Friday, August 28, 2020

എവുപ്രാസ്യാമ്മ : സക്രാരിയുടെ കാവൽക്കാരി !


ജ്ഞാനധ്യാനം 
ആഗസ്റ്റ് 29

എവുപ്രാസ്യാമ്മ : സക്രാരിയുടെ  കാവൽക്കാരി !

സന്യാസത്തിലെ അതിഭൗതീക വാദത്തിനും അമിതമായ സങ്കീർണ്ണതകൾക്കും ലാളിത്യം എന്ന സുകൃതം കൊണ്ട് ദൈവം കൊടുക്കുന്ന ഉത്തരമാണ് " എവുപ്രാസ്യാമ്മ "
കണ്ണിലെ അണുബാധ നിയന്ത്രിക്കാൻ തക്ക ഔഷധ ഗുണമുള്ള ഒരു പൂവിന്റെ പേരാണ് " യൂഫ്രേഷ്യ " ( Euphrasia )
ശരിയാണത്...
മലിനമായ കാഴ്ചകൾ കണ്ട് കണ്ട് നിഷ്കളങ്ക സ്നേഹത്തിന്റെ ഉറവ വറ്റിപോയവർക്കും കണ്ണിൽ അണുബാധ പിടിച്ചവർക്കും ഇനി ആ അമ്മയെ നോക്കാം...
കൊഴിഞ്ഞ പല്ലുള്ള മോണയും ചുക്കി ചുളിഞ്ഞ മുഖവും കാട്ടി ഒല്ലൂർ കാരി 'അമ്മ ചിരിക്കുന്നത് കാണുന്നില്ലേ?
നിഷ്കളങ്ക സ്നേഹത്തിന്റെ ഉറവ വറ്റാത്ത നന്മയാണ് ചിരിയായി ഒഴുകുന്നത്...
പ്രാർത്ഥനയുടെയും ലാളിത്യത്തിന്റെയും നിർമല ജീവിതം നയിച്ച് ഈശോയുടെ സക്രാരിപ്പെട്ടിക്കു കാവലിരുന്നു ഒരു സ്ത്രീക്ക് എങ്ങനെ നിര്മലമായി ചിരിക്കാതിരിക്കാൻ ആവും?
നൈർമല്യവും ലാളിത്യവും നിറഞ്ഞ സന്യാസ വ്രത ശുദ്ധിയുടെ ജീവിത ശീലുകളിൽ അളവില്ലാത്ത ആനന്ദം കണ്ടെത്തിയ ആ പാവം അമ്മയുടെ കൂട്ടും പ്രാർത്ഥനയും നല്ലതല്ലേ? അതെ ...നിശ്ചയമായും !

പ്രാർത്ഥിക്കുന്ന 'അമ്മ എന്നൊക്കെ പ്രിയപ്പെട്ടവർ അവരെ വിളിച്ചിരുന്നു...
ഇങ്ങനെ നന്മ നിറഞ്ഞ വിശേഷണം നേടിയെടുക്കാൻ മാത്രം സ്നേഹം ഉള്ള മനുഷ്യരെ കൊണ്ട് ഭൂമി നിറഞ്ഞിരുന്നെങ്കിൽ !
പഠിപ്പിച്ചുകൊണ്ടിരിക്കുന്ന ഗുരു തെല്ല് പരിഹാസത്തോടെ പറഞ്ഞതോർത്തു ചെറിയ വിറയൽ ( അധികം ആയുസ്സില്ല അതിന് .... ഞാൻ വീണ്ടും വളരെ പെട്ടന്ന് ബുദ്ധി കൊണ്ട് കൈ കഴുകി മാറും ) ...
" ഉടുപ്പിട്ട ചേട്ടന്മാർ "....
പ്രാർത്ഥിക്കുന്നവർ എന്നതൊഴികെ,  എല്ലാ വിശേഷണവും നേടിയെടുക്കാൻ ശ്രമിക്കുന്ന എന്നെപോലെ ഉള്ളവർക്ക് ഇനി ആ അമ്മയുടെ കൂട്ട് തേടാം...

വിശുദ്ധി നിറഞ്ഞവർ ഇല്ലാതെ പോകുന്നല്ലോ എന്ന് നെടുവീർപ്പെട്ട ചാവറപിതാവിന്റെ കൂനൻമാവിലെ  സ്വപ്‌ന വീട്ടിൽ ചേർന്ന റോസാ എന്ന പെൺകുട്ടി ആ പിതാവിനോടൊത്തു തന്നെ ദൈവത്തെ മഹത്വപ്പെടുത്തി...
വത്തിക്കാനിൽ നടന്ന ഒരു ഔപചാരിക ചടങ്ങിൽ, പെട്ടന്ന് അവർ വിശുദ്ധരായതൊന്നുമല്ല...
വിശുദ്ധർ ആയി ജീവിച്ചത് കൊണ്ട് ലോകം അതിനെ അംഗീകരിച്ചു എന്ന് മാത്രം....

അമ്മേ ... എവുപ്രാസ്യാമ്മേ... സ്നേഹമില്ലായ്മയുടെ ചൂണ്ടക്കൊളുത്തിൽ പെട്ട് പോവാതെ, പീള കെട്ടിയ എന്റെ കണ്ണിൽ സ്നേഹത്തിന്റെ തീർത്ഥം തളിക്കാൻ ഈശോയോട് പറയുമോ?

"മരിച്ചാലും മരക്കില്ലാട്ടോ "

സ്നേഹപൂർവം,
അഗസ്റ്റിൻ സി.എം. ഐ.




Thursday, August 27, 2020

വെട്ടിയൊരുക്കൽ

ജ്ഞാനധ്യാനം
ആഗസ്റ്റ് 28

വെട്ടിയൊരുക്കൽ

"എന്‍െറ ശാഖകളില്‍ ഫലം തരാത്തതിനെ അവിടുന്നു നീക്കിക്കളയുന്നു. എന്നാല്‍, ഫലം തരുന്നതിനെ കൂടുതല്‍ കായ്‌ക്കാനായി അവിടുന്നു വെട്ടിയൊരുക്കുകയും ചെയ്യുന്നു."
യോഹന്നാന്‍ 15 : 2

ആത്മീയ ജീവിതത്തിന്റെ പാഠങ്ങൾ എത്ര സുന്ദരമായും ലളിതമായും ആണ് ഈശോ അവതരിപ്പിക്കുന്നത്... 
ഒരു മുന്തിരിച്ചെടി... അതിനോട് ഒട്ടിച്ചേർന്നു നിന്ന് അതിന്റെ ജീവരസം കുടിച്ച് ഫലം നൽകുന്ന ശാഖകൾ... 
സമാനമാണ് ആത്മീയ ജീവിതം... 
ഈശോയാകുന്ന തായ്ത്തണ്ടിനോട് ഒട്ടിച്ചേർന്നു നിന്ന് അവിടുത്തെ ആത്മാവാകുന്ന ജീവരസത്തിന്റെ പോഷകസമൃദ്ധിയിൽ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഫലം പുറപ്പെടുവിക്കുക... 
ഈ വഴികളിൽ എപ്പോഴും രണ്ട് സാദ്ധ്യതകൾ ആണുള്ളത്... 
ഒന്നുകിൽ, കൂടുതൽ ഫലം പുറപ്പെടുവിക്കുന്നതിന് വേണ്ടി വെട്ടിയൊരുക്കപ്പെടുക... 
അല്ലെങ്കിൽ, ഫലം പുറപ്പെടുവിക്കുന്നില്ല എന്നതിനാൽ വെട്ടി മാറ്റപ്പെടുക... 
ഈശോയെ, വെട്ടിമാറ്റപ്പെടുന്നതിന് മുമ്പ് അങ്ങ് എന്നെ വെട്ടിയൊരുക്കണമേ... 

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Wednesday, August 26, 2020

ഈശോയുടെ പ്രിയപ്പെട്ടവർ

ജ്ഞാനധ്യാനം
ആഗസ്റ്റ് 27

ഈശോയുടെ പ്രിയപ്പെട്ടവർ

"സ്വര്‍ഗസ്‌ഥനായ എന്‍െറ പിതാവിന്‍െറ ഇഷ്‌ടം നിറവേറ്റുന്നവനാരോ അവനാണ്‌ എന്‍െറ സഹോദരനും സഹോദരിയും അമ്മയും."
മത്തായി 12 : 50

അമ്മയും ബന്ധുക്കളും കാണാനെത്തിയ വിവരം ശിഷ്യർ അറിയിക്കുമ്പോൾ ഈശോയുടെ മറുപടിയാണ് നമ്മുടെ ധ്യാനവിചാരം... 
രക്തബന്ധം പോലെ മറ്റൊരു ബന്ധത്തിന് ഈശോ നിർവചനം നൽകുന്നു... 
അമ്മയോടും കൂടപ്പിറപ്പുകളോടും ഒരു മകനുള്ള ബന്ധത്തിന്റെ ആഴം അവിടുത്തേയ്ക്ക് ചിലരോടുണ്ട്... 
ആ സ്നേഹബന്ധത്തിന്റെ ചരടിൽ കോർത്തിണക്കപ്പെടാനുള്ള അടിസ്ഥാന മാനദണ്ഡമാണ് സ്വർഗ്ഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റുക എന്നത്... 
പിതാവിന്റെ ഇഷ്ടം നിറവേറ്റി ഈശോയുമായുള്ള സ്നേഹബന്ധത്തിന്റെ പൂർണ്ണത കൈവരിച്ച അവിടുത്തെ അമ്മയായ മറിയത്തിന്റെ ശ്രേഷ്ഠതയും പിതാവിന്റെ ഹിതം തിരിച്ചറിഞ്ഞ് അത് നിറവേറ്റുക എന്നതായിരുന്നു... 
അവിടുത്തെ അമ്മ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവളാണ് എന്ന് പറയുന്നതോടൊപ്പം സമാനമായ ജീവിതശൈലി - ദൈവാഹിതനുസരണത്തിന്റെ ജീവിതാശൈലി - അനുവർത്തിക്കാൻ കേൾവിക്കാരെ പ്രേരിപ്പിക്കുന്നത് കൂടിയാണ് ഈശോയുടെ ഈ മറുപടി !

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Tuesday, August 25, 2020

കണക്കെടുപ്പ്

ജ്ഞാനധ്യാനം
ആഗസ്റ്റ് 26

കണക്കെടുപ്പ്

"അതിനാല്‍, നിങ്ങളും തയ്യാറായിരിക്കണം. നിങ്ങള്‍ പ്രതീക്‌ഷിക്കാത്ത മണിക്കൂറിലായിരിക്കും മനുഷ്യപുത്രന്‍ വരുന്നത്‌."
മത്തായി 24 : 44

സാമ്പത്തികഇടപാടുകൾ നടത്തുന്ന മേഖലകളിലെല്ലാം ആവർത്തിച്ച് കേൾക്കപ്പെടുന്ന ഒരു വാക്യമുണ്ട്... 
We are all accountable... 
കണക്ക് കൊടുക്കാൻ കടപ്പെട്ടവരാണ് നാം... 
ഈ ഒരു ചെറിയ വാക്യം ദൈവത്തിന്റെ ദിനമായ ജീവന്റെ കാര്യത്തിലും എത്രയോ ശരിയാണ് !
"മനുഷ്യര്‍ പറയുന്ന ഓരോ വ്യര്‍ഥവാക്കിനും വിധിദിവസത്തില്‍ കണക്കുകൊടുക്കേണ്ടിവരും."
(മത്തായി 12 : 36) എന്ന് ഈശോ വ്യക്തമായി പറഞ്ഞിട്ടുമുണ്ട്... 
പറയുന്ന വാക്കുകളുടെ കണക്കെടുപ്പ് ഉള്ളപ്പോൾ ചെയ്യുന്ന പ്രവർത്തികളും കണക്കെടുപ്പിന് വിധേയമാക്കപ്പെടും എന്നത് എതിർക്കാനാവാത്ത സത്യമാണ്... 
ജീവന്റെ ദാതാവും വിധികർത്താവുമായ ദൈവം കണക്കെടുപ്പിന് വരുമ്പോൾ അവിടുത്തെ മുമ്പിൽ നിൽക്കാനുള്ള ആത്മബലത്തിന് വേണ്ടിയാണെന്റെ പ്രാർത്ഥന !
കണക്കെടുപ്പ് നടക്കും എന്ന് മാത്രമേ അറിയൂ... 
അതിന്റെ നേരമോ കാലമോ ഒരു നിശ്ചയവുമില്ല ; അതിനാൽ എപ്പോഴും ഒരുങ്ങിയിരിക്കാം !

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Monday, August 24, 2020

വിശ്വാസം

ജ്ഞാനധ്യാനം 
ആഗസ്റ്റ് 25

വിശ്വാസം

"ഈശോ തിരിഞ്ഞ്‌ അവളെ നോക്കി അരുളിച്ചെയ്‌തു: മകളേ, ധൈര്യമായിരിക്കുക; നിന്‍െറ വിശ്വാസം നിന്നെ രക്‌ഷിച്ചിരിക്കുന്നു. ആ നിമിഷംമുതല്‍ അവള്‍ സൗഖ്യമുള്ളവളായി."
മത്തായി 9 : 22

സമയപരിധിയില്ലാത്ത സങ്കടവഴികളിൽ യാത്ര ചെയ്ത ഒരു സ്ത്രീ ഈശോയെ കണ്ടുമുട്ടിയിട്ട് തിരികെ മടങ്ങുന്നത് എത്ര ആനന്ദവതിയായിട്ടാണ്... 
യഹൂദരുടെ മതസങ്കല്പങ്ങൾ അശുദ്ധ എന്ന് മുദ്ര കുത്തി അകറ്റി നിർത്തിയിരുന്ന രക്തസ്രാവക്കാരി... 
നിർബന്ധിത സാമൂഹിക അകലം പാലിക്കാൻ വിധിക്കപ്പെട്ടവൾ... 
ആര് വിലക്കിയാലും വിലക്കാത്ത ഒരാളുണ്ട്... 
എല്ലാവരും അകറ്റി നിർത്തുമ്പോൾ ചേർത്ത് നിർത്തുന്നത് സുവിശേഷത്തിലെ ഈശോയുടെ സവിശേഷതയാണ്... 
പന്ത്രണ്ട് വർഷങ്ങളായി കൊണ്ടു നടന്നിരുന്ന ഒരു വേദനയിൽ നിന്ന് വിമുക്തി നേടാൻ ജനക്കൂട്ടത്തിനിടയിലെ തിക്കും തിരക്കും അതിജീവിച്ച് അവൾ ഈശോയെ തൊട്ടു... 
അവിടുത്തെ തൊടുന്നവരും അവിടുന്ന് തൊടുന്നവരും വരുന്നത് പോലെയല്ല മടങ്ങുന്നത് എന്നത് സുവിശേഷം അവർത്തിച്ചുറപ്പിക്കുന്ന കാര്യമാണ്... ഇവടെയും അതാവർത്തിക്കുന്നു... 
യഹൂദന്റെ നിയമം അനുസരിച്ച് 'അരുതാത്തത് ' ചെയ്തു എന്ന ആത്മഭാരത്താൽ തലകുനിച്ചു നിൽക്കുന്നവളുടെ ആത്മവിശ്വാസത്തെ ഈശോ വളർത്തുന്നതും ഒരു പാഠമാണ്‌... 
എല്ലാവരും തള്ളിക്കളയുമ്പോളും ചേർത്ത് നിർത്തുന്ന ഈശോയുടെ സാനിധ്യം അറിഞ്ഞവർക്ക് ഒറ്റപ്പെടുന്നവരെയും സമൂഹം അകറ്റി നിർത്തുന്നവരെയും ചേർത്ത് നിർത്തി സൗഖ്യപ്പെടുത്താൻ കടമയുണ്ട്... 
പ്രതിസന്ധികളുടെ മീതെ നടന്ന് നീങ്ങുന്നവന്റെ കരുത്താണ് വിശ്വാസം !

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ. 

Sunday, August 23, 2020

പ്രാർത്ഥന

ജ്ഞാനധ്യാനം
ആഗസ്റ്റ് 24

പ്രാർത്ഥന

"ആദിവസങ്ങളില്‍ അവന്‍ പ്രാര്‍ഥിക്കാനായി ഒരു മലയിലേക്കു പോയി. അവിടെ ദൈവത്തോടു പ്രാര്‍ഥിച്ചുകൊണ്ടു രാത്രി മുഴുവന്‍ ചെലവഴിച്ചു."
ലൂക്കാ 6 : 12

സുവിശേഷത്തിൽ ഈശോയുടെ ഭൗമീക ജീവിതത്തെക്കുറിച്ചുള്ള വിവരണങ്ങളിൽ അതീവ സ്നേഹ സാന്ദ്രമായ ഒന്നാണ് പ്രാർത്ഥിക്കുന്ന ഈശോയെക്കുറിച്ചുള്ളത്. മനുഷ്യനായി അവതരിച്ച ദൈവവചനമായ ഈശോയും പ്രാർത്ഥിച്ചിരുന്നു എന്നത് എത്ര സുന്ദരമായ വായനയും ഓർമ്മയും തിരിച്ചറിവുമാണ്. ഈശോയുടെ പ്രാർത്ഥനയുടെ ആഴം ഒറ്റ വാക്യത്തിൽ വ്യക്തമാകുന്നത് ഹെബ്രായ ലേഖന കർത്താവാണ്. 
"തന്‍െറ ഐഹികജീവിതകാലത്ത്‌ ക്രിസ്‌തു, മരണത്തില്‍നിന്നു തന്നെ രക്‌ഷിക്കാന്‍ കഴിവുള്ളവന്‌ കണ്ണീരോടും വലിയ വിലാപത്തോടുംകൂടെ പ്രാര്‍ഥനകളും യാചനകളും സമര്‍പ്പിച്ചു. അവന്‍െറ ദൈവഭയംമൂലം അവന്‍െറ പ്രാര്‍ഥന കേട്ടു."
ഹെബ്രായര്‍ 5 : 7
പിതാവിനോടൊത്തായിരിക്കാൻ ഈശോ നേരം കണ്ടെത്തി എന്നതിനെക്കുറിച്ചാണ് നമ്മുടെ ധ്യാനം. 
ചിലപ്പോൾ മലമുകളിൽ, മറ്റുചിലപ്പോൾ വിജനതയിൽ, വേറെ ചിലപ്പോൾ മരുഭൂമിയിൽ അതിരാവിലെയും രാത്രിനേരങ്ങളിൽ വൈകിയും ഒക്കെ ഈശോ പ്രാർത്ഥിക്കാൻ നേരം കണ്ടെത്തിയിരുന്നു. 
പിതാവിനോടൊത്തായിരുന്ന നേരമായിരുന്നു ഈശോയുടെ ഊർജ്ജസ്രോതസ്സ് എന്ന് തിരിച്ചറിയാൻ അധികം വിഷമമില്ല. 
ഈശോയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവങ്ങളെല്ലാം സുവിശേഷത്തിൽ അവതരിപ്പിക്കപ്പെടുന്നത് പ്രാർത്ഥനയോട് ബന്ധപ്പെടുത്തിയാണ്. 
മാമോദീസയ്ക്ക് മുമ്പും അപ്പസ്തോലന്മാരെ തെരെഞ്ഞെടുക്കുന്നതിനു മുമ്പും രൂപാന്തരീകരണ വേളയിലും ശിഷ്യരെ പ്രാർത്ഥിക്കാൻ പഠിപ്പിക്കുന്നതിന് മുമ്പും ഗത്സെമെൻ തോട്ടത്തിലെ ആത്മസംഘർഷത്തിലും കുരിശിൽ കിടന്നും ഒക്കെ പ്രാർത്ഥിക്കുന്ന ഈശോ നമുക്ക് എന്നും മാതൃകയും വെല്ലുവിളിയുമാണ്. പ്രാർത്ഥനയുടെ ആത്മബലം തന്നെയാണ് ഈശോയുടെ ഊർജസ്രോതസ്സ് എന്നത് സംശയമില്ലാത്ത സത്യമാണ്. 
ഏകാന്തതയിൽ തനിച്ചായിരുന്ന് പിതാവിനോട് സംസാരിക്കുമ്പോൾ ജീവിതത്തിന് കൈവരുന്ന ഫലപ്രാപ്തി സുവിശേഷത്തിലെ വചനങ്ങൾ നന്നായി വ്യക്തമാക്കുന്നുണ്ട്. പ്രാർത്ഥനയുടെ കരുത്തിൽ ജീവിതം ഉറപ്പിക്കപ്പെടുന്നുണ്ടോ എന്ന് കണ്ടെത്താനാണ് ഇന്നെന്റെ ജ്ഞാനധ്യാനം. 

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Saturday, August 22, 2020

നന്ദി

ജ്ഞാനധ്യാനം
ആഗസ്റ്റ് 23

 നന്ദി

"ഈശോ ചോദിച്ചു: പത്തുപേരല്ലേ സുഖപ്പെട്ടത്‌? ബാക്കി ഒന്‍പതു പേര്‍ എവിടെ?"
ലൂക്കാ 17 : 17

സൗഖ്യം നേടുന്നവരുടെ എണ്ണവും നന്ദി പറയുന്നവരുടെ എണ്ണവും തമ്മിലുള്ള താരതമ്യത്തിൽ നന്ദി പറയുന്നവർ കുറവാണ് എന്നത് അംഗീകരിക്കാൻ ബുദ്ധിമുട്ടില്ലാത്ത പൊതുനിരീക്ഷണമാണ്. 
ദൈവസന്നിധിയിൽ നിന്ന് നേടിയെടുക്കുന്ന അനുഗ്രഹങ്ങൾ എണ്ണിത്തിട്ടപ്പെടുത്താവുന്നതിനപ്പുറമാണ്. 
ഈ അറിവുള്ളപ്പോഴും നന്ദി പറയുന്നതിൽ ഞാൻ പിന്നോക്കമാണ്. 
സംസാരഭാഷയിൽ ഉപയോഗിക്കുന്ന നന്ദി കെട്ടവൻ എന്ന പ്രയോഗം പല അവസരങ്ങളിലും വ്യക്തിജീവിതത്തോട് ചേർന്ന് പോകുന്നുണ്ട്. 
നന്ദിയില്ലാതെ പോയ ജീവിതനിമിഷങ്ങളെ കണ്ടെത്തി അവിടുത്തോട് മാപ്പിരക്കാനും അനുഗ്രഹങ്ങൾ ഒന്ന് കൂടി എണ്ണിയെടുത്ത് നന്ദി പറയുവാനുമാണ് ഇന്ന് ജ്ഞാനധ്യാനം. 
എന്റെ നന്ദി അവിടുത്തെ മഹത്വത്തിൽ വർദ്ധനവോ എന്റെ നന്ദികേട് അവിടുത്തെ മഹത്വത്തിൽ കുറവോ ഉണ്ടാക്കുന്നില്ല.
എന്നിട്ടും അവിടുന്ന് എന്നെ നന്ദിയുള്ളവൻ ആയി കാണാൻ ആഗ്രഹിക്കുന്നു എങ്കിൽ അതിനർത്ഥം നന്ദിയുള്ള മനസ് എന്നിൽ കൃപ നിറയ്ക്കും എന്നതാണ്. 
Grateful living is graceful living !
നന്ദിയുള്ള ജീവിതമാണ് കൃപ നിറഞ്ഞ ജീവിതം !

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.