Saturday, May 30, 2020

പരിശുദ്ധാത്മാവ്

🥭 *ജ്ഞാനധ്യാനം* 🥭


2️⃣0️⃣2️⃣0️⃣ *മെയ്‌* 3️⃣1️⃣

"ദൈവം അയച്ചവന്‍ ദൈവത്തിന്‍െറ വാക്കുകള്‍ സംസാരിക്കുന്നു; ദൈവം അളന്നല്ല ആത്‌മാവിനെ കൊടുക്കുന്നത്‌."
യോഹന്നാന്‍ 3 : 34

 *പരിശുദ്ധാത്മാവ്* 

രൂപരഹിതവും ശൂന്യവുമായ ഭൂമിയിൽ ജലപ്പരപ്പിന് മീതെ ചലിച്ചുകൊണ്ടിരുന്ന ദൈവത്തിന്റെ ചൈതന്യം...
സൃഷ്ടികർമ്മത്തിൽ പ്രവർത്തനനിരതമായിരുന്ന ദൈവാത്മാവ്... 
(ഉൽപ്പത്തി 1: 2)

കിഴക്കൻ കാറ്റായി വന്ന് ചെങ്കടലിനെ വകഞ്ഞു മാറ്റിയ ദൈവശക്തി... (പുറപ്പാട് 14: 21)

ഏശയ്യാ പ്രവചിച്ച കര്‍ത്താവിന്‍െറ ആത്‌മാവ്‌,  ജ്‌ഞാനത്തിന്‍െറയും വിവേകത്തിന്‍െറയും ആത്‌മാവ്‌, ഉപദേശത്തിന്‍െറയും ശക്‌തിയുടെയും ആത്‌മാവ്‌, അറിവിന്‍െറയും ദൈവ ഭക്‌തിയുടെയും ആത്‌മാവ്‌...
(ഏശയ്യാ 11 : 2)

ജോയൽ പ്രവചനത്തിൽ  പുത്രീപുത്രൻമാർക്ക്  പ്രവചനവും വൃദ്‌ധന്മാര്‍ക്ക്  സ്വപ്‌നങ്ങളും യുവാക്കള്‍ക്ക്  ദര്‍ശനങ്ങളും സമ്മാനിക്കുന്ന ദൈവത്തിന്റെ ആത്മാവ്...  
(ജോയേല്‍ 2 : 28)

രക്ഷകനായ ഈശോമിശിഹാ തന്നിൽ വിശ്വസിക്കുന്നവർക്ക് വാഗ്‌ദാനം ചെയ്തിരിക്കുന്ന സഹായകനായ പരിശുദ്ധാത്മാവ്... 
(യോഹന്നാൻ 14: 16)

ഈശോയുടെ പെസഹാരഹസ്യത്തിന്റെ പൂർത്തിയിൽ സെഹിയോൻ മാളികയിൽ പ്രാർത്ഥനാനിരതരായിരുന്ന പരിശുദ്ധ കന്യകാ മറിയത്തിന്റെയും ശ്ലീഹന്മാരുടെയും മേൽ ആവസിച്ച ദൈവാത്മാവ്... 
കാറ്റായി വീശുകയും കനലായി ജ്വലിക്കുകയും ചെയ്ത പരിശുദ്ധാത്മാവ്...
രക്ഷയുടെ അടയാളമായി ഈശോ ഭൂമിയിൽ സ്ഥാപിച്ച തിരുസഭയുടെ തുടക്കത്തിൽ സജീവമായി നിലകൊണ്ട റൂഹാ... 
(അപ്പതോലാപ്രവർത്തനങ്ങൾ 2 :1- 13)

കൂദാശകളിലൂടെ ഈശോയുടെ രക്ഷണീയകർമ്മം ഇന്നും തിരുസഭയിൽ അനസ്യൂതം തുടരുന്ന ദൈവത്തിന്റെ പരിശുദ്ധാത്മാവ്... 

വരദാനഫലങ്ങളുടെ സമൃദ്ധികൊണ്ട് സഭയിൽ സുവിശേഷവേല തുടരുന്ന ദൈവാത്മാവ്... 

യോഹന്നാൻ സുവിശേഷകൻ പരിചയപ്പെടുത്തുന്ന പരിശുദ്ധാത്മാവിന്റെ പങ്കിനെക്കുറിച്ചാണ് നമ്മുടെ ധ്യാനം.... 



1. *ഈശോ പറഞ്ഞവ പഠിപ്പിക്കുകയും , ഓർമ്മിപ്പിക്കുകയും ചെയ്യുന്ന പരിശുദ്ധാത്മാവ്...* 


"എന്നാല്‍, എന്‍െറ നാമത്തില്‍ പിതാവ്‌ അയയ്‌ക്കുന്ന സഹായകനായ പരിശുദ്‌ധാത്‌മാവ്‌ എല്ലാകാര്യങ്ങളും നിങ്ങളെ പഠിപ്പിക്കുകയും ഞാന്‍ നിങ്ങളോടു പറഞ്ഞിട്ടുള്ളതെല്ലാം നിങ്ങളെ അനുസ്‌മരിപ്പിക്കുകയുംചെയ്യും."
യോഹന്നാന്‍ 14 : 26

ഈശോ പറഞ്ഞതൊക്കെയും പഠിക്കാനും ഓർമ്മിച്ചെടുക്കാനും പരിശുദ്ധാത്മാവ് കൂടെ വേണം... 
ഈശോ പറഞ്ഞതൊക്കെയും  സംലഭ്യമാകുന്നത് എഴുതപ്പെട്ട ദൈവവചനത്തിൽ ആണല്ലോ...  തിരുലിഖിതത്തെക്കുറിച്ചുള്ള ജ്ഞാനത്തിലേക്ക് പരിശുദ്ധാത്മാവ് നമ്മെ കൂട്ടികൊണ്ട് പോകും... 

2. *പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തെ ബോധ്യപ്പെടുത്തും* 

"അവന്‍ വന്ന്‌ പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തെ ബോധ്യപ്പെടുത്തും"
യോഹന്നാന്‍ 16 : 8


ദൈവമനുഷ്യബന്ധങ്ങളിലെ വിള്ളൽ ആണ് പാപം... 
പാപം ഉണ്ടാക്കുന്ന ആ വിള്ളൽ പരിഹരിക്കാൻ സഹായിക്കുന്നത് പരിശുദ്ധാത്മാവാണ്...

ദൈവമനുഷ്യബന്ധങ്ങളുടെ സമ്പൂർണ്ണതയാണ് നീതി... 
ദൈവത്തോടും മനുഷ്യരോടും ഉള്ള ബന്ധം പവിത്രമാക്കുന്നത് പരിശുദ്ധാത്മാവാണ്... 

ജീവിച്ചുകൊണ്ടിരിക്കുന്ന ജീവിതത്തിന്റെ കണക്ക് കൊടുക്കേണ്ടി വരുന്ന ന്യായവിധിയെക്കുറിച്ച്  ബോധ്യം നൽകുന്നതും പരിശുദ്ധാത്മാവാണ്... 


3. *സത്യത്തിന്റെ പൂർണ്ണതയിലേക്ക് നയിക്കുന്ന പരിശുദ്ധാത്മാവ്* 

"സത്യാത്‌മാവു വരുമ്പോള്‍ നിങ്ങളെ സത്യത്തിന്‍െറ പൂര്‍ണതയിലേക്കു നയിക്കും."
യോഹന്നാന്‍ 16 : 13

സത്യത്തിന്റെ പൂർണ്ണത വചനത്തിന്റെ പൂർണ്ണതയാണ്... 

"അവരെ അങ്ങ്‌ സത്യത്താല്‍ വിശുദ്‌ധീകരിക്കണമേ! അവിടുത്തെ വചനമാണ്‌ സത്യം."
യോഹന്നാന്‍ 17 : 17


വചനത്തിന്റെ പൂർണ്ണത ദൈവഹിതത്തിന്റെ പൂർണ്ണതയാണ്... 

"അങ്ങ്‌ ജ്‌ഞാനത്തെയും അങ്ങയുടെ പരിശുദ്‌ധാത്‌മാവിനെയും ഉന്നതത്തില്‍നിന്നു നല്‍കിയില്ലെങ്കില്‍, അങ്ങയുടെ ഹിതം ആരറിയും!"
ജ്‌ഞാനം 9 : 17


വിശുദ്ധ ചാവറപിതാവിന്റെ അന്തിമവചസ്സുകൾ അർത്ഥവത്താണ്... 

"ദിവ്യകാരുണ്യത്തിൽ ഏഴുന്നെള്ളി ഇരിക്കുന്ന ഈശോയെ മുഴു ഹൃദയത്തോടെ സ്നേഹിക്കുവിൻ... പ്രവാചകവചനങ്ങൾ പോലെ ഈശോയുടെ ഹൃദയത്തിൽ നിന്ന് ആയുസ്സിന്റെ ജലം കോരി എടുക്കുവിൻ "

ഈ പന്തക്കുസ്തയിൽ ഈശോയുടെ തിരുഹൃദയത്തിൽ നിന്ന് നമുക്ക് ആയുസ്സിന്റെ ജലമായ പരിശുദ്ധാത്മാവിനെ കോരിയെടുക്കാം !

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Friday, May 29, 2020

കരുണ

🥭 *ജ്ഞാനധ്യാനം* 🥭

2️⃣0️⃣2️⃣0️⃣ *മെയ്‌* 3️⃣0️⃣


"ഞാന്‍ നിന്നോടു കരുണ കാണിച്ചതുപോലെ നീയും നിന്‍െറ സഹസേവകനോടു കരുണ കാണിക്കേണ്ടതായിരുന്നില്ലേ?"
മത്തായി 18 : 33


 *കരുണ* 

തെറ്റ് ചെയ്യുന്ന സഹോദരനോട് "എത്ര പ്രാവശ്യം ക്ഷമിക്കണം? ഏഴു പ്രാവശ്യമോ? " എന്ന പത്രോസിന്റെ ചോദ്യത്തിന് ഉത്തരമായി "ഏഴെന്നല്ല, ഏഴ് എഴുപത് പ്രാവശ്യം" എന്ന് മറുപടി പറഞ്ഞ ശേഷം ഈശോ പറയുന്ന ഉപമയാണ് നിർദ്ദയനായ ഭൃത്യന്റെ ഉപമ... 
നിർദയനായ ഭൃത്യന്റെ ഉപമയിൽ മൂന്ന് പേരെ പരിചയപ്പെടുന്നു... 
യജമാനനായ രാജാവ്, അയാളുടെ ഒരു സേവകൻ, മറ്റൊരു സഹസേവകൻ... 

സേവകൻ യജമാനനോട് 10000 താലന്ത് കടപ്പെട്ടിരുന്നു...
സേവകന് അത് വീട്ടിതീർക്കാൻ നിര്വാഹമില്ലാതിരുന്നത് കൊണ്ട് യജമാനൻ മനസ്സലിഞ്ഞു കടം ഇളച്ചു കൊടുത്തു... 
10000 താലന്ത് കടപ്പെട്ടിരുന്നവനോട്‌ യജമാനൻ വലിയ കരുണ കാണിച്ചതാണ്‌ എന്ന കാര്യമേ അയാൾ മറന്നു എന്ന മട്ടിലാണ് കാര്യങ്ങളുടെ പോക്ക്... 
10000 താലന്തിന്റെ കടമൊക്കെ ഇളച്ചു കിട്ടിയതിന്റെ ആഹ്ലാദത്തിൽ പുറത്തിറങ്ങിയപ്പോൾ തന്നോട് 100 ദനാറാ കടപ്പെട്ട ഒരു സഹസേവകനെ കാണുന്നു.... 
100 ദനാറാ മാത്രം കടപ്പെട്ട പാവം സഹസേവകൻ കരഞ്ഞു കേണപേക്ഷിച്ചിട്ടും 10000 താലന്ത് ഇളച്ചു കിട്ടിയവനിൽ കരുണ ലവലേശം മുള പൊട്ടുന്നില്ല എന്നതാണ് യാഥാർഥ്യം... 

ഇനി ഒരു താരതമ്യം ആകാം നമുക്ക്... 
10000 താലന്ത് കടപ്പെട്ട സേവകനും 100 ദനാറാ കടപ്പെട്ട സഹസേവകനും തമ്മിൽ ഒരു താരതമ്യം... 
10000 ഉം 100 ഉം തമ്മിൽ ഒരു താരതമ്യം.... 
താലന്തും ദനാറായും തമ്മിൽ ഒരു താരതമ്യം... 

രണ്ട് പേരും മറ്റാരോടോ കടപ്പെട്ടവർ ആണ് എന്നതാണ് ഇവർക്കിടയിലെ സമാനത... 

ഇനി ഇവർക്കിടയിലെ വ്യത്യാസം നോക്കാം... 

അത്, 100 ഉം 10000 ഉം തമ്മിൽ ഉള്ള വ്യത്യാസം ആണ്... 
താലന്തും ദനാറായും തമ്മിൽ ഉള്ള വ്യത്യാസം ആണ്...

100 ഉം 10000 ഉം തമ്മിൽ ഉള്ള വ്യത്യാസം 100 നോട്‌ 100 ഗുണിച്ചാലേ 10000 ആവുകയുള്ളൂ... 
നോക്കണേ...10000 ഇളച്ചു കിട്ടിയിട്ട് അതിന്റെ 100 ൽ ഒന്ന് മാത്രം കടപ്പെട്ട ഒരു സഹസേവകസനോട് കരുണ കാണിക്കാൻ കഴിയാതെ പോയ ഒരു സേവകന്റെ ക്രൂരത !
ഇനി താലന്തും ദനാറായും തമ്മിൽ ഉള്ള വ്യത്യാസം അതിലും കാണാം... 
ഒരു താലന്ത് ഏതാണ്ട് 34.2 kg വരും എന്നാണ് കണക്ക്... അത് വെള്ളിയോ സ്വർണ്ണമോ ആകാം...
ഒരു ദനാറാ 3.5 മുതൽ 5 വരെ ഗ്രാം ആണ്... 

അങ്ങനെ ആകുമ്പോൾ 10000 താലന്ത് 342000 kg ക്ക് സമം ആണ്... 
(10000 talent = 342000 kg) 

100 ദനാറാ അങ്ങേയറ്റം 500 ഗ്രാം ആകാം... 
(100 dhanarius = 500 gm)

342000 kg ഇളച്ചു കിട്ടിയവന് 500 gm ഇളച്ചു കൊടുക്കാൻ പറ്റാത്ത വിധം ക്രൂരൻ ആകാൻ പറ്റുമോ?  
പറ്റും എന്ന് ഉപമയിലെ സേവകൻ തെളിയിക്കുന്നു... 

ഒരു വ്യത്യാസം കൂടി... 

ഒരാളുടെ ഒരു ദിവസത്തെ കൂലി ആണ് 1 ദനാറ...
ഒരു വർഷം ഒരാളുടെ സമ്പാദ്യം 300 ദനാറാ എന്നാണ് ഏകദേശ കണക്ക്... 
1 താലന്ത് 6000 ദനാറാക്ക് സമമാണ്... 
( 1 talent = 6000 dhanarius ) 
ഒരു താലന്തിന് വേണ്ടി ഒരാൾ ജോലി ചെയ്യേണ്ട കാലയളവ് നീണ്ട 20 വർഷങ്ങൾ ആണ്...
10000 താലന്ത് കടപ്പെട്ടവൻ അത് വീട്ടി തീർക്കേണ്ടിയിരുന്നു എങ്കിൽ, യജമാനൻ കരുണ കാണിച്ചില്ലായിരുന്നു എങ്കിൽ 20 × 10000 = 200000 വർഷങ്ങൾ ജോലി ചെയ്തു വീട്ടാൻ മാത്രം കടം ഉണ്ടായിരുന്നു...
അതാകട്ടെ അസാധ്യമായ ഒരു കാര്യവും.... 
അപ്പോൾ അവന് കിട്ടിയ കരുണയുടെ ആഴം എന്തു മാത്രം ആണ് എന്ന് അചിന്തനീയമാണ്...  

100 ദനാറാ കടപ്പെട്ടവന് അത് 4 മാസം കൊണ്ട് ജോലി ചെയ്തു തീർക്കാവുന്നതേ ഉള്ളായിരുന്നു... 

അപ്പോൾ മറ്റൊരു കാര്യം കൂടി മനസിലാക്കാം... 
20000 വർഷങ്ങൾ ജോലി ചെയ്തു തീർക്കാൻ മാത്രം കടം ഉണ്ടായിരുന്നവന് 4 മാസം ജോലി ചെയ്താൽ തീരുന്ന കടം ഉള്ളവനോട് ക്ഷമിക്കാൻ പറ്റുന്നില്ല എന്നതാണ് ഉപമയിലെ ഏറ്റവും സവിശേഷമായ വൈരുധ്യം!

എല്ലാം കുമ്പസാരക്കൂട്ടിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്... 
ആരോടും പറയാനാഗ്രഹിക്കാത്ത പാപത്തിന്റെ വിഴുപ്പുഭാണ്ഡം കുമ്പസാരക്കൂട്ടിൽ ഇറക്കി വച്ച് ദൈവകരുണ ആവോളം സ്വീകരിച്ചിട്ട് കൂടെ ഉള്ളവരുടെ നിസ്സാരകുറവുകൾ ക്ഷമിക്കാതെ ഇരിക്കുമ്പോൾ ഞാനും 10000 ഇളച്ചു കിട്ടിയ സഹസേവകനെ പോലെ ക്രൂരനാകുന്നു !

ജീവിതം കുറച്ച് കൂടി കരുണാർദ്രമാക്കാം... 
സ്വീകരിക്കുന്ന ദൈവകരുണയുടെ ആഴമാറിയാത്തത് കൊണ്ടല്ലേ പലപ്പോഴും ക്രൂരമായ നിലപാടുകളിലേക്ക് ജീവിതം വഴുതി പോകുന്നത്?

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Thursday, May 28, 2020

ദൈവപരിപാലനയെ ജീവശ്വാസമാക്കിയ സണ്ണി അച്ചൻ

ഓർമ്മിച്ചെടുക്കാനും ധ്യാനിക്കാനും മാതൃകയാക്കാനും മാത്രം ആഴമേറിയ സ്നേഹസാന്ദ്രതയോടെ ജീവിച്ചു കടന്നു പോയ ഒരു സി. എം. ഐ. ക്കാരന്റെ മരണയോർമ്മയാണിന്ന് !
കോയമ്പത്തൂർ പ്രേഷിത പ്രവിശ്യാ അംഗമായ സണ്ണി പാറയിൽ അച്ചന്റെ  സ്വർഗീയയാത്രയുടെ ഓർമ്മ ദിനം ആണ് ഇന്ന് !

കരിമ്പ ത്രിത്വ ആശ്രമത്തിൽ മൂന്നാഴ്ചക്കാലം താമസിച്ചപ്പോൾ സണ്ണി അച്ചന്റെ ജീവിതനിലപാടുകൾ കണ്ട് വിസ്മയം കൊണ്ടിട്ടുണ്ട്... 
പരിശീലനത്തിന്റെ ഭാഗമായി ബിരുദവിദ്യാഭ്യാസകാലയളവിൽ പ്രൊവിൻഷ്യൽ ആയിരുന്ന സെബാസ്റ്റ്യൻ ഇലഞ്ഞിക്കൽ അച്ചനാണ് കരിമ്പയിലുള്ള കൊച്ച് സണ്ണിഅച്ചന്റെ ത്രിത്വആശ്രമത്തിൽ ( വലിയ സണ്ണി അച്ചൻ അന്ന് വെട്ടത്തൂർ ആയിരുന്നു ) താമസിക്കാൻ അവസരം ഒരുക്കിയത്... 
പകരം വയ്ക്കാനില്ലാത്ത കൊച്ച് സണ്ണി അച്ചന്റെ ജീവിത നിലപാടുകൾ അന്ന് കണ്ടു നിന്നതും അടുത്തറിഞ്ഞതും ഇന്നോർമ്മിച്ചെടുക്കുന്നതും അത്ഭുതത്തോടെയാണ്... 
ജീവിതം ഇനിയും ലളിതമാകണമെന്ന്, ദൈവത്തിൽ മാത്രം ആശ്രയിക്കുന്ന ജീവിത ക്രമമാണ് സന്യാസപൗരോഹിത്യം എന്നൊക്കെ നമ്മെ ഓർമ്മിപ്പിക്കാൻ ദൈവം അയച്ച ഒരു ദൂതൻ... 
ഇങ്ങനെ ഒക്കെ സമർപ്പിത ജീവിതം സാധ്യമോ എന്ന് കാണുന്നവർ അമ്പരന്നു പോകും വിധം അത്ര ലളിതമായി ജീവിച്ചു നീങ്ങിയ നമ്മുടെ ഒരു സഹോദരൻ... 
ആകാശപ്പറവയിലെ മക്കളെ അതിർവരമ്പുകൾ ഇല്ലാതെ സ്നേഹിച്ചു കരുതിയ നമ്മുടെ സ്വന്തം കൊച്ച് സണ്ണി അച്ചൻ... 
അച്ചന്റെ മാധ്യസ്ഥ്യം വഹിച്ചു പ്രാർത്ഥിക്കാം നമുക്കിന്ന്... 
കാരണം, മാധ്യസ്ഥ്യം വഹിക്കാൻ മാത്രം സുകൃതങ്ങൾ ഈ ലോകജീവിതത്തിൽ വച്ചു തന്നെ സ്വർഗ്ഗത്തിലെ കൃപയുടെ ഭണ്ടാരത്തിൽ നിക്ഷേപിച്ച സണ്ണി അച്ചനെ നമുക്ക് അടുത്ത് അറിയാം എന്നത് തന്നെ... 

അദ്ദേഹം മക്കളെ കുളിപ്പിക്കുന്നതും പരിചരിക്കുന്നതും മാത്രമല്ല അടുത്ത് കണ്ടത്... 
ആശ്രമത്തിൽ മരണമടയുന്ന സഹോദരിസഹോദരങ്ങൾക്ക് അത്യവിശ്രമം കൊള്ളാനുള്ള പെട്ടി ഉണ്ടാക്കുന്നതും പൊതുശ്മശാനത്തിൽ പോയി കുഴി വെട്ടാൻ നേതൃത്വം നൽകിയതും ഒക്കെ നമ്മുടെ കൊച്ച് സണ്ണി അച്ചൻ ആയിരുന്നു... 
ആശ്രമത്തിലെ മക്കളിൽ രണ്ടു പേർ ഒരു ദിവസം തന്നെ മൃതി അടഞ്ഞത് ഓർക്കുന്നു... 
മറക്കാത്തതും മരിക്കാത്തതുമായ ഓർമ്മയാണ് ആ ദിനം... 
സണ്ണി അച്ചൻ തന്നെ ഉണ്ടാക്കിയ പെട്ടിയിൽ മരണമടഞ്ഞവരെ കിടത്തി പ്രാർത്ഥിച്ച ശേഷം ജീപ്പിൽ കയറ്റി പൊതുശ്മശാനത്തി  അടക്കം ചെയ്യാൻ പോകുമ്പോൾ സത്യസന്ധനായ  ഒരു സി. എം. ഐ. സന്യാസപുരോഹിതന്റെ സാക്ഷ്യജീവിതത്തിന്റെ ആഴം കണ്ട് വിസ്മയം തോന്നി... 

ഏറ്റവും ഹൃദ്യമായ ഓർമ്മ ഇനി പറയാം... 
ഒരു ദിവസം വൈകിട്ട് കാപ്പി കുടിച്ചിരിക്കുമ്പോൾ സണ്ണി അച്ചൻ പറഞ്ഞു, "നാളെ മുതൽ ഭക്ഷിക്കാൻ ഉള്ളത് എവിടെ നിന്ന് കണ്ടെത്തും എന്ന് അറിയില്ല...പ്രാർത്ഥിക്കണം..." 
പറഞ്ഞ് രണ്ടു മണിക്കൂർ തികയും മുമ്പ് ഒരാഴ്ചത്തേക്ക് ഉള്ള അരിയും പല വ്യഞ്ജനങ്ങളുമായി ഒരു ചേട്ടൻ എത്തി... 
വൈകിട്ട് അത്താഴത്തിനിരിക്കുമ്പോൾ സണ്ണി അച്ചന്റെ വക വലിയ ഒരു ആത്മീയ രഹസ്യം കിട്ടി... 
"അപ്പന് എങ്ങനെ മക്കളെ മറക്കാൻ പറ്റും?"
സ്വർഗ്ഗത്തിലെ അപ്പനായ ദൈവം ഭൂമിയിലെ മക്കളെ ( ത്രിത്വശ്രമത്തിലെ മക്കളെയും ) ഒരിക്കലും മറക്കില്ല എന്ന വിശ്വാസമാണ് ദൈവപരിപാലനയിലുള്ള വിശ്വാസം എന്ന് ജീവിതം കൊണ്ട് അടയാളപ്പെടുത്തി അദ്ദേഹം താരതമ്യേന ഒരു ചെറു പ്രായത്തിൽ നമ്മെ വിട്ട് പോയി... 
കരുണയും കരുതലും ഉള്ളിൽ നിറച്ചു മക്കൾക്ക് വേണ്ടി ജീവിച്ചു ജീവിച്ചു അദ്ദേഹം കടന്നു പോയി... 
ജീവിക്കുന്ന വർഷത്തെക്കാൾ വർഷിക്കുന്ന ജീവിതം ആണ് പ്രധാനം എന്ന ഓർമ്മപ്പെടുത്തൽ ആണ് ആ ജീവിതം...

സണ്ണി അച്ചാ, സ്വർഗ്ഗത്തിലെ കരുണയുള്ള അപ്പനോട് ഞങ്ങൾ കൂടപ്പിറപ്പുകൾക്കായി പ്രാർത്ഥിക്കണേ... 

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

സഹനം

🥭 *ജ്ഞാനധ്യാനം* 🥭


2️⃣0️⃣2️⃣0️⃣ *മെയ്‌* 2️⃣9️⃣


"എന്നാല്‍, അവസാനംവരെ സഹിച്ചുനില്‍ക്കുന്നവന്‍ രക്‌ഷിക്കപ്പെടും."
മത്തായി 24 : 13

 *സഹനം* 

1. *ശുദ്ധീകരിക്കുന്ന സഹനം* 

ശുദ്ധീകരണത്തിലേക്ക് നയിക്കുന്ന സഹനാനുഭവങ്ങൾ ആത്മീയജീവിതത്തിലെ അനിവാര്യതയാണ് എന്ന സൂചനകൾ നൽകുന്ന ഏതാനും ദൈവവചനങ്ങൾ... 

a. "ഞാന്‍ എന്‍െറ കരം നിനക്കെതിരായി ഉയര്‍ത്തും. ചൂളയില്‍ എന്നപോലെ ഉരുക്കി നിന്നെ ശുദ്‌ധിചെയ്യും. നിന്നില്‍ കലര്‍ന്നിരിക്കുന്ന വിലകെട്ട ലോഹം ഞാന്‍ നീക്കിക്കളയും."
ഏശയ്യാ 1 : 25

b. "ഞാന്‍ നിന്നെ ശുദ്‌ധീകരിച്ചു, എന്നാല്‍, വെള്ളിപോലെയല്ല. കഷ്‌ട തയുടെ ചൂളയില്‍ നിന്നെ ഞാന്‍ ശോധനചെയ്‌തു."
ഏശയ്യാ 48 : 10

c. "ഞാന്‍ അവരെ ചൂളയില്‍ ഉരുക്കി ശുദ്‌ധീകരിക്കും; എന്‍െറ ജനത്തോടു ഞാന്‍ മറ്റെന്താണു ചെയ്യുക?
ജറെമിയാ 9 : 7

d. "എന്തെന്നാല്‍, സ്വര്‍ണം അഗ്‌നിയില്‍ശുദ്‌ധിചെയ്യപ്പെടുന്നു; സഹനത്തിന്‍െറ ചൂളയില്‍ കര്‍ത്താവിനു സ്വീകാര്യരായ മനുഷ്യരും."
പ്രഭാഷകന്‍ 2 : 5

സ്വർണം അഗ്നിയിൽ ശുദ്ധിചെയ്യപ്പെടുന്നത് പോലെഅശുദ്ധിയുടെ വിലകെട്ട ലോഹങ്ങളെ ഉരുക്കികളയാൻ ദൈവമനുവദിക്കുന്ന സഹനവഴികളെ നമുക്ക് തടയാതിരിക്കാം !

2. *സഹനം ദൈവകൃപകളെ ഇരട്ടിയാക്കുന്നു* 

ഇപ്പോൾ ഉള്ള ചില നന്മകൾ, ചില സുകൃതങ്ങൾ, ചില കൃപകൾ ഒക്കെ ഇരട്ടിയാക്കി തിരികെ തരുന്നതിനു മുമ്പ് ദൈവം സഹനം അനുവദിക്കാം... 
സഹനത്തെക്കുറിച്ചുള്ള ധ്യാനത്തിൽ ജോബിനെ മറക്കാൻ ആവില്ലല്ലോ... 
ജോബിന്റെ പുസ്തകം ആരംഭിക്കുമ്പോൾ ജോബിനുള്ളതിനേക്കാൾ ഐശ്വര്യവും ധന്യതയും ഇരട്ടിയായ ഭൗതികനന്മകളും പുസ്തകം അവസാനിക്കുമ്പോൾ അദ്ദേഹത്തിന് സ്വന്തമാണ് എന്ന് താഴെ കാണുന്ന വചനങ്ങളുടെ താരതമ്യത്തിൽ വ്യക്തമാണ്...

a. "പൗരസ്‌ത്യദേശത്തെ ഏറ്റവും വലിയ സമ്പന്നനായിരുന്ന അവന്‌ ഏഴായിരം ആടുകളും മൂവായിരം ഒട്ടകങ്ങളും അഞ്ഞൂറു ജോടി കാളകളും അഞ്ഞൂറു പെണ്‍കഴുതകളും എണ്ണമറ്റ ദാസന്‍മാരും ഉണ്ടായിരുന്നു."
ജോബ്‌ 1 : 3

b. "ജോബ്‌ തന്‍െറ സ്‌നേഹിതന്‍മാര്‍ക്കുവേണ്ടി പ്രാര്‍ത്‌ഥിച്ചപ്പോള്‍ അവനുണ്ടായിരുന്ന ഐശ്വര്യം കര്‍ത്താവ്‌ തിരിയെക്കൊടുത്തു. അവിടുന്ന്‌ അത്‌ ഇരട്ടിയായിക്കൊടുത്തു.
കര്‍ത്താവ്‌ അവന്‍െറ ശേഷി ച്ചജീവിതം മുന്‍പിലത്തേതിനെക്കാള്‍ ധന്യമാക്കി, അവന്‌ പതിന്നാലായിരം ആടുകളും ആറായിരം ഒട്ടകങ്ങളും, ആയിരം ഏര്‍ കാളകളും, ആയിരം പെണ്‍കഴുതകളും ഉണ്ടായി."
ജോബ്‌ 42 : 10-12

ഒന്നാം അധ്യായത്തിനും നാല്പത്തിരണ്ടാം അധ്യായത്തിനും ഇടയിൽ നുറുങ്ങി പൊടിഞ്ഞ ജോബിനെ ഐശ്വര്യത്തിന്റെയും ധന്യതയുടെയും ഭൗതീകനന്മകളുടെയും സമൃദ്ധി കാത്തിരിപ്പുണ്ടായിരുന്നു... 😊
വിചാരണത്തടവിൽ എന്നത് പോലെ ഭാര്യയുടെയും സ്നേഹിതരുടെയും പരിഹാസശരങ്ങൾ ഏറ്റു വാങ്ങി വെന്തുരുകി, ജനിച്ച ദിനത്തെക്കുറിച്ച് ഓർമ്മിക്കാൻ പോലും ഇഷ്ടപെടാത്ത നിരാശാബോധത്തിൽ കൂടി കടന്നു പോയപ്പോൾ പാവം ജോബ് അറിഞ്ഞിട്ടുണ്ടാവുമോ, ഇരട്ടിയാകുന്ന ദൈവകൃപയുടെ സമൃദ്ധി തന്നെ കാത്തിരിപ്പുണ്ട് എന്ന്...

പൗലോസ് ശ്ലീഹ അത് ഭംഗിയായി പറഞ്ഞ് തരുന്നുണ്ട്... 

"നമുക്കു വെളിപ്പെടാനിരിക്കുന്ന മഹത്വത്തോടു തുലനം ചെയ്യുമ്പോള്‍ ഇന്നത്തെ കഷ്‌ടതകള്‍ നിസ്‌സാരമാണെന്നു ഞാന്‍ കരുതുന്നു."
റോമാ 8 : 18
 
3. *സഹനം നമ്മെ പൂർണ്ണരാക്കുന്നു* 

a. "തന്‍െറ നിത്യ മഹത്വത്തിലേക്കു ക്രിസ്‌തുവില്‍ നിങ്ങളെ വിളിച്ചിരിക്കുന്ന അനുഗ്രഹദാതാവായ ദൈവം നിങ്ങളെ അല്‍പകാലത്തെ സഹനത്തിനുശേഷം പൂര്‍ണരാക്കുകയും സ്‌ഥിരീകരിക്കുകയും ശക്‌തരാക്കുകയും ചെയ്യും."
1 പത്രോസ് 5 : 10

b. "സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഗോതമ്പുമണി നിലത്തുവീണ്‌ അഴിയുന്നില്ലെങ്കില്‍ അത്‌ അതേപടിയിരിക്കും. അഴിയുന്നെങ്കിലോ അതു വളരെ ഫലം പുറപ്പെടുവിക്കും."
യോഹന്നാന്‍ 12 : 24

വിശുദ്ധ അൽഫോൻസാമ്മയുടെ ജീവിതവഴികളെ ധ്യാനിക്കുമ്പോൾ ഒക്കെ ഓർമ്മിച്ചെടുക്കുന്ന ഈ വചനങ്ങൾ സഹനധ്യാനത്തെ ദീപ്തമാക്കും... 

അൽഫോൻസാമ്മയെക്കുറിച്ചെഴുതിയ  ഒരു പുസ്തകം ഒരുപാട് ഇഷ്ടമാണ്... 

ഭരണങ്ങാനത്തെ ഒരു കന്യകാലയത്തിൻറെ മതിൽക്കെട്ടിനുള്ളിൽ  മാത്രം ഒതുങ്ങിയ  ഒരായുസ്സിൻറെ മുഴുവൻ  വ്യഥകളും ഉൾപ്പോരുകളും  നിഴലിക്കുന്ന വാക്കുകളുടെ അക്ഷരമാലയാണ്  ആ പുസ്തകം...
ബലിയായി തീരുന്ന ഒരു കൊച്ചു മാലാഖയുടെ ജീവിത കഥയുടെ നിർമ്മല വ്യാഖ്യാനം... 

അവരുടെ നടുവിനെ  നീറ്റിയ വേദനകളും  സഹനത്തിൻറെ
വിയർപ്പുകളും ചുംബിച്ച കുരിശുകളും  നിശബ്ദ രാത്രികളിലെ  കണ്ണീരും
ചേർന്നു പുസ്തകത്താളുകളെ ബലിയുടെ ഗന്ധമുള്ളതാക്കുന്നു...

നമ്മുടെ റോമുളൂസച്ചൻറെ ഓർമ്മക്കുറിപ്പിൻറെ പേര് ''സ്നേഹ ബലി  അഥവാ അൽഫോൻസാ ''...

ഇത്ര കണ്ടു സൗമ്യമായി വ്യസനങ്ങളെയും തേങ്ങലുകളെയും  നേരിട്ട ഒരായുസ്സിന്  സ്നേഹബലി
എന്നല്ലാതെ  മറ്റെന്തുപേര് നൽകും ?


ഈശോയെ, ഉത്തരം കിട്ടാത്ത സഹനവഴികളിൽ യാത്ര ചെയ്യുമ്പോൾ സ്വയം വിശുദ്ധീകരിക്കപ്പെടാനും 
ദൈവകൃപകൾ ഇരട്ടിക്കപ്പെടാനും 
വിശുദ്ധിയിൽ പൂർണ്ണരാകാനും അങ്ങ് ഞങ്ങളെ ഒരുക്കുകയാണ് എന്ന ജ്ഞാനം നൽകി അനുഗ്രഹിക്കണമേ... 


✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Wednesday, May 27, 2020

ശിഷ്യത്വം

 🥭 *ജ്ഞാനധ്യാനം* 🥭


2️⃣0️⃣2️⃣0️⃣ *മെയ്‌* 2️⃣8️⃣


"സ്വന്തം കുരിശു വഹിക്കാതെ എന്‍െറ പിന്നാലെ വരുന്നവന്‌ എന്‍െറ ശിഷ്യനായിരിക്കുവാന്‍ കഴിയുകയില്ല."
ലൂക്കാ 14 : 27

 *ശിഷ്യത്വത്തിലേക്കുള്ള വഴികൾ* 

1. *പകരം വയ്ക്കാനാവാത്ത ദൈവസ്നേഹം* 

"സ്വന്തം പിതാവിനെയും മാതാവിനെയും ഭാര്യയെയും മക്കളെയും സഹോദരന്‍മാരെയും സഹോദരിമാരെയും എന്നല്ല, സ്വജീവനെത്തന്നെയും വെറുക്കാതെ എന്‍െറ അടുത്തുവരുന്ന ആര്‍ക്കും എന്‍െറ ശിഷ്യനായിരിക്കുവാന്‍ സാധിക്കുകയില്ല."
ലൂക്കാ 14 : 26

ശത്രുക്കളെ പോലും സ്നേഹിക്കാൻ പറഞ്ഞവൻ മാതാപിതാക്കളെയും സഹോദരിസഹോദരങ്ങളെയും മക്കളെയും വെറുക്കാൻ പറയും എന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ട് ഉള്ളത് കൊണ്ട് "വെറുക്കുക" എന്നതിന്റെ തത്തുല്യമായ ഗ്രീക്ക് പദം അന്വേഷിച്ചു... 

μισέω (miseó) - to love less


ദൈവത്തെ സ്നേഹിക്കുന്നതിനോട് തുലനം ചെയ്യുമ്പോൾ മറ്റെല്ലാ സ്നേഹബന്ധങ്ങളും അതിന് താഴെ ആയിരിക്കണം എന്ന് മനസിലാക്കാൻ ആണ് ഇഷ്ടം... 

അപ്പോൾ ഈ വാക്യം ലിഖിത വാഖ്യാനത്തിനും അപ്പുറം ആത്മീയ രഹസ്യം ഉൾക്കൊള്ളുന്നതാണ്... 
ഈശോയുടെ തന്നെ വാക്കുകളിൽ അർത്ഥം വ്യക്തമാക്കാം... 

"എന്നെക്കാളധികം പിതാവിനെയോ മാതാവിനെയോ സ്‌നേഹിക്കുന്നവന്‍ എനിക്കു യോഗ്യനല്ല; എന്നെക്കാളധികം പുത്രനെയോ പുത്രിയെയോ സ്‌നേഹിക്കുന്നവനും എനിക്കു യോഗ്യനല്ല."
മത്തായി 10 : 37

എല്ലാറ്റിനും മീതെ ഈശോയോടുള്ള സ്നേഹബന്ധം ഉണ്ടാവണം എന്നർത്ഥം... 🙂

2. *സ്വന്തം കുരിശ് വഹിക്കുക* 

"സ്വന്തം കുരിശു വഹിക്കാതെ എന്‍െറ പിന്നാലെ വരുന്നവന്‌ എന്‍െറ ശിഷ്യനായിരിക്കുവാന്‍ കഴിയുകയില്ല."
ലൂക്കാ 14 : 27
 
കുരിശ് പലർക്കും പലതാകാം... ഒരാൾക്ക് അത് രോഗമാകാം, മറ്റൊരാൾക്ക്‌ തെറ്റിദ്ധരിക്കപ്പെടലിന്റെ നോവ്, വേറെ ഒരാൾക്ക് പാപത്തോടും പാപസാഹചര്യത്തോടും മല്ലിടുന്നതിന്റെ ആത്മസംഘർഷങ്ങൾ, മറ്റു ചിലർക്ക് ഒറ്റപെട്ടുപോകുന്നതിനെ നൊമ്പരം... 
ശിഷ്യത്വത്തിന്റെ കൃപയിലേക്ക് പ്രവേശിക്കാൻ
എല്ലാം സന്തോഷത്തോടെ വഹിച്ചു കൊണ്ട്  ഈശോയുടെ പിന്നാലെ പോയെ തീരൂ... 

 *3. ഉറകെട്ട ഉപ്പാണോ ഞാൻ?* 

ഉപ്പ്‌ നല്ലതു തന്നെ; എന്നാല്‍ ഉറകെട്ടുപോയാല്‍ അതിന്‌ എങ്ങനെ ഉറകൂട്ടും?
ലൂക്കാ 14 : 34

ശിഷ്യത്വത്തിന്റെ വഴികളിൽ പതിയിരിക്കുന്ന അപകടകരമായ ഒരു ദുരന്ത സാധ്യതയെ സൂചിപ്പിക്കുന്ന രൂപകമാണ് " ഉറകെട്ട ഉപ്പ്. "
നിതാന്തമായ ജാഗ്രത പുലർത്തിയില്ലെങ്കിൽ, ദൈവകൃപയുടെ, ആത്മീയഅഭിമുഖ്യങ്ങളുടെ, ശരീരശുദ്ധിയുടെ, പ്രാർത്ഥനാജീവിതത്തിന്റെ ഒക്കെ ഉറ കെട്ട് പോകും... 
പിന്നെ ഉറ കെട്ട ഉപ്പിന് സമം... 
ഉപകാരമില്ലാതെ വലിച്ചെറിയപ്പെട്ടും ചവിട്ടേറ്റും... 
എന്തൊരു വേദനയാണത്? 

ദൈവമേ, ഉറ കെട്ട ഉപ്പ് ഒന്നിനും ഉപകരിക്കാതെ മനുഷ്യരാൽ ചവിട്ടപ്പെടുന്നത് പോലെ, ഉപകാരമില്ലാതെ വലിച്ചെറിയപ്പെടാനും  ചവിട്ടപ്പെടാനും കാരണം ആകുന്ന ദുരന്തസാധ്യതയിൽ നിന്ന് ഞങ്ങളെ കാത്തുകൊള്ളണമേ... 


നമ്മുടെ കർത്താവായ ഈശോ മിശിഹായുടെ കൃപ നിങ്ങളോട് കൂടെ !

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.


Image Courtesy : https://www.google.com/search?q=carrying+the+cross&client=ms-android-samsung-gj-rev1&prmd=ivsn&source=lnms&tbm=isch&sa=X&ved=2ahUKEwj0vdyh4NPpAhU34HMBHQG3CKYQ_AUoAXoECA8QAQ&biw=412&bih=758&dpr=1.75#imgrc=m_jLR9cgTeTLeM&imgdii=wI7whGU_zH6YSM


Tuesday, May 26, 2020

നിത്യജീവൻ


🥭 *ജ്ഞാനധ്യാനം* 🥭



2️⃣0️⃣2️⃣0️⃣ *മെയ്‌* 2️⃣7️⃣

"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ്‌ അയ  ച്ചയേശുക്രിസ്‌തുവിനെയും അറിയുക എന്നതാണ്‌ നിത്യജീവന്‍."
യോഹന്നാന്‍ 17 : 3

 *നിത്യജീവൻ* 

കുഞ്ഞുന്നാളിൽ ഒരു കന്യാസ്ത്രീ അമ്മ വേദപാഠക്ലാസ്സിൽ ചോദ്യോത്തരം ആയി പറഞ്ഞ് തന്ന ഒരു അറിവ് വളരെ അമൂല്യമായ ജീവിത യാഥാർഥ്യമായി ഇന്ന് തിരിച്ചറിയുന്നു... 

ചോദ്യം: നാം എന്തിനാണ് ഭൂമിയിൽ ആയിരിക്കുന്നത്? 

ഉത്തരം: ദൈവത്തെ അറിഞ്ഞും  സ്നേഹിച്ചും അവിടുത്തെ കല്പനകൾ കത്തും തിരികെ സ്വർഗത്തിൽ എത്തിച്ചേരാൻ... (നമ്മുടെ Youcat ന്റെ ആദ്യ ചോദ്യോത്തരവും ഇത് തന്നെ ) 

സ്വർഗ്ഗരാജ്യം എന്ന നിത്യസമ്മാനത്തെ ലക്ഷ്യമാക്കി യാത്ര ചെയ്യുന്ന തീർത്ഥാടക സഭ ആയിട്ടാണ് രണ്ടാം വത്തിക്കാൻ സൂനഹദോസിന്റെ തിരുസഭയെകുറിച്ചുള്ള "ജനതകളുടെ പ്രകാശം " എന്ന പ്രമാണരേഖ തിരുസഭയെ പരിചയപ്പെടുത്തുന്നത്...

നിത്യജീവനിലേക്കുള്ള പ്രയാണത്തിൽ അനിവാര്യമായ നിലപാടുകളെക്കുറിച്ചാണ് ഈ ധ്യാനം... 🙏🙏🙏

നിത്യജീവൻ പ്രാപിക്കാനുള്ള വചനവഴികൾ...

1. *പരിത്യാഗം* 

"എന്‍െറ നാമത്തെപ്രതി ഭവനത്തെയോ സഹോദരന്‍മാരെയോ സഹോദരികളെയോ പിതാവിനെയോ മാതാവിനെയോ മക്കളെയോ വയലുകളെയോ പരിത്യജിക്കുന്ന ഏതൊരുവനും നൂറിരട്ടി ലഭിക്കും; അവന്‍ നിത്യജീവന്‍ അവകാശമാക്കുകയും ചെയ്യും."
മത്തായി 19 : 29


ചില ഉപേക്ഷകൾ, ചില ത്യജിക്കലുകൾ, ചില പരിഹാരങ്ങൾ... പ്രത്യക്ഷത്തിൽ വേദനാജനകമായി അനുഭവപ്പെട്ടാലും അവയെല്ലാം സ്വർഗ്ഗരാജ്യത്തിൽ നിന്നുള്ള അകലം കുറയ്ക്കും എന്നർത്ഥം... 

2. *കരുണ* 
 
"അപ്പോള്‍ ഒരു നിയമജ്‌ഞന്‍ എഴുന്നേ റ്റു നിന്ന്‌ അവനെ പരീക്‌ഷിക്കുവാന്‍ ചോദിച്ചു: ഗുരോ, നിത്യജീവന്‍ അവകാശമാക്കാന്‍ ഞാന്‍ എന്തു ചെയ്യണം?
...........................
അവനോടു കരുണ കാണിച്ചവന്‍ എന്ന്‌ ആ നിയമജ്‌ഞന്‍ പറഞ്ഞു. യേശുപറഞ്ഞു: നീയും പോയി അതുപോലെ ചെയ്യുക."
ലൂക്കാ 10 : 25, 37

അപരന്റെ സങ്കടം തിരിച്ചറിയാൻ ഉള്ള സംവേദനക്ഷമതയാണ് നമ്മെ  സ്വർഗത്തോടടുപ്പിക്കുന്ന മറ്റൊരു അനിവാര്യത... 
കൂടെജീവിക്കുന്നവരുടെയും ഒപ്പം നിൽക്കുന്നവരുടെയും സങ്കടം അറിയാതെ സ്വർഗ്ഗം പ്രാപിക്കാം എന്ന വ്യാമോഹം എന്നെ  കബളിപ്പിച്ചുകൊണ്ടിരിക്കുന്നു.
( ന്യായീകരണത്തിന്റെ അതിബുദ്ധി കൂട്ടുള്ളത് കൊണ്ട് കണ്ണടച്ച് ഇരുട്ടാക്കൽ തുടരുന്നു )

3. *അറിവ്* 


"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ്‌ അയ ച്ചയേശുക്രിസ്‌തുവിനെയും അറിയുക എന്നതാണ്‌ നിത്യജീവന്‍."
യോഹന്നാന്‍ 17 : 3

ഈശോയെ അറിയുന്നത് ആണ് നിത്യജീവൻ... 
ആഴമേറിയ ബന്ധത്തെ ( ഭാര്യാഭർത്തൃ ബന്ധം ഉൾപ്പെടെ ) സൂചിപ്പിക്കാനും ബൈബിൾ അറിയുക എന്ന പദം ഉപയോഗിക്കുന്നുണ്ട്...
ഈശോയോടുള്ള ആഴമേറിയ ബന്ധത്തിനും പുനരർപ്പണത്തിനും പ്രാപ്തമാക്കുന്ന ദൈവീകസത്യങ്ങളുടെ അറിവ് എന്ന് കൂടി "അറിവ്" എന്ന വാക്കിന് അർത്ഥം ഉണ്ടാകും... 

വിശുദ്ധ അമ്മ ത്രേസ്യായുടെയും യോഹന്നാൻ ക്രൂസിന്റെയും ആത്മീയ അന്വേഷണ വഴികളിൽ അവസാനത്തേത് ദൈവൈക്യത്തിന്റെ ( Union with God) വഴി ആണ്... 
ആത്മീയ അന്വേഷണങ്ങൾ, അറിവുകൾ... 
എല്ലാം ആഴമുള്ള ദൈവ മനുഷ്യ ബന്ധത്തിലേക്ക് നയിക്കപ്പെടുമ്പോൾ സ്വർഗ്ഗം പ്രാപ്യമാകുന്ന ലക്ഷ്യമാകുന്നു... 

വിശുദ്ധ ചാവറപിതാവിന്റെ "ധ്യാനസല്ലാപങ്ങളിലെ" ഓർമ്മപ്പെടുത്തൽ മറക്കാനാവില്ലല്ലോ... 
 
"ദൈവശുശ്രൂഷിയായ ആത്മാവേ, നീ എന്ത് ചെയ്യുന്നു? 
എവിടെ പോകുന്നു? 
ഈ കഴിച്ചു വരുന്ന ജീവിതം കൊണ്ട് നീ എങ്ങനെ ആയി തീരും? 
ഇപ്പോൾ നടക്കുന്ന വഴി എവിടേക്ക് നിന്നെ കൊണ്ടു പോകും? 
ആ വഴി മോക്ഷത്തിൽ നിന്നെ എത്തിക്കുമോ? "



നമ്മുടെ കർത്താവായ ഈശോ മിശിഹായുടെ കൃപ നിങ്ങോളോട് കൂടെ !

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.