Friday, August 21, 2020

ദ്വേഷിക്കപ്പെടുമ്പോൾ

ജ്ഞാനധ്യാനം
ആഗസ്റ്റ് 22

ദ്വേഷിക്കപ്പെടുമ്പോൾ

"എന്‍െറ നാമത്തെപ്രതി നിങ്ങളെ എല്ലാവരും ദ്വേഷിക്കും. അവസാനംവരെ സഹിച്ചുനില്‍ക്കുന്നവന്‍ രക്‌ഷപ്രാപിക്കും."
മര്‍ക്കോസ്‌ 13 : 13

വിപരീതങ്ങളെയും പ്രതികൂലങ്ങളെയും നേരിടാനുള്ള ആത്മബലം ശിഷ്യർക്കുണ്ടാകേണ്ടതുണ്ട്. ഈശോയുടെ കൈ പിടിച്ചുള്ള യാത്ര അത്ര സുഖകരമായിട്ടുള്ളതൊന്നുമല്ലല്ലോ. 
ലോകം വിലപ്പെട്ടതെന്ന് കരുതുന്ന സർവ്വതിനോടും ഈശോ യുദ്ധം പ്രഖ്യാപിച്ചത് കൊണ്ട് ഈശോ ദ്വേഷിക്കപ്പെട്ടു. ശിഷ്യനും സുവിശേഷമൂല്യങ്ങൾക്ക് വേണ്ടി നിലകൊള്ളുമ്പോൾ ലോകത്തിൽ ദ്വേഷിക്കപ്പെടും. നല്ല കുട്ടിയായി ലോകത്തോടനുരൂപപ്പെട്ട് സുവിശേഷ സത്യങ്ങൾക്കെതിരെ കണ്ണടച്ച് ശീലിച്ചത് കൊണ്ട് ലോകത്താൽ വെറുക്കപ്പെടാൻ ഒരു സാധ്യത്വയുമില്ല !
ഈശോയ്ക്കും അവിടുത്തെ സുവിശേഷത്തിനും വേണ്ടി നിലനിന്നപ്പോൾ നേരിടേണ്ടി വന്ന വെറുക്കപ്പെടലും ദ്വേഷിക്കപ്പെടലും തെറ്റിദ്ധാരണകളും ശിഷ്യത്വത്തെ കൂടുതൽ ആഴപ്പെടുത്തുന്നവയാണ് എന്ന തിരിച്ചറിവിന് വേണ്ടിയാണ് എന്റെ ജ്ഞാനധ്യാനം !

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

വിവേകം

ജ്ഞാനധ്യാനം
ആഗസ്റ്റ് 21

വിവേകം

"ചെന്നായ്‌ക്കളുടെ ഇടയിലേക്കു ചെമ്മരിയാടുകളെ എന്നപോലെ ഞാന്‍ നിങ്ങളെ അയയ്‌ക്കുന്നു. അതിനാല്‍, നിങ്ങള്‍ സര്‍പ്പങ്ങളെപ്പോലെ വിവേകികളും പ്രാവുകളെപ്പോലെ നിഷ്‌കളങ്കരുമായിരിക്കുവിന്‍."
മത്തായി 10 : 16

അയക്കപ്പെടുന്നതിന് മുമ്പ് അയക്കുന്നവൻ അയക്കപ്പെടുന്നവർക്ക് കൊടുക്കുന്ന സ്നേഹോപദേശമാണ് ജ്ഞാനധ്യാനത്തിന്റെ വിഷയം. 
അയക്കപ്പെടുന്ന സാഹചര്യവും അയക്കപ്പെടുന്നിടങ്ങളിൽ ശിഷ്യർക്കുണ്ടാകേണ്ട മനോഭാവവും ഈശോ വ്യക്തമാക്കുന്നു.
അയക്കപ്പെടുന്ന ഇടങ്ങളിലെ ജീവിതപരിസരം അത്ര അനായാസയാസകരമല്ല. 
ചെന്നായ്ക്കളുടെ ആക്രമണത്തിന് സാധ്യതയുള്ള ജീവിതപരിസരങ്ങൾ ഓരോ ശിഷ്യനും അഭിമഖീകരിക്കേണ്ടി വരും. അവിടെയും നിഷ്കളങ്കതയുടെ പര്യായമായ കുഞ്ഞാടായി നിലനിൽക്കാൻ പരിശ്രമിക്കുന്നതാണ് ശിഷ്യത്വം. നിഷ്കളങ്കത കാത്തുസൂക്ഷിക്കുക എന്നതിന് വിവേകത്തിൽ കുറവുണ്ടാവുക എന്ന് ഒരിക്കലും അർത്ഥമില്ല എന്നാണ് സുവിശേഷഭാഷ്യം. 
വിവേകം ഇല്ലാത്ത നിഷ്കളങ്കത ഭൂഷണമല്ല, അപകടമാണ് എന്നാണ് ഈശോ പഠിപ്പിക്കുന്നത്. അനുദിനം വിവേകത്തിൽ പൊതിഞ്ഞ നിഷ്കളങ്കത ദൈവം സമ്മാനിക്കട്ടെ. 

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Wednesday, August 19, 2020

ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാൻ

ജ്ഞാനധ്യാനം
ആഗസ്റ്റ് 20

ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാൻ

"മനുഷ്യപുത്രന്‍ വന്നിരിക്കുന്നത്‌, ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും സ്വന്തം ജീവന്‍ അനേകര്‍ക്കു വേണ്ടി മോചനദ്രവ്യമായി നല്‍കാനുമത്ര."
മര്‍ക്കോസ്‌ 10 : 45

ഈശോ ജീവിതത്തെ നോക്കിക്കാണുന്ന രീതി തന്നെ നമ്മൾ ശിഷ്യരുടേതിൽ നിന്നും എത്രയോ വ്യത്യസ്തമാണ് !
ആദ്യ ശിഷ്യർ തുടങ്ങി നമ്മൾ വരെ എത്തി നിൽക്കുന്ന ശിഷ്യഗണങ്ങളുടെ നോട്ടം മുഴുവൻ മിക്കപ്പോഴും കസേരകളിലാണ്...
മഹത്വങ്ങളുടെ കസേരകളിൽ മാത്രം നോക്കുന്ന ശിഷ്യരാണ് ഈശോയുടെ വേദന... 
രാഷ്ട്രീയാധിപത്യങ്ങളുടെയും അധികാരങ്ങളുടെയും മൽപ്പിടുത്തങ്ങളിലേയ്ക്ക് ശിഷ്യത്വത്തെ ചുരുക്കാൻ ശ്രമിക്കുന്ന ശിഷ്യരോട് ഈശോ തന്റെ നിലപാടുകൾ വ്യക്തമാക്കുന്നു... 
"ഈശോ അവരെ അടുത്തു വിളിച്ചു പറഞ്ഞു: വിജാതീയരുടെ ഭരണകര്‍ത്താക്കള്‍ അവരുടെമേല്‍ യജമാനത്വം പുലര്‍ത്തുന്നുവെന്നും അവരുടെ പ്രമാണികള്‍ അവരുടെമേല്‍ അധികാരം പ്രയോഗിക്കുന്നുവെന്നും നിങ്ങള്‍ക്കറിയാമല്ലോ."
(മര്‍ക്കോസ്‌ 10 : 42)
യജമാനത്വം പുലർത്തുന്ന അധികാരം സുവിശേഷത്തിന്റെ ആത്മാവല്ല എന്ന് വ്യക്തം !
മറ്റൊരർത്ഥത്തിൽ യജമാനത്വം പുലർത്തുന്നതും അധികാരം പ്രയോഗിക്കുന്നതും ദൈവത്തെ അറിയാത്തവരാണെന്ന് !
എന്തിനോട് ഈശോ നിരന്തരം യുദ്ധം പ്രഖ്യാപിച്ചുവോ, അതിനോടെല്ലാം കുറ്റബോധമില്ലാതെ സമരസപ്പെട്ട് ശിഷ്യത്വത്തിലെ ശുശ്രൂഷകൾ വച്ച് നാം ചതുരംഗക്കളി തുടരുന്നു... 
ഒന്നാമൻ, അധികാരം, യജമാനത്വം... എന്നീ വാക്കുകൾ ഒരിക്കലും ഈശോയുടെ നിഘണ്ടുവിൽ ഇല്ല എന്നത് പകൽ പോലെ വ്യക്തം... 
എന്നിട്ടും ശിഷ്യരെല്ലാം ഈശോയുടെ നിഘണ്ടുവിലില്ലാത്ത അതേ വാക്കുകൾ തേടിയുള്ള പരക്കംപാച്ചിലിലാണ്... 
അമ്മയെകൂട്ടി എത്തി ഉന്നതമായ ഇരിപ്പിടത്തിന് വേണ്ടി ശുപാർശ ചെയ്യിപ്പിച്ച യാക്കോബിനും യോഹന്നാനും കൊടുത്ത മറുപടി ശിഷ്യരുള്ള കാലത്തോളം അവർത്തിക്കപ്പെടും !
പൗരോഹിത്യത്തിന്റെ ആത്മാവ്, ശിഷ്യത്വത്തിന്റെ ആത്മാവ്, സന്യാസത്തിന്റെ ആത്മാവ്, സുവിശേഷത്തിന്റെ ആത്മാവ് ശുശ്രൂഷയും സേവനവുമാണ് എന്ന അടിസ്ഥാന പാഠത്തിൽ വെള്ളം ചേർക്കാനാണ് നമ്മൾ ശിഷ്യർ ഒന്നിച്ചു പോരാടുന്നതും മത്സരിക്കുന്നതും !

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Tuesday, August 18, 2020

വ്യാജൻ

ജ്ഞാനധ്യാനം
ആഗസ്റ്റ് 19

വ്യാജൻ

"ആടുകളുടെ വേഷത്തില്‍ വരുന്ന വ്യാജപ്രവാചകന്‍മാരെ സൂക്‌ഷിച്ചുകൊള്ളുവിന്‍. ഉള്ളില്‍ അവര്‍ കടിച്ചുചീന്തുന്ന ചെന്നായ്‌ക്കളാണ്‌."
മത്തായി 7 : 15

പ്രത്യക്ഷത്തിൽ ഇടയന്റെ അടയാളങ്ങൾ പ്രകടമാക്കിയിട്ട് ഉള്ളിൽ കടിച്ചു ചീന്തുന്ന ചെന്നായ്ക്കൾ ആയി മാറി ജീവിതം അപഹാസ്യമാക്കരുത് എന്ന് ഈശോ ഓർമ്മിപ്പിക്കുന്നു... 
ധരിക്കുന്ന സന്യാസവസ്ത്രം, അണിയുന്ന പുരോഹിതക്കുപ്പായം, സ്വീകരിക്കുന്ന കൂദാശകൾ, ക്രിസ്തീയമായ നിലനിൽപ്പ്... എല്ലാം ആടുകളുടെ നിഷ്കളങ്കത ചാർത്തിത്തരുന്ന അനുകൂല ഘടകങ്ങളാണ്... 
ആടുകളുടെ വേഷം സൂക്ഷിക്കുമ്പോളും ഉള്ളിൽ ചെന്നായ്ക്കളെപ്പോലെ ക്രൂര ഭാവങ്ങൾ വച്ച് പുലർത്തുന്ന ആത്മീയ പ്രതിസന്ധിയിൽ നിന്ന് ആരെന്നെ മോചിപ്പിക്കും? 
ജീവിതവും യാഥാർഥ്യവും വിപരീതദിശകളിൽ ആയിരിക്കുന്നതിന്റെ വൈരുധ്യം പരിഹരിക്കപ്പെടേണ്ടതുണ്ട്... ഒരുതരം വേഷപ്രച്ഛന്ന മത്സരം മാത്രമായി ജീവിതം ചുരുങ്ങാതിരിക്കാൻ നന്നായി യുദ്ധം ചെയ്യേണ്ടി വരുന്നുണ്ട്... 

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Monday, August 17, 2020

ദൈവേഷ്ടം

*ജ്ഞാനധ്യാനം
*ആഗസ്റ്റ് 18* 

*ദൈവേഷ്ടം

"ഈശോ പറഞ്ഞു: എന്നെ അയച്ചവന്‍െറ ഇഷ്‌ടം പ്രവര്‍ത്തിക്കുകയും അവന്‍െറ ജോലി പൂര്‍ത്തിയാക്കുകയുമാണ്‌ എന്‍െറ ഭക്‌ഷണം."
യോഹന്നാന്‍ 4 : 34

ജീവന്റെ നിലനിൽപ്പിന് സഹായിക്കുകയും ജീവിക്കാൻ വേണ്ട പോഷകങ്ങൾ ശരീരത്തിന് നൽകുകയും ചെയ്യുന്നത് ഭക്ഷണമാണ്... 
ഭക്ഷണമാണ് ഊർജ്ജം പ്രദാനം ചെയ്യുന്നത്...
ഈ അടിസ്ഥാന അറിവുകളെ ഈശോയുടെ വാക്കുകളുമായി ഒന്ന് ബന്ധപെടുത്താം... 
പിതാവിന്റെ ഹിതം നിറവേറ്റുക എന്നതായിരുന്നു ഈശോയുടെ ഭക്ഷണം... 
അല്ലെങ്കിൽ, തിരിച്ചറിഞ്ഞ പിതാവിന്റെ ഇഷ്ടമായിരുന്നു അവിടുത്തെ ഊർജ്ജം... 
ജീവിക്കാൻ പ്രേരിപ്പിക്കുകയും നിലനിൽപ്പ് അർത്ഥപൂർണ്ണമാക്കുകയും ചെയ്യുന്നത് ജീവിതം ദാനമായി നൽകുന്നവന്റെ ഉദ്ദേശ്യമാണ്... 
ജീവിതം ദാനമായി നൽകിയ പിതാവായ ദൈവത്തിന്റെ ഇഷ്ടവും ഉദ്ദേശ്യവും ഊർജ്ജസ്രോതസ്സായി മാറുമ്പോളാണ് തൃപ്തി കൈവരുന്നത് എന്ന് തിരിച്ചറിയാം... 
ദൈവഹിതം തിരിച്ചറിയാൻ ഉള്ള പ്രഥമവും പ്രധാനവുമായ വഴി വചനധ്യാനമാണ്... 
ഏശയ്യാ പ്രവാചകൻ വഴി ദൈവമായ കർത്താവ് ഓർമ്മിപ്പിക്കുന്നത് പോലെ "എന്റെ വാക്കുകൾ അതിന്റെ ഉദ്ദേശ്യം നിറവേറ്റുന്നു." ( ഏശയ്യാ 55: 10)
ജ്ഞാനധ്യാനമെന്ന വചനധ്യാനവും ദൈവേഷ്ടം തേടിയുള്ള തീർത്ഥയാത്രയാണ്... 

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Sunday, August 16, 2020

വിത്ത്

ജ്ഞാനധ്യാനം
ആഗസ്റ്റ് 17

വിത്ത്

"അവന്‍ രാവും പകലും ഉറങ്ങിയും ഉണര്‍ന്നും കഴിയുന്നു. അവന്‍ അറിയാതെതന്നെ വിത്തുകള്‍ പൊട്ടിമുളച്ചു വളരുന്നു."
മര്‍ക്കോസ്‌ 4 : 27

ദൈവാരാജ്യത്തെ അവതരിപ്പിക്കാൻ ഈശോ ഉപയോഗിച്ച പല അടയാളങ്ങളിൽ ഒന്നാണ് വിത്ത്... 
വിത്തിന്റെ പല പ്രത്യേകതകളിൽ പ്രധാനമായത് അനുകൂല സാഹചര്യങ്ങളിൽ ഉദ്ദേശിക്കപ്പെടുന്ന ഫലസമൃദ്ധിക്കായി വളരാനുള്ള സാധ്യതയാണ്... 
The growth process of a seed is dynamic by its very nature, so is with the Kingdom of God... 
പൗലോസ് ശ്ലീഹാ ദൈവാരാജ്യത്തെ നിർവചിക്കുന്നത് കൂടി ഓർക്കാം... 
"ദൈവരാജ്യമെന്നാല്‍ ഭക്‌ഷണവും പാനീയവുമല്ല; പ്രത്യുത, നീതിയും സമാധാനവും പരിശുദ്‌ധാത്‌മാവിലുള്ള സന്തോഷവുമാണ്‌."
റോമാ 14 : 17
കൂദാശാസ്വീകരണങ്ങളിൽ പെയ്യുന്ന ദൈവകൃപയുടെ മഴപ്പെയ്ത്തിലും വചനധ്യാനങ്ങളിൽ നിറയുന്ന പരിശുദ്ധാത്മാഭിഷേകത്തിലും അനുകൂല സാഹചര്യങ്ങൾ രൂപപ്പെടുന്നുണ്ട്... 
എന്നിലെ ദൈവരാജ്യത്തിന്റെ വിത്ത്, നീതിയുടെയും സമാധാനത്തിന്റെയും പരിശുദ്ധാത്മാവിലുള്ള സന്തോഷത്തിന്റെയും വിത്ത് അനുദിനം വളരുന്നുണ്ടോ? 
ഇല്ലെങ്കിൽ ഞാൻ ദൈവരാജ്യത്തിൽ നിന്നും അകലെയാണ്... 

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Saturday, August 15, 2020

ധനവാന്റെ നിസ്സംഗത

ജ്ഞാനധ്യാനം
ആഗസ്റ്റ് 16

ധനവാന്റെ നിസ്സംഗത

"ആ ദരിദ്രന്‍മരിച്ചു. ദൈവദൂതന്‍മാര്‍ അവനെ അബ്രാഹത്തിന്‍െറ മടിയിലേക്കു സംവഹിച്ചു. ആ ധനികനും മരിച്ച്‌ അടക്കപ്പെട്ടു.
അവന്‍ നരകത്തില്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ കണ്ണുകള്‍ ഉയര്‍ത്തി നോക്കി; ദൂരെ അബ്രാഹത്തെയും അവന്‍െറ മടിയില്‍ ലാസറിനെയും കണ്ടു."
ലൂക്കാ 16 : 22-23

ഈ ലോകത്തിൽ ജീവിതസാഹചര്യങ്ങൾ കൊണ്ട് വിരുദ്ധ ദ്രുവങ്ങളിൽ ജീവിച്ചിരുന്ന രണ്ടു പേർ... 
ധനികൻ ഈ ലോകസമ്പത്തിന്റെയും സൗഭാഗ്യങ്ങളുടെയും നടുവിൽ... 
ദരിദ്രൻ ഉടുക്കാൻ വസ്ത്രം ഇല്ലാതെ, കിടക്കാൻ ഒരു വീടില്ലാതെ, ഭക്ഷിക്കാൻ ഒന്നും ഇല്ലാതെ... 
പ്രാഥമിക ആവശ്യങ്ങൾ പോലും നിഷേധിക്കപ്പെട്ട ഒരു പാവം മനുഷ്യൻ...
എല്ലാം ഇവിടം കൊണ്ടവസാനിക്കുമായിരുന്നെങ്കിൽ ധനികൻ മിടുക്കാനായേനെ... 
പക്ഷെ, ദൈവനീതി മറ്റൊന്നായിരുന്നു...
മരണശേഷം ഈ ലോകജീവിതത്തിന്റെ തുടർച്ചയായ മറ്റൊരു നിലനിൽപ്പ് ഉണ്ട് എന്ന് തിരിച്ചറിയാൻ പരാജയപ്പെട്ട് പോയ ഒരാളുടെ ജീവിതത്തിന്റെ നേർക്കാഴ്ചയാണ് ധനവാനിൽ കാണുന്നത്... 
ഈ ലോകത്തിൽ വിരുദ്ധ ദ്രുവങ്ങളിൽ ആയിരുന്നവർ പരലോകത്തിലും വിരുദ്ധദ്രുവങ്ങളിൽ ആണ് എന്നത് ശ്രദ്ധിക്കേണ്ടതുണ്ട്... 
എന്തായിരുന്നു ധനവന്റെ തെറ്റ്? 
നിസ്സംഗതയായിരുന്നു അത്... 
സംവേദനക്ഷമത നഷ്ടപ്പെട്ട അവസ്ഥ... അപരന്റെ സങ്കടം തിരിച്ചറിയാൻ സാധിക്കാത്ത അവസ്ഥ...
അത് ദൈവസന്നിധിയിൽ ചോദ്യം ചെയ്യപ്പെടും... 
സങ്കടപ്പെടുന്നവനെ കരുതുന്നവനുള്ള സമ്മാനമാണ് സ്വർഗ്ഗം... 
The measure of divinity in humanity lies in the acts of charity... 
നമ്മുടെ ചാവറപ്പിതാവ് ഓർമ്മിപ്പിക്കുന്നു, "അന്യനുപകാരം ചെയ്യാത്ത ദിനം ആയുസ്സിന്റെ കണക്കിൽ ഉണ്ടാകില്ല."
വേദനിക്കുന്നവരെ കരുതിയും സഹായിച്ചും സ്വർഗ്ഗം ഉറപ്പിക്കാം... 

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.