Tuesday, November 3, 2020

അശുദ്ധാത്മാവിനെ ഇഷ്ടപ്പെടുന്നവർ

ജ്ഞാനധ്യാനം
2020 നവംബർ 4

അശുദ്ധാത്മാവിനെ ഇഷ്ടപ്പെടുന്നവർ

"തങ്ങളെ വിട്ടുപോകണമെന്ന്‌ ഗരസേനരുടെ സമീപപ്രദേശങ്ങളിലെ ജനങ്ങളെല്ലാവരും അവനോട്‌ അപേക്‌ഷിച്ചു. കാരണം, അവര്‍ വളരെയേറെ ഭയന്നിരുന്നു. അവന്‍ വഞ്ചിയില്‍ കയറി മടങ്ങിപ്പോന്നു."
ലൂക്കാ 8 : 37

അശുദ്ധത്മാവ് ബാധിച്ച് സമനില തെറ്റിപ്പോയ ഒരാളെ വീണ്ടെടുക്കാനാണ് ഈശോ ഗദരായരുടെ ടെ നാട്ടിൽ എത്തിയത്... 
ശവകുടിരങ്ങളിൽ അന്തിയുറങ്ങിയിരുന്ന, ചങ്ങലകളാൽ ബന്ധിക്കപ്പെട്ടിരുന്ന, സ്വയം മുറിവേൽപ്പിച്ചുകൊണ്ടിരുന്ന ഒരു മനുഷ്യൻ !
ചങ്ങലകൾക്ക് പോലും പൂട്ടിയിടാനാവാത്തവിധം ഏതോ അന്ധകാരശക്തിയുടെ കൂച്ചുവിലങ്ങിലായിരുന്നു അയാൾ... 
ദുഷ്ടാരൂപിയുടെ കൂച്ചുവിലങ്ങുകൾ പൊട്ടിച്ചെറിഞ്ഞു ഈശോ അയാളെ വീണ്ടെടുത്തു... 
അശുദ്ധത്മാവിന്റെ ആവേശത്താൽ സമനില നഷ്ടപ്പെട്ടവന് ഈശോ സുബോധം തിരികെനൽകുമ്പോൾ ജനക്കൂട്ടത്തിന്റെ പ്രതികരണം ദുഖകരമാണ്... 
എല്ലാ അന്ധകാരശക്തികളെയും ആട്ടിയോടിച്ച് രക്ഷ നൽകുന്ന ഈശോയോട് അവർ പറയുന്നു, " തങ്ങളുടെ പ്രദേശം വിട്ട് പോകണമെന്ന്. "
ഒരുവൻ സുബോധം വീണ്ടെടുത്തപ്പോൾ ഒരു നാടിന് മുഴുവൻ സുബോധം നഷ്ടപ്പെട്ടു !
ദൈവം രക്ഷകനായി ജീവിതത്തിൽ അവതരിക്കുമ്പോൾ എന്താണ് എന്റെ പ്രതികരണം? 
എമ്മാവൂസിലേക്ക് പോയ ശിഷ്യരാണ് മാതൃക... 
നാഥാ, കൂടെ വസിക്കണമേ എന്ന് പ്രാർത്ഥിച്ചവർ... 
ഗരസേനരുടെ അവിവേകത്തിൽ നിന്ന് എമ്മാവൂസിലെ ശിഷ്യരുടെ വിവേകത്തിലേക്ക് എത്താൻ ഇനി എത്ര ദൂരം ബാക്കിയുണ്ട്? 

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Monday, November 2, 2020

വിധവയുടെ കാണിക്ക

ജ്ഞാനധ്യാനം
2020 നവംബർ 3

വിധവയുടെ കാണിക്ക

അവന്‍ പറഞ്ഞു: ദരിദ്രയായ ഈ വിധവ മറ്റെല്ലാവരെയുംകാള്‍ കൂടുതല്‍ നിക്‌ഷേപിച്ചിരിക്കുന്നു എന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു.
ലൂക്കാ 21 : 3

പഴയ നിയമ വിശുദ്ധ ഗ്രന്ഥങ്ങൾ എഴുതി സൂക്ഷിക്കുകയും നിയമങ്ങൾക്ക് വ്യാഖ്യാനം കൊടുക്കുകയും ചെയ്തിരുന്ന നിയമപണ്ഡിതരെക്കുറിച്ച് പറഞ്ഞതിന് ശേഷമാണ്  ഈശോ വിധവയുടെ കാണിക്ക ദൈവസന്നിധിയിൽ സ്വീകാര്യമായതിന്റെ കാരണം വിശദീകരിക്കുന്നത് . ദൈവത്തിന്റെ പേരിൽ ചെയ്തു കൂട്ടിയതും എഴുതിക്കൂട്ടിയതും വ്യാഖ്യാനങ്ങൾ നൽകിയതും ദൈവപ്രീതിക്ക് കരണമായില്ല എന്നത് എത്രയോ ദുഖകരമാണ് !
സ്വന്തം സ്വാർത്ഥതയുടെ അതിർവരമ്പുകൾ കൂട്ടി മുട്ടിക്കാൻ ദൈവത്തെപ്പോലും വിലയ്ക്ക് വാങ്ങാൻ ശ്രമിച്ച നിയമപണ്ഡിതരുടെ അപഹാസ്യമായ നിലപാടുകൾ ഈശോ തിരുത്തി എഴുതുന്നു. ദൈവത്തിന്റെ അടിസ്ഥാന ഭാവമായ കരുണ ഇല്ലായ്മ ചെയ്തിട്ട് പുറം മോടികളിൽ അഭിരമിച്ച് ആചാരങ്ങൾക്കും നിയമപാലനത്തിനും വേണ്ടിയുള്ള ചട്ടക്കൂടാക്കി യഹൂദ മതാത്മകതയെ തരംതാഴ്ത്തിയ വികലതകൾക്കെതിരെയാണ് ഈശോ ശബ്‌ദിക്കുന്നത്. 
ഹൃദയങ്ങൾ പരിശോധിക്കുന്ന ദൈവത്തിന്റെ മുമ്പിൽ സ്വീകാര്യത നേടുക എന്നതാണ് പ്രധാനം. 
"മനുഷ്യന്‍ കാണുന്നതല്ല കര്‍ത്താവ്‌ കാണുന്നത്‌. മനുഷ്യന്‍ ബാഹ്യരൂപത്തില്‍ ശ്രദ്‌ധിക്കുന്നു; കര്‍ത്താവാകട്ടെ ഹൃദയഭാവത്തിലും."
1 സാമുവല്‍ 16 : 7
തൊട്ടടുത്ത വിവരണത്തിൽ ഹൃദയങ്ങൾ പരിശോധിക്കുന്ന ദൈവത്തെ കൂടുതൽ പ്രകടമായ രീതിയിൽ ഈശോ വെളിപ്പെടുത്തുന്നു. ധനത്തിന്റെ സമൃദ്ധിയിൽ നിന്നും നിക്ഷേപം നടത്തിയ ധനവാന്മാരെക്കാൾ രണ്ട് ചെമ്പ് തുട്ടുകളുടെ നിസ്സാരത കൊണ്ട് പോലും ഈശോയുടെ ഹൃദയം കവർന്ന ഒരു പാവം വിധവയെ ഈശോ വാക്കുകൾ കൊണ്ട് പുകഴ്ത്തുമ്പോൾ ആദ്യവിവരണത്തിൽ മനസിലാക്കിയത് വീണ്ടും അവർത്തിച്ചുറപ്പിക്കാനാകുന്നു. 
"ഈശോ അവരോടു പറഞ്ഞു: മനുഷ്യരുടെ മുമ്പില്‍ നിങ്ങള്‍ നിങ്ങളെത്തന്നെ നീതീകരിക്കുന്നു. എന്നാല്‍, ദൈവം നിങ്ങളുടെ ഹൃദയങ്ങളെ അറിയുന്നു. മനുഷ്യര്‍ക്ക്‌ ഉത്‌കൃഷ്‌ടമായത്‌ ദൈവദൃഷ്‌ടിയില്‍ നികൃഷ്‌ടമാണ്‌."
ലൂക്കാ 16 : 15

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Friday, October 30, 2020

കാഴ്ച്ച നൽകുന്ന മിശിഹാ

ജ്ഞാനധ്യാനം
2020 ഒക്ടോബർ 31

കാഴ്ച്ച നൽകുന്ന മിശിഹാ

"അവന്റെ മാതാപിതാക്കന്‍മാര്‍ ഇങ്ങനെ പറഞ്ഞത്‌ യഹൂദരെ ഭയന്നിട്ടാണ്‌. കാരണം, യേശുവിനെ ക്രിസ്‌തു എന്ന്‌ ആരെങ്കിലും പരസ്യമായി ഏറ്റുപറഞ്ഞാല്‍ അവനെ സിനഗോഗില്‍നിന്നു പുറത്താക്കണമെന്ന്‌ യഹൂദര്‍ തീരുമാനിച്ചിരുന്നു."
യോഹന്നാന്‍ 9 : 22

മനുഷ്യന്റെ സമഗ്രവിമോചനമായിരുന്നു ഈശോയുടെ വരവിന്റെ പരമവും പ്രധാനവുമായ ലക്ഷ്യം...
അന്ധർക്ക് കാഴ്ച നൽകുന്നത് അവിടുത്തെ ദൗത്യമായിരുന്നു...
കാഴ്ച ലഭിച്ച ഒരു അന്ധൻ ഈശോയാണ് തന്നെ സുഖപ്പെടുത്തിയത് എന്ന സത്യം ഏറ്റുപറയുമ്പോൾ യഹൂദർ വിളറി പൂണ്ട് കലി തുള്ളുന്നു...
ഈശോയെ മിശിഹാ ആയി ആരെങ്കിലും അംഗീകരിച്ചാൽ അവരെ സിനഗോഗിൽ നിന്നും പുറത്താക്കാൻ തീരുമാനിച്ച യഹൂദർ സത്യത്തിനെതിരെ കണ്ണടച്ചിരുട്ടക്കുന്നവരായിരുന്നു...
കാഴ്ച്ച നൽകുന്നവനെ അംഗീകരിക്കാൻ ഉള്ള വിനയം ഇല്ലാത്തത് കൊണ്ട് സ്വയം തീർത്ത അജ്ഞതയുടെ കുഴിയിൽ നിപതിച്ച യഹൂദർ...
രക്ഷകനായ മിശിഹായിൽ നിന്ന് കാഴ്ച്ച സ്വീകരിച്ചു വെളിച്ചത്തിലേക്ക് പ്രവേശിക്കുന്നവരോടും അവർക്ക് ശത്രുതയാണ്...
ഇന്നും ഉണ്ട് ഇത്തരക്കാർ...
ഈശോയെയും അവിടുത്തെ ഏറ്റുപറഞ്ഞ് വെളിച്ചത്തിൽ വ്യാപാരിക്കുന്നവരെയും അപഹസിച്ചും  പരിഹസിച്ചും ഇല്ലാതാക്കാൻ ശ്രമിക്കുന്നവർ...
ആരൊക്കെ പരിഹസിച്ചാലും സത്യം സത്യമല്ലാതാകുന്നില്ലല്ലോ...
പരിഹസിക്കപ്പെടും തോറും ക്രിസ്തീയത വളർന്നിട്ടേയുള്ളൂ...

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Thursday, October 29, 2020

തിന്മയുടെ പുളിപ്പ്

ജ്ഞാനധ്യാനം
2020 ഒക്ടോബർ 30

തിന്മയുടെ പുളിപ്പ്

"അപ്പത്തിന്റെ പുളിമാവിനെപ്പറ്റിയല്ല ഫരിസേയരുടെയും സദുക്കായരുടെയും പ്രബോധനത്തെപ്പറ്റിയാണ്‌ സൂക്‌ഷിച്ചുകൊള്ളാന്‍ അവന്‍ അരുളിച്ചെയ്‌തതെന്ന്‌ അവര്‍ക്ക്‌ അപ്പോള്‍ മനസ്‌സിലായി."
മത്തായി 16 : 12

നന്മ നിറഞ്ഞതിന്റെ വളർച്ചയും കൈമാറ്റവും  തിന്മയായതിന്റെ അപകടകരമായ സ്വാധീനങ്ങളും വിവരിക്കുന്നതിന് ഈശോ പുളിപ്പ് എന്ന രൂപകം ഉപയോഗിക്കുന്നുണ്ട്...
ദൈവരാജ്യ മൂല്യങ്ങളുടെ വളർച്ച വിവരിക്കാൻ പുളിമാവ് എന്ന ഉപമ ഉപയോഗിച്ച ഈശോ ഇവിടെ ഫരിസേയരുടെയും സദുക്കായരുടെയും തിന്മ നിറഞ്ഞതും വഴി തെറ്റിക്കുന്നതുമായ പ്രബോധനങ്ങളെ സൂചിപ്പിക്കാൻ പുളിപ്പ് എന്ന പദം തന്നെ ഉപ്പയോഗിക്കുന്നു...
വഴി തെറ്റിക്കുന്ന പ്രബോധനങ്ങൾ സൂക്ഷിക്കേണ്ടതാണ് എന്നതാണ് മുന്നറിയിപ്പ്...
വഴി തെറ്റിക്കുന്ന പ്രബോധനങ്ങൾ കൊണ്ട് ആത്മീയത വിൽപ്പനചരക്കാക്കുന്ന പ്രവണതകൾ ഇല്ലാതാക്കാൻ സുവിശേഷത്തിന്റെ സത്യപ്രബോധനം എന്നതാണ് മറുമരുന്ന്....
ദൈവവചനം പഠിച്ചും ധ്യാനിച്ചും സത്യപ്രബോധനങ്ങളുടെ വക്താക്കളായി തിരുസഭയെ സംരക്ഷിക്കുന്നവരാണ് ഈ കാലത്തിന്റെ ആവശ്യം....

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Wednesday, October 28, 2020

വലിയവൻ

ജ്ഞാനധ്യാനം
2020 ഒക്ടോബർ 28

വലിയവൻ

"എന്റെ നാമത്തില്‍ ഈ ശിശുവിനെ സ്വീകരിക്കുന്ന ഏവനും എന്നെ സ്വീകരിക്കുന്നു; എന്നെ സ്വീകരിക്കുന്നവന്‍ എന്നെ അയച്ചവനെ സ്വീകരിക്കുന്നു. നിങ്ങളില്‍ ഏറ്റവും ചെറിയവന്‍ ആരോ അവനാണ്‌ നിങ്ങളില്‍ ഏറ്റവും വലിയന്‍.
ലൂക്കാ 9 : 48

മനുഷ്യരുടെ അവലോകന രീതിയും അളവുകോലും പോലെയല്ല ദൈവത്തിന്റേത് എന്ന് ഈശോ വീണ്ടും ഓർമ്മിപ്പിക്കുന്നു...
വലിയവൻ ആര് എന്നത് തർക്കവിഷയമാക്കിയ ശിഷ്യർക്ക് അനുകരിക്കാവുന്ന മാതൃകയായി ഒരു ശിശുവിനെ കാണിച്ച് കൊടുക്കുന്നു...
സ്വയം വലിപ്പം തെളിയിക്കാൻ നടക്കുന്നവർക്ക് എന്തോ കാര്യമായ കുഴപ്പം ഉണ്ട് എന്ന് തന്നെയാണ് സുവിശേഷ ഭാഷ്യം...
ദൈവത്തിന്റെ സ്വീകാര്യത കണ്ടെത്തുന്നതാണ് യഥാർത്ഥ വലിപ്പം എന്ന തിരിച്ചറിവാണ് വേണ്ടത്...
ദൈവസന്നിധിയിലെ സ്വീകാര്യതയ്ക്ക് അനിവാര്യമാണ് ശിശുസഹജമായ നൈർമല്യവും നിഷ്കളങ്കതയും ഹൃദയ ശുദ്ധിയും...
ദൈവമായിരുന്നിട്ടും അതിന്റെ സമാനത മുറുകെപ്പിടിക്കാതെ മനുഷ്യനായി മാറിയ ഈശോയുടെ സ്വയം ശൂന്യവൽക്കരണത്തിന്റെ മനസാണ് ദൈവസന്നിധിയിലെ സ്വീകാര്യതയുടെ മാനദണ്ഡം...

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Tuesday, October 27, 2020

താലന്ത്

ജ്ഞാനധ്യാനം
2020 ഒക്ടോബർ 28

താലന്ത്

"ഉള്ളവനു നല്‍കപ്പെടും; അവനു സമൃദ്‌ധിയുണ്ടാവുകയും ചെയ്യും. ഇല്ലാത്തവനില്‍നിന്ന്‌ ഉള്ളതുപോലും എടുക്കപ്പെടും."
മത്തായി 25 : 29

ദൈവരാജ്യത്തിന്റെ രഹസ്യങ്ങൾ വെളിപ്പെടുത്താൻ ഈശോ താലന്തുകളുടെ ഉപമ പറയുന്നു...
താലന്ത് വർധിപ്പിച്ചവരെ ഈശോ സംബോധന ചെയ്യുന്നത് ശ്രദ്ധിക്കേണ്ടതുണ്ട്...
"യജമാനന്‍ പറഞ്ഞു: കൊള്ളാം, നല്ലവനും വിശ്വസ്‌തനുമായ ഭൃത്യാ, അല്‍പകാര്യങ്ങളില്‍ വിശ്വസ്‌തനായിരുന്നതിനാല്‍ അനേക കാര്യങ്ങള്‍ നിന്നെ ഞാന്‍ ഭരമേല്‍പിക്കും. നിന്‍െറ യജമാനന്‍െറ സന്തോഷത്തിലേക്കു നീ പ്രവേശിക്കുക."
മത്തായി 25 : 23
ദൈവം നൽകിയ താലന്തുകൾ വർധിപ്പിക്കുന്നവരെ കാത്തിരിക്കുന്ന വിശേഷണങ്ങൾ മനസ്സിൽ ഉറപ്പിക്കാം...

1. നല്ലവനും വിശ്വസ്‌തനും
2. അനേക കാര്യങ്ങൾ ഭരമേൽപ്പിക്കപ്പെടാൻ യോഗ്യൻ
3. യജമാനന്റെ സന്തോഷത്തിൽ പ്രവേശിക്കാൻ അർഹത ഉള്ളവൻ.

താലന്ത് കുഴിച്ച് മൂടിയവന് ഉള്ളത് പോലും നഷ്ടമായി എന്ന ദുഖകരമായ അവതരണത്തോടെയാണ് ഉപമ അവസാനിക്കുന്നത്...
സമയം, വിശ്വാസം, ദൈവകൃപ, കഴിവുകൾ, ആരോഗ്യം, ബുദ്ധി വൈഭവം, ആത്മീയ ആഭിമുഖ്യം... എല്ലാം താലന്തുകൾ ആണ്...
വിശ്വസ്‌തനായി എണ്ണപ്പെടും വിധം വിശുദ്ധിയിൽ ജീവിക്കാൻ ദൈവകൃപ പ്രാർത്ഥിക്കാം....

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Saturday, October 24, 2020

ഭയമരുതേ

ജ്ഞാനധ്യാനം
2020 ഒക്ടോബർ 25

ഭയമരുതേ

"ഈശോ പറഞ്ഞു: അല്‍പവിശ്വാസികളേ, നിങ്ങളെന്തിനു ഭയപ്പെടുന്നു? അവന്‍ എഴുന്നേറ്റ്‌, കാറ്റിനെയും കടലിനെയുംശാസിച്ചു; വലിയ ശാന്തതയുണ്ടായി."
മത്തായി 8 : 26

അലറി വരുന്ന കടൽ തിരകളെ ശാസിച്ച് പ്രപഞ്ചശക്തികളുടെ മേൽ അധികാരമുള്ള ദൈവപുത്രനാണ് അവിടുന്ന് എന്ന് ഈശോ  സ്വയം സാക്ഷ്യപ്പെടുത്തുന്നു...
മുങ്ങിത്താഴ്ന്ന് കടലിന്റെ ആഴങ്ങളിൽ കുരുങ്ങി പോയേക്കും എന്ന് ഭയപ്പെട്ട ശിഷ്യർക്ക് ഈശോ വലിയ തിരിച്ചറിവ് നൽകുന്നു...
എന്തിനു ഭയപ്പെടുന്നു എന്ന് ചോദിച്ച് അവരെ ആശ്വസിപ്പിക്കുന്നു...
അൽപ്പവിശ്വാസികളെ എന്ന് സംബോധന ചെയ്ത് വിശ്വസക്കുറവിനെ ശകാരിക്കുന്നു...
കടലിനെയും കാറ്റിനെയും ശാസിക്കാൻ അധികാരമുള്ളവൻ കൂടെയുണ്ട് എന്ന ഓർമ്മയെങ്കിലും കുറഞ്ഞപക്ഷം ഉണ്ടാകണം..
കരുത്തുള്ള ഇത്തരം ഒരു വിശ്വാസദാർഢ്യത്തിലേയ്ക്കാണ് ആത്മീയത നമ്മെ വളർത്തേണ്ടത്...
പ്രതിസന്ധികളുടെയോ പ്രലോഭനങ്ങളുടെയോ കടൽത്തിരകളും തെറ്റിദ്ധാരണകളുടെ കൊടുങ്കാറ്റുകളും ആഞ്ഞടിക്കുമ്പോൾ പതറി പോകാതെ നിലനിൽക്കാനുള്ള ഈശോ കൂടെ ഉണ്ട് എന്ന ഉറപ്പിൽ നിലനിൽക്കാനുള്ള കൃപയാണ് യഥാർത്ഥത്തിൽ വിശ്വാസം...
പ്രതികൂലങ്ങളെ പോലും ശാന്തമായി നേരിടുന്ന ഈശോയെ, ശാന്തത എന്ന പുണ്യം നൽകി അനുഗ്രഹിക്കണമേ...

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.