നമ്മുടെ നാട്ടിലെ ഒരു പാവം പുണ്യവതിയുടെ ഓർമ്മ പെരുന്നാൾ ആണ് ...
ലോകം ശ്രേഷ്ഠം എന്ന് കരുതുന്ന ഒന്നും ഇല്ലാത്ത ഒരു പാവം അമ്മ... നമ്മുടെ അൽഫോൻസാമ്മ...
അഴിയുന്ന വിത്തിലേ പുതുജീവൻ ഉണ്ടാകൂ എന്ന് നമ്മുടെ കാലത്തോട് സൗമ്യമായി മന്ത്രിക്കുന്ന സ്നേഹനാളം...
മുറിയുന്ന മുളംതണ്ടിൽ വിരിയുന്ന സംഗീതം പോലെ വിശുദ്ധിയുടെ മറക്കുട തീർത്ത പുണ്യതീർത്ഥം ...
അൽഫോൻസാമ്മയെക്കുറിച്ചെഴുതിയ ഒരു പുസ്തകം വായിക്കുകയായിരുന്നു ...
ഭരണങ്ങാനത്തെ ഒരു കന്യകാലയത്തിൻറെ മതിൽക്കെട്ടിനുള്ളിൽ മാത്രം ഒതുങ്ങിയ ഒരായുസ്സിൻറെ മുഴുവൻ വ്യഥകളും ഉൾപ്പോരുകളും നിഴലിക്കുന്ന വാക്കുകളുടെ അക്ഷരമാലയാണ് ആ പുസ്തകം ..ബലിയായി തീരുന്ന ഒരു കൊച്ചു മാലാഖയുടെ ജീവിത കഥയുടെ നിർമ്മല വ്യാഖ്യാനം ...
അവരുടെ നടുവിനെ നീറ്റിയ വേദനകളും സഹനത്തിൻറെ വിയർപ്പുകളും ചുംബിച്ച കുരിശുകളും നിശബ്ദ രാത്രികളിലെ കണ്ണീരും ചേർന്നു പുസ്തകത്താളുകളെ ബലിയുടെ ഗന്ധമുള്ളതാക്കുന്നു ....
റോമുളൂസച്ചൻറെ ഓർമ്മക്കുറിപ്പിൻറെ പേര് ''സ്നേഹ ബലി അഥവാ അൽഫോൻസാ ''...
ഇത്ര കണ്ടു സൗമ്യമായി വ്യസനങ്ങളെയും തേങ്ങലുകളെയും നേരിട്ട ഒരായുസ്സിന് സ്നേഹബലി എന്നല്ലാതെ മറ്റെന്തുപേര് നൽകും ?..
കുറ്റപ്പെടുത്തലുകളും പരിഹാസ വാക്കുകളും തെറ്റിദ്ധാരണകളും വല്ലാതെ ഉലച്ചു കളഞ്ഞ ഒരു ജീവിതം...
സ്വന്തം സന്യാസ കൂട്ടായ്മ പോലും വേണ്ട രീതിയിൽ മനസിലാക്കാതെ പോയതിന്റെ നൊമ്പരം ആത്മാവിൽ ഏറ്റുവാങ്ങേണ്ടി വന്ന ഒരു പാവം പെൺകുട്ടി....
ആകപ്പാടെ അവളുടെ ആത്മാവിനെ ആശ്വസിപ്പിച്ചത് നമ്മുടെ വലിയ പ്രീയോരച്ചൻ ഇടയ്ക്കു ഒന്ന് രണ്ടു തവണ വന്നു കണ്ടതാണ്... സ്വപ്നത്തിൽ ചാവറ അച്ചനെ അയച്ചു ഈശോ അവളെ സാന്ത്വനപ്പെടുത്തി....
ആത്മാവിൽ ഏറ്റു വാങ്ങിയ മുറിവുകളുടെ ആഴം കണ്ടാൽ മതി, അമ്മയുടെ സന്യാസത്തിന്റെ വിശുദ്ധി അറിയാൻ...
അൽഫോൻസാമ്മയുടെ ശരീരത്തിലും മനസിലും നിറയെ പരിക്കുകളാണ്... ആത്മാവിനെ ശുദ്ധി ചെയ്യാൻ , ഈശോയ്ക്ക് വേണ്ടി അമ്മ ഏറ്റു വാങ്ങിയ കുരിശുകൾ...
അമ്മയുടെ മുറിവനുഭവങ്ങൾ അറിയുന്ന ആർക്കും ഒന്നേ പറയാനാകൂ....
കുരിശു ചുമന്ന ഈശോയോട് അമ്മയുടെ ആത്മാവ് ചേർന്നിരുന്നു....
അതെ.....കുരിശിലെ ഈശോയോട് ചേർന്ന് നിൽക്കുന്നതാണ് ശരിക്കും സന്യാസം...
അത് മാത്രം ആണ് അമ്മ നമ്മെ പഠിപ്പിക്കുന്നത്...
ഇടുങ്ങിയ വാതിലിൽ കൂടി കടക്കാനും.... നിലത്ത് വീണഴിയുന്ന ഗോതമ്പ് മണി ആകാനും....
നിലത്ത് വീണഴിയാത്ത എന്റെ സന്യാസം....
ഭൂമിക്കു കൊടുക്കാതെ പോകുന്ന ഹരിത ശോഭ.... അമ്മേ... പ്രാർത്ഥിക്കണെ...
കുറെ നാളുകൾ ആയി.... മനസ് നിറയെ അൽഫോൻസാമ്മയുടെ ഓർമ്മകൾ ആണ്...
കുരിശുമായി നടന്നു നീങ്ങുന്ന ഈശോ...
പിന്നാലെ അടിമുടി ശരീരത്തിലും മനസിലും പരിക്കേറ്റു നമ്മുടെ അൽഫോൻസാമ്മ...
വിശുദ്ധിയുടെ നിറക്കൂട്ട് തീർത്തു നമ്മുടെ അന്നക്കുട്ടി...
ഇത്രയും പരിക്കേറ്റ അമ്മയുടെ ആത്മാവിൽ നിറയെ ഈശോയുടെ സുഗന്ധം ആണ്....
She smells Christ...
ഗുരുനാഥയായ കന്യാസ്ത്രി അമ്മ എഴുതി തന്നു അമ്മ പറഞ്ഞു പഠിപ്പിച്ച ഒരു കുഞ്ഞു പ്രസംഗം ഉണ്ട്... അല്ഫോന്സാമ്മയെ കുറിച്ച്... " കുടമാളൂരിൽ മുട്ടത്തുപാടത്തു കുടുംബത്തിൽ യൗസേപ്പിന്റെയും മറിയാമ്മയുടെയും മകൾ ആയി 1910 ആഗസ്റ് 19 ന് നമ്മുടെ അന്നക്കുട്ടി ഭൂജാതയായി...."
ഓർമ്മകളിൽ ഏറ്റവും പ്രീയമുള്ള ജൂലൈ 28 അതാണ്....
മനുഷ്യരുടെ മുന്നിൽ നിൽകുമ്പോൾ ഉള്ള ഭീതി മാറിയ ദിനം...
ഇന്നും മനുഷ്യരുടെ മുന്നിൽ നിൽക്കുമ്പോൾ കാണാമറയത്തു , വിശുദ്ധിയുടെ മറക്കുട തീർത്തു എന്റെ അമ്മ.... അൽഫോൻസാമ്മ... പ്രാർത്ഥിച്ചും വാക്കുകൾക്ക് ദൃഢത നൽകിയും കൂടെ നിൽക്കുന്ന നിലാവെളിച്ചം...
അമ്മയെ പോലെ സന്യാസത്തിന്റെ വഴികളിൽ നീങ്ങുമ്പോൾ മുറിവുകൾ ഏറ്റു വാങ്ങാൻ മടിക്കുന്ന എന്റെ ഒളിച്ചുകളി ഞാൻ അറിയുന്നു... സുഖത്തിനും സ്വസ്ഥതക്കും ഇട്ട വിളിപ്പേര് ഒന്നും അല്ലല്ലോ സന്യാസം...
അടിമുടി പരിക്കേറ്റ അൽഫോൺസാമ്മ ഒരു തിരുത്തൽ ശക്തി ആണ്... നമ്മുടെ രോഗാതുരമായ സന്യാസ സങ്കൽപ്പങ്ങൾക്ക്...
അൽഫോൻസാ എന്ന വിശുദ്ധിയുടെ മറക്കുട എന്റെ ആത്മാവിനെ അസ്വസ്ഥമാക്കുന്നു... കുരിശിൽ കിടക്കുന്നവനും എനിക്കും ഇടയിൽ ഒരു സമാനതയും ഇല്ലല്ലോ എന്നോർത്തിട്ട് കണ്ണ് നനയുന്നു....അടിമുടി പരിക്കേറ്റവന്റെ പിന്നാലെ പോയിട്ടും മുറിപ്പെടാതെയും മുറിവേൽക്കാതെയും അതിനു തയ്യാറാകാതെയും ഞാൻ ഇങ്ങനെ... രക്തസാക്ഷികൾ രക്തം കൊടുത്തു വാങ്ങിയ സഭയിൽ ഒരു തുള്ളി രക്തം പോലും ചിന്താതെ ഞാൻ....
ഈശോയേ.... എന്റെ അപ്പൂർണ്ണതകളും പരിമിതികളും പോരായ്മകളും നിന്റെ സ്വപ്നങ്ങൾക്ക് മുന്നിൽ ഒരിക്കലും ഒരു തടസ്സമാകാതെ ഇരിക്കട്ടെ....
അമ്മയുടെ കൂട്ട് എന്നെങ്കിലും ഒരിക്കൽ ക്രൂശിതനോട് ചേരാൻ ആത്മാവിനെ ബലപ്പെടുത്തും....
അമ്മേ... അല്ഫോന്സാമ്മേ.... അമ്മക്കിഷ്ടമുള്ള ആ പ്രാർത്ഥന ഒരിക്കൽക്കൂടി ഞങ്ങൾക്ക് വേണ്ടി ആവർത്തിക്കുമോ?
" ഈശോയേ... അവിടുത്തെ തിരുഹൃദയത്തിലെ തിരുമുറിവിനുള്ളിൽ ഞങ്ങേലെ മറക്കണമേ..."
സ്നേഹപൂർവം,
അഗസ്റ്റിൻ സി.എം. ഐ.
So touching an article.. Congrats Augustin
ReplyDeleteDear Augustine, a reflective note. Thank you. We tend to forget our call, and the normalcy of rejection and misunderstanding. We get frustrated. But then the whole question is whether do 'we believe', 'I believe'? May Jesus Christ help!
ReplyDeleteAll good wishes!