ഗുരുക്കന്മാരെ നിങ്ങൾക്ക് !
"ജ്ഞാനിയായ ഒരുവനെ കണ്ടെത്തിയാൽ അവനെ സന്ദർശിക്കാൻ വൈകരുത്. നിന്റെ പാദങ്ങൾ അവൻറെ വാതിൽ പടി നിരന്തരം സന്ദർശിക്കട്ടെ".(പ്രഭാ.6 :36 )
ഒരാൾ അയാളുടെ ആയുസ്സിൽ ജീവിതത്തിൻറെ പച്ച തൊടാതെ തീർന്നു പോവുക എന്ന ദുരന്ത സാധ്യതയുടെ കാഠിന്യം ഓർമ്മിച്ചെടുക്കാനാവുമോ ? ഏതാനും വത്സരങ്ങൾ മാത്രമുള്ള ആയുസ്സിൽ ജീവിതത്തിന്റെ ദൂത് ഭൂമിക്കു കൈമാറാതെ കടന്നു പോകുന്നത് ഒരു വിത്ത് പടുമുളയാവുന്നതിനു തുല്യമാണ്. ജീവിതത്തിനു പൂർത്തിയാക്കാൻ ഒരു ദൂതും നിയോഗവുമുണ്ട്. അങ്ങനെയിരിക്കെ ഈശോയുടെ ഉപമയിലെ അത്തിമരത്തെ പോലെ ഫലം നൽകുന്നില്ല മാത്രമല്ല ,,നിലം പാഴാക്കുക കൂടി
ചെയ്താലോ?..സ്നേഹത്തിന്റെയും അലിവിന്റെയും നന്മയുടെയും അനന്ത സാധ്യതകളെ ധ്യാനിക്കാതെയും മനനം ചെയ്യാതെയും അമിതമായി കലഹിച്ചും പരിഭവം പറഞ്ഞും സങ്കടപെട്ടും ജീവിതത്തെ നമ്മൾ വല്ലാതെ ഭാരപ്പെടുത്തുന്നുണ്ട് ...ഇരുളടഞ്ഞ ചില ചിന്താ ധാരകളുടെ ചൂണ്ട കൊളുത്തിൽ നിന്ന് ആരെന്നെ രക്ഷിക്കും ? ഗുരു തുല്യനായ ഒരാൾക്ക് മാത്രമേ അതിനാകൂ. ഒരു സുഹൃത്ത് ഉണ്ടായിരിക്കുക എന്നതിലും പ്രധാനമാണ് ഒരു ഗുരു ഉണ്ടായിരിക്കുക എന്നത്...
'ഗുരു' എന്ന വാക്കിനർത്ഥം 'ഇരുളകറ്റുന്ന ആൾ ' എന്നാണ് . വെളിച്ചത്തിന്റെ അസാന്നിധ്യമാണല്ലോ ഇരുട്ട് . അങ്ങനെയാവുമ്പോൾ 'ഗുരു' വിനർത്ഥം 'വെളിച്ചം പകരുന്നയാൾ ' എന്നാകുന്നു . അലഞ്ഞു മടുത്ത് ചുറ്റിനും പരക്കുന്ന കൂരിരുട്ടിൽ വഴിയടഞ്ഞു , ഒടുവിൽ അരുതാത്ത ഏതോ വഴിക്കു തിരിയുന്ന എന്റെ ജീവനെ വീണ്ടെടുക്കുന്നത് ഉൾ വെളിച്ചത്തിൻറെ കരുത്ത് നിറക്കുന്ന ഗുരു സാന്നിദ്ധ്യമാണ്. അധികം ആയുസ്സില്ലാത്ത പാഠപുസ്തക താളുകളിലെ അറിവുകൾ മാത്രമായി ചുരുങ്ങുന്ന നമ്മുടെ വിദ്യാഭ്യാസ ശീലങ്ങളിൽ ജീവനുമായി ബന്ധപ്പെട്ട ചില പാഠങ്ങൾക്കു കൂടി നേരം കണ്ടെത്തുന്ന ചുരുക്കം ചില ഗുരുക്കന്മാർക്കുള്ള സ്മൃതി പൂജയാണീ കുറിപ്പ് .. ഉവ്വ് , അങ്ങനെയുമുണ്ട് മനുഷ്യർ .....നമ്മുടെ കുരുന്നു പ്രാണന് കാവലായി മാറുന്ന ചില നല്ല മനുഷ്യർ..ഇങ്ങനെയൊരു ചെറിയ സമൂഹത്തിൻറെ കൊണ്ടാണ് ഭൂമി അതിന്റെ അച്ചുതണ്ടിൽ നിന്ന് തെറിച്ചു പോകാത്തത് .ഈശോയുടെ വാക്കുകളിൽ അവൻ തിരയുകയും കണ്ടെത്തുകയും ചെയ്യുന്ന ചെറിയ അജഗണമാണവർ..തലചോറിനു തീ പിടിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ കാലത്തിന്റെ പ്രതിജ്ഞയിൽ പഞ്ച പുണ്യാഹം നടത്തുന്ന ഗുരുക്കന്മാരെ ഹൃദയം നിറഞ്ഞ ആദരവോടെയല്ലാതെ എങ്ങനെ ഓർമ്മിച്ചെടുക്കാനാവും ?
അലിവും നന്മയും നഷ്ട്ടപെട്ടു മണൽകാട് പോലെ തരിശായി മാറുന്ന ജീവനിൽ പച്ചപ്പ് നിറക്കുന്നത് ഒരു ഗുരുവിന്റെ സാന്നിധ്യമാണ്..അവരോടു ചേർന്ന് നില്ക്കുമ്പോൾ നെഞ്ചിലെ നന്മയുടെ നീരുറവകളെ വീണ്ടെടുക്കാൻ പോലും നമുക്കാവുന്നു .ധൈഷിണികമായ ശക്തിയെക്കാളുപരി നിർമല സ്നേഹത്തിൻറെ മൂലധനം കൊണ്ടാണ് അവർ അമൃത ലേപനം നടത്തുന്നത് . ജീവിച്ചു കൊണ്ടിരിക്കുന്ന ജീവിതത്തിൽ നിന്ന് ജീവിക്കേണ്ട ജീവിതത്തിലേക്ക് അവരൊരു കിളിവാതിൽ തുറന്നു തരുന്നു. പിന്നെ കളഞ്ഞു പോയ ആത്മവിശ്വാസം തിരികെ
വരുന്നു.പുസ്തക അക്ഷരങ്ങളിലേക്ക് മാത്രമല്ല നമ്മുടെ ജീവിതത്തിലേക്കും മാതാപിതാക്കളുടെ സ്വപ്നങ്ങളിലേക്കും അവർ വെളിച്ചം വീശുന്നു .. ഇത്തരം സ്നേഹ സൗമനസ്യങ്ങൾക്കു നമ്മൾ എങ്ങനെ പകരം വീട്ടും?
ഒരു വൈദികൻറെ പ്രഭാഷണം കേൾക്കുകയായിരുന്നു . പ്രഭാഷണശേഷം ,അറിയപ്പെടുന്ന ഒരു ഐ .ടി. കമ്പനിയിൽ ഉന്നത നിലയിൽ ജോലി ചെയ്യുന്ന ഒരു ചെറുപ്പക്കാരൻ അച്ചന്റെ വിണ്ടുകീറിയ പാദങ്ങളിൽ (ക്രിസ്തുവിന്റെ സുവിശേഷത്തിനു വേണ്ടി അലഞ്ഞു വിണ്ടു കീറിയതാണവ.) തൊട്ടു വന്ദിച്ചു 'ഞാനെൻറെ ഗുരുവിനെ കണ്ടെത്തി' എന്ന് പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു പോയി..ജീവിതത്തിൽ അർഥം കണ്ടെത്തി എന്ന് ആ യുവാവ് പറഞ്ഞപ്പോൾ അതിലെ തൃപ്തി കൊണ്ട് അവൻ്റെ കണ്ണ് തിളങ്ങുന്നുണ്ടായിരുന്നു ..തീർച്ചയായും ധൈഷിണികമായ ശക്തി കൊണ്ടല്ല ,അച്ഛനവനെ വീണ്ടെടുത്ത് .തീർച്ച. ആകർഷമെന്നു ഗണിക്കാവുന്ന ഏതോ ഒന്ന് ആ വൈദികൻറെ ഉള്ളടരുകളിൽ
മേയുന്നുണ്ട് ..തീർച്ച.
ചാവറയച്ചനെയും മദർ തെരേസയെയും ജോൺ പോൾ പാപ്പായെയും ഓർമിപ്പിക്കുന്ന ചില ഗുരു സാന്നിധ്യങ്ങൾ ഭൂമിയെ പ്രകാശിപ്പിച്ചു കൊണ്ടിരിക്കുന്നു ...
ഒരെഴുത്തുകാരൻ തൻ്റെ ഗുരുവിനെ ഓർമ്മിക്കുന്നത് 'അലങ്കരിച്ച വൃക്ഷം' എന്നാണ്.ശരിയാണത്. അഗാധമായ നിലനിൽപ്പിനു പ്രേരിപ്പിക്കുകയും ജീവിത സഞ്ചാരങ്ങളെ പ്രകാശിപ്പിക്കുകയും ചെയ്യുന്ന 'ഗുരുനാഥൻ വിശുദ്ധ വൃക്ഷ'മല്ലേ ?..ബുദ്ധന് ബോധിവൃക്ഷവും പോലെ തന്നെ നമുക്ക് നമ്മുടെ ഗുരുക്കന്മാർ. ജീവിതത്തിന്റെ മറ്റുപുറങ്ങളും ആന്തരാർത്ഥങ്ങളും കാണാൻ കഴിവുള്ള വൃക്ഷത്തലപ്പുകളുടെ തണലിലിരുന്നു ധ്യാനിച്ച് നാം നമ്മളെ തന്നെ കണ്ടെത്താൻ ശ്രമിക്കുന്നു ..ഒരു ഗുരുവിന്റെ തണലില്ലാത്ത ജീവിതത്തിനു എന്തൊരിരുട്ടാണ്?
കേട്ടിട്ടുള്ള അധ്യാപകരിൽ വളരെ ചുരുക്കം പേര് മാത്രമാണ് ജീവനുമായി ബന്ധപ്പെട്ട പാഠങ്ങൾ തന്നിട്ടുള്ളത് . സിലബസിനും കരിക്കുലത്തിനും അപ്പുറത്തേക്ക് കൂട്ടികൊണ്ടിപോകാനാകാത്ത അധ്യാപകരൊന്നും അധികകാലം മനസിൽ തങ്ങുന്നില്ല . അവർ നൽകിയ പാഠപുസ്തകങ്ങളിലെ അറിവ് കൊണ്ട് ജീവിതത്തിലെ പ്രതിസന്ധികളെ നേരിടാനുമാവുന്നില്ല.അത് കൊണ്ട് ജീവിതത്തിൽ ഖനനം ചെയ്യേണ്ട അനന്ത സാധ്യതകളുടെ നിറക്കൂട്ടുകളെ കുറിച്ച് പറഞ്ഞു തുടങ്ങുന്ന അധ്യാപകരെയാണ് ഇനിയാവശ്യം.
അധ്യാപകൻ ,ശമ്പള കൊതിയായനായ തൊഴിലാളിയും ;വിദ്യാർത്ഥി ഭീമമായ തുകകൾ കെട്ടിവച്ചു പഠിക്കുന്ന ഉപഭോക്താക്കളുമായി വളരുന്ന ഇങ്ങനെയൊരു കാലത്തിൽ വിദ്യാലയങ്ങൾ കമ്പോളങ്ങളായി മാറുന്നു .ഗുരു ശിഷ്യ ബന്ധങ്ങളൊക്കെ പഴങ്കഥകളായി ചുരുങ്ങുന്നു.
കമ്പോളവൽക്കരിക്കപ്പെടുന്ന കാലത്തിൽ അനാഥരാകുന്ന ഞങ്ങൾക്കു ആര് കാവലാകും? ആര് തണലേകും?
ആര് വെളിച്ചമേകും?
അധ്യാപനം 'GOD GIVEN DESTINY ' ആണ് എന്ന് വായിച്ചിട്ടുണ്ട്.മരുഭൂമിയിലെ ഈന്തതണലു പോലെ ഒരോർമയുണ്ട് .ഞങ്ങൾ ഒരു പറ്റം വിദ്യാർത്ഥികൾക്ക് .പാവപ്പെട്ട ഞങ്ങളുടെ മാതാപിതാക്കളുടെ നിസ്സഹായത മനസിലാക്കി ,മെച്ചപ്പെട്ട പഠനത്തിന് ഒരു കൈ സഹായം നൽകിയ ഗുരുനാഥയെ ക്കുറിച്ചുള്ള ഓർമ്മയാണത് .ഇരുണ്ട കാലത്തെ നില വെളിച്ചം പോലെ ആ ഗുരു നാഥ ഞങ്ങളുടെ ഓർമകളിൽ പച്ചകെടാതെ നിൽക്കുന്നു ... ഒരു കന്യാസ്ത്രീ അമ്മയായിരുന്നു ഞങ്ങളുടെ ആ പ്രിയപ്പെട്ട ഗുരുനാഥ.... അവരെ ഓർക്കുമ്പോൾ ഞങ്ങൾ ഒരുമിച്ചു ആവർത്തിക്കും അധ്യാപനം ദൈവനിവേശിതമായ ഒരു ദൗത്യം തന്നെ ..
ഒരു പ്രാർത്ഥന കൂടി....ജീവനുമായി ബന്ധപ്പെട്ട പടങ്ങൾ പറഞ്ഞു തരുന്ന ഗുരുക്കന്മാരെ കൊണ്ട് ഭൂമി നിറയണം .ചുട്ടുപഴുത്ത ഉച്ചവെയിൽ പോലെ പൊള്ളുന്ന യുവഹൃദയങ്ങളെ ശാന്തമായ ആകാശത്തിൻറെ അറിവിലേക്കും നീലിമയിലേക്കും ക്ഷണിക്കാൻ അവർക്കേ ആകൂ ..പാഠപുസ്തകത്തിലെ അറിവുകൾ അവസാന വാക്കല്ല എന്ന് വെളിച്ചം കിട്ടിയ ഗുരുക്കന്മാർക്കുള്ള സ്‌മൃതിപൂജയാണിത് ..ഒപ്പം ദൈവനിവേശിതമായ അധ്യാപന കർമത്തിലേക്കു ക്ഷണം കിട്ടിയവരെ ക്കുറിച്ചുള്ള സ്വപ്നങ്ങളും .....
സ്നേഹപൂർവം,
സ്നേഹപൂർവം,
അഗസ്റ്റിൻ സി.എം. ഐ.
Image Courtesy : Ajith Kumar R (https://www.facebook.com/ajitpandalam)
great piece of writing Augustine..
ReplyDeleteThank you Sabu acha....
DeleteHappy Teacher's Day...
Praying for you !
great piece of writing Augustine..
ReplyDeleteഈ അക്ഷരമെഴുതിയ പുണ്യവിരലുകൾക്കോ
ReplyDeleteഈ അക്ഷരങ്ങൾ കൂട്ടി വായിക്കാൻ പഠിപ്പിച്ച ഗുരുവിനോ ആർക്കാണ് ഞാൻ ആദ്യം നന്ദി ചൊല്ലുക...?
Great work Augu👍👌
ReplyDeleteവളരെ മനോഹരമായ ആശയ അവതരണം. അഭിനന്ദനങ്ങൾ👌
ReplyDelete