽ അവർ ഒന്നായിരുന്നു...
പുനരുത്ഥാനം ഇല്ല എന്ന വാദഗതി ഉന്നയിച്ചതുകൊണ്ട് തന്നെ അത്തരത്തിലുള്ള ഉത്തരം കിട്ടുന്നതിന് വേണ്ടി ഭാവനയിൽ രൂപപ്പെടുത്തിയെടുത്ത കടംകഥ പോലെയുള്ള ഒരു ചോദ്യവുമായി അവർ ഈശോയെ സമീപിക്കുന്നു...
ഉത്ഥാനാനന്തരമുള്ള ജീവിതത്തെ ഭൂമിയിലെ നിലനില്പിനോട് താരതമ്യപ്പെടുത്തി ചിന്തിക്കുന്നവരുടെ തെറ്റ് ഈശോ ചൂണ്ടിക്കാണിക്കുന്നു...
മനുഷ്യബുദ്ധിക്കതീതമായ കാര്യങ്ങളെ തികച്ചും ഭൗമീകമായി മാത്രം മനസിലാക്കാനും വ്യാഖ്യനിക്കാനും ശ്രമിക്കുന്നത് എന്ത് മണ്ടത്തരമാണ്...
പുനരുത്ഥാനത്തിൽ ഉള്ള നിലനിൽപ്പിന്റെ അനന്യത ദൈവത്തിന്റെ മകൾ / മകൻ എന്നതാണ്...
മാനുഷീകമായി നമ്മൾ പരിചയപ്പെട്ടിട്ടുള്ള എല്ലാ ബന്ധങ്ങളിൽ നിന്നും വ്യത്യസ്തമായ ആത്മീയമായ നിലനിൽപ്പാണ് പുനരുത്ഥാനജീവിതത്തിന്റെ സവിശേഷത എന്നത് മാത്രമാണ് കുഞ്ഞുബുദ്ധിയിൽ സൂക്ഷിക്കാവുന്ന ലളിതമായ പാഠം...
ദൈവത്തെയും ദൈവീകസത്യങ്ങളെയും ഭൗതീകമായ അളവുകോലിൽ മനസിലാക്കാൻ ശ്രമിക്കുന്നതും വ്യാഖ്യാനിക്കുന്നതും ഒരുപോലെ തെറ്റാണ്...

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Wednesday, March 3, 2021

ഈശോയുടെ മുമ്പിൽ ഇരിപ്പിൻ

ജ്ഞാനധ്യാനം
2021 മാർച്ച് 4

ഈശോയുടെ മുമ്പിൽ ഇരിപ്പിൻ

"പരിശുദ്‌ധാത്‌മാവിനാല്‍പ്രചോദിതനായി ദാവീദുതന്നെ പറഞ്ഞിട്ടുണ്ട്‌: കര്‍ത്താവ്‌ എന്റെ കര്‍ത്താവിനോട്‌ അരുളിച്ചെയ്‌തു. ഞാന്‍ നിന്റെ ശത്രുക്കളെ നിന്റെ പാദങ്ങള്‍ക്കു കീഴിലാക്കുവോളം നീ എന്റെ വലത്തു ഭാഗത്ത്‌ ഉപവിഷ്‌ടനാവുക."
മര്‍ക്കോസ്‌ 12 : 36 

രാജാധിരാജനായ ഈശോയെ സുവിശേഷം പരിചയപ്പെടുത്തുന്നു...
ദാവീദിന്റെ പുത്രൻ എന്ന് വിളിക്കപ്പെടുമ്പോളും ദാവീദ് പോലും കർത്താവ് എന്ന് വിളിക്കുന്നു എന്ന സാക്ഷ്യം  ഈശോയുടെ രാജത്വത്തിന്റെ പ്രകടമായ അവതരണമാണ്...
സങ്കീർത്തനത്തിൽ നിന്നും കടമെടുത്ത് മാർക്കോസ് സുവിശേഷകൻ അവതരിപ്പിക്കുന്ന ഒരു വചനത്തിലേയ്ക്ക് ജ്ഞാനധ്യാനം കേന്ദ്രീകരിക്കാം...
"ഞാന്‍ നിന്റെ ശത്രുക്കളെ നിന്റെ പാദങ്ങള്‍ക്കു കീഴിലാക്കുവോളം നീ എന്റെ വലത്തുഭാഗത്ത്‌ ഉപവിഷ്‌ടനാവുക."
ശത്രുക്കളുടെ ആക്രമണം ഭയപ്പെടുന്നവർ എന്ത് ചെയ്യണം എന്നുള്ളതിന്റെ ഉത്തരമാണ് ഈ വചനം...
ദൈവത്തിന്റെ വലതുഭാഗത്ത് ഇരിക്കുക എന്നതാണ് ശത്രുവിനെ നേരിടാൻ ഉള്ള ഏക വഴി...
മർത്തയുടെയും മറിയത്തിന്റെയും വീട്ടിൽ വച്ച് ഈശോ "നല്ല ഭാഗം" എന്ന് വിശേഷിപ്പിച്ചതും മറിയം തെരെഞ്ഞെടുത്തതുമായ വഴി അതാണ്...
തിന്മയുടെ ശത്രു, പാപമോഹങ്ങളായി എന്റെ ഉള്ളിൽ കിടന്ന് ആത്മരക്ഷയ്ക്ക് ഭീഷണിയാകുന്ന ശത്രു, ദൈവീകവഴികളിൽ നിന്നും എന്നെ അകറ്റുന്ന പിശാചാകുന്ന ശത്രു...
എല്ലാ ശത്രുക്കളെയും തോൽപ്പിക്കാൻ നമുക്ക് ദൈവത്തിന്റെ വലതുവശത്ത് ഇരിക്കാം...
നോമ്പുകാലം അവിടുത്തെ വലത്തുവശത്തിരിക്കാനുള്ള നേരമാണ്...
പിശാചാകുന്ന ശത്രുവിന്റെമേൽ വിജയം നേടാൻ സഹായിക്കുന്നത് ഈശോയുടെ മുമ്പിൽഉള്ള ഇരിപ്പാണ്...
എത്ര ഭംഗിയായിട്ടാണ് വിശുദ്ധ ചാവറപ്പിതാവ് ഈ സത്യം കൂനൻമാവിലെ സന്യാസിനിമാർക്കുള്ള കത്തിൽ കുറിച്ചിട്ടത്, 
"ഈശോയുടെ സ്നേഹത്തിൽ പാർപ്പിൻ, 
അവിടുത്തെ കൺമുന്നിൽ ഇരിപ്പിൻ, അവിടുത്തെ അരികെ നടപ്പിൻ, 
എപ്പോഴും അവിടുത്തോട് സംസാരിപ്പിൻ."

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Tuesday, March 2, 2021

സ്നേഹം

ജ്ഞാനധ്യാനം
2021 മാർച്ച് 3

സ്നേഹം

"എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ശത്രുക്കളെ സ്‌നേഹിക്കുവിന്‍; നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുവിന്‍.
അങ്ങനെ, നിങ്ങള്‍ നിങ്ങളുടെ സ്വര്‍ഗസ്‌ഥനായ പിതാവിന്റെ മക്കളായിത്തീരും. അവിടുന്ന്‌ ശിഷ്‌ടരുടെയും ദുഷ്‌ടരുടെയും മേല്‍ സൂര്യനെ ഉദിപ്പിക്കുകയും നീതിമാന്‍മാരുടെയും, നീതിരഹിതരുടെയും മേല്‍ മഴ പെയ്യിക്കുകയും ചെയ്യുന്നു."
മത്തായി 5 : 44-45 

മോശയുടെ നിയമങ്ങളെ ദുർവ്യാഖ്യാനം ചെയ്ത് പ്രതികാരത്തിനുവേണ്ടി ഉപയോഗിക്കുകയും വൈരാഗ്യബുദ്ധിയോടെ പെരുമാറുകയും ചെയ്തിരുന്ന യഹൂദമതത്തിന്റെ പശ്ചാത്തലത്തിലാണ് ഈശോ വ്യത്യസ്തമായ സമീപനം അവതരിപ്പിക്കുന്നത്...
ഉപദ്രവിക്കുന്നവർക്ക് അതേ നാണയത്തിൽ മറുപടി കൊടുക്കുന്ന പ്രതികാരബുദ്ധിക്ക് പകരം ഈശോ സ്നേഹത്തെ പ്രതിഷ്ഠിക്കുന്നു...
ശത്രുപക്ഷത്ത് നിൽക്കുന്നവനെയും സ്നേഹം കൊണ്ട് കീഴടക്കുന്ന ഉദാത്തമായ സമീപനമാണ് അവിടുത്തെ പ്രബോധനങ്ങളിൽ തെളിയുന്നതും ജീവിതം വെളിവാക്കുന്നതും...
ഉപദ്രവിക്കുന്നവർക്ക് വേണ്ടി കൂടി പ്രാർത്ഥിക്കാൻ മാത്രം വിശാലതയുള്ള  മനസ്സിന്റെ ആത്മീയ പക്വതയിലേയ്ക്കാണ് ഈശോ ക്ഷണിക്കുന്നത്...
ശത്രുപക്ഷത്ത് നിൽക്കുന്നവരെ സ്നേഹിച്ചുതുടങ്ങാതെയും പീഡിപ്പിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിച്ചു തുടങ്ങാതെയും സ്വർഗ്ഗസ്ഥനായ പിതാവിന്റെ യഥാർത്ഥ സ്വഭാവമുള്ള മകനായി ഞാൻ മാറുന്നില്ല എന്നതാണ് ജ്ഞാനധ്യാനത്തിലെ തിരിച്ചറിവ്...
ദുഷ്ടരുടെയും ശിഷ്ടരുടെയും മേൽ ഒരു പോലെ സൂര്യനെ ഉദിപ്പിക്കുന്ന നീതിമാന്മാരുടെയും നീതിരഹിതരുടെയും മേൽ ഒരുപോലെ മഴ നൽകുകയും ചെയ്യുന്ന സ്വർഗ്ഗസ്ഥനായ പിതാവിന്റെ സ്നേഹത്തിന്റെ വിശാലത എന്റെ ജീവിതത്തിൽ കണ്ടുതുടങ്ങുമ്പോഴാണ് ഞാൻ അവിടുത്തെ മകനായി മാറുന്നത്...

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Monday, March 1, 2021

ജാഗ്രത

ജ്ഞാനധ്യാനം
2021 മാർച്ച് 2

ജാഗ്രത

"സുഖലോലുപത, മദ്യാസക്‌തി, ജീവിതവ്യഗ്രത എന്നിവയാല്‍ നിങ്ങളുടെ മനസ്‌സു ദുര്‍ബലമാവുകയും, ആദിവസം ഒരു കെണിപോലെ പെട്ടെന്നു നിങ്ങളുടെമേല്‍ വന്നു വീഴുകയും ചെയ്യാതിരിക്കാന്‍ ശ്രദ്‌ധിക്കുവിന്‍."
ലൂക്കാ 21 : 34 

ഈശോ അവിടുത്തെ രണ്ടാം വരവിനെക്കുറിച്ച് സംസാരിക്കുന്നു...
സൂര്യനിലും ചന്ദ്രനിലും ഭൂമിയിലും മനുഷ്യപുത്രന്റെ ആഗമനത്തിന്റെ അടയാളങ്ങളായ വ്യതിയാനങ്ങൾ കാണപ്പെടും...
മനുഷ്യപുത്രന്റെ ആഗമനത്തിൽ സംഭവിക്കുന്ന ഭൗമീകമാറ്റങ്ങൾ എന്തുമാകട്ടെ...
അവിടുത്തെ ആഗമനത്തിൽ എനിക്കുണ്ടാകേണ്ട ആത്മീയ ഒരുക്കത്തെക്കുറിച്ചുള്ള പരിചിന്തനമാണ് ഇന്നത്തെ ജ്ഞാനധ്യാനം...
ഒരുക്കമില്ലാത്തവർക്ക് മനുഷ്യപുത്രന്റെ ആഗമനം കെണിയായി മാറാൻ സാധ്യതയുണ്ട്...
സുഖലോലുപത, മദ്യാസക്തി, ജീവിത വ്യഗ്രത എന്നീ തിന്മകൾക്കടിപ്പെട്ടാൽ മനസ്സ് ദുർബലമാകും...
മനസ്സിനെയും ആത്മാവിനെയും ദുർബ്ബലമാക്കുന്ന തിന്മകളിൽ നിന്നും സ്വതന്ത്രനാണ് എന്നുറപ്പുവരുത്തേണ്ടതുണ്ട്...
"സംഭവിക്കാനിരിക്കുന്ന ഇവയില്‍ നിന്നെല്ലാം രക്‌ഷപെട്ട്‌ മനുഷ്യപുത്രന്റെ മുമ്പില്‍ പ്രത്യക്‌ഷപ്പെടാന്‍ വേണ്ട കരുത്തു ലഭിക്കാന്‍ സദാ പ്രാര്‍ഥിച്ചുകൊണ്ടു ജാഗരൂകരായിരിക്കുവിന്‍."
ലൂക്കാ 21 : 36
മനസ്സിനെ ദുർബ്ബലമാക്കുന്ന തിന്മകളിൽ നിന്നും മോചനം നേടാൻ സദാ പ്രാർത്ഥിച്ചു ജാഗരൂകാരായിരിക്കണം എന്ന ഈശോയുടെ ഓർമ്മപ്പെടുത്തൽ നിസ്സാരമായി തള്ളിക്കളയരുത്...
ഈശോയുടെ ആഗമനത്തിൽ അവിടുത്തെ മുന്നിൽ പ്രത്യക്ഷപ്പെടാൻ ഉള്ള കരുത്ത് ഇല്ലാതെ പോയാൽ ജീവിതം എന്തൊരു പരാജയമായിരിക്കും?

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.