Sunday, August 30, 2020

ജാഗരൂകത

ജ്ഞാനധ്യാനം
ആഗസ്റ്റ് 31

ജാഗരൂകത

"നിങ്ങള്‍ ജാഗരൂകരായിരിക്കുവിന്‍. എല്ലാം ഞാന്‍ മുന്‍കൂട്ടി നിങ്ങളോടു പറഞ്ഞിരിക്കുന്നു."
മര്‍ക്കോസ്‌ 13 : 23

തെരെഞ്ഞെടുക്കപ്പെട്ടവർ പോലും വഴി തെറ്റിപ്പോകാൻ ഇടയുള്ള അപകടകരമായ ഒരു സമയം ചരിത്രത്തിൽ ഉണ്ടാകും എന്നതിനാൽ ജാഗ്രത പുലർത്തണം എന്ന് ഈശോ ഓർമ്മിപ്പിക്കുന്നു... 
കള്ളക്രിസ്തുമാരും വ്യാജപ്രവാചകന്മാരും ചരിത്രത്തിൽ പ്രത്യക്ഷപ്പെടുമ്പോൾ തട്ടിപ്പുകളെ തിരിച്ചറിയാൻ ഉള്ള വിവേചനത്തിന്റെ വരം പരിശുദ്ധത്മവിനോട് ചോദിച്ച് വാങ്ങാം... 
ഒറിജിനിലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ് കൊണ്ട് വാണിജ്യ മേഖലയിൽ മനുഷ്യരെ പറ്റിക്കുന്ന വിൽപ്പനക്കാരെപ്പോലെ ആത്മീയയിലും ഉണ്ടാകും ചിലർ... 
തങ്ങൾക്കിഷ്ടമുള്ളത് പോലെ മാത്രം ദൈവവചനം തെറ്റായി വ്യാഖ്യാനിച്ച് മനുഷ്യരെ അബദ്ധങ്ങളിൽ ചാടിക്കുന്നവർ... 
സത്യമെത് മിഥ്യയേത് എന്ന് തിരിച്ചറിയാൻ വിവേചനത്തിന്റെ വരത്തിനായും സത്യത്തിൽ ഉറപ്പിക്കപ്പെടാൻ വചനം വായിച്ച് പ്രാർത്ഥിച്ചു പഠിക്കാനുള്ള വിനയത്തിനായും പ്രാർത്ഥിക്കാം... 

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി 
എം. ഐ.

Saturday, August 29, 2020

പ്രാർത്ഥനയിൽ മടുക്കരുതേ

ജ്ഞാനധ്യാനം
ആഗസ്റ്റ് 30

പ്രാർത്ഥനയിൽ മടുക്കരുതേ

"ഭഗ്‌നാശരാകാതെ എപ്പോഴും പ്രാര്‍ഥിക്കണം എന്നു കാണിക്കാന്‍ ഈശോ അവരോട്‌ ഒരു ഉപമ പറഞ്ഞു."
ലൂക്കാ 18 : 1

ജീവിതത്തിന്റെ നിർണായക ഘട്ടങ്ങളിൽ എല്ലാം പ്രാർത്ഥിച്ചു ശക്തി നേടി മാതൃക കാണിച്ച ഈശോ മടുപ്പ് തോന്നാതെ പ്രാർത്ഥിക്കണം എന്ന് കേൾവിക്കാരെ ഓർമ്മിപ്പിക്കാൻ ഒരു ഉപമ പറയുന്നു... 
ദൈവത്തെ ഭയപ്പെടുകയോ മനുഷ്യരെ മാനിക്കുകയോ ചെയ്യാത്ത നീതിരഹിതനായ ന്യായാധിപൻ പോലും വിധവയായ സ്ത്രീയ്ക്ക് നിർബന്ധിക്കപ്പെട്ടതിന്റെ പേരിൽ നീതി നടത്തികൊടുക്കുന്നു... 
അങ്ങനെയെങ്കിൽ രാവും പകലും തന്നെ വിളിച്ചപേക്ഷിക്കുന്നവർക്ക് പിതാവായ ദൈവം നീതി നടത്തിക്കൊടുക്കുകയില്ലേ എന്ന ചോദ്യം കൊണ്ടാണ് ഈശോ ഉപമയ്ക്ക് വിശദീകരണം നൽകുന്നത്... 
നിന്റെ കണ്ണീർക്കണങ്ങൾ അവിടുന്ന് കുപ്പിയിൽ ശേഖരിച്ചിട്ടുണ്ട് എന്ന സങ്കീർത്തനവചനവും ഓർമ്മിക്കാം... 
ഒരു പ്രാർത്ഥനയും കേൾക്കപ്പെടാതെ പോകുന്നില്ല എന്ന ഉറപ്പ് ഈശോയുടെ നാവിൽ നിന്ന് തന്നെ കേൾക്കുമ്പോൾ എന്തൊരു സമാശ്വാസം ആണ്... 
സുവിശേഷ വായന അവസാനിക്കുന്നത് ഈശോയുടെ വേദന നിറഞ്ഞ ഒരു ചോദ്യത്തോടെയാണ്... 
"മനുഷ്യപുത്രൻ വരുമ്പോൾ ഭൂമിയിൽ വിശ്വാസം കണ്ടെത്തുമോ? "
ഈശോയെ, അങ്ങ് വീണ്ടും വരുമ്പോൾ എന്നിൽ വിശ്വാസം കണ്ടെത്തും വിധം ജീവിക്കാൻ എന്നെ പഠിപ്പിക്കണമേ... 

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Friday, August 28, 2020

എവുപ്രാസ്യാമ്മ : സക്രാരിയുടെ കാവൽക്കാരി !


ജ്ഞാനധ്യാനം 
ആഗസ്റ്റ് 29

എവുപ്രാസ്യാമ്മ : സക്രാരിയുടെ  കാവൽക്കാരി !

സന്യാസത്തിലെ അതിഭൗതീക വാദത്തിനും അമിതമായ സങ്കീർണ്ണതകൾക്കും ലാളിത്യം എന്ന സുകൃതം കൊണ്ട് ദൈവം കൊടുക്കുന്ന ഉത്തരമാണ് " എവുപ്രാസ്യാമ്മ "
കണ്ണിലെ അണുബാധ നിയന്ത്രിക്കാൻ തക്ക ഔഷധ ഗുണമുള്ള ഒരു പൂവിന്റെ പേരാണ് " യൂഫ്രേഷ്യ " ( Euphrasia )
ശരിയാണത്...
മലിനമായ കാഴ്ചകൾ കണ്ട് കണ്ട് നിഷ്കളങ്ക സ്നേഹത്തിന്റെ ഉറവ വറ്റിപോയവർക്കും കണ്ണിൽ അണുബാധ പിടിച്ചവർക്കും ഇനി ആ അമ്മയെ നോക്കാം...
കൊഴിഞ്ഞ പല്ലുള്ള മോണയും ചുക്കി ചുളിഞ്ഞ മുഖവും കാട്ടി ഒല്ലൂർ കാരി 'അമ്മ ചിരിക്കുന്നത് കാണുന്നില്ലേ?
നിഷ്കളങ്ക സ്നേഹത്തിന്റെ ഉറവ വറ്റാത്ത നന്മയാണ് ചിരിയായി ഒഴുകുന്നത്...
പ്രാർത്ഥനയുടെയും ലാളിത്യത്തിന്റെയും നിർമല ജീവിതം നയിച്ച് ഈശോയുടെ സക്രാരിപ്പെട്ടിക്കു കാവലിരുന്നു ഒരു സ്ത്രീക്ക് എങ്ങനെ നിര്മലമായി ചിരിക്കാതിരിക്കാൻ ആവും?
നൈർമല്യവും ലാളിത്യവും നിറഞ്ഞ സന്യാസ വ്രത ശുദ്ധിയുടെ ജീവിത ശീലുകളിൽ അളവില്ലാത്ത ആനന്ദം കണ്ടെത്തിയ ആ പാവം അമ്മയുടെ കൂട്ടും പ്രാർത്ഥനയും നല്ലതല്ലേ? അതെ ...നിശ്ചയമായും !

പ്രാർത്ഥിക്കുന്ന 'അമ്മ എന്നൊക്കെ പ്രിയപ്പെട്ടവർ അവരെ വിളിച്ചിരുന്നു...
ഇങ്ങനെ നന്മ നിറഞ്ഞ വിശേഷണം നേടിയെടുക്കാൻ മാത്രം സ്നേഹം ഉള്ള മനുഷ്യരെ കൊണ്ട് ഭൂമി നിറഞ്ഞിരുന്നെങ്കിൽ !
പഠിപ്പിച്ചുകൊണ്ടിരിക്കുന്ന ഗുരു തെല്ല് പരിഹാസത്തോടെ പറഞ്ഞതോർത്തു ചെറിയ വിറയൽ ( അധികം ആയുസ്സില്ല അതിന് .... ഞാൻ വീണ്ടും വളരെ പെട്ടന്ന് ബുദ്ധി കൊണ്ട് കൈ കഴുകി മാറും ) ...
" ഉടുപ്പിട്ട ചേട്ടന്മാർ "....
പ്രാർത്ഥിക്കുന്നവർ എന്നതൊഴികെ,  എല്ലാ വിശേഷണവും നേടിയെടുക്കാൻ ശ്രമിക്കുന്ന എന്നെപോലെ ഉള്ളവർക്ക് ഇനി ആ അമ്മയുടെ കൂട്ട് തേടാം...

വിശുദ്ധി നിറഞ്ഞവർ ഇല്ലാതെ പോകുന്നല്ലോ എന്ന് നെടുവീർപ്പെട്ട ചാവറപിതാവിന്റെ കൂനൻമാവിലെ  സ്വപ്‌ന വീട്ടിൽ ചേർന്ന റോസാ എന്ന പെൺകുട്ടി ആ പിതാവിനോടൊത്തു തന്നെ ദൈവത്തെ മഹത്വപ്പെടുത്തി...
വത്തിക്കാനിൽ നടന്ന ഒരു ഔപചാരിക ചടങ്ങിൽ, പെട്ടന്ന് അവർ വിശുദ്ധരായതൊന്നുമല്ല...
വിശുദ്ധർ ആയി ജീവിച്ചത് കൊണ്ട് ലോകം അതിനെ അംഗീകരിച്ചു എന്ന് മാത്രം....

അമ്മേ ... എവുപ്രാസ്യാമ്മേ... സ്നേഹമില്ലായ്മയുടെ ചൂണ്ടക്കൊളുത്തിൽ പെട്ട് പോവാതെ, പീള കെട്ടിയ എന്റെ കണ്ണിൽ സ്നേഹത്തിന്റെ തീർത്ഥം തളിക്കാൻ ഈശോയോട് പറയുമോ?

"മരിച്ചാലും മരക്കില്ലാട്ടോ "

സ്നേഹപൂർവം,
അഗസ്റ്റിൻ സി.എം. ഐ.




Thursday, August 27, 2020

വെട്ടിയൊരുക്കൽ

ജ്ഞാനധ്യാനം
ആഗസ്റ്റ് 28

വെട്ടിയൊരുക്കൽ

"എന്‍െറ ശാഖകളില്‍ ഫലം തരാത്തതിനെ അവിടുന്നു നീക്കിക്കളയുന്നു. എന്നാല്‍, ഫലം തരുന്നതിനെ കൂടുതല്‍ കായ്‌ക്കാനായി അവിടുന്നു വെട്ടിയൊരുക്കുകയും ചെയ്യുന്നു."
യോഹന്നാന്‍ 15 : 2

ആത്മീയ ജീവിതത്തിന്റെ പാഠങ്ങൾ എത്ര സുന്ദരമായും ലളിതമായും ആണ് ഈശോ അവതരിപ്പിക്കുന്നത്... 
ഒരു മുന്തിരിച്ചെടി... അതിനോട് ഒട്ടിച്ചേർന്നു നിന്ന് അതിന്റെ ജീവരസം കുടിച്ച് ഫലം നൽകുന്ന ശാഖകൾ... 
സമാനമാണ് ആത്മീയ ജീവിതം... 
ഈശോയാകുന്ന തായ്ത്തണ്ടിനോട് ഒട്ടിച്ചേർന്നു നിന്ന് അവിടുത്തെ ആത്മാവാകുന്ന ജീവരസത്തിന്റെ പോഷകസമൃദ്ധിയിൽ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഫലം പുറപ്പെടുവിക്കുക... 
ഈ വഴികളിൽ എപ്പോഴും രണ്ട് സാദ്ധ്യതകൾ ആണുള്ളത്... 
ഒന്നുകിൽ, കൂടുതൽ ഫലം പുറപ്പെടുവിക്കുന്നതിന് വേണ്ടി വെട്ടിയൊരുക്കപ്പെടുക... 
അല്ലെങ്കിൽ, ഫലം പുറപ്പെടുവിക്കുന്നില്ല എന്നതിനാൽ വെട്ടി മാറ്റപ്പെടുക... 
ഈശോയെ, വെട്ടിമാറ്റപ്പെടുന്നതിന് മുമ്പ് അങ്ങ് എന്നെ വെട്ടിയൊരുക്കണമേ... 

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Wednesday, August 26, 2020

ഈശോയുടെ പ്രിയപ്പെട്ടവർ

ജ്ഞാനധ്യാനം
ആഗസ്റ്റ് 27

ഈശോയുടെ പ്രിയപ്പെട്ടവർ

"സ്വര്‍ഗസ്‌ഥനായ എന്‍െറ പിതാവിന്‍െറ ഇഷ്‌ടം നിറവേറ്റുന്നവനാരോ അവനാണ്‌ എന്‍െറ സഹോദരനും സഹോദരിയും അമ്മയും."
മത്തായി 12 : 50

അമ്മയും ബന്ധുക്കളും കാണാനെത്തിയ വിവരം ശിഷ്യർ അറിയിക്കുമ്പോൾ ഈശോയുടെ മറുപടിയാണ് നമ്മുടെ ധ്യാനവിചാരം... 
രക്തബന്ധം പോലെ മറ്റൊരു ബന്ധത്തിന് ഈശോ നിർവചനം നൽകുന്നു... 
അമ്മയോടും കൂടപ്പിറപ്പുകളോടും ഒരു മകനുള്ള ബന്ധത്തിന്റെ ആഴം അവിടുത്തേയ്ക്ക് ചിലരോടുണ്ട്... 
ആ സ്നേഹബന്ധത്തിന്റെ ചരടിൽ കോർത്തിണക്കപ്പെടാനുള്ള അടിസ്ഥാന മാനദണ്ഡമാണ് സ്വർഗ്ഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റുക എന്നത്... 
പിതാവിന്റെ ഇഷ്ടം നിറവേറ്റി ഈശോയുമായുള്ള സ്നേഹബന്ധത്തിന്റെ പൂർണ്ണത കൈവരിച്ച അവിടുത്തെ അമ്മയായ മറിയത്തിന്റെ ശ്രേഷ്ഠതയും പിതാവിന്റെ ഹിതം തിരിച്ചറിഞ്ഞ് അത് നിറവേറ്റുക എന്നതായിരുന്നു... 
അവിടുത്തെ അമ്മ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവളാണ് എന്ന് പറയുന്നതോടൊപ്പം സമാനമായ ജീവിതശൈലി - ദൈവാഹിതനുസരണത്തിന്റെ ജീവിതാശൈലി - അനുവർത്തിക്കാൻ കേൾവിക്കാരെ പ്രേരിപ്പിക്കുന്നത് കൂടിയാണ് ഈശോയുടെ ഈ മറുപടി !

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Tuesday, August 25, 2020

കണക്കെടുപ്പ്

ജ്ഞാനധ്യാനം
ആഗസ്റ്റ് 26

കണക്കെടുപ്പ്

"അതിനാല്‍, നിങ്ങളും തയ്യാറായിരിക്കണം. നിങ്ങള്‍ പ്രതീക്‌ഷിക്കാത്ത മണിക്കൂറിലായിരിക്കും മനുഷ്യപുത്രന്‍ വരുന്നത്‌."
മത്തായി 24 : 44

സാമ്പത്തികഇടപാടുകൾ നടത്തുന്ന മേഖലകളിലെല്ലാം ആവർത്തിച്ച് കേൾക്കപ്പെടുന്ന ഒരു വാക്യമുണ്ട്... 
We are all accountable... 
കണക്ക് കൊടുക്കാൻ കടപ്പെട്ടവരാണ് നാം... 
ഈ ഒരു ചെറിയ വാക്യം ദൈവത്തിന്റെ ദിനമായ ജീവന്റെ കാര്യത്തിലും എത്രയോ ശരിയാണ് !
"മനുഷ്യര്‍ പറയുന്ന ഓരോ വ്യര്‍ഥവാക്കിനും വിധിദിവസത്തില്‍ കണക്കുകൊടുക്കേണ്ടിവരും."
(മത്തായി 12 : 36) എന്ന് ഈശോ വ്യക്തമായി പറഞ്ഞിട്ടുമുണ്ട്... 
പറയുന്ന വാക്കുകളുടെ കണക്കെടുപ്പ് ഉള്ളപ്പോൾ ചെയ്യുന്ന പ്രവർത്തികളും കണക്കെടുപ്പിന് വിധേയമാക്കപ്പെടും എന്നത് എതിർക്കാനാവാത്ത സത്യമാണ്... 
ജീവന്റെ ദാതാവും വിധികർത്താവുമായ ദൈവം കണക്കെടുപ്പിന് വരുമ്പോൾ അവിടുത്തെ മുമ്പിൽ നിൽക്കാനുള്ള ആത്മബലത്തിന് വേണ്ടിയാണെന്റെ പ്രാർത്ഥന !
കണക്കെടുപ്പ് നടക്കും എന്ന് മാത്രമേ അറിയൂ... 
അതിന്റെ നേരമോ കാലമോ ഒരു നിശ്ചയവുമില്ല ; അതിനാൽ എപ്പോഴും ഒരുങ്ങിയിരിക്കാം !

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Monday, August 24, 2020

വിശ്വാസം

ജ്ഞാനധ്യാനം 
ആഗസ്റ്റ് 25

വിശ്വാസം

"ഈശോ തിരിഞ്ഞ്‌ അവളെ നോക്കി അരുളിച്ചെയ്‌തു: മകളേ, ധൈര്യമായിരിക്കുക; നിന്‍െറ വിശ്വാസം നിന്നെ രക്‌ഷിച്ചിരിക്കുന്നു. ആ നിമിഷംമുതല്‍ അവള്‍ സൗഖ്യമുള്ളവളായി."
മത്തായി 9 : 22

സമയപരിധിയില്ലാത്ത സങ്കടവഴികളിൽ യാത്ര ചെയ്ത ഒരു സ്ത്രീ ഈശോയെ കണ്ടുമുട്ടിയിട്ട് തിരികെ മടങ്ങുന്നത് എത്ര ആനന്ദവതിയായിട്ടാണ്... 
യഹൂദരുടെ മതസങ്കല്പങ്ങൾ അശുദ്ധ എന്ന് മുദ്ര കുത്തി അകറ്റി നിർത്തിയിരുന്ന രക്തസ്രാവക്കാരി... 
നിർബന്ധിത സാമൂഹിക അകലം പാലിക്കാൻ വിധിക്കപ്പെട്ടവൾ... 
ആര് വിലക്കിയാലും വിലക്കാത്ത ഒരാളുണ്ട്... 
എല്ലാവരും അകറ്റി നിർത്തുമ്പോൾ ചേർത്ത് നിർത്തുന്നത് സുവിശേഷത്തിലെ ഈശോയുടെ സവിശേഷതയാണ്... 
പന്ത്രണ്ട് വർഷങ്ങളായി കൊണ്ടു നടന്നിരുന്ന ഒരു വേദനയിൽ നിന്ന് വിമുക്തി നേടാൻ ജനക്കൂട്ടത്തിനിടയിലെ തിക്കും തിരക്കും അതിജീവിച്ച് അവൾ ഈശോയെ തൊട്ടു... 
അവിടുത്തെ തൊടുന്നവരും അവിടുന്ന് തൊടുന്നവരും വരുന്നത് പോലെയല്ല മടങ്ങുന്നത് എന്നത് സുവിശേഷം അവർത്തിച്ചുറപ്പിക്കുന്ന കാര്യമാണ്... ഇവടെയും അതാവർത്തിക്കുന്നു... 
യഹൂദന്റെ നിയമം അനുസരിച്ച് 'അരുതാത്തത് ' ചെയ്തു എന്ന ആത്മഭാരത്താൽ തലകുനിച്ചു നിൽക്കുന്നവളുടെ ആത്മവിശ്വാസത്തെ ഈശോ വളർത്തുന്നതും ഒരു പാഠമാണ്‌... 
എല്ലാവരും തള്ളിക്കളയുമ്പോളും ചേർത്ത് നിർത്തുന്ന ഈശോയുടെ സാനിധ്യം അറിഞ്ഞവർക്ക് ഒറ്റപ്പെടുന്നവരെയും സമൂഹം അകറ്റി നിർത്തുന്നവരെയും ചേർത്ത് നിർത്തി സൗഖ്യപ്പെടുത്താൻ കടമയുണ്ട്... 
പ്രതിസന്ധികളുടെ മീതെ നടന്ന് നീങ്ങുന്നവന്റെ കരുത്താണ് വിശ്വാസം !

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.