Sunday, January 31, 2021

മഹത്വം

ജ്ഞാനധ്യാനം
2021 ഫെബ്രുവരി 1

മഹത്വം

"പരസ്‌പരം മഹത്വം സ്വീകരിക്കുകയും ഏകദൈവത്തില്‍നിന്നു വരുന്ന മഹത്വം അന്വേഷിക്കാതിരിക്കുകയും ചെയ്യുന്ന നിങ്ങള്‍ക്ക്‌ എങ്ങനെ വിശ്വസിക്കാന്‍ കഴിയും?"
യോഹന്നാന്‍ 5 : 43 

ഈശോയ്ക്ക് യഹൂദരെക്കുറിച്ചുള്ള സങ്കടം ആണ് വചനവായനയിൽ കണ്ടെത്തുന്നത്...
ഇന്ന് ജ്ഞാനധ്യാനം നടത്തുമ്പോൾ ഈശോയ്ക്ക് എന്നെക്കുറിച്ചും ഇങ്ങനെ ഒരു സങ്കടം ഉണ്ടാകാൻ സാധ്യതയുണ്ട് എന്ന് തിരിച്ചറിയുന്നു...
മനുഷ്യരിൽ നിന്ന് മഹത്വം അന്വേഷിക്കുകയും ദൈവത്തിൽനിന്നുള്ള മഹത്വം അന്വേഷിക്കാതിരിക്കുകയും ചെയ്യുന്ന അപകടകരമായതും പുരാതനമായതുമായ ആ വികലതയിൽ നിന്ന് ഞാനും മോചിതനല്ല...
മഹത്വം സ്വീകരിക്കേണ്ടത് ദൈവത്തിൽനിന്നാണ്...
ദൈവമാണ് യഥാർത്ഥത്തിൽ മഹത്വപ്പെടുത്തേണ്ടത്...
പറയുന്ന വാക്കുകളിലോ ചെയ്യുന്ന പ്രവർത്തികളിലോ നന്മയുണ്ടെങ്കിൽ അതിന്റെ മഹത്വം നൽകേണ്ടതും ദൈവത്തിനാണ്...
സ്വാർത്ഥതയും അഹന്തയും നിറഞ്ഞ സ്വയംപൂജയിൽ നിന്നാണ് മോചനം വേണ്ടത്...
മനുഷ്യരെ ബോധിപ്പിക്കാനും പ്രീതിപ്പെടുത്താനും കൈയ്യടി നേടാനുമുള്ള താത്രപ്പാടിൽ കൈമോശം വരുന്നത് ദൈവം നൽകുന്ന മഹത്വമാണ് എന്ന സത്യം തിരിച്ചറിയുന്നു...
ദൈവം മഹത്വം നൽകുന്നത് വരെ കാത്തിരിക്കാനുള്ള ക്ഷമയില്ലാത്തത് കൊണ്ട് മനുഷ്യന്റെ കൈയ്യടിക്ക് പിന്നാലെ ഓടുന്ന അപക്വമായ നിലപാടുകളിൽ നിന്ന് മോചനം വേണം...
ഈശോയെ, അങ്ങെന്നെ മഹത്വപ്പെടുത്താൻ കരുതിവച്ചിരിക്കുന്ന സമയം വരെ കാത്തിരിക്കാനുള്ള ദീർഘ ക്ഷമ നൽകി എന്നെ അനുഗ്രഹിക്കണമേ...

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Thursday, January 28, 2021

കല്ലെറിയുന്നവർ

ജ്ഞാനധ്യാനം
2021 ജനുവരി 29

കല്ലെറിയുന്നവർ

"ജറുസലെം, ജറുസലെം, പ്രവാചകന്‍മാരെ വധിക്കുകയും നിന്റെ അടുത്തേക്ക്‌ അയയ്‌ക്കപ്പെടുന്നവരെ കല്ലെറിയുകയും ചെയ്യുന്നവളേ, പിടക്കോഴി കുഞ്ഞുങ്ങളെ ചിറകുകള്‍ക്കുള്ളില്‍ കാത്തുകൊള്ളുന്നതുപോലെ നിന്റെ സന്തതികളെ ഒരുമിച്ചുകൂട്ടാന്‍ ഞാന്‍ എത്രയോ പ്രാവശ്യം ആഗ്രഹിച്ചു! പക്‌ഷേ, നിങ്ങള്‍ വിസമ്മതിച്ചു."
മത്തായി 23 : 37 

ജെറുസലേമിനെക്കുറിച്ചുള്ള ഈശോയുടെ സങ്കടമാണ് സുവിശേഷവായനയിൽ കണ്ടെത്തുന്നത്...
പ്രവാചകൻമാരെ വധിക്കുകയും അടുത്തേയ്ക്ക് അയക്കപ്പെടുന്നവരെ കല്ലെറിയുകയും ചെയ്തവൾ എന്നാണ് ജെറുസലേമിനെ ഈശോ സംബോധന ചെയ്യുന്നത്...
പ്രത്യേകജീവിതസാഹചര്യങ്ങളിൽ ദൈവഹിതം വെളിപ്പെടുത്തുകയും കാലഘട്ടത്തിന്റെ ആവശ്യമനുസരിച്ച് അത് വ്യാഖ്യാനിക്കുകയും ചെയ്യുന്നവരാണ് പ്രവാചകന്മാർ...
പ്രവാചകൻമാരെ വധിച്ചവർ എന്നതിന്റെ അർത്ഥം ദൈവഹിതം തിരസ്കരിച്ചവർ എന്ന് തന്നെയാണ്...
ദൈവത്തിന്റെ സ്വപ്‌നങ്ങൾ പങ്ക് വയ്ക്കാൻ വരുന്നവർക്കെതിരെ കല്ലെറിയാൻ മാത്രം ക്രൂരത ഉള്ളിൽ സൂക്ഷിച്ചു എന്നതായിരുന്നു ജെറുസലേമിന്റെ തെറ്റ്...
പിടക്കോഴി കുഞ്ഞുങ്ങൾക്ക് ചിറകിൻ കീഴിൽ സംരക്ഷണം നൽകുന്നത് പോലെ സുരക്ഷിതത്വം നൽകാനുള്ള ദൈവത്തിന്റെ വഴികളെപോലും അവർ തട്ടിമാറ്റി...
ഈശോയ്ക്ക് സാക്ഷ്യം വഹിച്ച വിശുദ്ധ എസ്തപ്പനോസിനെതിരെ കൂടി കല്ലെറിഞ്ഞു അവർ തങ്ങളുടെ ക്രൂരത വീണ്ടും പ്രകടമാക്കി...
സത്യപ്രവാചകൻമാരെയും അവർ അറിയിക്കുന്ന ദൈവഹിതത്തെയും സ്വീകരിക്കുന്നവർക്കാണ് ദൈവീകസംരക്ഷണം ലഭിക്കുന്നത്...
പ്രവാചകരുടെ അധരങ്ങൾ വെളിപ്പെടുത്തിയ ദൈവഹിതത്തിന്റെയും അതിന്റെ വ്യാഖ്യാനങ്ങളുടെയും എഴുത്ത് രൂപമായ ദൈവവചനം ഉള്ളിൽ സൂക്ഷിക്കുക എന്നത് മാത്രമാണ് ദൈവഹിതം തിരിച്ചറിയാനുള്ള ഏക വഴി...
ദൈവഹിതത്തിന്റെ അനാവരണത്തിനുള്ള യത്നമാണ് ജ്ഞാനധ്യാനം...

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Wednesday, January 27, 2021

വന്നു കാണുക, കൂടെ വസിക്കുക

ജ്ഞാനധ്യാനം
2021 ജനുവരി 28

വന്നു കാണുക, കൂടെ വസിക്കുക

"ഈശോ പറഞ്ഞു: വന്നു കാണുക. അവര്‍ ചെന്ന്‌ അവന്‍ വസിക്കുന്നിടം കാണുകയും അന്ന്‌ അവനോടുകൂടെ താമസിക്കുകയും ചെയ്‌തു."
യോഹന്നാന്‍ 1 : 39 

അന്വേഷികളായ ശിഷ്യരുടെ കൗതുകം നിറഞ്ഞ ചോദ്യമാണ് ജ്ഞാനധ്യാനത്തിനാധാരം...
"റബ്ബി, അങ്ങ് എവിടെ ആണ് വസിക്കുന്നത്? "
ഒറ്റ വാക്കിൽ ഉത്തരമായി താമസിക്കുന്ന ഇടം പറഞ്ഞ് കൊടുക്കാമായിരുന്നു...
പക്ഷെ, അവിടുന്ന് അത് ചെയ്തില്ല...
അവിടുന്ന് വസിക്കുന്ന ഇടത്തിലേയ്ക്ക് ചോദ്യം ചോദിച്ചവരെ എത്തിക്കാൻ വേണ്ടി, "വന്നു കാണുക " എന്ന് മാത്രം മറുപടി പറഞ്ഞു...
അന്വേഷിക്കുന്നവന്റെ ഉത്തരവാദിത്വമാകുന്നു ഗുരു വസിക്കുന്ന ഇടം കണ്ടെത്തുക എന്നത്... ആത്മബന്ധത്തിന്റെ നനവുള്ള സൗഹൃദത്തിലേയ്ക്കാണ് അവിടുന്ന് അവരെ വിളിച്ചത്...
വെറുതെ വഴിയരികിൽ നിന്ന് അവിടുന്ന് ഉത്തരം പറഞ്ഞ് അവസാനിപ്പിച്ചിരുന്നു എങ്കിൽ 
ശിഷ്യരുടെ ഗണത്തിൽ പത്രോസും അന്ത്രയോസും കൂട്ടുകാരനും ഉണ്ടാകുമായിരുന്നില്ല....
അവരെ കൂടെ കൂട്ടാൻ അവിടുന്ന് മുൻകൂട്ടി നിശ്ചയിച്ചുറപ്പിച്ചത് കൊണ്ട് കൂടെ വസിക്കാൻ അവരെ ക്ഷണിച്ചു...
ഒരിക്കൽ കൂടെ വസിച്ചാൽ പിന്നെ അവിടുത്തെ എങ്ങനെ വിട്ടുപോകും?
ഒരിക്കലുമാകില്ല...
ചോദ്യങ്ങൾക്ക് ഉത്തരം വൈകുകയോ, സ്വയം ഉത്തരം കണ്ടെത്തുകയോ ചെയ്യേണ്ടി വരുമ്പോൾ അസ്വസ്ഥത വേണ്ട...
ഒരുപക്ഷെ, ഈശോവസിക്കുന്ന ഇടം കണ്ടെത്താനും അവിടുത്തെ കൂടെ വസിക്കാനും സഹായിക്കുന്ന അന്വേഷണത്തിന് മനസിനെ ബലപ്പെടുത്താൻ വേണ്ടിയാകും ചില ചോദ്യങ്ങളുടെ ഉത്തരം കൂടുതൽ സങ്കീർണ്ണമാകുന്നത്...

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Tuesday, January 26, 2021

ദാനധർമ്മം

ജ്ഞാനധ്യാനം
2021 ജനുവരി 27

ദാനധർമ്മം

"നീ ധര്‍മദാനം ചെയ്യുമ്പോള്‍ അതു രഹസ്യമായിരിക്കേണ്ടതിന്‌ നിന്റെ വലത്തുകൈ ചെയ്യുന്നത്‌ ഇടത്തുകൈ അറിയാതിരിക്കട്ടെ.
രഹസ്യങ്ങള്‍ അറിയുന്ന നിന്റെ പിതാവ്‌ നിനക്കു പ്രതിഫലം നല്‍കും."
മത്തായി 6 : 3-4 

ആത്മീയജീവിതം കൃപ നിറഞ്ഞവരാകാൻ പരിശ്രമിക്കുന്നവർ ശ്രദ്ധിക്കേണ്ട അടിസ്ഥാന പഠനങ്ങളാണ് ഈശോയുടെ പ്രബോധനം...
പ്രകടനങ്ങളിലേയ്ക്കും അനുഷ്ടാനങ്ങളിലേയ്ക്കും മാത്രം ആത്മീയയതയെ പ്രതിഷ്ഠിക്കാനുള്ള മനുഷ്യന്റെ പ്രലോഭനം ആദ്യകാലം മുതലേ ഉള്ളതാണ്...
"കാണിച്ചികൂട്ടലുകളും സ്വയം നീതികരണവുമൊക്കെയായി" ആത്മീയത
ഒതുക്കപ്പെടാൻ ഉള്ള സാധ്യത മുന്നിൽ കണ്ടായിരിക്കാം ഈശോ മുന്നറിയിപ്പ് നൽകുന്നത്...
ഈശോ ജീവിച്ചിരുന്ന സമൂഹം സൃഷ്ടിച്ചെടുത്ത കപടമതാത്മകതയുടെ പൊള്ളത്തരം അവിടുന്ന് തുറന്ന് കാണിക്കുന്നു...
ആന്തരീകതയാണ് ആത്മീയതയുടെ അളവുകോൽ എന്ന സമവാക്യമാണ് ഈശോ രൂപപ്പെടുത്തുന്നത്...
അതുകൊണ്ട് തന്നെ കാലങ്ങളായി ആത്മീയതയുടെ അടയാളങ്ങളായി വ്യാഖ്യാനിക്കപ്പെടുന്ന പ്രാർത്ഥനയും ഉപവാസവും ദാനധർമ്മവും രഹസ്യത്തിൽ ആയിരിക്കണം എന്നാണ് അവിടുത്തെ ഓർമ്മപ്പെടുത്തൽ...
രഹസ്യങ്ങൾ അറിയുന്ന പിതാവിന്റെ പ്രതിഭലമായിരിക്കണം ദാനം ചെയ്യുന്നവന്റെ പ്രചോദനം...
"ഞാന്‍ ഇപ്പോള്‍ മനുഷ്യരുടെ പ്രീതിയാണോ അന്വേഷിക്കുന്നത്‌? അതോ, ദൈവത്തിന്റേതാണോ? അഥവാ, മനുഷ്യരെ പ്രസാദിപ്പിക്കാന്‍ ഞാന്‍ യത്‌നിക്കുകയാണോ? ഞാന്‍ ഇപ്പോഴും മനുഷ്യരെ പ്രസാദിപ്പിക്കുന്നവനായിരുന്നെങ്കില്‍ ക്രിസ്‌തുവിന്റെ ദാസനാവുകയില്ലായിരുന്നു."
ഗലാത്തിയാ 1 : 10

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Wednesday, January 13, 2021

ശാന്തമാകുന്ന കടൽ

ജ്ഞാനധ്യാനം
2020 ജനുവരി 14

ശാന്തമാകുന്ന കടൽ

"അവന്‍ ഉണര്‍ന്ന്‌ കാറ്റിനെ ശാസിച്ചുകൊണ്ട്‌ കടലിനോടു പറഞ്ഞു: അടങ്ങുക; ശാന്തമാവുക. കാറ്റു ശമിച്ചു; പ്രശാന്തത ഉണ്ടായി."
മര്‍ക്കോസ്‌ 4 : 39 

പ്രകൃതിയുടെ മേൽ അധികാരമുള്ള ദൈവമാണ് അവിടുന്ന് എന്ന് ഈശോയുടെ പ്രവർത്തി വ്യക്തമാക്കുന്നു...
ഒരു തിരയിളക്കത്തിൽ മുങ്ങി തീരമായിരുന്ന ജീവിതമായിരുന്നു ശിഷ്യരുടേത്...
യാത്ര ചെയ്‌ത വഞ്ചിയിൽ ഈശോ ഉണ്ടായിരുന്നത് കൊണ്ട് അത് സംഭവിച്ചില്ല എന്ന് മാത്രം...
എവിടേയ്ക്ക്, എങ്ങനെ യാത്ര ചെയ്യുന്നു എന്നതല്ല ഉത്തരം കണ്ടെത്തേണ്ട ചോദ്യം...
പോകുന്ന യാത്രകളിൽ ഈശോ കൂടെ ഉണ്ടോ എന്നതാണ് ഉത്തരം കണ്ടെത്തേണ്ട ചോദ്യം...
പ്രലോഭനങ്ങളുടെയോ, പ്രതിസന്ധികളുടെയോ, സങ്കടങ്ങളുടെയോ, സംഘർഷങ്ങളുടെയോ തിരയിളക്കത്തിൽ മുങ്ങിത്താഴാതെ സംരക്ഷണം നൽകുന്നത് ഈശോയോടുള്ള കൂട്ട് മാത്രമാണ്...
മാർത്തോമാ സഭയിലെ സാജൻ അച്ചൻ രോഗിയായി തീവ്രപരിചരണവിഭാഗത്തിൽ ആയിരുന്നപ്പോൾ എഴുതിയ പാട്ട് ജ്ഞാനധ്യാനത്തെ കൂടുതൽ പ്രകാശിപ്പിക്കും...
"ഒരു മഴയും തോരാതിരുന്നിട്ടില്ല...
ഒരു കാറ്റും അടങ്ങാതിരുന്നിട്ടില്ല...
ഒരു രാവും പുലരാതിരുന്നിട്ടില്ല...
ഒരു നോവും കുറയാതിരുന്നിട്ടില്ല...
ഈ തിരമാലയിൽ എൻ ചെറുതോണിയിൽ
അമരത്തെൻ അരികിൽ അവനുള്ള നാൾ ! "

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Thursday, January 7, 2021

തിന്മയ്‌ക്കെതിരെ

ജ്ഞാനധ്യാനം
2021 ജനുവരി 8

തിന്മയ്‌ക്കെതിരെ

"അവന്റെ തല കൊണ്ടുവരാന്‍ ആജ്‌ഞാപിച്ച്‌ ഒരു സേവകനെ രാജാവ്‌ ഉടനെ അയച്ചു. അവന്‍ കാരാഗൃഹത്തില്‍ ചെന്ന്‌ യോഹന്നാന്റെ തല വെട്ടിയെടുത്തു."
മര്‍ക്കോസ്‌ 6 : 27 

വിശ്വസിക്കുന്ന സത്യങ്ങൾക്കും ആരാധിക്കുന്ന ദൈവത്തിനും വേണ്ടി ധീരമായ നിലപാടുകൾ എടുത്തത് കൊണ്ട് തല നഷ്ടപ്പെട്ട ഒരു ശ്രേഷ്ഠ പ്രവാചകനാണ് സ്നാപകയോഹന്നാൻ...
ഈശോയ്ക്ക് വഴിയൊരുക്കിയവൻ...
മരുഭൂമിയിൽ വസിച്ച് ആത്മാവിൽ ശക്തിപ്പെട്ടവൻ...
ഈശോ വന്നപ്പോൾ വഴി മാറികൊടുത്തവൻ...
ഈശോയെ ഉദരത്തിൽ വഹിച്ച പരിശുദ്ധ കന്യകമറിയത്തിന്റെ  അഭിവാദനം കേട്ടപ്പോൾ അമ്മയായ എലിസബത്തിന്റെ ഉദരത്തിൽ വച്ച് തന്നെ പരിശുദ്ധാത്മാവിൽ നിറഞ്ഞവൻ...
ജീവിക്കുന്ന രാജ്യത്തിന്റെ അധിപനായ രാജാവിന്റെ അശുദ്ധമായ കൂട്ടുകെട്ടിന്റെ തിന്മയെക്കെതിരെ ശബ്ധിക്കാൻ ആർജ്ജവം ഉണ്ടായിരുന്നവൻ...
തല പോകും എന്നറിഞ്ഞിട്ടും തിന്മ കണ്ടപ്പോൾ തിന്മയാണ് എന്ന് വിളിച്ചു പറയാൻ തന്റേടം ഉണ്ടായിരുന്നവൻ...
സ്‌നേപകയോഹനാന്റെ വ്യതിരിക്തമായ നിലപാടുകൾക്ക് കാരണം അദ്ദേഹത്തിന്റെ ഉള്ളിലെ പരിശുദ്ധത്മാഭിഷേകം ആയിരുന്നു എന്ന് തീർച്ചയാണ്...
ഉണ്ണീശോയെ ഉദരത്തിൽ വഹിച്ച പരിശുദ്ധ അമ്മയുടെ അഭിവാദനം സ്വീകരിക്കാൻ മനസ്സാണെങ്കിൽ തിന്മയെ എതിർക്കാനുള്ള അഭിഷേകം ലഭിക്കും...

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Wednesday, January 6, 2021

ജീവൻ

ജ്ഞാനധ്യാനം
2021 ജനുവരി 7

ജീവൻ

"അവളെക്കണ്ട്‌ മനസ്‌സലിഞ്ഞ്‌ കര്‍ത്താവ്‌ അവളോടു പറഞ്ഞു: കരയേണ്ടാ."
ലൂക്കാ 7 : 13 

ഈശോയുടെ ജീവിതനിയോഗവും ദൗത്യവും ഭൂമിയിൽ ദൈവരാജ്യം സ്ഥാപിക്കുക എന്നതായിരുന്നു... 
ഈശോയുടെ പ്രഥമവും പ്രധാനവുമായ ദൗത്യമായ ദൈവാരാജ്യസ്ഥാപനത്തിന്റെ സവിശേഷമായ അടയാളങ്ങൾ അഞ്ച് തലങ്ങളിൽ ഉണ്ട് എന്നത് ആർക്കും നിഷേധിക്കാനാവാത്ത ദൈവശാസ്ത്ര വ്യാഖ്യാനം ആണ്... 

1. രോഗികളെ സുഖപ്പെടുത്തി 
2. പിശാചുക്കളെ ബഹിഷ്കരിച്ചു 
3. പ്രപഞ്ചശക്തികളുടെമേൽ അധികാരം തെളിയിച്ചു 
4. മരിച്ചവരെ ഉയിർപ്പിച്ചു 
5. പാപങ്ങൾ മോചിച്ചു 

മനുഷ്യജീവന്റെ ഉടയവനും അധികാരിയും ദൈവമാണെന്നുള്ള തിരിച്ചറിവിലേയ്ക്ക് വായനക്കാരെ നയിക്കുന്ന സുവിശേഷസാക്ഷ്യമാണ് ജ്ഞാനധ്യാനത്തിനാധാരം...
നായിനിലെ വിധവയുടെ ഏക മകനെ ഉയിർപ്പിച്ച് ഈശോ അവിടുത്തെ വാക്ക് കൊണ്ട് മരണത്തെ തോൽപ്പിക്കുന്നു...
മൃതിയടഞ്ഞ ജീവിതാവസ്ഥകളിൽ വ്യാപാരിക്കുന്നവർ മിശിഹായെ കണ്ടെത്തുമ്പോൾ ഉണ്ടാകുന്ന ക്രിയാത്മകമായ രൂപാന്തരീകരണമാണ് പ്രകടമാകുന്നത്...
തണുത്തുറഞ്ഞു പോയ എന്റെ സ്നേഹം, മൃതിയടഞ്ഞ എന്റെ വിശ്വാസം, ജീവൻ നഷ്ടപ്പെട്ട പ്രാർത്ഥനാജീവിതം, മരണമടഞ്ഞ ബന്ധങ്ങൾ, ജീവനില്ലാത്ത എന്റെ ബോധ്യങ്ങളും നിലപാടുകളും, കളഞ്ഞു പോയ നൈർമല്യം...
എല്ലാം ഉയിർക്കപ്പെടേണ്ടതുണ്ട്...
ഒന്നേ ഉള്ളൂ പരിഹാരമാർഗ്ഗം...
മിശിഹായെ കണ്ടെത്തുക...
അവിടുത്തെ മുമ്പിൽ ഇരിക്കുക...

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.