Monday, December 5, 2016

ആദ്യം ബെഥേലിൽ, ഇടക്കെപ്പോഴോ പെനുവലിൽ , അവസാനം എൽ - ബെഥേലിൽ...

പഴയനിയമത്തിലെ യാക്കോബിന്റെ മനസിന്റെ തീർത്ഥയാത്രകളിൽ ആത്മാവിനെ ചേർത്ത് നിർത്താൻ വല്ലാത്ത ആഗ്രഹം !
മൂന്നു മനോഹരമായ ഇടങ്ങളിൽ,  കൂടെ നടക്കുന്ന ആ സ്നേഹസാനിധ്യത്തെ ജീവിത യാത്രകളുടെ ഊർജ്ജമായി തിരിച്ചറിയാൻ മാത്രം വെളിച്ചം ഉണ്ടായിരുന്ന പൂർവ്വപിതാവ്...
ആദ്യം ബെഥേലിൽ, ഇടക്കെപ്പോഴോ പെനുവലിൽ , അവസാനം എൽ - ബെഥേലിൽ...
ബെഥേലിൽ മയക്കത്തിനിടെ കണ്ട കോവണി... സ്വർഗത്തിലേക്ക് മാലാഖമാർ കയറുകയും ഇറങ്ങുകയും ചെയുന്നത്തിൻറെ ദർശന ലാവണ്യം...
സങ്കടങ്ങളുടെ രാവിൽ കരഞ്ഞു കരഞ്ഞു തളർന്നു വീണപ്പോൾ , ആ പുഴവക്കത്ത് ആരോ ഒരാൾ... വിട്ടു പോകാതെ ആരോ ഒരാൾ.... അനുഗ്രഹത്തിന്റെ നിലാവെളിച്ചം ചൊരിയുന്ന ദീപ നാളം...
പിന്നെ... ജീവിച്ചിരുന്ന സംസ്കാരങ്ങളിൽ മനുഷ്യർ പൂജിച്ചിരുന്ന അന്യദേവൻമാരുടെ വിഗ്രഹങ്ങൾ  തച്ചുടച്,
ഏക ദൈവത്തിനു ബലിപീഠം പണിയുന്ന പുരോഹിത മനസ്...

ബെഥേലിലും പെനുവലിലും എൽ ബെഥേലിലും മനസ് കൊണ്ടെങ്കിലും ഒന്ന് എത്താൻ പറ്റിയിരുന്നെങ്കിൽ !

ദൈവമേ...സ്വർഗത്തിലേക്ക് കയറുന്ന മാലാഖമാരെ എനിക്ക് കാണിച്ചു തരണമേ... എന്റെ ബെഥേൽ !
എന്റെ അരുതായ്മകൾ കൊണ്ട് മുറിവേറ്റു തളർന്നു വീഴുമ്പോൾ, അനുഗ്രഹിക്കാനായി നീ തട്ടി വീഴ്ത്തിയതാണ് 
എന്ന ബോധം തരണമേ... 
അന്ന് ഞാനും നിന്റെ പാദങ്ങളിൽ കെട്ടിപിടിച്ചു കരയും... " അനുഗ്രഹിക്കാതെ എന്നെ വിട്ടു പോകരുതേ" എന്ന് നിലവിളിക്കും... എന്റെ പെനുവൽ !
അവസാനം നിന്നെ മാത്രം പൂജിക്കുന്ന, ആരാധിക്കുന്ന ഒരിടം...ജീവിതത്തെ അതിന്റെ എല്ലാ അനുഭവങ്ങളോടും കൂടി ചേർത്ത് വയ്ക്കുന്ന ഒരു അൾത്താര..." എന്റെ ഇഷ്ടമല്ല; നിന്റെ ഇഷ്ടം " എന്ന് കണ്ണീരൊഴുക്കി പറയാൻ ഒരു ബലിപീഠം... എന്റെ എൽ - ബെഥേൽ !

ആമേൻ !


സ്നേഹപൂർവം,
അഗസ്റ്റിൻ സി.എം. ഐ.