Friday, August 14, 2020

സ്വർഗ്ഗത്തിന്റെ അമ്മ ഭൂമിയുടെ അമ്മ

ജ്ഞാനധ്യാനം
ആഗസ്റ്റ് 15

സ്വർഗ്ഗത്തിന്റെ അമ്മ ഭൂമിയുടെ അമ്മ

"ഈശോയുടെ അമ്മ പരിചാരകരോടു പറഞ്ഞു: അവന്‍ നിങ്ങളോടു പറയുന്നതു ചെയ്യുവിന്‍."
യോഹന്നാന്‍ 2 : 5

രക്ഷകനായ ഈശോയുടെയും നമ്മുടെയും അമ്മയായ സ്വർഗാരോപണത്തിന്റെ ഓർമ്മയിലാണ് ആഗസ്റ്റ് 15 അർത്ഥപൂർണ്ണമാകുന്നത്... 
ജന്മദേശത്തിന്റെ സ്വാതന്ത്ര്യദിനവും പ്രാധാന്യത്തോടെ തന്നെ ഓർമ്മിച്ചെടുക്കുന്നു... 
"എത്ര വെയിലേറ്റതാണ് എന്റെ തണൽ" എന്ന കവി വാക്യം മനസിലുണ്ട്... 
രാഷ്ട്രീയ ആധിപത്യങ്ങളുടെയും കൂച്ചുവിലങ്ങുകളുടെയും തടവറകളിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കാൻ ജീവൻ വെടിഞ്ഞ മഹാത്മാക്കളെ മനസ്സ് കൊണ്ടെങ്കിലും പ്രണമിക്കാം... 
ദൈവീക സ്വാതന്ത്ര്യത്തിന്റെ പൂർണിമ അറിഞ്ഞ പരിശുദ്ധ അമ്മയുടെ സ്വർഗ്ഗീയമായ നിലനില്പിനുള്ള കാരണമാണ് ധ്യാനവിഷയം... 
വീഞ്ഞ് തീർന്ന കാനായിലെ വീട്‌ പോലെ സങ്കടങ്ങളുടെ ദുരിതമുഖങ്ങൾ ജീവിതത്തെ നാണക്കേടിലേക്ക് വലിച്ചിഴക്കാൻ സാധ്യതയുള്ളപ്പോഴും ദൈവത്തെ ആശ്രയിക്കാൻ പഠിപ്പിക്കുന്നത് പരിശുദ്ധ അമ്മയാണ്... 
ശൂന്യതയുടെ വേലിക്കെട്ടുകളിൽ പ്രതിസന്ധികൾ ചങ്ങലപ്പൂട്ടിട്ട് ജീവിതത്തെ അടിമത്തത്തിലാക്കാൻ നോക്കുമ്പോൾ പ്രിയ പുത്രന്റെ വാക്കുകൾ ശ്രവിക്കുന്നതാണ് സ്വാതന്ത്ര്യത്തിനുള്ള ഏക വഴി എന്ന് അമ്മ പഠിപ്പിക്കുന്നു... 

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Thursday, August 13, 2020

ദൈവസ്നേഹം = സഹോദര സ്നേഹം

ജ്ഞാനധ്യാനം
ആഗസ്റ്റ് 14

*ദൈവസ്നേഹം = സഹോദര സ്നേഹം* 

"രണ്ടാമത്തെ കല്‍പനയും ഇതിനുതുല്യം തന്നെ. അതായത്‌, നിന്നെപ്പോലെ നിന്‍െറ അയല്‍ക്കാരനെയും സ്‌നേഹിക്കുക."
മത്തായി 22 : 39

ഈശോ ചില സമവാക്യങ്ങൾ രൂപപ്പെടുത്തുകയാണ്... 
പൂർണ്ണ ഹൃദയത്തോടും പൂർണ്ണ മനസ്സോടും പൂർണ്ണ ആത്മാവോടും കൂടെ ദൈവത്തെ സ്നേഹിക്കുന്നതാണ് പ്രഥമവും പ്രധാനവുമായ കല്പന... 
ഇതിന് തുല്യമാണ് സഹോദരസ്നേഹവും...
എത്ര സുന്ദരമായിട്ടാണ് യോഹന്നാൻ ശ്ലീഹ ഇക്കാര്യം അവതരിപ്പിക്കുന്നത്...
"ഞാന്‍ ദൈവത്തെ സ്‌നേഹിക്കുന്നു എന്ന്‌ ആരെങ്കിലും പറയുകയും സ്വന്തം സഹോദരനെ ദ്വേഷിക്കുകയും ചെയ്‌താല്‍, അവന്‍ കള്ളം പറയുന്നു. കാരണം, കാണപ്പെടുന്ന സഹോദരനെ സ്‌നേഹിക്കാത്തവനു കാണപ്പെടാത്ത ദൈവത്തെ സ്‌നേഹിക്കാന്‍ സാധിക്കുകയില്ല." (1 യോഹന്നാന്‍ 4 : 20)
കരുണയും കരുതലും ഇല്ലാത്ത നിലപാടുകളും പെരുമാറ്റവും ഉള്ളപ്പോൾ അനുഷ്ഠനപ്രാധാന്യത്തോടെ മാത്രം അർപ്പിക്കുന്ന ബാലികളും പരസ്നേഹമില്ലാത്ത പ്രാർത്ഥനകളും സങ്കടപ്പെടുന്നവരുടെ നിലവിളി തിരിച്ചറിയാൻ സഹായിക്കാത്ത ദൈവാരാധനയും സുവിശേഷത്തിന്റെ ആത്മീയയ്ക്ക് എതിരാണ് എന്ന് സാരം... 
അന്ത്യവിധിയിൽ അഭിമുഖീകരിക്കേണ്ടി വരുന്ന ചോദ്യങ്ങൾ മുഴുവൻ സഹോദര സ്നേഹവുമായി ബന്ധപ്പെട്ടതാണ് എന്നതും ധ്യാനിക്കേണ്ടതുണ്ട്... 
ഒന്നിനെ കൂടാതെ മറ്റൊന്നിന് നിലനില്പില്ലാത്ത വിധം അത്രമേൽ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നവയാണ് ദൈവസ്നേഹവും പരസ്നേഹവും എന്ന ആത്മീയ പാഠം നമ്മുടെ പ്രാർത്ഥനാ രീതികളെ നിരന്തരം ഉജ്വലിപ്പിക്കേണ്ടതുണ്ട്... 

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Wednesday, August 12, 2020

കത്തിജ്വലിക്കുന്ന തീ

*ജ്ഞാനധ്യാനം* 
*ആഗസ്റ്റ് 13*

കത്തിജ്വലിക്കുന്ന തീ 

"ഭൂമിയില്‍ തീയിടാനാണ്‌ ഞാന്‍ വന്നത്‌. അത്‌ ഇതിനകം കത്തിജ്‌ജ്വലിച്ചിരുന്നെങ്കില്‍! "
ലൂക്കാ 12 : 49

ഭൂമിയിൽ തീ ഇടനാണ് വന്നത് എന്ന് ഈശോ... 
അതെ... സ്നേഹത്തിന്റെ തീ, സത്യത്തിന്റെ തീ, നീതിയുടെ തീ, പരസ്നേഹത്തിന്റെ തീ, നൈർമല്യത്തിന്റെ തീ, വിശുദ്ധിയുടെ തീ, കാരുണ്യത്തിന്റെ തീ... 
ഈശോയുടെ വരവിൽ ഭൂമിയിൽ നിറഞ്ഞ തീ ഭിന്നത വിളിച്ച് വരുത്തുന്നുണ്ട് എന്നും വചനം വ്യക്തമാക്കുന്നു... 
സ്നേഹത്തിന്റെ തീ വിതക്കുന്നവന് എങ്ങനെ ഭിന്നത വിതയ്ക്കാനാകും? 
സ്നേഹവും ഭിന്നതയും എങ്ങനെ ചേർന്ന് പോകും? 
ഉത്തരം ലളിതമാണ്... 
ഈശോയുടെ പരിശുദ്ധാത്മാവാകുന്ന തീ ഒരാളിൽ നിറയുമ്പോൾ പാപത്തിലേക്ക് നയിക്കുന്ന എല്ലാത്തിനോടും അയാൾക്ക് ഭിന്നതയിൽ ആകേണ്ടി വരുന്നു... 
ഈശോയോടുള്ള സ്നേഹം പാപത്തോടും പാപസാഹചര്യങ്ങളോടും ഭിന്നത ആവശ്യപ്പെടുന്നു എന്ന് സാരം... 

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Tuesday, August 11, 2020

അനുകമ്പ

ജ്ഞാനധ്യാനം
ആഗസ്റ്റ് 12

"ജനക്കൂട്ടങ്ങളെ കണ്ടപ്പോള്‍, യേശുവിന്‌ അവരുടെമേല്‍ അനുകമ്പതോന്നി. അവര്‍ ഇടയനില്ലാത്ത ആടുകളെപ്പോലെ പരിഭ്രാന്തരും നിസ്‌സ ഹായരുമായിരുന്നു."
മത്തായി 9 : 36

അനുകമ്പ 

ഈശോയുടെ ഹൃദയത്തിന്റെ സവിശേഷമായ ഭാവം അനുകമ്പയാണ് എന്ന് സുവിശേഷം പലയിടങ്ങളിൽ ആവർത്തിച്ചുറപ്പിക്കുന്നുണ്ട്...
ജനക്കൂട്ടത്തോട് തോന്നിയ അനുകമ്പയാണ് ദൈവാരാജ്യവേലയ്ക്ക് വേണ്ടി സ്വയം സമർപ്പിക്കുന്നവരുണ്ടാകുവാൻ പ്രാർത്ഥിക്കുവാൻ ആവശ്യപ്പെടാൻ ഈശോയെ പ്രേരിപ്പിക്കുന്നത്... 
അപ്പസ്തോലന്മാരെ വചനശുശ്രൂഷയുടെ ദൗത്യം ഭരമേല്പിക്കുന്നതിനും കാരണം ദൈവജനത്തോട് ഈശോയ്ക്ക് തോന്നിയ അനുകമ്പയാണ്... 
ഈശോയ്ക്ക് ജനക്കൂട്ടത്തോട് തോന്നുന്ന അനുകമ്പയാണ് നമ്മുടെ ദൈവവിളിയുടെ അടിസ്ഥാനം എന്നർത്ഥം... 
അടുത്ത് വരുന്നവരെ അനുകമ്പ കൊണ്ട് അവിടുത്തോടടുപ്പിക്കാൻ കൃപ പ്രാർത്ഥിക്കാം....

അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ. 

Monday, August 10, 2020

അക്ഷയം

ജ്ഞാനധ്യാനം
ആഗസ്റ്റ് 11

അക്ഷയം 

"ആകാശവും ഭൂമിയും കടന്നുപോകും. എന്നാല്‍, എന്‍െറ വചനങ്ങള്‍ കടന്നുപോവുകയില്ല."
മര്‍ക്കോസ്‌ 13 : 31

വിരുദ്ധദ്രുവങ്ങളിലുള്ള രണ്ട് യാഥാർഥ്യങ്ങൾക്കിടയിലെ ഓട്ടപ്പന്തയമാണ് ജീവിതം...
നിലനിൽക്കുന്നവ, കടന്നുപോകുന്നവ... 
സത്യം, അസത്യം... 
ക്ഷയിക്കുന്നത്, ക്ഷയിക്കാത്തത്... 
ക്ഷയിക്കാത്തതും നിലനിൽക്കുന്നതുമായ സത്യം തേടിയുള്ള പ്രദക്ഷിണമായി ജീവിതം മാറുമ്പോഴാണ് ജീവിതം വചനാധിഷ്ഠിതമാകുന്നത്... 
എവിടെയും ഒരു തെരഞ്ഞെടുപ്പ് അനിവാര്യമായി വരുന്നു... 
കടന്നുപോകുന്നവയെക്കാണുമ്പോൾ നിലനിൽക്കുന്നവയിൽ കണ്ണ് നട്ട് മുന്നോട്ട് പോകാൻ സാധിക്കുന്നുണ്ടോ എന്നതാണ് ആത്മവിമർശനത്തിനുള്ള ചോദ്യം... 
ആകാശവും ഭൂമിയും കടന്നുപോയാലും കടന്നു പോകാത്ത വചനം ധ്യാനിച്ച് അക്ഷയമായവയിൽ പ്രത്യാശ വയ്ക്കാം...

അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ. 

അനുഗ്രഹമാകുന്ന ഉപേക്ഷകൾ

ജ്ഞാനധ്യാനം
ആഗസ്റ് 10

അനുഗ്രഹമാകുന്ന ഉപേക്ഷകൾ 

"ഇക്കാലത്തുതന്നെ അവ അനേക മടങ്ങു ലഭിക്കാതിരിക്കുകയില്ല. വരാനിരിക്കുന്ന കാലത്തു നിത്യജീവനും."
ലൂക്കാ 18 : 30

കുറച്ച് അധികം ഉപേക്ഷിക്കലുകളാണ് ശിഷ്യത്വം... 
ശിഷ്യനാകാൻ / ശിഷ്യയാകാൻ ബോധപൂർവം ഞാൻ നൽകുന്ന വിലയാണത് എന്നും അറിയാം...
ഉപേക്ഷിച്ചവയെക്കുറിച്ചുള്ള പൂർണ്ണമായ അറിവോടും സ്വതന്ത്രമായ തീരുമാനത്തോടും കൂടി തന്നെയായിരുന്നു ഉപേക്ഷകൾ... 
എന്നിട്ടും ഞാൻ ഉപേക്ഷിച്ചവയൊന്നും എന്നെ ഉപേക്ഷിക്കുന്നില്ല എന്ന തിരിച്ചറിവിലാണ് ജീവിതം ആത്മീയ യുദ്ധമായി മാറുന്നത്... 
ഉപേക്ഷിച്ചതൊക്കെയും മാടി വിളിക്കുമ്പോളും എനിക്കഭയം അവിടുത്തെ ബലിപീഠം മാത്രം...

അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ. 

Saturday, August 8, 2020

പ്രകടനങ്ങളിൽ ഒതുങ്ങാത്ത ആരാധന

 2020 ആഗസ്റ്റ് 9

"ഈ ജനം അധരങ്ങള്‍കൊണ്ട്‌ എന്നെ ബഹുമാനിക്കുന്നു. എന്നാല്‍, അവരുടെ ഹൃദയം എന്നില്‍നിന്നു വളരെ ദൂരെയാണ്‌."
മര്‍ക്കോസ്‌ 7 : 6

വൈകാരിക തൃപ്തികൾ പൂരിപ്പിക്കാൻ സ്വയം ആത്മീയമായ ഔന്നത്യം ചാർത്തി കൊടുത്ത് ഇങ്ങനെ നടക്കുമ്പോൾ വിളിച്ചവൻ നോക്കിച്ചിരിക്കുന്നു... 
"അധരം കൊണ്ട് ബഹുമാനിക്കുമ്പോളും ഹൃദയം അകലെയാണ് " എന്നതാണ് വിളിച്ചവന്റെ സങ്കടം... 
അവിടുത്തെ പ്രസാദിപ്പിക്കും എന്നോർത്ത് ചെയ്തു കൂട്ടുന്നതൊന്നും അവിടുത്തെ പ്രസാദിപ്പിക്കുന്നില്ല എന്നതാണ് എന്റെ സങ്കടം... 
അവിടുത്തെ മനസ്സറിയാൻ ഇനിയും ഒരുപാട് ദൂരമുണ്ട്... 

ഈശോയെ, പ്രകടനങ്ങളിൽ ഒതുങ്ങി പോകുന്ന ആത്മീയതയുടെ വൈരുധ്യങ്ങളിൽ നിന്ന് എന്നെ മോചിപ്പിക്കണമേ...

അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.