Monday, May 31, 2021

കര്‍ത്താവേ, ഞങ്ങള്‍ ആരുടെ അടുത്തേക്കു പോകും?

ജ്ഞാനധ്യാനം
2021 ജൂൺ 1

കര്‍ത്താവേ, ഞങ്ങള്‍ ആരുടെ അടുത്തേക്കു പോകും?

"ശിമയോന്‍ പത്രോസ്‌ മറുപടി പറഞ്ഞു: കര്‍ത്താവേ, ഞങ്ങള്‍ ആരുടെ അടുത്തേക്കു പോകും? നിത്യജീവന്റെ വചനങ്ങള്‍ നിന്റെ പക്കലുണ്ട്‌." 
യോഹന്നാന്‍ 6 : 68 

ഈശോയുടെ പ്രബോധനങ്ങളും വചനങ്ങളും കേട്ട ചിലരുടെ പ്രതികരണം അവിടുത്തെ വചനം കഠിനമാണ് എന്നായിരുന്നു...
വചനം ഗ്രഹിക്കാൻ പ്രയാസമായപ്പോൾ അവിടുത്തോടൊത്തുള്ള വാസം അവസാനിപ്പിക്കുവാൻ അവർ തീരുമാനം  എടുത്തത് എന്തൊരു ബാലിശമാണ്...
വചനം ഗ്രഹിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടപ്പോൾ അത് വ്യാഖ്യാനിച്ചുനൽകാനും അതനുസരിച്ചു ജീവിതം ക്രമപ്പെടുത്താനും സഹായിക്കുന്ന സത്യവചനത്തിന്റെ മനുഷ്യരൂപത്തെ കാണാനും തിരിച്ചറിയാനും കഴിയാതെ പോയതായിരുന്നു അവരുടെ പരാജയം...
വചനം കഠിനമാണ് എന്ന് പറഞ്ഞ് പലരും അവിടുത്തെ വിട്ട് പോകുമ്പോൾ കൂടെ നിൽക്കുന്നവരോട് ഈശോ ചോദിക്കുന്നു, "നിങ്ങളും പോകാൻ ആഗ്രഹിക്കുന്നുവോ?"
എത്ര ഹൃദയസ്പർശിയാണ് പത്രോസിന്റെ മറുപടി, "കര്‍ത്താവേ, ഞങ്ങള്‍ ആരുടെ അടുത്തേക്കു പോകും? നിത്യജീവന്റെ വചനങ്ങള്‍ നിന്റെ പക്കലുണ്ട്‌."
വേറെ ആരുടെയും പക്കൽ അഭയം ഇല്ലാത്തവൻ വേറെ എവിടെ പോകാൻ...
ഞങ്ങൾക്ക് മാറ്റാരുടെയും അടുത്തേയ്ക്ക് പോകണ്ട എന്ന പ്രസ്താവന അഭയമായി ഈശോ മാത്രമുള്ളവന്റെ വിശ്വാസപ്രഖ്യാപനമാണത്...
നിത്യജീവന്റെ വചനങ്ങൾ സമ്മാനിക്കുന്ന ഈശോയെ ഉപേക്ഷിക്കുന്നതാണ് ജീവിതത്തിലെ പരാജയങ്ങൾക്ക് കാരണം എന്ന തിരിച്ചറിവിലേയ്ക്കുള്ള ക്ഷണമാണ് ജ്ഞാനധ്യാനം... 

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Sunday, May 30, 2021

ദൈവത്തിന്റെ സമയം

ജ്ഞാനധ്യാനം
2021 മെയ്‌ 31

ദൈവത്തിന്റെ സമയം

"ലാസര്‍ സംസ്‌കരിക്കപ്പെട്ടിട്ടു നാലു ദിവസമായെന്ന്‌ യേശു അവിടെയെത്തിയപ്പോള്‍ അറിഞ്ഞു."
യോഹന്നാന്‍ 11 : 17 

ദൈവത്തിന്റെ ഇടപെടലിന്റെ സവിശേഷതകൾ വിവരിക്കുന്ന സുവിശേഷ വിവരണമാണ് ജ്ഞാനധ്യാനത്തിനാധാരം...
രോഗബാധിതനായ ഉറ്റ സ്നേഹിതന്റെ സഹോദരിമാർ അയാളെ സൗഖ്യപ്പെടുത്താൻ വേഗം ബഥാനിയയിലെ വീട്ടിൽ എത്തണമെന്നുള്ള അപേക്ഷയുമായി ആളയച്ചിട്ടും ഈശോ രണ്ട് ദിവസം കൂടി താമസിച്ചിടത്ത് തന്നെ പാർത്തു...
"എങ്കിലും, അവന്‍ രോഗിയായി എന്നു കേട്ടിട്ടും യേശു താന്‍ താമസിച്ചിരുന്ന സ്‌ഥലത്തുതന്നെ രണ്ടു ദിവസം കൂടി ചെലവഴിച്ചു."
യോഹന്നാന്‍ 11 : 6
വീട്ടിൽ എത്തിയപ്പോൾ മർത്തായുടെ സങ്കടവും ഈശോയുടെ അസാന്നിധ്യമാണ് ഏകസഹോദരനെ കാണാമറയാത്തേയ്ക്ക് അപ്രത്യക്ഷനാക്കിയത് എന്നതായിരുന്നു...
"മര്‍ത്താ ഈശോയോട് പറഞ്ഞു: കര്‍ത്താവേ, നീ ഇവിടെയുണ്ടായിരുന്നെങ്കില്‍ എന്റെ സഹോദരന്‍ മരിക്കുകയില്ലായിരുന്നു."
യോഹന്നാന്‍ 11 : 21
ദൈവത്തിന്റെ ഇടപെടലിന് അവിടുത്തേയ്ക്ക് മാത്രം അറിയുന്ന ഒരു സമയം ഉണ്ട് എന്നതാണ് തിരിച്ചറിവ്...
The delay of the Lord is never the denial of the Lord...
ദൈവം വൈകുന്നു എന്നതിന് അവിടുന്ന് നിരാകരിക്കുന്നു എന്ന് അർത്ഥമില്ല...
അപ്രതീക്ഷിതമായ പ്രതിസന്ധികളിൽ അലയാൻ വിധിക്കപ്പെടുമ്പോളും ദൈവത്തിന്റെ സമയത്തിനായി കാത്തിരിക്കാനുള്ള വിനയവും സൗമ്യതയും കുലീനതയുമാണ് ജ്ഞാനധ്യാനത്തിൽ പ്രാർത്ഥിക്കുന്നത്....

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Saturday, May 29, 2021

അധിക സ്നേഹം

ജ്ഞാനധ്യാനം
2021 മെയ്‌ 30

അധിക സ്നേഹം

"അതിനാല്‍, ഞാന്‍ നിന്നോടു പറയുന്നു, ഇവളുടെ നിരവധിയായ പാപങ്ങള്‍ ക്‌ഷമിക്കപ്പെട്ടിരിക്കുന്നു. എന്തെന്നാല്‍, ഇവള്‍ അധികം സ്‌നേഹിച്ചു. ആരോട്‌ അല്‍പം ക്‌ഷമിക്കപ്പെടുന്നുവോ അവന്‍ അല്‍പം സ്‌നേഹിക്കുന്നു."
ലൂക്കാ 7 : 47 

ആർക്കും കുറ്റബോധത്തിന്റെ ആത്മഭാരമില്ലാതെ സ്വാതന്ത്ര്യത്തോടെ പ്രവേശിക്കാവുന്ന സ്നേഹത്തിന്റെ ഇടമാണ് ഈശോയുടെ സാനിധ്യം...
വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിന് ആഴത്തിൽ സുവിശേഷം പഠിച്ച പണ്ഡിതർ നൽകുന്ന മറ്റൊരു പര്യായം പോലും പാവങ്ങളുടെ സുവിശേഷം, പാർശ്വവൽക്കരിക്കപ്പെട്ടവരുടെ സുവിശേഷം, പാപികളുടെ സുവിശേഷം എന്നൊക്കെയാണ്...
എല്ലാവരെയും ചേർത്ത് പിടിക്കുന്ന ഈശോയുടെ കരുണയുടെ മുഖം വെളിപ്പെടുത്തുന്ന ഒരുപാട് വിവരണങ്ങൾ ഉള്ളത് കൊണ്ടാണ് ആ പേരുകൾ...
പാപിനി എന്നാണ് സുവിശേഷകൻ ആ സ്ത്രീയെ വിശേഷിപ്പിക്കുന്നത്...
ഇവൾ ഏത് തരക്കാരിയാണ് എന്ന് അവൻ അറിഞ്ഞില്ലല്ലോ എന്നൊക്കെ ഭക്ഷണത്തിനു ക്ഷണിച്ച ശിമയോൻ ആത്മഗതം ചെയ്യുന്നു...
എത്ര കരുണാർദ്രമായാണ് ഈശോ അവളെ വീണ്ടെടുക്കുന്നത്...
കൂടുതൽ കടങ്ങൾ ഇളച്ചു കിട്ടുന്നവൻ കൂടുതൽ സ്നേഹിക്കുന്നു എന്ന സാമാന്യയുക്തിയിൽ ഈശോ കാര്യങ്ങൾ അവതരിപ്പിക്കുന്നു...
അവളുടെ അധികസ്നേഹത്തെ വാനോളം ഉയർത്തി മാതൃകയായി പ്രതിഷ്ഠിക്കുന്നു...
ആത്മഭാരത്തോടെ മാത്രം ഓർത്തെടുക്കാൻ സാധിക്കുന്ന കുറവുകളുടെയും പോരായ്മകളുടെയും ഭൂതകാലങ്ങളിലും ഇടർച്ചകളുടെ വാർത്തമാനകാലത്തും കുടുങ്ങി സ്വയം നീറുമ്പോൾ ഈശോയുടെ ഈ വാക്ക് തരുന്ന ആത്മവിശ്വാസം അത്ര ചെറുതല്ല...
അനുതാപത്തിന്റെ കണ്ണുനീരും അധികസ്നേഹത്തിന്റെ ആത്മവിശ്വസാവുമാണ് ജീവിതത്തെ പുതുമയുള്ളതാക്കുന്നത്...

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Friday, May 28, 2021

അനശ്വരം

ജ്ഞാനധ്യാനം
2021 മെയ്‌ 29

അനശ്വരം

"നശ്വരമായ അപ്പത്തിനുവേണ്ടി അധ്വാനിക്കാതെ മനുഷ്യപുത്രന്‍ തരുന്ന നിത്യജീവന്റെ അനശ്വരമായ അപ്പത്തിനുവേണ്ടി അധ്വാനിക്കുവിന്‍. എന്തെന്നാല്‍, പിതാവായ ദൈവം അവന്റെ മേല്‍ അംഗീകാരമുദ്രവച്ചിരിക്കുന്നു."
യോഹന്നാന്‍ 6 : 27 

നശ്വരം, അനശ്വരം എന്നിങ്ങനെയുള്ള രണ്ട് വിഭജനങ്ങൾ പരിചിതമായതാണ്...
നിലനിൽക്കുന്നതും ക്ഷയിക്കാത്തതും അവസാനമില്ലാത്തതുമായ യഥാർഥ്യങ്ങളുടെ സൂചനയാണ് അനശ്വരം എന്ന വാക്ക്...
അപ്പോൾ തീർച്ചയായും, നശ്വരം അതിന്റെയെല്ലാം മറുവശമാകുന്നു...
അനശ്വരമായ സ്വപ്‌നങ്ങൾ ഉള്ളിൽ സൂക്ഷിക്കുമ്പോളും നശ്വരമായ സംഘർഷങ്ങളിൽ കുടുങ്ങി പോകുന്ന പരാജിതരാകുന്നതിന്റെ നൊമ്പരം മനുഷ്യസഹജമാണ്...
ഈ സംഘർഷത്തിൽ നിന്നുള്ള മോചനം മനുഷ്യപുത്രനായ ഈശോ മിശിഹാ നൽകുന്ന അനശ്വരമായ നിത്യജീവന്റെ അപ്പത്തിലുണ്ട് എന്നതാണ് ജ്ഞാനധ്യാനം...
നിലനിൽക്കുന്ന യാഥാർഥ്യങ്ങളിൽ നിന്നും കണ്ണ് മറച്ച് കൊച്ചു കൊച്ചു കളിപ്പാട്ടങ്ങളിൽ മാത്രം സന്തോഷം കണ്ടെത്തുന്ന പക്വതയില്ലാത്ത നിലപാടുകൾ ആത്മീയജീവിതത്തിന്റെ ഭംഗി കെടുത്തുന്നുമുണ്ട്...
അധ്വാനിച്ച് കണ്ടെത്തേണ്ടത് നിത്യജീവന്റെ അനശ്വരതയാണ്...
വേഗം അവസാനിക്കുന്നതും  ദുർബ്ബലങ്ങളുമായ സന്തോഷങ്ങൾ നിസ്സാരങ്ങളും നശ്വരങ്ങളുമാണ് എന്ന തിരിച്ചറിവ് ഇനിയും ആഴത്തിൽ വെരുപാകിയിട്ടില്ല...
കണ്മുന്നിൽ ഉണ്ടായിരുന്ന പ്രിയപ്പെട്ടവർ കാണാമറയത്തേയ്ക്ക് അപ്രത്യക്ഷമാകുന്ന സങ്കടങ്ങളുടെ ഈ കാലത്ത് പിടിച്ചു നിൽക്കാനുള്ള ഏകവഴി അനശ്വരമായ നിത്യജീവനിലുള്ള പ്രത്യാശയാണ്...
സങ്കടത്തിനൊപ്പം സന്ദേഹവും ഉള്ളിൽ നിറയ്ക്കുന്ന പൊരുത്തപ്പെടാനാവാത്ത വിയോഗവാർത്തകളാണ് കേൾക്കുന്നതൊക്കെയും...
ദൈവപുത്രനായ ഈശോമിശിഹാ നൽകുന്ന നിത്യജീവനെക്കുറിച്ചുള്ള പ്രത്യാശയിലല്ലാതെ നമ്മൾ എങ്ങനെ ഈ സങ്കടങ്ങളെ അതിജീവിക്കും?

✍️ അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.

Thursday, May 27, 2021

എല്ലാം നഷ്ടപ്പെട്ടവൾ

ജ്ഞാനധ്യാനം
2021 മെയ്‌ 28

എല്ലാം നഷ്ടപ്പെട്ടവൾ

"ഈശോ മുന്നോട്ടു വന്ന്‌ ശവമഞ്ചത്തിന്‍മേല്‍ തൊട്ടു. അതു വഹിച്ചിരുന്നവര്‍ നിന്നു. അപ്പോള്‍ അവന്‍ പറഞ്ഞു:യുവാവേ, ഞാന്‍ നിന്നോടു പറയുന്നു, എഴുന്നേല്‍ക്കുക.
മരിച്ചവന്‍ ഉടനെ എഴുന്നേറ്റിരുന്നു. അവന്‍ സംസാരിക്കാന്‍ തുടങ്ങി. യേശു അവനെ അമ്മയ്‌ക്ക്‌ ഏല്‍പിച്ചു കൊടുത്തു."
ലൂക്കാ 7 : 14-15 

ഈശോയുടെ ദൈവരാജ്യവേലയുടെ അടയാളങ്ങൾ പലതായിരുന്നു...
രോഗികളെ സുഖപ്പെടുത്തുക, പാപങ്ങൾ മോചിക്കുക, മരിച്ചവരെ ഉയിർപ്പിക്കുക, പ്രപഞ്ചശക്തികളുടെമേൽ അധികാരം തെളിയിക്കുക, പിശാചുക്കളെ ബഹിഷ്കരിക്കുക എന്നിങ്ങനെയുള്ളതായിരുന്നു ആ അടയാളങ്ങൾ...
ജീവൻ എന്ന മഹാദാനം നൽകുന്നതും പരിപാലിക്കുന്നതും തിരികെയെടുക്കുന്നതും ജീവദാതാവായ ദൈവമാണെന്നും ആ ദൈവത്തിന്റെ പ്രിയപുത്രനാണ് താനെന്നുമുള്ള യാഥാർഥ്യം ഈശോ വെളിപ്പെടുത്തുന്നു...
നായിൻ എന്ന പട്ടണത്തിലെ വിധവയായ ഒരു അമ്മയുടെ ഏകമകനാണ് മരണത്തിന് കീഴടങ്ങിയത്...
വിധവയുടെ ഏകമകൻ അവളുടെ ഏക ആശ്രയമായിരുന്നു...
ആകെയുണ്ടായിരുന്ന ഒരാശ്രയവും ആശ്വാസവും നഷ്ടപ്പെട്ടതിന്റെ വേദനയിലും ആത്മഭാരത്തിലും നിരാശയുടെ നീർച്ചുഴിയിലേക്ക് വീണു പോയ ഒരമ്മയുടെ സങ്കടം തിരിച്ചറിയാൻ ഈശോ ഉണ്ടായിരുന്നു എന്ന സത്യം ജ്ഞാനധ്യാനത്തെ പ്രകാശപൂരിതമാക്കുന്നു...
എല്ലാം നഷ്ടപ്പെടുമ്പോൾ, ആരും ഇല്ലാതാകുമ്പോൾ, ഈശോ കൂടെയുണ്ടാകും എന്നതിന്റെ അക്ഷരസാക്ഷ്യമാണ് സുവിശേഷം...
പരിഹരിക്കാനാവാത്ത നഷ്ടങ്ങളാൽ ജീവിതം ഒറ്റപ്പെടുന്നു എന്ന് സങ്കടപ്പെടുമ്പോളും കൂടെ നടക്കുന്ന കർത്താവിനെ കാണാൻ മാത്രം കാഴ്ചയും വിശ്വാസവും ഉള്ളിൽ നിലനിർത്താനാണ് ജ്ഞാനധ്യാനം...

അഗസ്റ്റിൻ മ്ലാവറയിൽ സി. എം. ഐ.