Monday, November 30, 2020

സഖറിയ

ജ്ഞാനധ്യാനം
2020 ഡിസംബർ 1

സഖറിയ

"യഥാകാലം പൂര്‍ത്തിയാകേണ്ട എന്റെ വചനം അവിശ്വസിച്ചതു കൊണ്ട്‌ നീ മൂകനായിത്തീരും. ഇവ സംഭവിക്കുന്നതുവരെ സംസാരിക്കാന്‍ നിനക്കു സാധിക്കുകയില്ല."
ലൂക്കാ 1 : 20

മനോജ്ഞമായ രണ്ട് ജനന അറിയിപ്പുകളോടെയാണ് വിശുദ്ധ ലൂക്കായുടെ സുവിശേഷം ആരംഭിക്കുന്നത്...
രക്ഷകനായ ഈശോ മിശിഹായുടെയും അവിടുത്തേയ്ക്ക് വഴിയൊരുക്കിയ സ്‌നേപകയോഹനാന്റെയും ജനന അറിയിപ്പുകൾ...
പുരോഹിതനായ സഖറിയ ബലിപീഠത്തിൽ ധൂപം അർപ്പിക്കുമ്പോഴാണ് ദൂതൻ പ്രത്യക്ഷപ്പെടുന്നത്...
പൗരോഹിത്യത്തിന്റെ ഉന്നത നിയോഗം പേറുന്നവന് ബലിപീഠത്തിൽ പുരോഹിത ശുശ്രൂഷ ചെയ്യുമ്പോൾ ലഭിക്കുന്ന ദൈവീക അരുളപ്പാടുകൾ തിരിച്ചറിയാൻ സാധിക്കാതെ പോകുമ്പോൾ പിന്നെ ദൈവം അയാളെ മൗനിയാക്കും...
അതൊരു ശിക്ഷയായി ദുർവാഖ്യാനം ചെയ്യരുതേ...
യഥാർത്ഥത്തിൽ, അതൊരു ശിക്ഷണമാണ്...
ഇനിയുള്ള അയാളുടെ മൗനം ദൈവത്തെ മാത്രം കാണാനും അവിടുത്തെ സ്വരം മാത്രം കേൾക്കാനും സഹായിക്കും...
രക്ഷകന് വഴിയൊരുക്കുന്നവന്റെ പിതാവാകുമ്പോൾ അയാൾ ദൈവത്തോടൊത്ത് മാത്രം നേരം പങ്കിടേണ്ടതുണ്ട്...
ദൈവീക പദ്ധതിയുടെ നിയോഗങ്ങൾ ഏറ്റെടുക്കുന്നവർക്കെല്ലാം ഇങ്ങനെ ഒരു മൗനകാലം അനിവാര്യമാണ്...
ബലിപീഠത്തിൽ പ്രത്യക്ഷപ്പെടുന്ന ദൈവത്തിന്റെ സ്വരം തിരിച്ചറിയാൻ മൗനം സഹായിക്കും....

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Sunday, November 29, 2020

മനുഷ്യരെ പിടിക്കുന്നവർ

ജ്ഞാനധ്യാനം
2020 നവംബർ 30

മനുഷ്യരെ പിടിക്കുന്നവർ

"ഈശോ അവരോടു പറഞ്ഞു: എന്നെ അനുഗമിക്കുക; ഞാന്‍ നിങ്ങളെ മനുഷ്യരെപ്പിടിക്കുന്നവരാക്കും."
മത്തായി 4 : 19

മീൻ പിടിച്ചു കൊണ്ടിരിക്കുന്ന പത്രോസിന്റെയും അന്ത്രയോസിന്റെയും അടുത്ത് ഈശോ എത്തി...
കൂടെ കൂട്ടാൻ മാത്രം നൈർമല്യവും വിശ്വസ്ഥതയും വിനയവും മുക്കുവർക്കുണ്ട് എന്ന് തിരിച്ചറിഞ്ഞത് കൊണ്ടാവാം അവിടുന്ന് കടൽക്കരയിൽ മുക്കുവരെ തപ്പി ഇറങ്ങിയത്...
ദൈവത്തിന്റെ തെരെഞ്ഞെടുപ്പുകളുടെ മാനദണ്ഡം എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല...
കുറവുകളും ബലഹീനതകളും ഉള്ളവരെ തന്നെ തെരഞ്ഞു പിടിച്ച് ദൈവാരാജ്യവേലയുടെ അമരക്കാരാക്കുന്ന അത്ഭുതമാണ് തെരെഞ്ഞെടുപ്പുകൾ...
മീൻ പിടിക്കുന്നവരുടെ മുന്നിൽ വയ്ക്കുന്ന നിയോഗം എത്ര കുലീനമാണ്...
മനുഷ്യരെ പിടിക്കുക...
ആത്മക്കളുടെ രക്ഷ സാധിതമാക്കുക എന്ന് തന്നെയാനർത്ഥം...
വിളി കിട്ടിയ ഉടനെ എല്ലാം ഉപേക്ഷിച്ച് അവർ അവിടുത്തെ അനുഗമിച്ചു...
ഇപ്പോൾ ഉടനടി അനുഗമിക്കുന്നവർ വീണ്ടും ഇടറി പോകുമെന്നും ബലഹീനതകളുടെ പഴയ വഴികളിൽ  എത്തിച്ചേരുമെന്നും എല്ലാം ഈശോയ്ക്ക് നന്നായി അറിയാം...
എന്നിട്ടും അവിടുത്തേയ്ക്ക് അവരെ മതി...
മനസ് കൊണ്ടും ആത്മാവ് കൊണ്ടും അവിടുത്തെ അനുഗമിക്കുകയും ഒപ്പം  ബലഹീനതകളുടെ അപൂർണ്ണതകളിലേയ്ക്ക് വഴുതിപ്പോവുകയും ചെയ്യുമ്പോൾ നെഞ്ചത്ത് കൈ വച്ച് "കർത്താവേ, അങ്ങ് എല്ലാം അറിയുന്നുവല്ലോ" എന്ന് ഏറ്റ് പറഞ്ഞ് കരയുന്ന പത്രോസിനെപ്പോലെയുള്ള പച്ച മനുഷ്യരെത്തന്നെയാണ് ഈശോയ്ക്ക് വേണ്ടത്....

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Saturday, November 28, 2020

ദൈവത്തിന്റെ സമയം

ജ്ഞാനധ്യാനം
2020 നവംബർ 29

ദൈവത്തിന്റെ സമയം

"അവര്‍ ദൈവത്തിന്റെ മുമ്പില്‍ നീതിനിഷ്‌ഠരും കര്‍ത്താവിന്റെ കല്‍പനകളും പ്രമാണങ്ങളും കുറ്റമറ്റവിധം അനുസരിക്കുന്നവരുമായിരുന്നു.
അവര്‍ക്കു മക്കളുണ്ടായിരുന്നില്ല; എലിസബത്ത്‌ വന്‌ധ്യയായിരുന്നു. ഇരുവരും പ്രായം കവിഞ്ഞവരുമായിരുന്നു."
ലൂക്കാ 1 : 6 - 7

ദൈവത്തിന്റെ മുമ്പിൽ നീതിനിഷ്ഠരും പ്രമാണങ്ങളും കല്പനകളും കുറ്റമറ്റവിധം അനുസരിക്കുന്നവരുമായ രണ്ട് ദമ്പതികൾ...
സക്കറിയായും  എലിസബത്തും...
നീതിനിഷ്ഠരായിരുന്നിട്ടും അവർക്ക് ഒരു കുറവുണ്ടായിരുന്നു...
എലിസബത്ത്‌ വന്ധ്യ ആയിരുന്നത് കൊണ്ട് മക്കൾ ഇല്ലാത്തതിന്റെ വേദനയിലായിരുന്നു അവർ...
പ്രായം കവിഞ്ഞതിനാൽ ഗർഭധാരണത്തിനുള്ള സാധ്യതയും ഇല്ലാത്ത സാഹചര്യം...
വന്ധ്യത ദൈവശിക്ഷയായി വ്യാഖ്യാനിച്ച പഴയനിയമ പശ്ചാത്തലവും കൂടി ഓർമ്മിക്കണം...
നീതിനിഷ്ഠരായി ജീവിക്കുന്നവരുടെ വഴികളിൽ പോലും ദൈവം ചില കുറവുകൾ അവശേഷിപ്പിക്കുന്നു...
കുഞ്ഞില്ലാത്തതിന്റെ കുറവ് കാരണം പതിറ്റാണ്ടുകൾ സങ്കടത്തിലായിരുന്ന ഈ ദമ്പതികളെക്കുറിച്ച് ദൈവത്തിന്റെ പദ്ധതി മറ്റൊന്നായിരുന്നു...
കണ്ട് നിന്നിരുന്നവരും കൂടെ വസിക്കുന്നവരും ആ കുറവിനെ ദൈവശിക്ഷയായി വ്യാഖ്യാനിച്ചപ്പോൾ ദൈവം ആ കുറവിനെ രക്ഷകരവഴികളിലെ അത്ഭുതകരമായ അടയാളമാക്കി മാറ്റി...
തക്ക സമയത്ത് ദൈവം ഇടപെടും എന്നതിന്റെ സുവിശേഷ സാക്ഷ്യമാണ് സഖറിയയുടെയും എലിസബത്തിന്റെയും ജീവിതം...
"ദൈവത്തിന്റെ ശക്‌തമായ കരത്തിന്‍കീഴില്‍, നിങ്ങള്‍ താഴ്‌മയോടെ നില്‍ക്കുവിന്‍. അവിടുന്നു തക്കസമയത്തു നിങ്ങളെ ഉയര്‍ത്തിക്കൊള്ളും. നിങ്ങളുടെ ഉത്‌കണ്‌ഠകളെല്ലാം അവിടുത്തെ ഏല്‍പിക്കുവിന്‍. അവിടുന്നു നിങ്ങളുടെ കാര്യത്തില്‍ ശ്രദ്‌ധാലുവാണ്‌."
1 പത്രോസ് 5 : 6

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Thursday, November 26, 2020

ദേവാലയം

ജ്ഞാനധ്യാനം
2020 നവംബർ 27

ദേവാലയം

"ഈശോ അവരോടു പറഞ്ഞു: എന്റെ ആലയം പ്രാര്‍ഥനാലയം എന്ന്‌ എഴുതപ്പെട്ടിരിക്കുന്നു. നിങ്ങളോ അതിനെ കവര്‍ച്ചക്കാരുടെ ഗുഹയായി മാറ്റിയിരിക്കുന്നു."
ലൂക്കാ 19 : 46

പൊതുവെ വളരെ സൗമ്യനായും അനുകമ്പയുള്ളവനുമായി പ്രത്യക്ഷപ്പെടുന്ന ഈശോയുടെ വ്യത്യസ്തമായ ഒരു മുഖമാണിന്ന് കാണുന്നത്...
ഏതൊന്നിനും അതാതിന്റെ ലക്ഷ്യവും ഉദ്ദേശശുദ്ധിയും ഉണ്ട്...
ഉദ്ദേശശുദ്ധിയിൽ വ്യതിയാനം വരുമ്പോൾ ദൈവം ഇടപെടുന്ന രീതിയാണ് നമ്മുടെ ധ്യാനവിഷയം...
കുടുംബത്തിനും വ്യക്തികൾക്കും ദേവാലയത്തിനും കലാലയത്തിനും സമർപ്പിതവിതത്തിനും പൗരോഹിത്യത്തിനും കുടുംബജീവിതങ്ങൾക്കും എല്ലാം ഒരു ഉദ്ദേശ്യവും നിയോഗവുമുണ്ട്...
അതിൽ വീഴ്ചകൾ വരുമ്പോൾ ഈശോ ചാട്ടയെടുക്കാൻ സാധ്യതകൾ ഏറെയാണ്...
ദേവാലയത്തിന്റെ പരിശുദ്ധി കളഞ്ഞുകുളിച്ചവർക്കെതിരെയാണ് ഈശോ ചാട്ടയെടുത്തത്...
ജീവിതത്തിന്റെ പരിശുദ്ധി നഷ്ടപ്പെടുമ്പോൾ അത് വീണ്ടെടുക്കാൻ ദൈവം അനുവദിക്കുന്ന വഴികൾ വേദന നിറഞ്ഞതാണെങ്കിലും വിനയപൂർവം അത് സ്വീകരിച്ചേ മതിയാകൂ...
കാരണം, കളഞ്ഞ് പോയ പരിശുദ്ധി വീണ്ടെടുക്കാതെ ജീവിത നിയോഗം പൂർത്തിയാക്കാൻ സാധ്യമല്ല...

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Wednesday, November 25, 2020

വിശുദ്ധീകരണം

ജ്ഞാനധ്യാനം
2020 നവംബർ 26

വിശുദ്ധീകരണം

"അവരും സത്യത്താല്‍ വിശുദ്‌ധീകരിക്കപ്പെടേണ്ടതിന്‌ അവര്‍ക്കുവേണ്ടി ഞാന്‍ എന്നെത്തന്നെ വിശുദ്ധീകരിക്കുന്നു."
യോഹന്നാന്‍ 17 : 19

ഭൂമിയിൽ പൂർത്തിയാക്കാൻ ഏൽപ്പിക്കപ്പെട്ട മാനവരക്ഷാകർമ്മം എന്ന അതിശ്രേഷ്ഠമായ ദൗത്യം പൂർത്തിയാക്കി പിതാവിന്റെ പക്കലേയ്ക്ക് മടങ്ങിപ്പോകും മുമ്പ് ഈശോ പ്രാർത്ഥിക്കുന്നു...
ശിഷ്യർക്ക് വേണ്ടിയും ശിഷ്യർ മൂലം അവിടുന്നിൽ വിശ്വസിക്കുന്നവർക്ക് വേണ്ടിയും ഉള്ള ഈശോയുടെ പ്രാർത്ഥനയുടെ നിയോഗങ്ങൾ ലളിതമായി ഇങ്ങനെ സംഗ്രഹിക്കാം...

1. അവരെല്ലാവരും ഒന്നാകണം
2. അവർക്ക് സന്തോഷം ഉണ്ടാകണം
3. ദുഷ്ടനിൽ നിന്ന് അവർ സംരക്ഷിക്കപ്പെടണം
4. അവർ വിശുദ്ധീകരിക്കപ്പെടണം

അവരും വിശുദ്ധീകരിക്കപ്പെടണം എന്ന് പ്രാർത്ഥിക്കുന്ന ഈശോ കൂട്ടിച്ചേർക്കുന്നതാണ് ജ്ഞാനധ്യാന വിചാരം...
"അവർ വിശുദ്ധീകരിക്കപ്പെടാൻ ഞാൻ എന്നെതന്നെ വിശുദ്ധീകരിക്കുന്നു."
ഏൽപ്പിക്കപ്പെട്ട ദൈവജനത്തിന്റെ വിശുദ്ധീകരണത്തിന്റെ അടിസ്ഥാനം അജപാലകരുടെ വിശുദ്ധീകരണമാണ് എന്നതാണ് തിരിച്ചറിവ്...
സ്വയം വിശുദ്ധീകരിക്കപ്പെട്ടിട്ടേ വിശുദ്ധീകരണകർമ്മങ്ങളിൽ
ഏർപ്പെടാവൂ എന്നർത്ഥം....

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Tuesday, November 24, 2020

തെറ്റുകൾക്ക് കാരണം

ജ്ഞാനധ്യാനം
2020 നവംബർ 25

തെറ്റുകൾക്ക് കാരണം

"ഈശോ  അവരോടു പറഞ്ഞു: വിശുദ്‌ധ ലിഖിതങ്ങളോ ദൈവത്തിന്റെ ശക്‌തിയോ അറിയാത്തതുകൊണ്ടല്ലേ, നിങ്ങള്‍ക്കു തെറ്റുപറ്റുന്നത്‌?"
മര്‍ക്കോസ്‌ 12 : 24

ഈശോയെ വാക്കിൽ കുടുക്കാനും അവിടുന്നിൽ കുറ്റം കണ്ടെത്താനും തക്കം പാർത്തിരുന്ന സദുക്കായർ ഭാവനയിൽ വിരിയിച്ചെടുത്തു രൂപീകരിച്ച ചോദ്യങ്ങളുമായി അവിടുത്തെ സമീപിക്കുന്നു...
യഥാർഥ്യബോധമില്ലാത്ത ചോദ്യമായിട്ടും ഈശോ അവർക്ക് കൃത്യമായ മറുപടികൾ നൽകുന്നു...
അവരുടെ തെറ്റ് മാത്രമല്ല, തെറ്റിന്റെ കാരണം കൂടി ഈശോ വ്യക്തമാക്കുന്നു...
വിശുദ്ധലിഖിതത്തിലുള്ള അറിവില്ലായ്മയും ദൈവത്തിന്റെ ശക്തിയിലുള്ള വിശ്വാസമില്ലായ്മയുമാണ് അവർക്ക് തെറ്റ് പറ്റാൻ കാരണം...
നമ്മുടെ കാര്യത്തിലും ശരിയാണത്...
ജീവിതത്തിലെ സകല തെറ്റുകൾക്കും കാരണം വിശുദ്ധ ലിഖിതത്തിലുള്ള അജ്ഞതയും ദൈവശക്തിയിലുള്ള വിശ്വാസക്കുറവുമാണ്...
"The ignorance of the Scripture is ignorance of Christ " എന്ന് വിശുദ്ധ ജെറോം പറഞ്ഞത് എത്രയോ ശരിയാണ്...
ദൈവശക്തിയിലുള്ള വിശ്വാസം ആഴപ്പെടുത്താനും വിശുദ്ധലിഖിതത്തിലുള്ള ജ്ഞാനം വർധിപ്പിക്കാനുമുള്ള കൃപയാണെന്റെ പ്രാർത്ഥന....

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Monday, November 23, 2020

ഈശോയെ തൊട്ടവൾ

ജ്ഞാനധ്യാനം
2020 നവംബർ 24

ഈശോയെ തൊട്ടവൾ

"പല വൈദ്യന്‍മാരുടെ അടുത്തു പോയി വളരെ കഷ്‌ടപ്പെടുകയും കൈവശമുള്ളതെല്ലാം ചെലവഴിക്കുകയും ചെയ്‌തിട്ടും അവളുടെ സ്‌ഥിതി മെച്ചപ്പെടുകയല്ല, കൂടുതല്‍ മോശമാവുകയാണു ചെയ്‌തത്‌."
മര്‍ക്കോസ്‌ 5 : 26

സങ്കടങ്ങൾക്ക് ഒരു അറുതിയില്ലാത്തവിധം കഠിനമായ രോഗം അലട്ടിയ ഒരു പാവം സ്ത്രീ...
ഉത്തരം കിട്ടും എന്ന് വിചാരിച്ച ഇടങ്ങൾ വൈദ്യൻമാരുടെ ആലയങ്ങളായിരുന്നു...
എല്ലാവർക്കും വൈദ്യന്മാർ സൗഖ്യം കൊടുക്കുകയും ചെയ്തിരുന്നു...
പക്ഷെ, രക്തസ്രാവക്കാരിയുടെ കാര്യത്തിൽ ലോകത്തിലെ വൈദ്യൻമാരും അവരുടെ  മരുന്നുകളും പരാജയപ്പെട്ടു...
അവൾ ഈശോയെക്കുറിച്ച് കേട്ടിരുന്നു...
മനുഷ്യന്റെ പ്രയത്നങ്ങളും കണ്ടെത്തലുകളും പരാജയപ്പെടുമ്പോളും ഉത്തരങ്ങൾ നൽകുന്ന ഈശോ...
ജനക്കൂട്ടം തിക്കിഞെരുക്കുമ്പോൾ അവർക്കിടയിലൂടെ നടന്ന് ഈശോയേ തൊടാൻ മാത്രം വിശ്വാസത്തിന്റെ ആഴം ഉണ്ടായിരുന്ന ഒരു സ്ത്രീ...
എത്ര പരാജയപ്പെട്ടാലും അവസാനമെങ്കിലും ഈശോയെ കണ്ടെത്തെനായതാണ് അവളുടെ വിജയം...
ഈശോയെ തൊട്ട മാത്രയിൽ അവളുടെ രക്തസ്രാവം നിലച്ചു എന്നാണ് സുവിശേഷകന്റെ സാക്ഷ്യം...
പരിഹാരം കണ്ടെത്താനാവാത്ത സങ്കടങ്ങൾ ഉള്ളിൽ കൊണ്ട് നടക്കുന്നവർക്ക് മനസ്സ് പതറാതെ കാത്തിരിക്കാൻ രക്തസ്രാവക്കാരി ഒരു പ്രേരകമാണ്...
അവിടുത്തെ തൊടാൻ മാത്രം വിശ്വാസവും ധൈര്യവും ഉള്ളിൽ നിറയുമ്പോൾ അവിടുന്നെന്നെയും തൊടും...

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.